
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം മേയ് നാലിനേ അറിയാന്‍ സാധിക്കൂ. തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാതെ എക്‌സിറ്റ് പോള്‍ ഫലം പോലും പുറത്തുവരില്ല. കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും തമിഴ്‌നാട്ടില്‍ പ്രചാരണത്തിലാണു താനും. പക്ഷേ, ഫലം വരും മുമ്പേ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം മുറുകുകയാണ്. ഇതു നിയന്ത്രിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, മുസ്ലീം ലീഗും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഫലം വരും മുമ്പേ തര്‍ക്കം മുറുകിയാല്‍ ഭൂരിപക്ഷം കിട്ടിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ജനം ചോദിച്ചുതുടങ്ങി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിന്നു നയിച്ച പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയര്‍മാനുമായ വി.ഡി. സതീശന്‍, ഹൈക്കമാന്‍ഡിന്റെ സ്വന്തം കെ.സി.വേണുഗോപാല്‍, ഉമ്മന്‍ചാണ്ടിയുടെ കാലം മുതല്‍ക്കേ മുഖ്യമന്ത്രിയുടെ കസേരയ്ക്കായി കരുനീക്കുന്ന രമേശ് ചെന്നിത്തല എന്നിവരെ ചുറ്റിപ്പററിയാണു ചര്‍ച്ച.
സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങൾ നിറയുമ്പോള്‍ ഒരു കാര്യം വ്യക്തമായി. പൊതുജന പിന്തുണ ഏറ്റവും കൂടുതല്‍ വി.ഡി.സതീശനാണ്. വേണുഗോപാലിനെ കെട്ടിയിറക്കിയാല്‍ അനാവശ്യമായി രണ്ട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. എം.പിമാര്‍ നിയമസഭയിലേക്കു മത്സരിക്കുന്നതിനെതിരെ പൊതുവികാരം ശക്തമാണ്. കെ.സുധാകരനെയും അടൂര്‍ പ്രകാശിനെയും എം.കെ.രാഘവനെയുമൊക്കെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഇടയാക്കിയതിനു കാരണവും ഈ വികാരമാണ്.
കുറേ നേതാക്കള്‍ക്ക് അവരുടെ വ്യക്തിതാല്‍പര്യത്തിനനുസരിച്ച് ലോകസഭയിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിക്കാനുള്ളതല്ല തിരഞ്ഞെടുപ്പ് എന്ന് പൊതുജനങ്ങള്‍ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയതുമാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് തര്‍ക്കം. എന്നാല്‍ ഏറ്റവും രസകരമായ വസ്തുത മറുവശത്ത് എല്‍.ഡി.എഫ്. പക്ഷത്ത് മൗനമാണ് എന്നതാണ്. ചില പ്രവര്‍ത്തകര്‍ നാലാം തീയ്യതി കഴിയട്ടെ; മൂന്നാമതും പിണറായി.... എന്നൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ പറയുന്നതല്ലാതെ നേതാക്കളാരും പരസ്യമായി രംഗത്തുവരുന്നില്ല.
ഭരണവികാരം ശക്തമായിരുന്നു എന്ന ചിന്ത എല്‍.ഡി.എഫ് നേതാക്കള്‍ക്കുണ്ട്. നാടുനീളെ പിണറായിയുടെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഏകാധിപത്യം പാര്‍ട്ടിയും മുന്നണിയും അടിവരയിട്ടു എന്ന വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. നേരിയ ഭൂരിപക്ഷത്തിന് പിണറായി വീണ്ടും അധികാരത്തിലെത്തുമെന്ന് പരസ്യമായി പറയുന്നവരും രഹസ്യമായി ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. പല മന്ത്രിമാര്‍ക്കും പാര്‍ട്ടിതന്നെ കൂട്ടിയെടുത്ത ഭൂരിപക്ഷം വളരെ നേര്‍ത്തതാണ്.
മുന്‍പൊക്കെ സി.പി.എം. വോട്ടുകൾ കണക്കുകൂട്ടിയാല്‍ ഏറെക്കുറെ കൃ ത്യമായിരുന്നു. ഇന്നു കാലം മാറി. പാര്‍ട്ടിക്കാരില്‍ തന്നെ പലരും പാര്‍ട്ടി നേതാക്കള്‍ക്ക് എതിരാണ്. പിണറായിയുടെ ധാര്‍ഷ്ട്യം താഴെത്തട്ടിലേക്ക് സംക്രമിച്ചെന്നു വിശ്വസിക്കുന്നവരാണ് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും. മന്ത്രിമാര്‍ക്കൊപ്പം നിഴല്‍പോലെയുണ്ടായിരുന്ന പലരെയും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു എന്ന സത്യവും മറക്കരുത്.
ഒരു വശത്ത് മുഖ്യമന്ത്രി ചര്‍ച്ച അരങ്ങുതകര്‍ക്കുമ്പോള്‍ മറുവശത്ത് അത്തരമൊരു ചര്‍ച്ചയ്ക്കു പ്രസക്തിയില്ല. കാരണം എല്ലാം പിണറായി തന്നെ. പക്ഷേ, എല്‍.ഡി.എഫ്. പ്രതിപക്ഷത്തായാല്‍ പ്രതിപക്ഷ നേതാവാകാന്‍ പിണറായിയെ കിട്ടില്ലെന്ന സംസാരം പൊതുവേയുണ്ട്. ആ സ്ഥാനത്തേക്ക് പകരം ആരെന്നു മാത്രം പക്ഷേ, ചര്‍ച്ചയില്ല. ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിക്കാര്‍ക്കു ധൈര്യവുമില്ല.