Image

പ്രണയലേഖനം (കവിത: സുധീർ പണിക്കവീട്ടിൽ)

Published on 19 April, 2026
പ്രണയലേഖനം (കവിത: സുധീർ പണിക്കവീട്ടിൽ)

(വസന്തകാലപറവകൾ പാടിത്തിമിർക്കുന്ന ഒരു പ്രഭാതത്തിൽ എന്റെ ജാലക വാതിൽക്കൽ വന്നിരുന്ന് ഒരു ആൺകുയിൽ പറഞ്ഞു "അഹോരാത്രം തൊണ്ടപൊട്ടുമാറു പാടിയിട്ടും ഒരു പെൺകുയിൽ പോലും അടുക്കുന്നില്ല"; അവർക്ക് കൊടുക്കാനായി ഒരു പ്രണയലേഖനം എഴുതിത്തരുമോ?}

പാടാറുണ്ടോരു പൂങ്കുയിലെന്റെ 
വീട്ടു വളപ്പിലെ മാങ്കൊമ്പിൽ 
വസന്തകാലത്താരുകൾ തീർത്ത 
പൂമണിയറയിൽ ചഞ്ചലനായി 
മാന്തളിരുണ്ട് മയങ്ങാനെത്തും 
കോകിലകന്യയിൽ മോഹിതനായ് 
രാവും പകലും പാടി അവനാ-
രാഗമാലിക കനവോടെ 
മദനവികാരപരവശനായി 
ചൊല്ലി മന്മഥമന്ത്രങ്ങൾ 
അവിശ്രമമവനാ പ്രണയസ്വരലയ 
നിർവ്വഹണത്തിൽ നിമഗ്നനായി 
നിശ്ചയദാർഢ്യത്തോടവനെന്നും 
പാടി പഞ്ചമഗീതങ്ങൾ 
സ്പർശനമോഹകാമിതനായി 
ഇടവിട്ടീണം മികവ് വരുത്തി 
മടുപ്പില്ലാതെകേൾക്കാനിമ്പം 
മാർദ്ദവമുള്ള, അവനുടെ രാഗം
ഗൗനിച്ചില്ലൊരു കുയിലിണപോലും
പാടാനില്ലൊരു ഗാനം ബാക്കി 
കാമുകമാനസതന്ത്രികളിടറി 
ഭഗ്നോത്സാഹിതനായി പാവം 
കന്യകമാരെ മയക്കാനെന്തിനി 
വിദ്യകളെന്നവനാലോചിച്ചു 
വിഹഗവീക്ഷണകോണിൽ നിന്നൊരു 
ദൃശ്യം അവനുത്സാഹം നൽകി

ഈശ്വരസൃഷ്ടിയിൽ ശ്രേഷ്ഠതയുള്ള 
മർത്യർക്കറിയാം ആ തന്ത്രങ്ങൾ 
അവരിൽ വിരുതർ കലാകാരന്മാർ 
വിരലാഗ്രത്തിൽ സംഗതിയുള്ളോർ 
അവർക്കെളുപ്പം സ്ത്രീഹൃദയങ്ങൾ 
തൊട്ടെടുക്കാൻ ആകർഷിപ്പാൻ 
അവനെൻ ജാലകവാതിലിലെത്തി
പരവശനായവൻ അൽപ്പനേരം 
എന്തോ പറയാനുള്ളതുപോലെ 
കൊക്കാൽ ചിറകിൽ എഴുതികാട്ടി 
അനംഗനേന്തും ആവനാഴികൾ 
കൈവശമുള്ള കലാകാരാ ….
നിവേദനമൊന്നുണ്ടെനിക്ക് നീയൊരു 
പ്രണയലേഖനമെഴുതി തരുമോ?

(പ്രണയലേഖനം കുയിലമ്മയ്ക്ക ഇഷ്ടായി. കുയിലണകൾ നന്ദിസൂചകമായി ജാലകവാതിൽക്കൽ വന്നിരുന്നു കൊക്കും ചിറകുമുരുമ്മുന്നു പ്രേമഗാനം മൂളുന്നു. പ്രകൃതിയിലേക്ക് നോക്കുമ്പോൾ എല്ലാം സുന്ദരം.}
ശുഭം

 

Join WhatsApp News
Raju Mylapra 2026-04-19 22:47:29
"---- വെറുതെയിരുന്നൊരു കുയിലിൻ്റെ പാട്ടുകേട്ടതിർപാട്ടു പാടുവാൻ മോഹം അതു കേൾക്കെയുച്ചത്തിൽ കൂകും കുയിലിൻറെ ശ്രുതി പിന്തുടരുവാൻ മോഹം... "
ചീങ്കണ്ണിയുടെ പാട്ട് 2026-04-19 23:55:29
ചീങ്കണ്ണിയുടെ പാട്ട് !!! ''നിത്യ ഹരിത ഫ്‌ലോറിഡയിൽ അല്ലാതെ മൻമ്മദൻ പാടാറുണ്ടോ'' എന്നൊക്കെ മൈലപ്ര മൻമ്മദനു പാടണം എന്ന് തോന്നുന്നില്ലേ!; പക്ഷെ ഫ്‌ലോറിഡയിൽ കൊക്കുകൾ പാടാറുണ്ടോ!. അവിടൊക്കെ ഇപ്പോൾ അലിഗേറ്ററുകളുടെ മെറ്റിങ്‌ സീസൺ അന്നെന്നു കേട്ടു, വാതിലുകൾ പൂട്ടി പാട്; ഏതായാലും പാടു, പ്രിയ സുഹൃത്തേ! പാടു! ചീങ്കണ്ണി വന്നു ഡോർ ബെൽ അടിച്ചാലും, വാതിൽ തുറക്കാതെ പാടു !!!! ''ആ..... ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം മരമൊന്നുലുത്തുവാൻ മോഹം അടരുന്ന കായ്മണികൾ പൊഴിയുമ്പോൾ ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാൻ മോഹം സുഖമെഴും കയ്പ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ച് എന്തു മധുരമെന്നോതുവാൻ മോഹം ആ...ആ...ആ..... ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്ത് വെറുതെയിരിക്കുവാൻ മോഹം വെറുതെയിരുന്നൊരു കുയിലിന്റെ പാട്ടുകേട്ടെതിർപാട്ടു പാടുവാൻ മോഹം എതിർപാട്ടു പാടുവാൻ മോഹം അതുകേൾക്കെയുച്ചത്തിൽ കൂകും കുയിലിന്റെ ശ്രുതി പിന്തുടരുവാൻ മോഹം ഒടുവിൽ പിണങ്ങി പറന്നുപോം പക്ഷിയോട് അരുതേയെന്നോതുവാൻ മോഹം വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം. 'ഇതിനേക്കാൾ ഒത്തിരി സൂപ്പർ കവിതയുമായി വരും നമ്മുടെ പ്രിയൻ, നമ്മളെ എല്ലാം നടുക്കുവാൻ നെടുങ്കട' എന്നാലും വാതിൽ തുറക്കാതെ പാടു !!! -നിങ്ങളുടെ എല്ലാം എല്ലാം ആയ കുഞ്ഞമ്മിണി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക