Image

ഡ്രാക്കുളക്കാരൻ 'ബ്രാം സ്റ്റോക്കർ' : ആർ. ഗോപാലകൃഷ്ണൻ

Published on 20 April, 2026
ഡ്രാക്കുളക്കാരൻ 'ബ്രാം സ്റ്റോക്കർ' :  ആർ. ഗോപാലകൃഷ്ണൻ

ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ 'ഭീകര' നോവലാണ് 'ഡ്രാക്കുള'. സ്റ്റോക്കറുടെ ഈ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടി. എഴുത്തുകാരനേക്കാൾ പേരെടുത്ത കഥാപാത്രമായി, ഈ 'ഡ്രാക്കുള'!

ഈ കഥാപാത്രസൃഷ്ടിയിലൂടെ അനശ്വരനായ ബ്രോം സ്റ്റോക്കറുടെ 114-ാം ചരമവാർഷിക ദിനം, ഇന്ന്....

നിരവധി അനുകരണങ്ങൾക്കും ആശ്രിത/ അവലംബിത ചലച്ചിത്രങ്ങൾക്കും പ്രചോദനമേകിയ ഒരു ക്ലാസിക് സൃഷ്ടിയാണിത്! മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്റ്റോക്കറുടെ ഈ സൃഷ്ടിയുടെ ആഖ്യാനരീതി ആധാരമാക്കി രചനകൾ നടത്തിയിട്ടുണ്ട്.

വ്യക്തിഗതമായ ഓർമ്മ: പത്തുപതിനഞ്ച് വയസ്സുള്ളപ്പോൾ രാത്രികാലത്ത് വീട്ടിലിലിരുന്നാണ് തെല്ല് ഭയത്തോടെ ഈ പുസ്തകം (മലയാള പരിഭാഷ) വായിച്ചു തീർത്തത് ഓർക്കുന്നു. അതിനു മുമ്പു തന്നെ 'മാതൃഭൂമി'യിൽ കവി കെ.വി. രാമകൃഷ്ണൻ പരിഭാഷപ്പെടുത്തി ഖണ്ഡഃശ പ്രസിദ്ധീകരിച്ച 'ഡ്രാക്കുള' വായിച്ചിട്ടുള്ള വീട്ടിലെ മുതിർന്നവർ അതിന്റെ ഭീതിയെക്കുറിച്ച് നിറം പിടിപ്പിച്ച വിവരണം തന്നിരുന്നതു കൊണ്ട് എനിക്ക് അത്രയേറെ ഭയമൊന്നും തോന്നിയില്ല, എന്നതാണ് സത്യം!

രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ തിരുവനന്തപുരം പട്ടം കല്പന തീയറ്ററിൽ നിന്ന് 'ഹൊറർ ഓഫ് ഡ്രാക്കുള' സിനിമ സെക്കന്റ് ഷോ കണ്ടു; 'ക്രിസ്റ്റഫർ ലീ' അനശ്വരമാക്കിയ ഡ്രാക്കുള സിനിമ.... അതിലെ ചില രംഗങ്ങൾ ഞടുക്കമുണ്ടാക്കി എന്നതു നേരാണ്. എങ്കിലും സിനിമകണ്ടു കഴിഞ്ഞ്, നട്ടപ്പാതിര നേരത്ത്, പ്രത്യേക പേടിയൊന്നുമില്ലാതെ, പട്ടം മുതൽ വഴുതക്കാട്ട് വരെ നടക്കാൻ ഭയമൊന്നും തോന്നിയതുമില്ല! (അന്ന് ജ്യേഷ്ഠനോടൊപ്പം താമസിച്ചിരുന്നു 'VEE' ലോഡ്ജിലേക്ക് ആണ് നടന്നു പോയത്.) ("അമ്പട ധീരാ!" എന്നെന്നെ നിങ്ങൾ വേണമെങ്കിൽ വിളിച്ചോളൂ - )

'ഹൊറർ ഓഫ് ഡ്രാക്കുള' സിനിമ കണ്ടു കഴിഞ്ഞ്, പിന്നെയും അഞ്ചാറ് വർഷം കഴിഞ്ഞപ്പോൾ അതേ കഥ, ചിത്രകഥാ രൂപത്തിൽ പ്രസിദ്ധീക്കാനും, എനിക്ക് അവസരം കിട്ടി!

ബാല്യകാലത്ത് എന്നെ 'ഹോണ്ടു' ചെയ്ത ഈ കഥാപാത്രത്തെ ഞാൻ തിരികെ 'ഹോണ്ടു' ചെയ്തിട്ടുണ്ട്..... 'പൈക്കോ ക്ലാസിക്' പരമ്പരയിൽ ഇതു ചിത്രകഥയായി പ്രസിദ്ധീകരിച്ചു. (ഞാൻ എഡിറ്റർ ആയിരുന്ന കാലത്ത്: 1985-ലും പിന്നീട് 1996-ലും പിന്നീട് 2018-ലും) ഇംഗ്ലീഷിലും മലയാളത്തിലും മറ്റു ചില ഭാഷകളിലും 'ഡ്രാക്കുള' ചിത്രകഥാ രൂപത്തിൽ, പൈകോ ഇതു പ്രസിദ്ധികരിച്ചിട്ടുണ്ട്.

'ഡ്രാക്കുള'യിൽ, ലണ്ടനിലേക്ക് ഒരു ടിക്കറ്റ് എന്ന്‌ ആർത്തലച്ചു കൊണ്ട് ജോനഥൻ (കഥ വിവരിക്കുന്ന മുഖ്യ കഥാപാത്രം) റെയിൽവേ സ്റ്റേഷനിലേക്ക് ഓടിക്കയറുന്ന ആദ്യരംഗം തന്നെ വാസ്തവത്തിൽ ഉദ്വേഗം ജനിപ്പിക്കുന്നതാണ്. പിന്നീട് പല രംഗങ്ങളിലും ഇത് നമ്മളിൽ ഭീതി വളർത്തും.. വിവരണത്തിൽ ഉടനീളം വായനക്കാരനെ അടുത്തതെന്ത്‌ എന്ന ഉദ്വേഗത്തിന്റെയും ഭയപ്പാടിന്റെയും മുൾമുനയിൽ നിർത്തുന്നു എന്നതാവാം ഈ ഹോറർ നോവലിന്റെ വിജയരഹസ്യം. ഭയത്തിനും സൗന്ദര്യമുണ്ട് എന്ന് തോന്നിപ്പിച്ച നോവൽ!

ഡ്രാക്കുള, വായനയുടെ ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്. ലോകത്തെ മിക്ക ഭാഷകളിലും വിവർത്തനം. ഓരോ ഭാഷയിലും സ്വതന്ത്ര ഡ്രാക്കുള കഥാപാത്രങ്ങൾ. നൂറിലധികം സിനിമകൾ. അനേകം നാടകങ്ങൾ. മലയാളത്തിൽത്തന്നെ ഒറിജിനൽ ഡ്രാക്കുള മുതൽ 'ഡ്രാക്കുളയുടെ അങ്കി'യും 'ഡ്രാക്കുള കോട്ടയും' ഒക്കെ കടന്ന് 'ഡ്രാക്കുളയുടെ അളിയൻ'വരെ എത്രയെത്ര രക്തദാഹികൾ.🙄

'ഡ്രാക്കുള' പ്രഭുവിന്റെ കഥാക്കാരനെപ്പറ്റി, ഇനി, പറയാം:

'അബ്രഹാം' എന്നതിന്റെ ചുരുക്കരൂപമാണ് 'ബ്രാം'.

1847 നവംബർ 8-ന്, ബ്രാം സ്റ്റോക്കർ ഐർലണ്ടിലെ ഡബ്ലിനിൽ ജനിച്ചു. ട്രിനിറ്റി കോളേജിൽ കലാലയ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് ഐറിഷ് സിവിൽ സർവീസിൽ കോടതി ഗുമസ്തനായി പ്രവർത്തിച്ചു. അതോടൊപ്പം നിയമത്തിൽ ബിരുദമെടുത്ത് വക്കീലായി പരിശീലനം നടത്തിയെങ്കിലും ചെറുപ്പത്തിൽ തന്നെ നാടകത്തോട് അമിത ഭ്രമമുണ്ടായിരുന്ന ബ്രാം പരിശീലനം നിർത്തി വെച്ച് ലണ്ടനിലേക്ക് തിരിച്ചു. അവിടെ സർ ഹെൻട്രി ഇർവിങ്ങിന്റെ നാടകക്കമ്പനിയുടെ മാനേജരായി പ്രവേശിച്ചു. (വിക്ടോറിയൻ കാലഘട്ടത്തിലെ നാടകവേദിയിലെ മികച്ച അഭിനേതാവായിരുന്നു സർ ഹെൻട്രി ഇർവിങ്ങ് (1838-1905). പ്രഭുസ്ഥാനം ലഭിച്ച ആദ്യത്തെ നടനായിരുന്നു ഇർവിങ്.) ഈ സമിതിയിൽ 30 വർഷത്തോളം ബ്രാം സ്റ്റോക്കർ പ്രവർത്തിച്ചു.

'ദ അൺ-ഡെഡ്' എന്ന പേരിലാണ് ആദ്യ പുസ്തകം രചിച്ചത്. എന്നാൽ അദ്ദേഹം പിന്നീട് അതേ മാതൃകയിൽ രചിച്ചവയിൽ 'ജൂവൽ ഓഫ് ദ സെവൻ സ്റ്റാർസ്' എന്ന പുസ്തകമൊഴികെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.

'ഡ്രാക്കുള'യുടെ സ്രഷ്ടാവ് എന്ന പേരിൽ മാത്രമാണ് ഇന്ന് സ്റ്റോക്കർ അറിയപ്പെടുന്നത്; അനശ്വരമായ പ്രശസ്തിക്ക് അതു തന്നെ ധാരാളമായിരുന്നു താനും.

പ്രൊഫസർ അർമിനിയസ് വാം ബെറി എന്ന ബുഡാപെസ്റ്റുകാരനിൽ നിന്നാണ് ബ്രാം സ്റ്റോക്കർ ആദ്യമായി ഡ്രാക്കുള എന്ന് കേൾക്കുന്നതു ഡ്രാക്കുള യെക്കുറിച്ച് അറിയുന്നതും. ഡ്രാക്കുള എന്ന ആ പേര് തന്നെ ബ്രാമിനെ വല്ലാതെ ആകർഷിച്ചിരുന്നു.

'ഡ്രാക്കുള' എന്ന പേരിൽ അറിയപ്പെട്ട ഒരു യഥാർഥ മനുഷ്യനുണ്ടായിരുന്നു. റൊമാനിയയിലെ വലാച്ചിയ രാജവംശത്തിലെ വ്ലാദ് നാലാമൻ. പിശാചിന്റെ മകൻ എന്നർഥമുള്ള 'ഡ്രാക്കുള' എന്നത് വ്ലാദിന്റെ കളിപ്പേരായിരുന്നു. യുദ്ധരക്തസാക്ഷികളുടെ ചോരകുടിച്ചാണ് വ്ലാദ് തന്റെ യൗവ്വനം നിലനിർത്തുന്നതെന്ന് ഒരു കഥ അക്കാലത്തും തുടർന്നും ഒരു അടക്കം പറച്ചിൽ പ്രചരിച്ചിരുന്നു. നിരവധിപേരെ യുദ്ധത്തിൽ വധിച്ച വ്ലാദ് 1477-ലാണ് മരിച്ചത്. മരണത്തോടെ വ്ളാദിനെക്കുറിച്ചുള്ള കഥകൾ കൂടുതൽ നിറംചേർത്തു പ്രചരിച്ചു.... അവ തലമുറകൾ കൈമാറി കെടാതെ ഒരു ചൂടൻ കെട്ടുകഥയായി യൂറോപ്പ് സൂക്ഷിച്ചു!

ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചുരപ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു 'ഡ്രാക്കുള' പിറവി കൊണ്ടത്. 'നിഗൂഢ'തയിലേക്കുള്ള 'അന്വേഷണം' വായനക്കാർക്ക് എല്ലാക്കാലത്തും പ്രീയ വിഷയമായിരുന്നു.... 'ഹോം കുറ്റാന്വേഷണങ്ങൾ' നേടിയെടുത്ത പ്രചാരം ഈ വിളനിലത്തിൽ തന്നെ വിത്തിറക്കാൻ കൂടുതൽ എഴുത്തുകാർക്ക് പ്രചോദനമായി!

അടിസ്ഥാനപരമായി 'ഡ്രാക്കുള' ഒരു 'എപ്പിസ്റ്റോളറി' (§§) ശൈലിയിലുള്ള നോവലാണ്. അത് കൊണ്ട് തന്നെ ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നു തുടങ്ങിയുള്ള രേഖാ ശൃംഖലയിലൂടെ ആണ്!

കഥ നടക്കുന്നതെന്ന് പറയുന്ന ട്രാൻസിൽവാനിയ അഥവാ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ബ്രാം ആ പ്രദേശമാണ് കഥയ്ക്ക് പശ്ചാത്തലം ഒരുക്കിയത്. 1887-ൽ ഈ കഥ നടക്കുന്നതായാണ് സ്റ്റോക്കർ കൃതിയിൽ വിവരിക്കുന്നത് - നോവൽ ഇറങ്ങുന്നത് 1897-ലും.

രക്തരക്ഷസ്സ് എന്ന സങ്കല്‍പത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് ഡ്രാക്കുള. ചോര കുടിക്കുകയും ഇരകളെ തന്റെ ചോര കുടിപ്പിച്ച് രക്ഷസ്സുകളാക്കുകയും ചെയ്യുന്ന മഹാഭീകരന്‍. റൊമാനിയയിലെ കാര്‍പ്പാത്യന്‍ പര്‍വതത്തിലെവിടെയോ ഉള്ള മധ്യകാലത്തെ കോട്ടയില്‍ താമസിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ അഭിഭാഷകനായി 1887-ല്‍ ജൊനാഥന്‍ ഹാക്കര്‍ ലണ്ടനില്‍നിന്ന് യാത്ര തുടങ്ങുന്നിടത്താണ് ബ്രാം സ്റ്റോക്കറുടെ കഥ തുടങ്ങുന്നത്.

"ഇരുട്ടിൽ മുങ്ങിയ ഒരു പാതിരാ... ചോര തണുപ്പിക്കുന്ന നിശബ്ദതയ്ക്കു മേൽ അപശകുനം പോലുള്ള ചെന്നായക്കളുടെ ഓരിയിടൽ... കടവാതിലുകളുടെ ചിറകടി... റുമേനിയൻ കാർപ്പാത്യൻ മലനിരകളിലെ ദുർഗത്തിൽ (ക്യാസിലിൽ) സൂക്ഷിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകൾ പഴകിയ ഒരു ശവപ്പെട്ടിയിൽ നിന്ന് അവൻ ഉയരുകയായി...'കൗണ്ട് ഡ്രാക്കുള'!......"

'മണിച്ചിത്രത്താഴിലെ' തിലകനും മോഹൻലാലും വേഷമിടുന്ന പ്രേതോച്ചാടകരെപ്പോലെ ഇവിടെ പ്രൊഫസർ വാൻഹെൽസിങ്ങിന്റെ സഹായത്തോടെ ജൊനാഥനും സുഹൃത്തുക്കളും ചേർന്ന് ഡ്രാക്കുളയെ കീഴപ്പെടുത്തുന്നു. വെളുത്തുള്ളിപ്പൂക്കളും വെഞ്ചരിച്ച അപ്പക്കഷണങ്ങളും ശവപ്പെട്ടിയിൽ വിതറി ഡ്രാക്കുളയുടെ നെഞ്ചിൽ കുരിശ് അടിച്ചിറക്കിയാണ് അയാളെ നിത്യനിദ്രയിലേക്ക് അമർത്തുന്നു! ("ഒരു മുറൈ...." പോലെ ഒരു പഞ്ചുള്ള പാട്ടുകൂടാത്ത എൻഡ്! 😔1912-ൽ ഏപ്രിൽ 20-ന്, തൻ്റെ 65-ാം വയസ്സിൽ, സ്റ്റോക്കർ ലണ്ടനിൽ അന്തരിച്ചു.

വാലറ്റം: ആ വേളയിൽ, പ്രതികാര ദാഹിയായ ഡ്രാക്കുള പ്രഭവുൻ്റെ കൊലച്ചിരി പോലുള്ള അട്ടഹാസങ്ങൾ വാനിൽ മുഴങ്ങി എന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി: കുടുംബാംഗങ്ങളുടെ മർമ്മ സമാനമായ പ്രാർത്ഥനകൾ മാത്രം ഓളം വെട്ടിയതേ ഉള്ളു! 

സ്മരണാഞ്ജലികൾ! 

എപ്പിസ്റ്റോളറി നോവൽ:

കത്തുകൾ, ഡയറിക്കുറിപ്പുകൾ, പത്രവാർത്തകൾ തുടങ്ങിയ രേഖകളുടെ സമാഹാരമായി എഴുതുന്ന നോവലുകളെയാണ് എപ്പിസ്റ്റോളറി നോവൽ എന്നു പറയുന്നത്. ആധുനിക എപ്പിസ്റ്റോളറി നോവലുകളിൽ ശബ്ദരേഖകൾ, ബ്ലോഗുകൾ, ഇ-മെയിലുകൾ‌ തുടങ്ങിയ ഇലക്ട്രോണിക് രേഖകളും ഉപയോഗിക്കപ്പെട്ടുവരുന്നു. കത്ത് എന്നർത്ഥമുള്ള എപ്പിസ്റ്റോള (epistola) എന്ന ലത്തീൻ വാക്കിൽ നിന്നാണ് എപ്പിസ്റ്റോളറി എന്ന പദത്തിന്റെ ഉൽപ്പത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക