Image

ഡാലസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; ‘സാഹിത്യവും സത്യവും’ പ്രധാന ചർച്ചാവിഷയമായി

ബാജി ഓടംവേലി Published on 20 April, 2026
ഡാലസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; ‘സാഹിത്യവും സത്യവും’ പ്രധാന ചർച്ചാവിഷയമായി

ഡാലസ്: അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ ചർച്ച പ്രൗഢഗംഭീരമായി നടന്നു. ഏപ്രിൽ 19 ഞായറാഴ്ച വൈകുന്നേരം 4:30-ന് ഡാലസിലെ കേരള അസോസിയേഷൻ ഹാളിലായിരുന്നു സമ്മേളനം. എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളിൽ സാഹിത്യ തൽപരരായ ഡാലസ് നിവാസികൾക്കായി കെ.എൽ.എസ് സംഘടിപ്പിച്ചു വരുന്ന ചർച്ചകളുടെ ഭാഗമായിരുന്നു ഈ ഒത്തുചേരൽ.

സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന സാഹിത്യ സെഷനിൽ ഹരിദാസ് തങ്കപ്പൻ, ജേക്കബ് ജോൺ, ജോസ് വർഗീസ്, നിഷ ജേക്കബ് എന്നിവർ തങ്ങളുടെ പുത്തൻ കഥകളും കവിതകളും അവതരിപ്പിച്ചു. അവതരിപ്പിക്കപ്പെട്ട കൃതികളെക്കുറിച്ച് സദസ്സിലുണ്ടായിരുന്നവർ സജീവമായ സംവാദങ്ങൾ നടത്തി.

സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയമായ 'സാഹിത്യവും - സത്യവും' എന്ന വിഷയം പ്രശസ്ത കവി ഫ്രാൻസിസ് തോട്ടത്തിൽ അവതരിപ്പിച്ചു. സാഹിത്യ സൃഷ്ടികളിലെ യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ലാന  മുൻ പ്രസിഡന്റ് ജോസൻ ജോർജ്ജ്, ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ, കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, കെ.എൽ.എസ് മുൻ പ്രസിഡന്റുമാരായ സിജു വി. ജോർജ്ജ്, ഷാജു ജോൺ എന്നിവർ ഈ വിഷയത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഹക്കിം ചോലയിലിന്റെ 'അഗതാ ക്രിസ്റ്റിയുടെ 11 ദിനങ്ങൾ' എന്ന പുസ്തകം കെ.എൽ.എസ് മുൻ പ്രസിഡന്റ് അനൂപ കോശി പരിചയപ്പെടുത്തി. ലോകപ്രശസ്ത എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ദുരൂഹമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച ഈ കൃതിയെക്കുറിച്ചുള്ള വിശകലനം ഏറെ ശ്രദ്ധേയമായി.

സെക്രട്ടറി ബാജി ഓടംവേലി പരിപാടിയുടെ അവതാരകനായിരുന്നു. ജോയിന്റ് ട്രഷറർ സാറ ചെറിയാൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. ഡാലസിലെ നിരവധി സാഹിത്യപ്രേമികൾ ചടങ്ങിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക