Image

അക്ഷയ തൃതീയ: ആശംസകളോടൊപ്പം ഓർത്തു വെക്കാം ഏറെ കാര്യങ്ങൾ: പി.സീമ

Published on 19 April, 2026
അക്ഷയ തൃതീയ: ആശംസകളോടൊപ്പം ഓർത്തു വെക്കാം ഏറെ കാര്യങ്ങൾ: പി.സീമ

"നിന്നോട് എങ്ങനെയാ ചോദിക്കുക എന്നറീല്ല.എന്നാലും പത്തു പവൻ സ്വർണ്ണം വിറ്റു കാശാക്കി തരിക. വീട് പണി തുടരുന്നു."

വർഷങ്ങൾക്കു മുൻപ്   ഞങ്ങൾക്കിടയിൽ രാജഹംസമായി  സന്ദേശങ്ങൾ കൈ മാറിയിരുന്ന രാമന്റെ കൈയിൽ  അദ്ദേഹം കൊടുത്തു വിട്ട കത്തിലെ ചില വരി കളാണിത്. അദ്ദേഹത്തിന്റെ പാന്റ്സും ഷർട്ടുകളും ഒക്കെ അലക്കി തേച്ചു കൊടുത്തിരുന്നത് രാമനായിരുന്നു.  തലയിൽ വെളുത്ത തുണിക്കെട്ടുമായി രാമൻ വരുന്നതും കാത്തു ഞാനിരിക്കും. കത്ത് വായിച്ച ഉടനെ എന്നിലെ കർണ്ണി   ( കർണ്ണന് ഞാൻ ഉണ്ടാക്കിയ സ്ത്രീലിംഗം ഒരു നീഘണ്ടുവിലും ഉണ്ടാകില്ല ഈ പദം) ഉണർന്നു. ഉള്ളതെന്തും കൊടുക്കുന്ന സ്വഭാവം. ഒന്നും പിടിച്ചു വെക്കണം എന്നില്ല.  തന്നെയുമല്ല മൂവാറ്റു പുഴയാറിന്റെ മൂന്നാമത്തെ തട്ടിലെ പറമ്പിൽ ഞങ്ങൾക്ക് താമസിക്കാൻ അദ്ദേഹം പണിയുന്ന സ്വപ്ന വീടിനു വേണ്ടിയല്ലേ കാശ്.  പിറ്റേന്ന് അച്ഛൻ ചോദിച്ചു  

"എന്താ നിന്റെ തീരുമാനം കൊടുക്കട്ടെ? "

ഞാൻ   സന്തോഷത്തോടെ അമ്മയുടെ കുരുമുളക് മാലയും കഴുത്തിൽ പറ്റിക്കിടക്കുന്ന നീലക്കല്ല് പതിച്ച നല്ല വീതിയുള്ള ഒരു നെക്ലസും വേറെ ഒരു മാലയും ഒക്കെ പെറുക്കി അച്ഛന്റെ കൈയിലെ കവറിൽ ഇട്ടു കൊടുത്തു. അന്ന് സ്വർണ്ണവില പവന് ആയിരം രൂപ മാത്രം. അങ്ങനെ 12 പവനോളം വിറ്റു 10,000 രൂപ കിട്ടിയത് അച്ഛൻ തന്നെ അദ്ദേഹത്തിന് നൽകി. അങ്ങനെ വീട് പണി തുടർന്നു.

1982 സെപ്റ്റംബർ 11 നു ഞാൻ മുല്ലപ്പൂവും ചൂടി വന്നു പാല് കാച്ചി മാതൃസ്‌മൃതിയിൽ കുടിവെച്ചു.  നാലഞ്ച് ദിവസം കഴിഞ്ഞു ബാക്കി ഉള്ള 15 വളകളും മാലകളും ഞാൻ വീടിനു ദാനം ചെയ്തു.  അതിനായി അന്ന് അദ്ദേഹം എറണാകുളം പോയി  വന്നപ്പോൾ വെളുപ്പിൽ കറുത്ത പുള്ളികൾ ഉള്ള സാരിയും ഒരു സ്യൂട്ട് കേസും വാങ്ങി. . വെറും രണ്ട് വളകൾ  മാത്രം  ബാക്കിയായ  കൈത്തണ്ട മുറുമുറുത്തു

"നീ എന്തിനാ അത്രേം ഊരി കൊടുത്തത്.? ഒരു അഞ്ചാറു വള കൈയിൽ ഇട്ടൂടായിരുന്നോ?"  

അടുത്ത വീട്ടിലെ ചേച്ചിയും അങ്ങനെ തന്നെ പറഞ്ഞു. കാതിൽ കിടന്ന ജിമിക്കിക്കമ്മൽ   കുട ചൂടി  ഒന്നുമറിയാതെ  അന്നും പാവാടയു ടുത്തു നടന്ന പത്തൊൻപതു വയസ്സുകാരിയായ എന്നോടൊപ്പം ചിരിച്ചു..

കാലങ്ങൾ ഏറെ കഴിഞ്ഞു. ദാനശീലത്തിൽ കർണ്ണന്റെ പെണ്ണവതാരം ആയ ഞാൻ  2 ചെക്കന്മാരെ പെറ്റു വളർത്തി അങ്ങനെ തന്നെ തുടർന്നു.   അദ്ദേഹം ഇല്ലായ്മകൾ അറിയിക്കാതെ എന്നെയും മക്കളെയും നോക്കി.  ഒടുവിൽ HNL ൽ സീനിയർ പ്ലാന്റ് എഞ്ചിനീയർ ആയിരിക്കെ 48 വയസ്സിൽ ആരും പറഞ്ഞത് കേൾക്കാതെ ആൾ VRS എടുത്തു.  രണ്ട് ആൺകുട്ടികൾ അല്ലേ എന്ന് ഒരു നിസ്സാരത  ആകും മനസ്സിൽ ഉണ്ടായിരുന്നത്.  

ഒരു ബിസിനസ്സ് സ്വയം തുടങ്ങി വെച്ച് കൂടെ കൂടിയ പാർട്ണെഴ്‌സിനെ  നന്നാക്കി.എങ്കിലും  ബിസിനസ്സ് ജീവിതത്തിൽ കടക്കെണികൾ ചുറ്റി വരിയുമ്പോഴും, കാൽക്കീഴിലെ മണ്ണ് വഴുതി മാറുമ്പോഴും അവസാനം വരെ അപാരമായ ആത്മവിശ്വാസത്തോടെ മുന്നേറി.

അന്ന് 1000 രൂപ വിലയുള്ള സ്വർണ്ണം ഇപ്പോൾ പവന് ഒരു ലക്ഷം ആയിട്ടുയർന്നു.  അദ്ദേഹം ഇടയ്ക്കിടെ ഒരു പാലയ്ക്ക മാല,  നെക്ലസ്‌ ഒക്കെ വാങ്ങി തന്നിരുന്നു. പക്ഷെ ആവശ്യം വരുമ്പോൾ ഞാൻ അത് തിരികെ കൊടുത്ത് സഹായിക്കും. ഇപ്പോൾ വീട് മുറു മുറുക്കുന്നു പൊറുപൊറുക്കുന്നു. കണ്ണ് തുടയ്ക്കുന്നു,  വയസ്സായെന്നു പറഞ്ഞു മൂക്ക് ചീറ്റുന്നു..എന്ത് പറയാനാണ്.?

"നീ ഞാൻ തന്ന പൊന്നൊക്കെ ഇട്ട് അണിഞ്ഞൊരുങ്ങി ഒരു പെണ്ണായി വാ"  എന്നല്ലാതെ എന്ത് പറയാൻ പറ്റും?

പാവം ഇത്ര നാൾ മഴയിൽ കുട ചൂടിച്ചു, വെയിലിൽ തണലായി.. മഞ്ഞിൽ പുതപ്പായി.. വിഷുവിനു കണിയൊരുക്കി,  വഴിക്കണ്ണുമായി  എനിക്ക് കാവലായി..ഇനി നാളെ എന്തെന്നും ആരെന്നും ഒക്കെ ആരറിഞ്ഞു.?

ഗുണപാഠം.

പെൺകുട്ടികൾ പഠിച്ച് ഒരു ജോലി നേടി സ്വന്തം കാലിൽ നില്ക്കാറായതിന് ശേഷം മാത്രം വിവാഹം കഴിക്കുക. അല്ലാത്തവർ വീട്ടിൽ നിന്നു കിട്ടുന്നത് എന്നെങ്കിലും ഒറ്റയായാൽ അപ്പോൾ ഒരു ആസ്തിയാകാൻ ബാങ്കിലോ മറ്റൊ സൂക്ഷിക്കുക.  കുട്ടികൾ സംരക്ഷിക്കും. ഇല്ലെന്നല്ല. എങ്കിലും സ്വന്തമായി ഒരു വരുമാനം ഓരോ പെണ്ണിന്റെയും അഭിമാനമാണ് എന്നത് എപ്പോഴും മനസ്സിൽ ഓർമ്മിക്കുക. അത് കണ്ടെത്താൻ കൂടി ശ്രമിക്കുക. എല്ലാവർക്കും അക്ഷയ തൃതീയ ആശംസകൾ.  എനിക്കിതിൽ അത്ര വിശ്വാസമൊന്നും ഇല്ല എങ്കിലും സ്വർണ്ണത്തിന് വില ഉണ്ടെന്നു  മനസ്സിലായ ഇക്കാലത്തു  സന്ദര്ഭവശാൽ ഓർത്തു പോയത് എഴുതി എന്ന് മാത്രം...

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-19 16:40:11
💥🔥 "തൃതീയ" , ഈ അടുത്ത കാലത്ത് സ്വർണ്ണ വ്യാപാരികൾ കേരളത്തിൽ തുടക്കമിട്ട അന്ധവിശ്വാസമാണ്. അത് അമേരിക്കയിലും പകർത്തുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു.... ഓരോരോ ഉഡായിപ്പുകൾ... എങ്ങനെ സാധിക്കുന്നു ഇതൊക്കെ?? ങേ??🤔🤔🫣🫣🫣🫣 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക