Image

ലോണ്‍ ആപ്പ് കെണിയില്‍പ്പെട്ട് ആത്മഹത്യകള്‍ കൂടുന്നു; കൊലവെറി മാഫിയയ്‌ക്കെതിരെ കേരളത്തില്‍ 15,000 പരാതികള്‍

എ.എസ് ശ്രീകുമാര്‍ Published on 20 April, 2026
ലോണ്‍ ആപ്പ് കെണിയില്‍പ്പെട്ട് ആത്മഹത്യകള്‍ കൂടുന്നു; കൊലവെറി മാഫിയയ്‌ക്കെതിരെ കേരളത്തില്‍ 15,000 പരാതികള്‍

ജീവനെടുക്കുന്ന കൊലവെറി മാഫിയകളുടെ ലോണ്‍ ആപ്പ് പലിശക്കെണിയില്‍പ്പെട്ട് കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് ആത്മഹത്യയും പതിനായിരക്കണക്കിന് പരാതികളും. കേരളത്തില്‍ നിന്ന് 15,000ത്തോളം പേര്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇവരില്‍ 284 പേര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യം കാട്ടിയതും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതെന്നും പോലീസ് വെളിപ്പെടുത്തുന്നു. ലോണ്‍ ആപ്പ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് ഏഴ് ആത്മഹത്യകളെങ്കിലും നടന്നിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ കാലയളവില്‍ 70 കോടി രൂപ ഇരകള്‍ക്ക് നഷ്ടമായി. ഇതില്‍ 28 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചത്.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളെജിലെ ബി.ഡി.എസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നുവെന്നാണ് സൂചന. അതിനാല്‍ നിതിന്‍ രാജിന്റെ മരണം, കൊള്ളപ്പലിശയല്ല 'കൊലപ്പലിശ' ഈടാക്കുന്ന നിയമവിരുദ്ധ ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാക്കിയിരിക്കുകയാണ്. 15,000 രൂപ ലോണെടുത്ത നിതിന്‍ രാജ് മുപ്പതിനായിരത്തിലധികം അടച്ചതായും പറയുന്നുണ്ട്. സ്വന്തം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഇരകളെ എങ്ങനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നിതിന്‍ രാജിന്റെ കേസ് ഉള്‍പ്പെടെ ചില സംഭവങ്ങളില്‍ അറസ്റ്റ് നടന്നിട്ടുണ്ട്. മറ്റുള്ളവയില്‍ അന്വേഷണം നടക്കുകയാണ്. മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുമാണ് കൂടുതല്‍ പരാതികള്‍. പലയിടത്തും ജീവനൊടുക്കിയ ആളുകളുടെ കുടുംബത്തെ വരെ ലോണ്‍ ആപ്പുകള്‍ നിഷ്‌കരുണം വേട്ടയാടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തീരെ കുറഞ്ഞ വരുമാനമുള്ളവരെയും അടിയന്തിര ഘട്ടങ്ങലളില്‍ പണം കണ്ടെത്താനാവാതെ വലയുന്നവരെയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെയുമാണ് ലോണ്‍ ആപ്പുകാര്‍ തട്ടിപ്പിനായി വലവീശിപ്പിടിക്കുന്നത്. ഇരകളില്‍ 32 ശതമാനം പേരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. 20.18 ശതമാനം വീട്ടമ്മമാരുമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവരുടെ വലയില്‍ കൂടുതലും പെടുന്നത്. അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ളവര്‍ പോലും പെട്ടെന്നൊരാവശ്യം വന്നാല്‍ എമര്‍ജന്‍സി ലോണുകളേയോ മറ്റോ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. അത്തരക്കാരും ലോണ്‍ ആപ്പുകാരുടെ ചൂണ്ടയില്‍ കുരുങ്ങും.

പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ 10 മിനിറ്റ് കൊണ്ട് ഫണ്ട് കയ്യിലെത്തും എന്നറിഞ്ഞാണ് പലരും ലോണ്‍ ആപ്പുകളിലെത്തുക. കുറഞ്ഞ പലിശ, ഇന്‍സ്റ്റന്റ് അപ്രൂവല്‍ തുടങ്ങിയ പ്രലോഭനങ്ങളും അതോടൊപ്പം അത്യാവശ്യക്കാരന് ചിന്തിക്കാനുള്ള സമയമില്ലാത്ത സ്ഥിതി കൂടി ചേരുമ്പോള്‍ ആപ്പുകള്‍ക്ക് കൂടുതല്‍ എളുപ്പമാകും കാര്യങ്ങള്‍. ലോണ്‍ ആപ്പില്‍ തലയിട്ടു കഴിഞ്ഞാല്‍ പ്രോസസിങ് ഫീസ്, ഇന്‍ഷുറന്‍സ്, ഫയല്‍ ചാര്‍ജുകള്‍ തുടങ്ങിയ ഇവര്‍ ആവശ്യപ്പെടും. ഈ പണം വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് മുന്‍കൂട്ടി ചോദിക്കും. 5000 രൂപ ലോണെടുത്താല്‍ 3,500 രൂപ മുതല്‍ 4,000 രൂപ വരെ മാത്രമാണ് നമ്മുടെ അക്കൗണ്ടില്‍ ലഭിക്കുക.

തിരിച്ചടവിനുള്ള കാലാവധി വളരെ കുറവായിരിക്കും. തിരിച്ചടവില്‍ ദിനം പ്രതി പലിശ റോക്കറ്റ് വേഗത്തില്‍ ഉയരും. ഒരു തവണ മുടക്കിയാല്‍ അത് ഇരട്ടിയായല്ല, പലമടങ്ങായാണ് വര്‍ധിക്കുക. ലോണ്‍ ആപ്പുകളില്‍ പ്രതിമാസം 1.5 ശതമാനം മുതല്‍ 3.8 ശതമാനം വരെ (പ്രതിവര്‍ഷം ഏകദേശം 18 ശതമാനം മുതല്‍ 45 ശതമാനം വരെ) പലിശ നിരക്ക് ഈടാക്കുന്നു. എങ്കിലും, പല അനധികൃത ആപ്പുകളും 100 ശതമാനത്തിലധികം വാര്‍ഷിക പലിശയും മറഞ്ഞിരിക്കുന്ന പ്രോസസിങ് ചാര്‍ജുകളും ഈടാക്കുന്നുണ്ട്. വായ്പ തുകയുടെ ചെറിയൊരു ഭാഗം മാത്രം അക്കൗണ്ടില്‍ ലഭിക്കുകയും ഭീമമായ തുക തിരിച്ചടയ്‌ക്കേണ്ടിയും വരാറുണ്ട്.

പ്ലേ സ്റ്റോറിന് പുറത്ത് നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈലിലും ടാബിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന എ.പി.കെ (ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ പാക്കേജ്) ഫയലുകള്‍ വഴി നേരിട്ട് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരാണ് കൂടുതല്‍ അപകടത്തില്‍ പെടുന്നത്. കോണ്‍ടാക്റ്റുകളും ഫോട്ടോകളും ഉള്‍പ്പെടെയുള്ള സ്വകാര്യ രേഖകളിലേക്ക് ആക്‌സസ് നല്‍കുന്നതോടെ കടം വാങ്ങുന്നവര്‍ തങ്ങളുടെ അന്തസ്സാണ് പണയ വസ്തുവായി നല്‍കേണ്ടി വരുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് പണമൊന്നും വാങ്ങാതെ അത് ഡിലീറ്റ് ചെയ്തവര്‍ക്ക് പോലും ഭീഷണി കോളുകള്‍ എത്തുന്നു. കാരണം ഇന്‍സ്റ്റാള്‍ ചെയ്ത സമയത്ത് തന്നെ വിവരങ്ങള്‍ പൂര്‍ണമായും അവര്‍ ചോര്‍ത്തി എടുക്കുന്നു.

ഫോണിലെ വിവരങ്ങള്‍ എത്രത്തോളം ആപ്പിന് ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോണ്‍ തുക നിശ്ചയിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ അമിതമായ തുക ഇവര്‍ ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സൈബര്‍ ബുള്ളിയിങ് തുടങ്ങും. വിദേശ നമ്പറുകളില്‍ നിന്നും മറ്റും ഇരയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഭീഷണി കോളുകള്‍ എത്തും. ഈ വര്‍ഷം കണ്ണൂരിലെ ചക്കരക്കല്‍ പൊലീസ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ കണ്ടെത്തി. 40 ജീവനക്കാരുണ്ടായിരുന്ന ഈ തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് വര്‍ഷത്തിനിടെ 1,836 ലോണ്‍ ആപ്പുകളാണ് പൊലീസ് നിരോധിച്ചത്. ഇക്കാലയളവില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 5,317 വെബ് സെറ്റുകളാണ് പൂട്ടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക