
ഡിജോ ജോസ് ആന്റണി-ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ തിയേറ്ററുകളിൽ തരംഗമാകുന്നു. പ്രഖ്യാപന സമയം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജിന്റെ സാന്നിധ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും തിയേറ്ററുകളിലെയും പ്രധാന ചർച്ചാവിഷയം. ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന പൃഥ്വിരാജ്, ‘പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ’ എന്ന കരുത്തുറ്റ പ്രതിനായക വേഷത്തിലാണ് സ്ക്രീനിൽ നിറഞ്ഞാടുന്നത്. പൃഥ്വിയുടെ മാസ് എൻട്രി പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ട്രീറ്റായി മാറിയപ്പോൾ, ടൊവിനോയും പൃഥ്വിരാജും തമ്മിലുള്ള സ്ക്രീൻ പ്രസൻസ് പള്ളിച്ചട്ടമ്പിയെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
1950-60 കാലഘട്ടത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘പത്തൊമ്പതാം നൂറ്റാണ്ട്’, ‘ഒരു ജാതി ജാതകം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ കയാദു ലോഹർ ടൊവിനോയുടെ നായികയായി എത്തുമ്പോൾ, താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായി ഇത് മാറുന്നു. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ഹിറ്റുകൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്സ് ബിജോയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ ആവേശം ഇരട്ടിയാക്കുന്നു.