
യു,പി പിടിച്ചാല്‍ ഇന്ത്യ ഭരിക്കാമെന്നതാണ് പണ്ടത്തെയും ഇപ്പോഴത്തെയും സ്ഥിതി.കാരണം ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ സീറ്റുകളുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യു.പി. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഉത്തര്‍ പ്രദേശ് കൈവിട്ടാല്‍ അധികാരമോഹവും അതോടെ അസ്തമിക്കും. പക്ഷേ, ഇന്ത്യയുടെ ഭരണം ആര്‍ക്കും വിട്ടുകൊടുക്കാന്‍ ബി.ജെ.പി ഉദ്ദേശിക്കുന്നില്ല. ഇനി യു.പി മാത്രം പോരാ. ഹിന്ദി ഹൃദയഭൂമി മൊത്തത്തില്‍ ഇങ്ങ് പോരണം. ആ അധികാര വിളവെടുപ്പിന് കൃത്യമായ നിലമൊരുക്കേണ്ടതുണ്ട്. എന്നാല്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാവാന്‍ പാടില്ല. അതിനായാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചത്.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ഏര്‍പ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന 131-ാം ഭരണഘടനാ ഭേതഗതി ബില്ലും മണ്ഡല പുനര്‍ നിര്‍ണയ ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ വനിതാ സംവരണത്തിനുള്ള ഭേദഗതി ബില്ലുമാണ് അവതരിപ്പിക്കപ്പെട്ടത്. 2029-ലെ ലോക്‌സഭാ തിരഞ്ഞടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് തിടുക്കപ്പെട്ടുള്ള ഈ ബില്ല് അവതരണത്തിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢമായ ഒരു അത്യാഗ്രഹം ഒളിഞ്ഞിരിപ്പുണ്ട്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണം വേഗത്തില്‍ നടപ്പാക്കാനെന്ന വ്യാജേനയാണ് ഈ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ചത്. ബി.ജെ.പിക്ക് സ്വാധീനമുള്ള ഹിന്ദി ബെല്‍റ്റില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്ന തരത്തിലാണ് ബില്ല് വിഭാവനം ചെയ്തിരിക്കുന്നത്.
ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ല്‍ നിന്ന് 850 ആക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതോടൊപ്പം സംസ്ഥാന നിയമസഭകളിലും സീറ്റ് വര്‍ധിപ്പിക്കുന്നതാണ്. മണ്ഡല പുനര്‍നിര്‍ണയം നടത്തുമ്പോള്‍ കുറഞ്ഞ സീറ്റുകളുള്ള കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസഥാനങ്ങളില്‍ ആനുപാതിക നഷ്ടമുണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ പുതിയ ബില്ലില്‍, ലോക്‌സഭാ സീറ്റുകളുടെ എണ്ണം കൂട്ടുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ നിലവിലുള്ള സീറ്റ് അനുപാതം നിലനിര്‍ത്തുമെന്ന് ഉറപ്പാക്കുന്നില്ല. ലോക്‌സഭാ സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭജിക്കേണ്ടത് ജനസംഖ്യാനുപാതത്തിലാണെന്ന് ഭരണഘടനയിലെ 81-2 (എ) അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റെണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ഇപപ്രകാരമാണ്: (സംസ്ഥാനം, നിലവിലുള്ള സീറ്റ്, വര്‍ധനവ് എന്ന ക്രമത്തില്‍) കേരളം-20 (30), ഉത്തര്‍പ്രദേശ്-80 (120), തമിഴ്‌നാട്-39 (59), മഹാരാഷ്ട്ര-48 (72), ബംഗാള്‍-42 (63), ബീഹാര്‍-40 (60), മധ്യപ്രദേശ്-29 (44), കര്‍ണാടക-28 (42), ഗുജറാത്ത്-26 (39), ആന്ധ്രപ്രദേശ്-25 (38), രാജസ്ഥാന്‍-25 (38), ഒഡിഷ-21 (32), തെലങ്കാന-17 (26), അസം-14 (21), ഝാര്‍ഖണ്ഡ്-14 (21), പഞ്ചാബ്-13 (20), ഛത്തീസ്ഗഡ്-11 (17), ഹരിയാന-10 (15), ജമ്മു-കശ്മീര്‍-6 (9), ഉത്തരാഖണ്ഡ്-5 (8), ഡല്‍ഹി-7 (11), ഹിമാചല്‍ പ്രദേശ്-4 (6), ത്രിപുര-2 (3), മണിപ്പൂര്‍-2 (3), മേഘാലയ-2 (3), ഗോവ-2 (3), അരുണാചല്‍പ്രദേശ്-2 (3). മിസോറാം, ചണ്ഡീഗഢ്, സിക്കിം, അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍, ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ്, നാഗലാന്‍ഡ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ഒരു സീറ്റ് രണ്ടാകും.
അതേസമയം, ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ലമെന്റില്‍ ഇല്ലാതെ എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിസന്ധിയിലാണിപ്പോള്‍. ഇതിനിടയില്‍, 33 ശതമാനം വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന 2023-ലെ നിയമം (106-ാം ഭരണഘടനാ ഭേദഗതി) പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. നിലവിലെ സ്ത്രീ പ്രാതിനിധ്യം 13.63 ശതമാനമാണ്. പുതിയ ബില്ലുകള്‍ പാസാക്കണമെങ്കില്‍ പ്രതിപക്ഷം പിന്തുണയ്ക്കുകയോ ചില കക്ഷികള്‍ വിട്ടു നില്‍ക്കുകയോ വേണമെന്ന അവസ്ഥയാണ്.
ലോക്‌സഭയില്‍ എന്‍.ഡി.എയ്ക്ക് 293 അംഗങ്ങളാണുള്ളത്. അതായത് 54 ശതമാനം. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ഭരണഘടനാ ബില്ലുകള്‍ പാസാക്കാന്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കണം. ലോക്‌സഭയില്‍ മുഴുവന്‍ പേരും ഹാജരായി വോട്ടു ചെയ്താല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 360 സീറ്റുകള്‍ വേണം. ഏഴ് പേര്‍ സ്വതന്ത്രരും ഏഴ് പേര്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, മജ്‌ലിസ് പാര്‍ട്ടി, ശിരോമണി അകാലിദള്‍ എന്നിവയിലുമാണ്. ഇവരാകട്ടെ, ഇതുവരെ ബില്ലിന് പിന്തുണയറിയിച്ചിട്ടില്ല.ലോക്‌സഭയിലെ രണ്ട് വലിയ പ്രതിപക്ഷ പാര്‍ട്ടികളെങ്കിലും വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്നാല്‍ എന്‍.ഡി.എയ്ക്ക് ബില്ല് പാസാക്കാന്‍ സാധ്യതയൊരുങ്ങും. സമാജ് വാദി പാര്‍ട്ടി (37), തൃണമൂല്‍ കോണ്‍ഗ്രസ് (28), ഡി.എം.കെ (22) എന്നിവയില്‍ ഏതെങ്കിലും രണ്ട് പാര്‍ട്ടികള്‍ വിട്ടു നിന്നാല്‍ സര്‍ക്കാരിന് സൗകര്യമാകും. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 98 അംഗങ്ങളാണുള്ളത്.
ബി.ജെ.പിക്ക് ലോക്‌സഭയില്‍ 240 അംഗങ്ങളുണ്ട്. സഖ്യകക്ഷികളായ ടി.ഡി.പിക്ക് 16-ഉം ജെ.ഡി.യുവിന് 12-ഉം സീറ്റുകളാണ് ലോക്‌സഭയില്‍. ലോക്‌സഭയില്‍ പാസായില്ലെങ്കില്‍ രാജ്യസഭയിലേക്ക് പോകില്ല. രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് 141 അംഗങ്ങളുണ്ട്. ആകെ സീറ്റുകളുടെ 58 ശതമാനം . പ്രതിപക്ഷത്തിന് 83 അംഗങ്ങളും രാജ്യസഭയിലുണ്ട്. പൊതുവേ സര്‍ക്കാരിനെ പിന്തുണയ്ക്കാറുള്ള ബി.ആര്‍. എസ്., വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി എന്നിവര്‍ക്കായി 16 സീറ്റുകളുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 163 വോട്ടിലേക്കെത്തില്ല. കോണ്‍ഗ്രസിന് 28, തൃണമൂല്‍ കോണ്‍ഗ്രസിന് 13, എ.എ.പിക്ക് പത്ത്, ഡി.എം.കെക്ക് എട്ട് എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ ശക്തി.
ഏതായാലും, തങ്ങളുടെ ചൂണ്ടയില്‍ വനിതാ സംവരണ ബില്ല് കൊളുത്തിയിട്ടുകൊണ്ടുള്ള മണ്ഡല പുനര്‍ നിര്‍ണയത്തോടെ യു.പിക്ക് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ ഗണ്യമായ വര്‍ധനവ് ബി.ജെ.പിക്കാണ് രാഷ്ട്രീയ ഗുണമുണ്ടാക്കുക. ഇത് താല്‍ക്കാലികമായ നേട്ടമായിരിക്കില്ല അവര്‍ക്ക് സമ്മാനിക്കുക. ദീര്‍ഘ കാലത്തേയ്ക്ക് ഇന്ത്യ ഭരിക്കാനുള്ള ഒരു രാഷ്ട്രീയ ചെസ് കളിക്കുള്ള ഒരുക്കങ്ങളാണിത്. പക്ഷേ ബില്ല് പാസാക്കിയെടുക്കുക അത്ര എളുപ്പമല്ലല്ലോ.