Image

എലിക്കെണിയില്‍ വീണ 'ഇന്‍ഡി' മുന്നണി (ജയശങ്കര്‍ പിള്ള)

Published on 18 April, 2026
എലിക്കെണിയില്‍ വീണ 'ഇന്‍ഡി' മുന്നണി (ജയശങ്കര്‍ പിള്ള)

വനിതാ സംവരണ ബിൽ ലോകസഭയിൽ പരാജയപെട്ടതിലും,പരാജയപ്പെടുത്തിയതിലും ഇൻഡി മുന്നണിയും,മലയാള മാധ്യമങ്ങളും അമിത ആഘോഷത്തിലും, ആഹ്ളാദതിമിർപ്പിലുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഇത് തെക്കൻ സംസ്ഥാനങ്ങളുടെ വിജയമായി വരെ കണക്കാക്കി പ്രസ്താവന ഇറക്കി. കേരളവും,തമിഴ്‌നാടും ഒക്കെ വനിതാ ബില്ലിനെ എതിർത്ത് തോല്പിച്ചത് വൻ വിജയമായി കാണുമ്പോൾ അവരുടെ വഴിവിട്ട രാഷ്ട്രീയ കൂട്ടുകെട്ടുകൾ,സമവാക്യങ്ങൾ,ഇസ്‌ലാമിക വോട്ടു ബാങ്ക് എന്ന ലക്‌ഷ്യം എന്നിവ വെളിവാക്കുന്നു.

ലോകസഭയിൽ വനിതാ സംവരണ ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയില്ല എന്നും, 2027-ൽ നടക്കാനിരിയ്ക്കുന്ന സെൻസസിന് ശേഷം സംസ്ഥാനങ്ങളുടെ ജനസംഖ്യാ,ജാതി,ലിംഗ  ആനുപാതത്തിനു അനുസരിച്ചു 2029-ലെ തെരഞ്ഞെടുപ്പിന് മുൻപ് പ്രാവർത്തികമാക്കുവാൻ കഴിയും എന്നുള്ള അറിവ് ബിജെപി സർക്കാരിനുണ്ട്. ഇനി സംവരണ ബിൽ  സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് വിട്ടാൽ ഉണ്ടാകുന്ന നിയമ കുരുക്കും അവർക്കു അറിവുള്ളതാണ്. ഭരണഘടനാ മാറ്റത്തിന് ഉള്ള സബ്ജക്റ്റ് കമ്മിറ്റി റിപ്പോർട്ടിനെ കോടതിയ്ക്ക് പോലും ചോദ്യം ചെയ്യുവാൻ കഴിയില്ല എന്നതാണ് ഭാരതത്തിലെ നിയമ വ്യവസ്ഥ.

ബിൽ പരാജയപ്പെടും എന്ന് ഉറപ്പുള്ളപ്പോഴും ബിജെപി അത് സഭയിൽ കൊണ്ട് വന്നു വോട്ടിനിട്ട് തോല്പിച്ചപ്പോൾ ആഘോഷത്തിൽ ഏർപ്പെട്ട മാധ്യമങ്ങൾക്കോ,ഇൻഡി മുന്നണിയ്‌ക്കോ മനസ്സിലാകാത്ത ഒരു രാഷ്ട്രീയമുണ്ട്. ഇൻഡി മുന്നണി ലക്ഷ്യമിട്ടത് ഇസ്‌ലാമിക വോട്ടുകളുടെ, അവരുടെ ഘടക കക്ഷികളുടെ താത്കാലിക സംരക്ഷണവും,വിശ്വാസ്യതയും,വോട്ടു ബാങ്കും ആണെങ്കിൽ, ഇനിയും ബിൽ അവതരിപ്പിയ്ജ്ക്കാനും, ഭേദഗതികളോടെ നടപ്പിലാക്കുവാനും, ഒക്കെ അവസരങ്ങൾ ഉണ്ടായിട്ടും, സെൻസസ് കഴിയും വരെ കാത്തിരിയ്ക്കാതെ  അതുമായി മുന്നോട്ടു പോയ ബിജെപി യുടെ ലക്ഷ്യം വളരെകാലത്തേയ്ക്കുള്ള ഭരണ തുടർച്ചയുടെ കൃത്യമായ ചുവടുവയ്പാണ്.

എതിർത്ത് തോല്പിച്ചവർ സ്വയം പരാജയപ്പെടുകയും, സ്വയം തോൽവി ഏറ്റുവാങ്ങിയവർ യഥാർത്ഥത്തിൽ വിജയിക്കുകയും ചെയ്തു. സ്റ്റാലിന്റെ പ്രസ്താവനകൾ, കേരളത്തിലെ എം പി മാരുടെ പ്രസ്താവനകൾ, മാധ്യമങ്ങളുടെ ആഘോഷം എന്നിവ ജനങ്ങളുടെ മനസ്സിൽ മറന്നുപോയ "സൗത്ത് കട്ട് " എന്ന ഇന്ത്യാ വിഭജന ആശയത്തിന്റെ ആക്കം കൂട്ടുന്നു. പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർക്ക് , യുവ വോട്ടർമാർക്ക് ഇൻഡി മുന്നണിയുടെ പൊള്ളത്തരം മനസ്സിലായി. മോദിജിയുടെയും,അമിത്ഷായുടെയും   പ്രസംഗത്തിൽ അത് വ്യക്തമായി എടുത്തു പറയുകയും ചെയ്തു.

2023-ൽ എൻ ഡി എ സർക്കാർ തുടങ്ങിവച്ച "നാരീ ശക്തി വന്ദൻ അഭിമാൻ" എന്ന വനിതാ സംവരണ ആക്ടിന്റെ  ഔദ്യോഗിക അംഗീകരിക്കലും,തുടക്കവുമാണ് ഇൻഡി മുന്നണി എതിർത്ത് തോല്പിച്ചത്. അതായത് ലോകസഭയിൽ, ഭരണ കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് 33% സംവരണം എന്ന ആശയത്തെ നഖശികാന്തം ഇൻഡി മുന്നണി എതിർത്ത് തോൽപിച്ചു.സ്ത്രീ വിരുദ്ധതയുടെ,ആൺ മേല്കോയ്മയുടെ, അധികാര ഗർവിന്റെ, ഇസ്ലാമിക മത പ്രീണനത്തിന്റെ  രാഷ്ട്രീയമാണ് ഇൻഡി മുന്നണി എന്ന് ഉള്ളതു അവർ സ്വയം സമ്മതിച്ചു എന്നതാണ് വാസ്തവം. ലോക സഭയിലെ ഇപ്പോൾ ഉള്ള സീറ്റുകളുടെ എണ്ണം വർദ്ധിപ്പിയ്ക്കാതെ  സംവരണം ഏർപ്പെടുത്തണം എന്നുള്ള വാദം, തമിഴ്‌നാട്ടിലെ ജനങ്ങൾ തെരുവിൽ ഇറങ്ങും എന്നുള്ള പ്രസ്താവനകൾ,ഇവയെല്ലാം സൂചിപ്പിയ്ക്കുന്നതു കൈപ്പിടിയിൽ ഒതുക്കുവാനുള്ള പുരുഷാധിപത്യത്തിന്റെ, ഭാരത വിഭജനത്തിന്റെ തയ്യാറെടുപ്പുകൾ ആണെന് അടിവരയിടുവാനും, അത് സഭയിൽ ഉച്ചത്തിൽ പറയുവാനും,ഭാവിയിൽ പ്രചരിപ്പിയ്ക്കുവാനും ബിജെപി യ്ക്ക്  സാധിയ്ക്കും. ഒപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ടു പോയ യുപി,മധ്യപ്രദേശ്, മഹാരാഷ്ട്ര, തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് ഒരു കൊടുങ്കാറ്റായി തിരിച്ചു വരുവാനുള്ള ഒരു പ്രചാരണ ആയുധമാണ് സ്വയം അറിഞ്ഞുകൊണ്ട് ഏറ്റുവാങ്ങിയ ഈ പരാജയം. വടക്കേ ഇന്ത്യ എന്നും,തെക്കേ ഇന്ത്യ എന്നുമുള്ള വിഭജന രാഷ്ട്രീയത്തെ, ഹിന്ദി വിരുദ്ധതയെ എല്ലാം കൂടി ഈ സംവരണ പരാജയം ഒരു പ്രചാരണ ആയുധമാക്കി മാറ്റും. കോൺഗ്രെസ്സുന്റെ സ്ത്രീ വിരുദ്ധ നിലപാടുകളെ തുറന്നു കാട്ടുവാനും, ഇസ്ലാമിക കൂട്ടുകെട്ടിനെ, ജമാഅത്, മുസ്‌ലിം ലീഗ്, എസ് ഡി പി ഐ,പിഡിപി എന്നീ പാർട്ടികളിലെ സ്ത്രീ വിരുദ്ധതയെ എല്ലാം പ്രചാരണ ആയുധമാക്കുവാൻ ബിജെപിയ്ക്ക് ഈ ഒരൊറ്റ ബിൽ അവതരണം കൊണ്ട് സാധിച്ചു.

ലോക സഭയിൽ വനിതാ സംവരണ ബില്ലിനെ എതിർത്ത് തോല്പിച്ചവരാണ് കൊണ്ഗ്രെസ്സ്,രാഹുൽ ഗാന്ധി, സോണിയ,പ്രിയങ്ക ഗാന്ധി എന്നിവർ  നയിക്കുന്ന ഇൻഡി മുന്നണി എന്നുള്ള ചീത്തപ്പേരും, യാഥാർഥ്യവും,ചരിത്ര പുസ്തകത്തിൽ ഇടം നേടും എന്നുള്ളത് മറ്റൊരു സത്യം. പുതു തലമുറയിലെ വനിതാ വോട്ടർമാർക്കിടയിലും,ഇനി വരാനിരിയ്ക്കുന്ന പുതിയ യുവ വോട്ടര്മാര്ക്കിടയിലും, തൊഴിൽ മേഖലയിലെ വനിതകൾക്ക് ഇടയിലും ബിജെപി നയിക്കുന്ന എൻ ഡി എ മുന്നണിയ്ക്കു മുന്നോട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ലഭിയ്ക്കുവാൻ  പോകുന്ന വോട്ടിങ് ശതമാനത്തിന്റെ വർദ്ധനവിനുള്ള ഒരു പാലം തുറന്നു കൊടുത്തവരാണ്, അവർക്കു വേണ്ടി പണിയെടുത്ത മാദ്യമങ്ങളാണ് ഈ താത്കാലിക വിജയം ആഘോഷിയ്ക്കുന്നതു. എൻ ഡി എ യ്ക്ക് വോട്ടു ചെയ്‌താൽ സ്ത്രീ സംരക്ഷണവും,ഭരണ സാരഥ്യത്തിലേക്കുള്ള കവാടവും,തുല്യതയും ഉറപ്പാക്കുന്ന ബില്ലെനെ എതിർത്ത് തോല്പിച്ചത് മൂലം വെട്ടിലായത് കോൺഗ്രസ്സും, സഖ്യകക്ഷികളുമാണ്.

ആവനാഴിയിലെ ഒരമ്പു പോലും പാഴാക്കാതെ ഉപയോഗിയ്ക്കുവാനുള്ള തന്ത്രവും, അതിനുള്ള കഴിവും, ആർ എസ്സ് എസ്സ് എന്ന ബുദ്ധി കേന്ദ്രവും,അമിത്ഷായുടെ ചാണക്യ ബുദ്ധിയും കൂടി ആയപ്പോൾ "ഭാരത് ജോഡോ" യാത്ര നയിച്ച രാഹുൽ ഗാന്ധി നയിക്കുന്ന  ഇൻഡി മുന്നണി ഇനി "ഭാരത് ച്ചോടോ" യ്ക്ക് തയ്യാറെടുക്കുകയായി.
എലിക്കെണിയിൽ (അടിവില്ലു) അകപ്പെട്ട മൂഷികന്റെ  അവസ്ഥയാണ് സത്യത്തിൽ ഇൻഡി മുന്നണിയ്ക്കു. രണ്ടു ഭാഗത്തുനിന്നും പൂട്ട് വീണിരിയ്ക്കുന്നു, വനിതാ സംവരണ ബിൽ സഭയിൽ വിശ്വാസം നേടിയാൽ, സ്ത്രീ സംരക്ഷണത്തിന്റെ രക്ഷകനായി എൻ ഡി എ വാഴ്ത്തപ്പെട്ടേനെ, ബിൽ പരാജയപ്പെടുത്തിയ  ഇൻഡി മുന്നണിയുടെ സ്ത്രീ വിരുദ്ധതയും പ്രചാരണ ആയുധമായി.

എന്തായാലും പലരുടെയും പ്രധാനമന്ത്രി പദ സ്വപനങ്ങൾ  വെറും അപ്പൂപ്പൻ താടിപോലെയായി. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു എന്ന് പറയുന്നത് പോലെ, വനിതാ സംവരണ ബിൽ എതിർത്ത് തോൽപിച്ച രാഹുൽ ഗാന്ധിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ തീട്ടൂരം കൂടി ലഭിച്ചു കഴിഞ്ഞു. ബ്രിട്ടീഷ് പൗരത്വമുള്ള ആളാണ് രാഹുൽ ഗാന്ധി എന്നുള്ള കേസിൽ അന്യോഷണം ആരംഭിച്ചു കഴിഞ്ഞു. ഇനി ഇത് കൂടി ശരിയാണ് എങ്കിൽ ഇന്ത്യൻ സ്വാതന്ത്രത്തിനു വേണ്ടി ഉടലെടുത്ത കോൺഗ്രസ്സ് സ്വാതന്ത്രത്തിനു ശേഷവും,ബ്രിട്ടീഷ് പൗര നേതാവിന്റെ  അടിമകൾ ആണ് എന്നുള്ള പ്രചാരണവും, ഭാവിയിൽ ഏറ്റു വാങ്ങേണ്ടി വരും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക