
ന്യൂഡൽഹി: മണ്ഡല പുനര്‍നിര്‍ണയം നടത്തി ലോക്‌സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കത്തിന് ലോക്‌സഭയില്‍ തിരിച്ചടി. ഇതിനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയിലെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. രാജ്യസഭയിലേക്ക് ബിൽ എത്തില്ലെന്ന് ഇതോടെ ഉറപ്പായി. ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് ബില്ല് പരാജയപ്പെട്ടത്. ആകെ 489 പേരാണ് വോട്ട് ചെയ്തത്.
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭയില്‍ പാസാകാന്‍ 360 എംപിമാരുടെ പിന്തുണ ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. പതിനെട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടത്.
മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമാണ് . പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.
തങ്ങളുടെ സ്വാധീന മേഖലയില്‍ പാര്‍ലമെന്റ് സീറ്റ് വര്‍ധിപ്പിച്ച് സ്ഥിരമായി അധികാരത്തില്‍ തുടരാനുള്ള ബി ജെ പി തന്ത്രം വനിതാ സംവരണത്തിന്റെ മറവില്‍ നടപ്പാക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. വനിതാ സംവരണത്തെ എതിര്‍ത്താല്‍ രാജ്യത്തെ സ്ത്രീകള്‍ എതിരാവുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോട ഭരണഘടനാ ഭേദഗതി നടത്തിയെടുക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്.
2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മൂന്നു ബില്ലുകളാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2023-ലെ നാരീശക്തി വന്ദന്‍ അധിനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഭരണഘടനാ (131ാം ഭേദഗതി) ബില്ല്, മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായുള്ള ഡീലിമിറ്റേഷന്‍ ബില്ല്, കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് സംവരണം വ്യാപിപ്പിക്കുന്നതിനുള്ള മൂന്നാമത്തെ ബില്ല് എന്നിവയാണ് ആ മൂന്നു ബില്ലുകള്‍. ലോക്‌സഭയിലെ അംഗസംഖ്യ 850-ല്‍ കൂടുതലാകാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതിനായി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 81 ഭേദഗതി ചെയ്യാനും ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു.
ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ നിർണയിച്ച് അതിൽ വനിത സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേന്ദ്രത്തിന്‍റെ നിർദേശം ഭരണഘടന വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെ തന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി.