Image

മുഖ്യമന്ത്രി ചർച്ച വേണ്ട: കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദ്ദേശവുമായി എഐസിസി

Published on 20 April, 2026
മുഖ്യമന്ത്രി ചർച്ച വേണ്ട: കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദ്ദേശവുമായി എഐസിസി

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ കര്‍ശന നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, തുടര്‍ന്നും പരസ്യപ്രസ്താവനകള്‍ നടത്തിയാല്‍ ഹൈക്കമാന്‍ഡ് കര്‍ശനമായി ഇടപെടുമെന്നും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് ദീപാ ദാസ് മുന്‍ഷി മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മുന്നണിക്കെതിരെ അവമതിപ്പുണ്ടാക്കുന്നുവെന്ന് വിലയിരുത്തിയാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍.

​മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ അഭിപ്രായഭിന്നതകള്‍ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ അതൃപ്തിക്ക് കാരണമായതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം താക്കീതുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ ഇത്തരത്തിലുള്ള ചേരിതിരിഞ്ഞുള്ള പ്രസ്താവനകള്‍ വോട്ടര്‍മാരില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും ലീഗ് നേതൃത്വം ആശങ്കയറിയിച്ചിരുന്നു. പ്രശ്‌നം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്ന നിലപാടാണ് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള ലീഗ് നേതാക്കള്‍ സ്വീകരിച്ചത്.

​മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ.സി. വേണുഗോപാലിനെ കെ. സുധാകരന്‍ പരസ്യമായി പിന്തുണച്ചതാണ് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പുതിയ വേഗത പകര്‍ന്നത്. ഇതോടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ലോബിയിങ്ങ് ശക്തമായതായി റിപ്പോര്‍ട്ടുകളുണ്ട്. കെ. സുധാകരനെ മുന്നില്‍ നിര്‍ത്തി വേണുഗോപാല്‍ പക്ഷം സമ്മര്‍ദ്ദതന്ത്രം പയറ്റുകയാണെന്നാണ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അസ്വസ്ഥതകള്‍ക്ക് വിരാമമിടാനും പരസ്യപ്രതികരണങ്ങള്‍ നിയന്ത്രിക്കാനും കേന്ദ്രനേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക