Image

ആരാണ് 'ഗുരു' (ജയശങ്കര്‍ പിള്ള)

Published on 21 April, 2026
ആരാണ് 'ഗുരു' (ജയശങ്കര്‍ പിള്ള)

“ഗുരു” എന്ന വാക്ക് ഭാരതീയ സംസ്കാരത്തിൽ എക്കാലവും അതീവ പ്രാധാന്യമുള്ളതും ഗൗരവമേറിയതുമായ ഒരു പദമാണ്. ഭാരതീയ സംസ്കാരത്തിൽ എന്നല്ല മനുഷ്യനായി പിറന്നാൽ "ഗുരു" ഇല്ലാതെ സാംസ്കാരികമായി മുന്നോട്ടു പോകുവാൻ കഴിയില്ല.   സംസ്കൃതത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. “ഗു” എന്നത് അജ്ഞാനത്തെയും “രു” എന്നത് അജ്ഞാനത്തെ  നീക്കം ചെയ്യുന്നതെയും സൂചിപ്പിക്കുന്നു എന്നാണ് പരമ്പരാഗത അർത്ഥ വ്യാഖ്യാനം. അതിനാൽ, അജ്ഞാനത്തിന്റെ ഇരുട്ട് മാറ്റി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നത് എന്താണോ അതിനെയാണ്  “ഗുരു” എന്ന് വിളിക്കുന്നത്.

ഒരു ഗുരു എന്നത് സാധാരണ അധ്യാപകൻ മാത്രമല്ല. ജീവിതത്തിലെ മൂല്യങ്ങളും ധർമ്മവും നന്മയും ജനനം മുതൽ മനുഷ്യന്  പകർന്നു നൽകുന്നവനാണ് ഗുരു. അത് ജീവജാലങ്ങളോ,പക്ഷി മൃഗാദികളോ, സസ്യജാലങ്ങളോ ആകാം. വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരെ ഗുരുവായി കണക്കാക്കുമ്പോഴും, മാതാപിതാക്കൾ, സമൂഹത്തിലെ മുതിർന്നവർ, ആത്മീയ മാർഗ്ഗദർശകർ എന്നിവരും ഗുരുവിന്റെ സ്ഥാനത്ത് എത്തുന്നു. അവർ എല്ലാവരും മനുഷ്യന്റെ വളർച്ചക്കും വ്യക്തിത്വ രൂപീകരണത്തിനും നിർണ്ണായകമായ പങ്ക് വഹിക്കുന്നു.

ഭാരതീയ സംസ്കാരത്തിൽ ഗുരുവിന് ദൈവത്തോട് തുല്യമായ സ്ഥാനം നൽകിയിട്ടുണ്ട്. “ഗുരു ബ്രഹ്മാ, ഗുരു വിഷ്ണു, ഗുരു ദേവോ മഹേശ്വരഃ” എന്ന ശ്ലോകം ഗുരുവിന്റെ മഹത്വം വ്യക്തമാക്കുന്നു. അതായത്, സൃഷ്ടി, പരിപാലനം, സംഹാരം എന്നിവ ചെയ്യുന്ന ദൈവത്തിന്റെ ശക്തികൾ എല്ലാം ഗുരുവിൽ ഉൾക്കൊള്ളപ്പെട്ടിരിക്കുന്നു എന്നാണ് ഈ ആശയം കൊണ്ട് വ്യക്തമാക്കുന്നത്. ഗുരു-ശിഷ്യ ബന്ധം നമ്മുടെ പാരമ്പര്യത്തിന്റെ അഭിമാനമാണ്. പഴയകാലത്ത് ഗുരുകുല വ്യവസ്ഥയിലൂടെ വിദ്യാർത്ഥികൾ ഗുരുവിനോടൊപ്പം താമസിച്ചുകൊണ്ട് വിദ്യാഭ്യാസം നേടി. ഇത് വിദ്യാഭാസത്തിനൊപ്പം ശീലവും സംസ്കാരവും വളർത്താൻ സഹായിച്ചിരുന്നു. ഇന്നും ഈ ബന്ധം അത്രത്തോളം മഹത്തായതായിത്തന്നെ തുടരുന്നു, എന്നാൽ രീതികൾ മാറിയിട്ടുണ്ട്. ഒപ്പം നമ്മൾ കൂടുതലായി അറിയുവാൻ ശ്രമിയ്ക്കാത്ത ഒന്നാണ് "ഗുരു" എന്ന പദത്തിന്റെ പൊരുൾ. മനുഷ്യൻ അവനറിയാതെ പഴമക്കാർ തുടങ്ങിയ ഒന്നിനെ പിൻപറ്റി അത് തുടർന്ന് കൊണ്ടേ ഇരിയ്ക്കുന്നു.

ആധുനിക ലോകത്ത് ഗുരുവിന്റെ പങ്ക് കൂടുതൽ വ്യാപകമായി മാറിയിരിക്കുന്നു. പുസ്തകങ്ങൾ, അധ്യാപകർ, പരിശീലകർ, പോലും സാങ്കേതിക വിദ്യകൾ വരെ മനുഷ്യന്റെ ഗുരുക്കളായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ഒരു നല്ല ഗുരുവിന്റെ മാർഗ്ഗദർശനം ജീവിത വിജയത്തിന് അനിവാര്യമാണ്. അത് അധ്യാപകരാകണം എന്ന് ഒരു നിര്ബന്ധവും ഇല്ല. മനുഷ്യൻ പിറവി എടുക്കുമ്പോൾ അവന്റെ ആദ്യ ഗുരു അവന്റെ അമ്മയും,അച്ഛനും,മുത്തശ്ശിയും,മുത്തശ്ശനും ഒക്കെ തന്നെയാണ്. ഒരു മനുഷ്യനും "ഗുരു" ശികഷണം ഇല്ലാതെ ഈ ലോകത്തിൽ സംസ്കാരത്തോടെ ജീവിയ്ക്കുവാൻ കഴിയില്ല എന്നതാണ് പരമാർത്ഥം. പക്ഷെ മൃഗങ്ങളുടെ കാര്യം വിഭിന്നമാണ്‌.

തറയിൽ ഒരു പായ വിരിച്ചു, അതിൽ നല്ല മധുര പലഹാരങ്ങളും,പഴങ്ങളും, നല്ല വിഭവങ്ങളും പാചകം ചെയ്തു വയ്ക്കുക, ഒപ്പം നല്ല പച്ച മാംസവും, കുറച്ചു വിസർജ്ജവും കൂടി. എന്നിട്ടു ഇഴഞ്ഞു നടക്കുന്ന പ്രായത്തിൽ ഉള്ള ഒരു കുഞ്ഞിനേയും, നടക്കാൻ ആരംഭിച്ച ഒരു പശുക്കുട്ടിയെയും, ഒരു സിംഹകുട്ടിയെയും അത് സ്വന്തമായി എടുത്തു കഴിയ്ക്കുവാനായി അനുവദിയ്ക്കുക. മനുഷ്യ കുട്ടി ഒഴികെ മറ്റു രണ്ടു കുഞ്ഞു മൃഗങ്ങളും, മണത്തു നോക്കിയിട്ടു പശുക്കുട്ടി, സസ്യസമ്പുഷ്ടമായതും,സിംഹകുട്ടി മാംസവും ഭക്ഷിയ്ക്കുന്നതു കാണാം. എന്നാൽ മനുഷ്യകുട്ടി ശാന്തമായി എന്താണ് കഴിയ്‌ക്കേണ്ടത്, എന്ന് അറിയാതെ എല്ലാറ്റിൽ നിന്നും വാരി എടുക്കുന്നത് കാണാം. കാരണം മനുഷ്യന് എന്ത് കാര്യം ചെയ്യണം എങ്കിലും ഒരു "ഗുരു" വിന്റെ ആവശ്യം ഉണ്ട്. അവന്റെ തലച്ചോർനെ , ബുദ്ധിയെ  മറ്റൊന്നിനാൽ, അല്ലെങ്കിൽ സ്ഥിരമായ പരിഷഹേളനത്തിലൂടെ "ട്യൂൺ" ചെയ്യുക, അല്ലെങ്കിൽ "കോഡിങ്" നു വിധേയമാക്കേണ്ടതുണ്ട്. അത് നേരിട്ട് ഗുരു മുഖത്ത് നിന്നോ. ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിൽ നിന്നോ ആയിരിയ്ക്കും എന്ന് മാത്രം.

ഒരു പൂച്ചകുട്ടിയും, പട്ടികുട്ടിയും, പശുകുട്ടിയും ഒന്നും മുറ്റത്തു കിടക്കുന്ന ചെറു കല്ലുകളോ, വളപ്പൊട്ടിന്റെ നുറുങ്ങുകളോ എടുത്തു വിഴുങ്ങുമെന്നു കരുതി അതിന്റെ അമ്മമാർ കാവൽ ഇരിയ്ക്കാറില്ല, എന്നാൽ മനുഷ്യ കുഞ്ഞുങ്ങളെ കുറിച്ച് മാതാപിതാക്കളുടെ, രക്ഷിതാക്കളുടെ ഒക്കെ ആധി ഇപ്പോഴും ഇങ്ങനെയാണ്, കുഞ്ഞു അറിയാതെ എന്തെങ്കിലും,വിഴുങ്ങുമോ, മൂക്കിലോ,ചെവിയിലോ എന്തെങ്കിലും എടുത്തു ഇടുമോ, ചെടികൾക്ക് തളിയ്ക്കാൻ വച്ച കീടനാശിനി എടുക്കുമോ? എന്നാൽ മൃഗങ്ങൾക്കു ഇങ്ങനെ ഒരു ആവലാതിയോ, പരിശീലനമോ ആവശ്യമില്ല. അവരെ മരിയ്ക്കും വരെ ജീവിച്ചിരിയ്ക്കേണ്ടതിന്റെ പ്രാധാന്യം, ആത്മഹത്യ പാപമാണ് എന്ന് ആരും പറഞ്ഞു പഠിപ്പിയ്ക്കേണ്ടതില്ല.

പറഞ്ഞു വന്നത് ഇതാണ് അധുനിക ലോകത്തിൽ ജീവിച്ചിരുന്നതോ, മണ്മറഞ്ഞതോ ആയ "ഗുരുക്കന്മാരെ" അത് ഏതു മതത്തിൽ പെട്ടവരായാലും, അവരെ നിന്ദിക്കുന്നത് കാണാം. അതുപോലെ ഗുരു സ്ഥാനീയത്തു ഇരിയ്ക്കുന്ന മഹത് ഗ്രൻഥങ്ങളെ വിമർശിയ്ക്കുന്നതു കാണാം, മാതാപിതാക്കളെ, രക്ഷിതാക്കളെ ഉപദ്രവിയ്ക്കുന്നവരെ കാണാം. പക്ഷെ  “ഗുരു” എന്ന വാക്ക് ഒരു വ്യക്തിയെ മാത്രം സൂചിപ്പിക്കുന്നതല്ല, മറിച്ച് ജ്ഞാനവും പ്രകാശവും നന്മയും പകരുന്ന ഒരു ശക്തിയാണ് "ഗുരു". ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു ഗുരുവിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ, അത് വ്യക്തിയുടെ മുന്നേറ്റത്തിനും സമൂഹത്തിന്റെ പുരോഗതിക്കും വലിയ സഹായമാകും. "ഗുരു" ഒരു വ്യക്തിയാകാം, പ്രകൃതിയാകാം, രക്ഷിതാക്കൾ ആകാം, ഒരുമയുടെ പ്രാധാന്യം  പഠിപ്പിയ്ക്കുന്ന ഉറുമ്പുകളോ, കുഞ്ഞുങ്ങളെ സംരക്ഷിയ്ക്കാൻ പഠിപ്പിയ്ക്കുന്ന അമ്മകിളികളോ,  ആഹാരത്തിന്റെ സ്രോതസ് തന്റെ സഹജീവികളെ വിളിച്ചറിയിക്കുന്ന കാക്കകളോ, സൂര്യ വെളിച്ചം തേടി സ്വയം തല തിരിയ്ക്കുന്ന സസ്യലതാദികളോ എല്ലാം മനുഷ്യന്റെ "ഗുരു" സ്ഥാനീയർ ആയി പല പൊരുളുകളും പ്രായോഗിക ജീവിതത്തെ കുറിച്ച് പറഞ്ഞു തരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക