Image

അവസാനിക്കാത്ത തിരച്ചിലുകളുടെ ഇടവേളയിൽ ( കഥ : ലിസി രഞ്ജിത് , ചെന്നൈ )

Published on 18 April, 2026
അവസാനിക്കാത്ത തിരച്ചിലുകളുടെ ഇടവേളയിൽ ( കഥ : ലിസി രഞ്ജിത് , ചെന്നൈ )

അവൾക്ക് ജീവിതം ഒരു നീണ്ട തിരച്ചിലായിരുന്നു.ഒരിക്കലും അവസാനിക്കാത്തത്. പക്ഷേ, ആ തിരച്ചിലിനിടയിൽ ഉണ്ടായിരുന്ന ഇടവേളകളാണ് അവളെ ഏറ്റവും കൂടുതൽ സംസാരിപ്പിച്ചത്.
വാക്കുകൾക്കപ്പുറം ഒരു ലോകം അവൾക്കുണ്ടായിരുന്നു. പുറത്തേക്ക് എല്ലാം സാധാരണയായി തോന്നിയിരുന്നെങ്കിലും, അവളുടെ ഉള്ളിൽ ഒരു മൗന ഗണിതം നടക്കുകയായിരുന്നു.കണക്കുകൾ ഒരിക്കലും പൊരുത്തപ്പെടാത്തത്. പറയാതെ വച്ച സത്യങ്ങൾ അവളുടെ ശ്വാസത്തിൽ ഭാരമായി തങ്ങിയിരുന്നു. പങ്കുവെക്കാൻ പറ്റാത്തതിന്റെ ഒറ്റപ്പെടൽ, അവളെ തന്നെ അവൾക്കു അന്യയാക്കി മാറ്റി.
സ്നേഹം അവളുടെ ജീവിതത്തിൽ ഇല്ലാതിരുന്നില്ല. മറിച്ച്, അതിന്റെ അമിതത്വം തന്നെ അവളെ അലട്ടിയിരുന്നു. എന്നാൽ, ആ സ്നേഹത്തിനിടയിൽ പോലും, അവളുടെ ഉള്ളിൽ ഒരിടം ശൂന്യമായി കിടന്നു.പേരില്ലാത്ത ഒരു ഒഴിവ്.അത് നിറയ്ക്കാൻ അവൾ ഒരാളെ തേടിയില്ല; പകരം, ഒരൊറ്റ സാന്നിധ്യം...വാക്കുകൾ ഇല്ലാതെ മനസ്സിലാക്കുന്ന, നിഴൽപോലെ കൂടെയിരിക്കുന്ന ഒരു കരുതൽ.,എന്നാൽ, നിഴലുകൾ എല്ലാം ശീതളമല്ലെന്ന് അവൾ വളരെ വൈകിയാണ് മനസ്സിലാക്കിയത്.സഹായത്തിന്റെ രൂപത്തിൽ എത്തിയ ചിലർ, സ്വാർത്ഥതയുടെ സൂക്ഷ്മത ഒളിപ്പിച്ചവരായിരുന്നു. ആശ്വാസം പോലെ തോന്നിയ സ്പർശങ്ങളിൽ പോലും കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. അവളുടെ നിസ്സഹായത ഒരു തുറന്ന വാതിലായി മാറിയപ്പോൾ, അതിലൂടെ കടന്നുവന്ന എല്ലാവരും അഭയം നൽകിയില്ല. ചിലർ ആ വാതിൽ അടച്ചു, അവളെ തന്നെ അതിനകത്ത് പൂട്ടാൻ ശ്രമിച്ചു.ഒരു ദിവസം, അവൾ പിന്നോട്ടു നീങ്ങി.
അത് പേടിയാൽ അല്ല,വ്യക്തമായ തിരിച്ചറിവ് കൊണ്ട്."സ്നേഹം” എന്ന പേരിൽ വരുന്ന എല്ലാ മുഖങ്ങളും സുരക്ഷിതമല്ലെന്ന് അവൾ മനസ്സിലാക്കി. ചിലത്, ഓർമ്മകളിൽ മുറിവുകൾ മാത്രം തരുവാൻ വരുന്നവയാണ്.പക്ഷെ അവളുടെ തിരച്ചിൽ അവസാനിച്ചില്ല. എന്നാൽ അവൾ ഒരു പുതിയ കാര്യം പഠിച്ചു.തിരഞ്ഞെടുക്കൽ.
ഇപ്പോൾ അവൾ അറിയുന്നു, എവിടെയെങ്കിലും ഒരിടത്ത്, തന്റെ വ്യക്തിത്വം നഷ്ടപ്പെടുത്താതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരു സാന്നിധ്യം ഉണ്ടാകുമെന്ന്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക