
ടെന്നസി: നാല് വയസ്സുകാരനായിരുന്ന ആദിത്യയ്ക്ക് 2023 ഡിസംബറിൽ പനി വന്നതോടെയാണ് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരായ അവന്റെ മാതാപിതാക്കൾ ഉൾപ്പെടുന്ന കൊച്ചുകുടുംബം അനിശ്ചിതത്വത്തിലേക്ക് വഴിമാറിയത്. ആദ്യം കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായിരിക്കാമെന്ന് കരുതിയെങ്കിലും പിന്നീട് ഡെങ്കിപ്പനിയാകാമെന്ന സംശയവും ഉയർന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനകളിൽ രക്തത്തിന്റെയും അസ്ഥിമജ്ജയുടെയും വേഗത്തിൽ വ്യാപിക്കുന്ന ഗുരുതര കാൻസറായ ആക്യൂട്ട് മൈലോയിഡ് ല്യൂക്കീമിയയാണെന്ന് സ്ഥിരീകരിച്ചു. ഈ വാർത്ത കുടുംബത്തിന് വലിയ ആഘാതമായി.
ആദ്യഘട്ട ചികിത്സകൾ ഏറെ കഠിനമായിരുന്നു. രോഗം വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാൻ മജ്ജ മാറ്റിവയ്ക്കൽ അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് മെംഫിസിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിൽ പ്രത്യേക ചികിത്സ ആരംഭിച്ചതോടെ കുടുംബത്തിന് പുതിയ പ്രത്യാശ ലഭിച്ചു.
ആദിത്യയുടെ അച്ഛൻ ഭാർഗവ് വർഷങ്ങൾ മുമ്പ് മെംഫിസിൽ നിന്നാണ് കോളജ് വിദ്യാഭ്യാസം നേടിയത്. അതുകൊണ്ടുതന്നെ ആശുപത്രിയുടെ മികച്ച ചികിത്സാസൗകര്യങ്ങളെക്കുറിച്ച് നേരത്തെ തന്നെ അറിവുണ്ടായിരുന്നു. 2024 ഏപ്രിലിൽ നടത്തിയ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ അമ്മ തന്നെയാണ് ദാതാവായത്. ചികിത്സയും മാതൃസ്നേഹവും ഒരുമിച്ചുചേരുന്ന അതുല്യ നിമിഷമായിരുന്നു അത്.
മാസങ്ങളോളം നീണ്ട ചികിത്സയുടെയും പുനരധിവാസത്തിന്റെയും ഇടയിലും ആദിത്യയുടെ മനോബലം ശ്രദ്ധേയമായിരുന്നു. മണിക്കൂറുകളോളം മരുന്നുകളും കുത്തിവയ്പ്പുകളും സഹിച്ച ശേഷവും നഴ്സുമാരോട് പുഞ്ചിരിച്ച് “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്ന് പറയുന്ന അവന്റെ സ്വഭാവം ആശുപത്രി ജീവനക്കാരെയും കുടുംബത്തെയും ഒരുപോലെ പ്രചോദിപ്പിച്ചു.
“മുന്നോട്ട് പോകാനുള്ള ശക്തി ഞങ്ങൾക്ക് നൽകുന്നത് അവനാണ്,” എന്നാണ് അച്ഛൻ ഭാർഗവിന്റെ വാക്കുകൾ.
ഇപ്പോൾ ആറുവയസ്സുകാരനായ ആദിത്യ ബ്ലോക്കുകൾ ഉപയോഗിച്ച് കളിക്കുന്നതിൽ ഏറെ തല്പരനാണ്. ചികിത്സയ്ക്ക് ശേഷം വീണ്ടും വളരാൻ തുടങ്ങിയ മുടി കോതിയൊതുക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് അവൻ.
തുടർപരിശോധനകൾക്കായി കുടുംബം ഇപ്പോഴും ഏഴ് മണിക്കൂർ യാത്ര ചെയ്ത് മെംഫിസിലെത്തുന്നു. യാത്രകൾ ക്ഷീണകരമാണെങ്കിലും ചികിത്സയിലൂടെ ലഭിച്ച പുരോഗതിയാണ് അവരുടെ കൈമുതൽ.
കഠിനമായ ഈ ഘട്ടത്തിൽ സെന്റ് ജൂഡ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും നൽകിയ പിന്തുണ കുടുംബത്തിന് വലിയ ആശ്വാസമായതായി അവർ പറയുന്നു. ചികിത്സ, യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കായി രോഗികളുടെ കുടുംബങ്ങളിൽ നിന്ന് ആശുപത്രി ഒരു തരത്തിലുള്ള ബില്ലും ഈടാക്കാത്തതും ശ്രദ്ധേയമാണ്. കുട്ടികളിലെ ഗുരുതര രോഗങ്ങൾക്ക് മികച്ച ചികിത്സയും പ്രതിരോധ മാർഗങ്ങളും വികസിപ്പിച്ച് ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കണ്ടെത്തലുകൾ പങ്കുവെയ്ക്കുന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.