
ആദിത്യ ധർ-രൺവീർ സിംഗ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ധുരന്ധർ: ദ റിവഞ്ച്’ ആഗോള ബോക്സോഫീസിൽ ഓൾ ടൈം റെക്കോർഡ് നേട്ടങ്ങളുമായി കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 30 ദിവസം പിന്നിടുമ്പോൾ 1783 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന സവിശേഷമായ റെക്കോർഡും ഇതോടെ ധുരന്ധർ 2 സ്വന്തമാക്കി. നിലവിൽ ഇന്ത്യയിൽ നിന്ന് 1153 കോടിയും വിദേശ വിപണികളിൽ നിന്ന് 423 കോടിയുമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ 690 കോടി നേടിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച കളക്ഷനാണ് നേടുന്നത്. അഞ്ചാം വീക്കെൻഡിൽ മാത്രം ഇന്ത്യയിൽ നിന്ന് 13.50 കോടി രൂപ സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചു. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.