Image

കണ്ണീർ (കവിത:അഡ്വ. സിസിലിയാമ്മ)

Published on 19 April, 2026
കണ്ണീർ (കവിത:അഡ്വ. സിസിലിയാമ്മ)

മരണത്തിനുമുമ്പിൽ
ശാസ്ത്രവും യുക്തിചിന്തയും
ഒരുപോലെ നിശ്ശബ്ദമാകുന്നു.

പ്രസംഗങ്ങളും വാദങ്ങളും
അവിടെ അവസാനിക്കുന്നു—
വേണ്ടപ്പെട്ടവരുടെ
അപ്രതീക്ഷിത വേർപാടിൽ
കണ്ണീർ മാത്രം ശേഷിക്കുന്നു.

നമുക്ക് അടുത്തവരല്ലാത്തവരുടെ
മരണവാർത്ത പോലും
ഹൃദയത്തെ തൊടുമ്പോൾ,
ബന്ധങ്ങളുടെ സത്യസന്ധത
നമ്മൾ തിരിച്ചറിയുന്നു.

ഇന്നലെ സംസാരിച്ചിരുന്ന ഒരാൾ—
ഇന്ന് നിശ്ശബ്ദം.
ഇനിയൊരിക്കലും
ആ ശബ്ദം തിരികെയില്ല.

സമ്പാദിച്ചതും
കൈവശമാക്കിയതും
എല്ലാം പിന്നിൽ—
കൂട്ടിനൊരാൾ പോലും കൂടാതെ
ഒരു അനിശ്ചിത യാത്ര…

എവിടെയെത്തും,
എത്രനാൾ നീളും—
ആരും അറിയുന്നില്ല.

വേണ്ടപ്പെട്ടവരുടെ അന്ത്യയാത്രയിൽ
കണ്ണീർ വാർക്കുമ്പോഴും,
“ഇതുതന്നെ എന്റെ വഴിയുമാണ്”
എന്ന് ചിന്തിക്കാൻ
മനുഷ്യൻ പലപ്പോഴും മടിക്കുന്നു.

അതിനാലാകാം
ജീവിതം ഒരു നെട്ടോട്ടമായി മാറുന്നത്—
പണം, പ്രശസ്തി,
അവസാനമില്ലാത്ത ആഗ്രഹങ്ങൾ…

“ഇന്ന് ഞാൻ, നാളെ നീ”—
ഈ സത്യം കേൾക്കുമ്പോഴും
ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല.

അതിനാൽ—
ആഗ്രഹത്തോടെ ജീവിക്കാം…
പക്ഷേ,
അത്യാഗ്രഹവും ദുരാഗ്രഹവും
ഉപേക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക