Image

കല്യാണം (കവിത : ഷലീർ അലി)

Published on 21 April, 2026
കല്യാണം (കവിത : ഷലീർ അലി)

അവളിങ്ങനെയൊന്നുമായിരുന്നില്ല
ഒരു പൊട്ടിപ്പെണ്ണ്..
വാ തോരാതെ കിലുങ്ങിപ്പൊഴിയുന്ന 
മഞ്ചാടിക്കുടം...
പറഞ്ഞു പറ്റിക്കുമ്പോ പിച്ചിനീറ്റിയിരുന്ന,
മിണ്ടിക്കൊണ്ടിരിക്കെ പാട്ട്പാടുന്ന, നടത്തത്താലേ നൃത്തം ചെയ്യുന്ന അരപ്പാവാടക്കാരി..

ചിരിക്കുമ്പോൾ കവിളുകളിൽ 
വിരൽ താഴ്ത്തി 
നുണക്കുഴികളെ ഉണ്ടാക്കുകയും
നിരയൊത്ത പല്ലുകളിലെ 
മേൽവരി മാത്രമേ 
പുറത്തു കാണുന്നുള്ളൂ 
എന്നുറപ്പ് വരുത്തുകയും ചെയ്യുമായിരുന്നവൾ

കൈവിരലുകൾ ചുരുട്ടി
കണ്ണീരിലുഴിഞ്ഞ് 
ചിണുങ്ങി പൊഴിയുന്നതല്ലാതെ 
നിലവിട്ടു കരയരുതെന്ന
വാശി കാണിച്ചിരുന്നവള്...

കെട്ടിക്കൊണ്ടു പോകെ
പാട്ടു കൂട്ടത്തിനുള്ളിൽ നിന്ന് 
കണ്ണിറുക്കി കണ്ണീരിലൊരു
ചിരിയൊട്ടിച്ചു വെച്ചവള്...

പിന്നെപ്പിന്നെ ചിരിവറ്റിയതും 
കണ്ണിലെ ചിറപൊട്ടിയതും 
കൊറ്റിയെപ്പോലെ
ഒറ്റക്കിരിപ്പിന്റെ ധ്യാനത്തിൽ 
ആനന്ദം കണ്ടു തുടങ്ങിയതും
എന്നു മുതലെന്നു ചോദിച്ചതിനാണ്
നോക്കി നോക്കി നിന്നിട്ടൊരു 
വെടിത്തുമ്പ പോലെ പൊട്ടിത്തെറിച്ചത്...

മനസ്സിനുള്ളിൽ തഴമ്പു തീർക്കുന്ന 
കാണാ ചങ്ങലയുടെ കഥ പറഞ്ഞത്..

ചെസ് ബോർഡിന്റെ 
കറുപ്പിനും വെളുപ്പിനുമപ്പുറമൊരു
നിറവും കാണാത്ത രാജാവിന്റെ 
അടിമത്വമോർമ്മിപ്പിച്ചത്..

തുറക്കാത്ത ഡപ്പിയിലെ അത്തറുപോലെ 
കുറേ ജന്മങ്ങളിങ്ങനെ
വെറും തൈലങ്ങളായി 
അലമാരകളിൽ കഴിയുന്നുണ്ടെന്ന്
നീളമുള്ളൊരു നെടുവീർപ്പായി
അടുക്കളക്കറുപ്പിലേയ്ക്കവൾ 
മൂക്കു തുടച്ചിറങ്ങുമ്പോൾ 
ഏതു നിമിഷവും
പൊട്ടിത്തെറിച്ചേക്കാവുന്ന
ആ മൗനഗോളത്തിനുള്ളിൽ നിന്ന്
ധൃതിപ്പെട്ടിറങ്ങി ഞാനോർക്കുകയായിരുന്നു..

ഒരു കടല് വറ്റിക്കാനും
ഒരു കാറ്റിനെ പിടിച്ചു കെട്ടാനുമൊക്കെ
ഒറ്റ കല്യാണം മതിയല്ലേ..! 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക