
“സാമാന്യനായ മനുഷ്യന് മനസ്സിലാക്കാനാവാത്ത വിധം സങ്കീർണ്ണമാണ് ജീവിതത്തിൻ്റെ അസാധാരണമായ ചില കൂട്ടിചേർക്കലുകൾ.”
ബഷീർ ഓർമ്മയുടെ അങ്ങേയറ്റം വരെ പരതി നിരാശനായി. മുന്നിൽ കാണുന്ന പ്രദേശവുമായി സാമ്യമുള്ള ഒരോർമ്മയും അയാൾക്ക് കണ്ടെത്താനായില്ല.
‘വല്ലക്കുത്ത് ‘ എന്ന, പ്രാദേശിക സഞ്ചാരികൾ മാത്രമെത്തുന്ന ചെറിയൊരു വെള്ളച്ചാട്ടത്തെ പറ്റിയുള്ള വാർത്തയാണ് അയാളെ അവിടെയെത്തിച്ചത്. അയാളുടെ ഉപബോധത്തിലെവിടെയോ അങ്ങനെയൊരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു. ഇടയ്ക്കൊക്കെ സ്വപ്നത്തിലയാളെ അലട്ടിക്കൊണ്ടിരിക്കുന്ന ചില കാഴ്ച്ചകളിൽ അത്തരമൊരു നീരൊഴുക്ക് അയാൾ കാണാറുമുണ്ട്.
അതുമാത്രമല്ല, വല്ലക്കുത്ത് സ്ഥിതി ചെയ്യുന്ന മരോട്ടിച്ചാൽ എന്ന സ്ഥലത്തെ പറ്റിയുള്ള മറ്റൊരു വാർത്തയും അയാളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ഒരു മലയോരഗ്രാമമായ മരോട്ടിച്ചാൽ “ചെസ് ഗ്രാമം” എന്നറിയപ്പെടാനിടയായ കൗതുകകരമായ കഥയായിരുന്നു അത്.
ശരിക്കും അതൊരു കഥയല്ല. നടന്ന സംഭവമാണ്.
മരോട്ടിച്ചാലിൻ്റെ പഴയ ചരിത്രം നോക്കിയാൽ ആ പ്രദേശം പണ്ട് കാടായിരുന്നെന്ന് കാണാം. പിന്നീട് ആളുകൾ കാട് വെട്ടിത്തെളിച്ച് ചെറിയ കൃഷിയിടങ്ങളുണ്ടാക്കി അവിടെ താമസമാരംഭിക്കുകയായിരുന്നു. മലബാറിൽ നിന്നും സമീപപ്രദേശത്തുനിന്നുമുള്ള കർഷകരാണ് കുടിയേറിയവരിൽ അധികവും.
1980 -90 കാലഘട്ടത്തിൽ മരോട്ടിച്ചാലിലെ യുവാക്കളിൽ ചീട്ടുകളിയും മദ്യപാനവും വർദ്ധിക്കുകയും അതുമൂലമുള്ള പ്രശ്നങ്ങൾ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും പടരുകയും ചെയ്തു.
അന്ന് അവിടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ എന്ന മാഷ് യുവാക്കളെയും കുട്ടികളെയും ചെസ്സ്കളി പഠിപ്പിക്കാൻ ആരംഭിച്ചു. തുടക്കത്തിൽ ആരും സഹകരിച്ചില്ല. പക്ഷേ മാഷ് ശ്രമം തുടർന്നു. പതുക്കെ പതുക്കെ ആ വിനോദം അവർക്കൊരു ശീലമായി മാറുകയായിരുന്നു. കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്കും ഈ കളി എത്തുകയും ചെസ്സിൽ ഹരം കണ്ടെത്തിയ ചെറുപ്പക്കാരിൽ നിന്ന് മദ്യപാനം പതുക്കെ ഇല്ലാതാവുകയും ചെയ്തു .
ഈ ആശയം സമീപത്തുള്ള മറ്റു ഗ്രാമങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. പിന്നീട് മരോട്ടിച്ചാൽ “ചെസ്സ് ഗ്രാമം” എന്ന പേരിൽ അറിയപ്പെടാനിടയായത് അങ്ങനെയാണ്.
ഈ കഥയ്ക്കും ബഷീറിനുമിടയിൽ ഒരു കണക്ഷനുണ്ടായിരുന്നു.
ഏഴാം വയസ്സിൽ അത്തിക്കാവിലെത്തിയതാണ് ബഷീർ. അത്തിക്കാവിൽ ആർക്കും ചെസ്സ് കളിയുമായി യാതോരു ബന്ധവും ഇല്ലാതിരുന്നിട്ടും ബഷീറിന് ചെസ്സ് കളിക്കാൻ അറിയാമായിരുന്നു എന്നുള്ളതായിരുന്നു ആ കണക്ഷൻ.
“നിന്നെയാരാ ഇതൊക്കെ പഠിപ്പിച്ചത്?” എന്ന മായയുടെ ചോദ്യത്തിന് “അതൊക്കെ പഠിച്ചു” എന്ന ഉഴപ്പൻ മറുപടിയാണ് അന്നൊക്കെ കൊടുത്തിരുന്നത്. അന്ന് ബഷീർ അതിനെപറ്റി കാര്യമായി ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
പോറ്റി വളർത്തിയ നാട് തള്ളിയകറ്റാൻ ശ്രമിച്ചപ്പോഴാണ് കാലങ്ങൾക്ക് ശേഷം ബഷീർ പെറ്റമ്മയെയും അവരോടൊപ്പമായിരുന്ന ആ കാലത്തെ പറ്റിയും ഓർക്കാൻ തുടങ്ങിയത്. ചിതലെടുത്ത് പോയ ഓർമ്മയുടെ അവശിഷ്ടങ്ങൾക്കിടയിലെ ചില ശേഷിപ്പുകൾ ചേർത്ത് ഉമ്മയോടൊപ്പം ഏഴ് വയസ്സുവരെ ജീവിച്ച സ്വന്തം ജൻമദേശത്തെപ്പറ്റി ഒരു ചിത്രമുണ്ടാക്കാൻ തുടങ്ങിയത്.
പശിമയാർന്ന വയറിൻ്റെ ഇളം ചൂടുള്ള ഓർമ്മയാണ് ബഷീറിന് ഉമ്മ. ഉമ്മയുടെ മുഖം എത്ര ശ്രമിച്ചിട്ടും ബഷീറിന് ഓർത്തെടുക്കാനായില്ല. അതിന് ശ്രമിക്കുമ്പോഴൊക്കെ പുറകോട്ട് മടക്കിയിട്ട തട്ടത്തിൻ്റെ പച്ചയും നീലയും വെള്ളയും നിറങ്ങൾക്കടിയിൽ ഉമ്മയുടെ മുഖത്തിന് പകരം എപ്പോഴും മറ്റേമ്മയുടെയും വല്യമ്മയുടെയും മുഖങ്ങളാണ് തെളിഞ്ഞുവരുന്നത്. പക്ഷേ മടക്കുകളുള്ള താനെപ്പോഴും പിടിച്ച് വലിക്കാറുള്ള ഉമ്മയുടെ മിനുസമുള്ള വയർ അയാൾക്ക് ഓർത്തെടുക്കാനാകാറുണ്ട്. ആ ചൂടിൽ ചേർന്ന് കിടന്നുറങ്ങുമ്പോഴുള്ള സുഖവും സാന്ത്വനവും പിന്നീടൊരിക്കലും അതേപോലെ അനുഭവിക്കാനായിട്ടില്ലാത്തതുകൊണ്ടായിരിക്കാം അതയാളുടെ ഓർമ്മകളിൽ പറ്റിപ്പിടിച്ച് കിടന്നത്.
മുന്താസെന്നും വല്ലോത്തെന്നുമുള്ള രണ്ട് പേരുകളല്ലാതെ മറ്റേമ്മയ്ക്കും മറ്റൊന്നും ബഷീറിനായി ഓർത്തുവയ്ക്കാനുണ്ടായിരുന്നില്ല. സന്തോഷമുള്ള ചില കുട്ടിക്കാല ഓർമ്മകൾ ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമയിലേതെന്ന പോലെ ബഷീറിൻ്റെ മനസ്സിലൂടെ കടന്ന് പോകാറുണ്ട്. പക്ഷേ പലപ്പോഴും വായിച്ചുമറന്ന കഥകളിലോ നോവലുകളിലോ ഉള്ള സന്ദർഭങ്ങളുമായി കൂടിക്കുഴഞ്ഞ് വരുന്നതിനാൽ അയാൾക്കത് തിരിച്ചറിയാനാകാറില്ല. പറിച്ചെടുത്തപ്പോൾ മുറിഞ്ഞവശേഷിച്ച തായ്ത്തടിയിലെ ചില വേരുകളുടെ സ്മരണകളും ബഷീറിൻ്റെ സ്മരണകളും സന്ധിച്ച ഏതോ ഒരു നിമിഷത്തിൽ അത്തികാവിലേതല്ലാത്ത ചില കുട്ടിക്കാലചിത്രങ്ങളും അതിലേക്കായൊരു വഴിയും ബഷീറിന് തിരിഞ്ഞുകിട്ടി.
ഏഴുവയസ്സുകാരൻ്റെ ഉച്ചാരണത്തിൽ വല്ലക്കുത്ത് വല്ലോത്ത് ആയി പരിണമിക്കാമല്ലോ എന്ന ആശയം സ്വന്തം അസ്ഥിത്വം കണ്ടെത്താനുള്ള ഒരുവൻ്റെ അതിശയോക്തിയോടെയുള്ള നിരീക്ഷണമായി കരുതാവുന്നതേയുള്ളൂ എന്ന് നിരൂപണാടിസ്ഥാനത്തിൽ സ്വയം ചിന്തിച്ചെങ്കിലും ‘ ചെസ്സ് ഗ്രാമം’ എന്ന മറ്റൊരു സൂചന കൂടി ചേർത്ത് വച്ചപ്പോൾ ബഷീറിന് അങ്ങനെയൊരു സാധ്യത തള്ളിക്കളയാനായില്ല.
ബഷീറിന് എട്ടോ ഒമ്പതോ വയസ്സുള്ള സമയത്ത് വല്യമ്മയാണ് ചെസ്സ് ബോർഡും കരുക്കളടങ്ങിയ ചെറിയൊരു കവറും തറവാട്ടിലേക്ക് കൊണ്ടുവരുന്നത്. ടൗണിലേക്ക് എന്തോ ആവശ്യത്തിന് പോയപ്പോൾ ഏതോ സുഹൃത്ത് സമ്മാനിച്ചതാണെന്ന് പറഞ്ഞ് സോവിയറ്റ് യൂണിയൻ്റെ കുറച്ച് കോപ്പികളോടൊപ്പം അതും മേശപ്പുറത്ത് വച്ചു. സോവിയറ്റ് യൂണിയൻ മുൻപും കൊണ്ടുവരാറുള്ളതാണ്. എപ്പോഴും അതിൻ്റെ ആദ്യ അവകാശി മായയാണ്. മിനുസ്സമുള്ള കളർപേജുകൾ പുസ്‌തകം പൊതിയാനായി കീറിയെടുത്ത് ബാക്കിയുള്ളത് ബഷിറിന് കിട്ടും.
ഇത്തവണയും മായ അതാവർത്തിച്ചു. ചെസ്സ് ബോർഡും കരുക്കളും അവളെ ഒട്ടും ആകർഷിച്ചില്ല. ബഷീർ ബോർഡിൽ കരുക്കൾ നിരത്തിയതും ഓരോ കരുക്കളേയും പരിചയപ്പെടുത്തിയതും വല്യമ്മ അതിശയത്തോടെ ന്നോക്കിയിരിക്കുകയും പിന്നീട് പലപ്പോഴും അതേപറ്റി പറയുകയും ചെയ്യാറുണ്ട്.
യുക്തിയില്ലാത്തതെങ്കിലും ഇത്തരം കാര്യങ്ങളെ പറ്റിയുള്ള നിരന്തരമായ ചിന്തകളും തെളിച്ചമില്ലാത്ത ചില പഴയ ഓർമ്മകളും സ്വന്തം ദേശം കണ്ടുപിടിക്കാനുള്ള അമിതമായ ഉൾപ്രേരണയുമാണ് ഇപ്പോൾ ബഷീറിനെ വല്ലക്കുത്ത് എന്ന വെള്ളച്ചാട്ടത്തിനടുത്ത് എത്തിച്ചിരിക്കുന്നത്.
ബഷീർ സ്‌കൂട്ടർ ഒരിടത്ത് ഒതുക്കി വച്ചു . ഗൂഗിൾ മാപ്പ്പ്രകാരം ഇതാണ് ഡെസ്റ്റിനേഷൻ. വല്ലക്കുത്തിലേക്കുള്ള യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു. അടുത്തൊന്നും വെള്ളച്ചാട്ടത്തിൻ്റെതായ ഒരു ലക്ഷണവും കാണുന്നില്ല. എന്തായാലും മനുഷ്യവാസമുള്ള ഒരു സ്ഥലമാണ്. മുകൾത്തട്ടിൽ അവിടവിടെയായി ചില വീടുകളുണ്ട്. സ്‌കൂട്ടറിൽ കയറിയിരുന്ന് ബഷീർ ചുറ്റുപാടും കണ്ണോടിച്ചു.
ഒരു കൈക്കോട്ടും തോളിൽ വച്ച് ഒരു തലേക്കെട്ടുകാരൻ ആ വഴി വരുന്നുണ്ടായിരുന്നു. അയാൾ ബഷീറിനെ നോക്കി സൗഹാർദ്ദഭാവത്തിൽ ചിരിച്ചു. പിന്നെ ബഷീറിൻ്റെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയെന്ന മട്ടിൽ ചോദ്യങ്ങളൊന്നും ഇല്ലാതെ തന്നെ വിശദീകരിച്ചു.
“ കുത്ത് കാണാൻ വന്നതാവുംല്ലേ? ഇപ്പൊന്നും കാണാൻല്യ. വേനക്കാലത്ത് ഒക്കൊണങ്ങും. കുണ്ടിലിത്തിരി വെള്ളണ്ടാവും. അത്രന്നെ. എന്നാ വർഷങ്ങട് കഴിയുമ്പോ കാണണം. ന്താ ഭംഗി. അപ്പഴാ കാഴ്ച്ചക്കാരൊക്കെ വരല്. എവടാ നാട് ? ഇവ്ടടുത്താന്ന് തോന്നണു….? സ്‌കൂട്ട്ര് കണ്ടോണ്ട് ഊഹിച്ചതാട്ടാ.”
അയാൾ തലേക്കെട്ടഴിച്ച് വീശി ചൂടാറ്റികൊണ്ട് വീണ്ടും പറഞ്ഞു.
“ വെയില് ചാഞ്ഞട്ടും എന്താ ചൂട്. ഒരെല അനങ്ങ്ണ്ടോന്നോക്ക്യേ? മോളീക്ക് കേറ്ണ്ടാ….? ഇല്ലെങ്കി വന്നാ ഒര് ചായുടിക്ക്യാം . ത്തിര്യങ്ങ്ട് നിങ്ങീട്ടെ ഒരു ചായപ്പീട്യണ്ട്. “
“ ഇല്ല. എന്തായാലും വന്നതല്ലേ. ഞാൻ മുകളിലൊന്ന് പോയിവരാം. പിന്നെ ചായപ്പീടിക എവിടാന്നാ പറഞ്ഞെ? കുത്ത് കണ്ടെറങ്ങീട്ട് ഒരു ചായ ആവാലോ. “
ബഷീർ അയാളുടെ ആഥിത്യമര്യാദയോടെയുള്ള വിശദീകരണത്തിനുള്ള നന്ദിയെന്നോണം സ്‌കൂട്ടറിൽ നിന്നെഴുന്നറ്റ് അയാൾക്ക് കൈകൊടുത്തു. കുറച്ച് പടിഞ്ഞാറാണ് നാടെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് യാത്രപറഞ്ഞു. പിന്നെ പതുക്കെ മുന്നോട്ട് നടന്ന് മുകളിലേക്കുള്ള ചവിട്ടുകൾ കയറാനാരംഭിച്ചു.
വേനലിൻ്റെ മങ്ങിയ തവിട്ടുനിറമാണ് മുന്നോട്ടുള്ള വഴിയിലെങ്ങും . മണ്ണിനും കരിഞ്ഞുണങ്ങിയ പുല്ലിനും ഒരേ നിറം. നടവഴിയിലുടെ മുന്നോട്ട് നടക്കുമ്പോൾ കാലം തെറ്റി കാഴ്ച്ചകാണാനിറങ്ങിയവർ എന്ന സാമ്യതയിലാവാം എതിരേ വന്ന ചില സഞ്ചാരികൾ പരിചയം ഭാവിച്ച് ചിരിച്ചു. എതിർ ചിരിയോടെ മുന്നോട്ട് നടക്കുമ്പോൾ മുന്നിൽ കണ്ട കാഴ്ച്ചകളിലെല്ലാം ബഷീർ പഴയ ഓർമ്മകൾ തേടിക്കൊണ്ടിരുന്നു. പിണഞ്ഞ് കിടക്കുന്ന കാട്ടുവള്ളികളും വേനൽ ചൂടിൽ നിറംമങ്ങിയ ഇലകളുമായി നിൽക്കുന്ന മരങ്ങളും ഒരു പരിചയ ഭാവം പോലുമില്ലാതെ നിസംഗരായി എതിരേറ്റു. പാറക്കൂട്ടങ്ങൾ ബഷീറിൻ്റെ മനസ്സുപോലെ വരണ്ടുണണ്ടി വിടർന്നു കിടന്നു. അവിടവിടെ ചെറിയ നനവുപോലെ കാണപ്പെടുന്ന നീർപ്പാത. വഴിയിൽ കണ്ട നാട്ടുകാരൻ പറഞ്ഞതുപോലെ താഴെയുള്ള കുഴിയിൽ മാത്രം കുറച്ച് വെള്ളം നീരൊഴുക്കെവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമായി കലങ്ങി കിടന്നിരുന്നു.
മൂന്ന് പെൺകുട്ടികൾ മുട്ടറ്റമുള്ള വെള്ളത്തിൽ നീന്തിത്തുടിക്കാൻ ശ്രമിക്കുന്നു. അവരെ നോക്കിയെന്നോണം പാറപ്പുറത്തിരിക്കുന്ന ഒരു സ്ത്രീയും പുരുഷനും. അവർ രണ്ടുപേരും അവരുടേതായ ഏതോ സങ്കൽപലോകത്തിൽ സ്വയം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നേ തോന്നൂ. വെള്ളത്തിൽ കളിക്കുന്നത് അവരുടെ മക്കളാകാം. മക്കളെയെന്നല്ല ചുറ്റുപാടുമുള്ള ഒരു കാഴ്ചകളും തുറന്നിരിക്കുന്ന അവരുടെ കണ്ണുകൾ കാണുന്നേയില്ലെന്ന് തോന്നുന്നു. ബഷീർ തൂങ്ങിക്കിടന്ന ഒരു വള്ളിയിൽ പിടിച്ച് അവർക്കു പുറകിലെത്തിയതോ അവരെ മറികടന്ന് പാറക്കൂട്ടങ്ങൾക്കരികുപിടിച്ച് മുകളിലേക്ക് കയറിയതോ ഒന്നും അവരറിയുന്നേയുണ്ടായിരുന്നില്ല.
ഏറെ നേരം അവരെപ്പോലെ ഗതകാലത്തിൽ സ്വയം നഷ്ടപ്പെട്ട് ബഷീർ ആ പാറപ്പുറത്തിരുന്നു. അതുകൊണ്ടു തന്നെ ആ മാതാപിതാക്കൾ കുട്ടികളെ ശാസിച്ച് വെള്ളത്തിൽ നിന്ന് പുറത്തെത്തിച്ചതും തിരിച്ചുപോയതും വെയിൽ സായാഹ്നത്തിലേക്കൂർന്നില്ലാതായതും അയാളറിഞ്ഞതേയില്ല.
ചിറകടിച്ച് പാഞ്ഞ ഒരു വവ്വാലിൻ്റെ സാന്നിധ്യമാണ് ബഷീറിനെ സ്വബോധത്തിലേക്കെത്തിച്ചത്. തന്നെ പിടിച്ച് നിർത്തുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്. വല്ലക്കുത്തിലെ ഈ ഉയരൻപാറകൾക്ക് തന്നോടെന്ത് കഥയാണ് പറയാനുള്ളത്?
ആത്മനൊമ്പരങ്ങൾ ഉള്ളിലേക്കൊഴുക്കി കഠിനതയുടെ മൂടുപടമണിഞ്ഞ ഈ ശിലകൾ തനിക്കനുരൂപരാണെന്ന് അയാൾക്ക് തോന്നി. അത്തിക്കാവിന് മുകളിലെ പരത്തിപ്പാറയിലെ സന്ധ്യകൾ അയാളുടെ ഓർമ്മയിലെത്തി. അവിടുത്തെ കാറ്റും പാലപ്പൂമണവും പ്രിയതരമായ ഓർമ്മകളുമില്ലെങ്കിലും അവിടെയിരിക്കുമ്പോൾ വന്നുമൂടുന്ന അതേ സ്വാസ്ഥ്യം തനിക്കിവിടേയും അനുഭവിക്കാനാവുന്നുണ്ടെന്ന് അയാളറിഞ്ഞു.
സന്ധ്യാസമയത്തെ വിജനമായ നിശബ്‌ദതയിൽ വേർത്തിരിച്ചെടുക്കാനാകാത്ത അനേകം ശബ്ദങ്ങളുടെ അകമ്പടിയോടെ അയാൾ തിരികെ നടന്നു. ആ ശബ്ദങ്ങൾക്കിടയിലെ ഓരോ ഇലയനക്കത്തിലും തന്നെ തേടുന്നൊരു ആത്മനിശ്വാസത്തിനായി അയാൾ വെമ്പലോടെ കാതോർത്തു. സംവേദിക്കാൻ ശ്രമിക്കുന്ന എന്തോ ഒന്നിലേക്ക് എത്തപ്പെടാനനുവദിക്കാത്ത മനുഷ്യാവസ്ഥയുടെ പരിമിതിയിൽ അയാളുടെ ഇന്ദ്രിയങ്ങൾ വീർപ്പുമുട്ടി. എന്തിനെന്നറിയാതെ അയാളുടെ കണ്ണുകൾ നിറയുകയും തൊണ്ട കനക്കുകയും ചെയ്തു.
തുടരും ...
Read More: https://www.emalayalee.com/writer/284