
പൂത്തുലഞ്ഞീടുന്ന മഞ്ഞമന്ദാരങ്ങൾ
ധരണിയിൽ പൊൻപ്രഭ പൂകിനില്പൂ
പാഥേയമെന്നപോലൂർജ്ജം നിറയ്ക്കുന്ന
സുകുമാരനേകിടും പൊൻവെളിച്ചം!
മഞ്ഞക്കണിക്കൊന്നച്ചില്ലയിലാടുന്ന,
കിങ്ങിണിപ്പൊന്മലർച്ചെണ്ടുകളും
പീലിക്കുട പിടിച്ചൂഴിയിലാനന്ദ-
ത്തൂവെളിച്ചം വീശുമമ്പിളിയും
മഞ്ഞപ്പൂത്താലങ്ങളേന്തും ജമന്തിയും
തേനലക്കുമ്പിളിൽ വാസന്തമായ്!
അരളിക്കുടന്നയിലതിശോഭ തൂവുന്ന
മഞ്ഞപ്പകിട്ടാർന്ന സുമലതകൾ!
സൂര്യകാന്തിപ്പെണ്ണിന്നിമകൾ പൊഴിക്കുന്ന
പൂമണമില്ലാത്ത പൂമ്പൊടിപ്പൊട്ടുകൾ!
അന്തിവെയിലിന്റെ കനകത്തിളക്കങ്ങൾ
വിഷുവിനെ വരവേൽക്കാനൊരുങ്ങിടുന്നു.
കൃഷ്‌ണനും ക്രിസ്തുവുമൊരുമിച്ചു ചേർന്നുള്ള
കൗതുകക്കണിയൊന്നു കണ്ടു ഞാനും!
കർണ്ണികാരത്തിന്റെയിതുവരെക്കാണാത്ത
കാഴ്ചകൾ കണ്മുമ്പിൽ കണിയൊരുങ്ങി!
മങ്ങാത്ത കാഴ്ചയായ് മനതാരിലെന്നെന്നു-
മർത്ഥനാസുമങ്ങളെ നമിച്ചു ഞാനും!