
“ഹലോ. ഗിരീഷ് കുമാർ, കാവുള്ളത്തിൽ”
വർഷങ്ങൾക്ക് ശേഷം കണ്ട എന്റെ സുഹൃത്തിനെ ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവൻ ആര്യഭവന്റെ ഫാമിലി റൂമിലെ ഒരു മൂലയിൽ ആരേയും ശ്രദ്ധിക്കാതെ ഒറ്റക്കിരുന്നു സാവകാശം ചായ കുടിക്കുകയായിരുന്നു.
ശബ്ദംകേട്ട് അവൻ തലഉയർത്തി നോക്കി. ഒരു നിമിഷം അവന്റെ മുഖത്ത് സംശയം നിഴലിച്ചു. പിന്നെ അത്ഭുതത്തോടെ വിളിച്ചു.
“എടാ അളിയാ”
പഴേ വിളി. ഇരുപത്തിയേഴ് വർഷം മുൻപുള്ള അതേ വിളി. ഞങ്ങളുടെ ഡിഗ്രി കാലഘട്ടത്തിൽ ഞങ്ങൾ പരസ്പരം സംബോധന ചെയ്തിരുന്ന അതേ പദം.
“നീ ഇവിടെ?”
“കൊല്ലം നിനക്കു തീറെഴുതി തന്നിട്ടൊന്നുമില്ലല്ലോ.” കിട്ടിയ അവസരത്തിൽ ഞാന വനെ ഒന്നു കുത്തി.
“അതില്ല. എങ്കിലും പിടികിട്ടാപ്പുള്ളികളെ അപ്രതീക്ഷിതമായി കാണുമ്പോഴുള്ള ഒരു അമ്പരപ്പൂണ്ടല്ലോ. അതുകൊണ്ടു ചോദിച്ചതാ.”
ഞാൻ അവന്റെ ടേബിളിന് എതിരായിരുന്നു. അപ്പോൾ എന്റെ വാരിയെല്ലിന് ഒരു കുത്തു കിട്ടി. അപ്പോഴാണ് ഓർത്തത് ഞാൻ മാത്രമല്ല. പെട്ടെന്ന് ഞാനവനോടു പറഞ്ഞു.
“അളിയാ ഇത് എന്റെ ഭൈമി ശുഭാ സൂസൻ ജേക്കബ്. ഇപ്പോൾ ശുഭാ സൂസൻ വൈശാഖ്.”
“പിന്നെ അളിയാ കാവുള്ളത്തിൽ അല്ല കാവുള്ളതിൽ.”അവൻ എന്നെ തിരുത്തി.
“അഞ്ചു പൈസയുടെ എത്ര കാർഡാണ് നീ എനിക്ക് ആ അഡ്രസ്സിലേക്ക് അയച്ചിട്ടുള്ളത്. പെട്ടെന്ന് അഡ്രസ് മറന്നോ”. അവൻ ചോദിച്ചു.
“ഇരുപത്തെട്ടു വർഷമായില്ലേ സഹോദരാ. തെറ്റ് സ്വാഭാവികം. ക്ഷമീ. ഹ്ങാ, അത് വിട്. നിന്നെ ഈ രൂപത്തിലും ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞല്ലോ.”
പരിപൂർണ്ണമായി കഷണ്ടി കയറിയ അവൻറെ മൊട്ടത്തല നോക്കി ഞാൻ പറഞ്ഞു. കോഴിമുട്ടയുടെ സൈഡിൽ പേന കൊണ്ട് വരച്ച പോലുള്ള ഏതാനും ചില മുടികൾ മാത്രമാണ് അവൻറെ തലയിൽ ഇനിയും അവശേഷിച്ചിട്ടുള്ളത്.
വർഷങ്ങൾക്ക് മുമ്പ് ഡിഗ്രി കാലഘട്ടത്തിൽ അവന് സമൃദ്ധമായി മുടിയുണ്ടായിരുന്നു. ഞങ്ങൾ അമ്പിള്ളേർക്ക് അസൂയ ഉണ്ടാക്കത്തക്ക നിലയിൽ മുടിയുള്ളവൻ. അത് കുരുവിക്കൂട് പോലെ മുന്നിൽ ഒരു ദ്വാരമിട്ട് ചീകി ഒതുക്കി അവൻ നടന്നിരുന്നു. കുരുവിക്കൂടായിരുന്നു അന്നത്തെ ഫാഷൻ.
“സ്ഥിരമായി തൊപ്പി വെക്കുന്നതുകൊണ്ടാകാം. പിന്നെ ജോലിയുടെ ടെൻഷൻ. തലയിൽ എപ്പോഴും ചൂട് തന്നെ. പിന്നെ അല്പം പാരമ്പര്യവും ഉണ്ടല്ലോ”. അവൻ പറഞ്ഞു.
ശരിയാണ്. അവന്റെ അച്ഛൻ കൊച്ചുനാരായണൻ സാറിന്റെ തലയിൽ ഞാൻ കാണുമ്പോൾ മുടി അധികം ഇല്ല. അതുകൊണ്ട് ഭാഷാ അദ്ധ്യാപകനായ അദ്ദേഹത്തെ, അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങൾ ‘ബൾബ്’ എന്ന് സംബോധന ചെയ്തുപോന്നു.
“എന്താടാ ഇത്ര വൈകിയത്.” ശുഭയുടെ സീമന്ത രേഖയിലെ ചുവപ്പ് നോക്കി അവൻ എന്നോടു ചോദിച്ചു.
“ഒട്ടും വൈകിയില്ല. ശരിയായ സമയത്ത് തന്നെ. ഒരുപാട് പെണ്ണുങ്ങളുടെ കൂടെ കിടന്നു മടുത്തപ്പോൾ. ഒന്നിനെ സ്ഥിരമായി വേണമെന്ന് തോന്നി. ഇവളെ ഞാൻ പൊക്കി. പിന്നെ നീ ഉദ്ദേശിക്കുന്നത് പ്രായമാണെങ്കിൽ അതൊരു പ്രശ്നമല്ല. കാര്യക്ഷമതയാണ് പ്രധാനം”.
സമീപത്തു നിന്നും ‘ശ്ശൊ’ എന്നൊരു ശബ്ദം. ഒപ്പം ചന്തിക്ക് ഒരു നുളളും. അത് ഒരു മുന്നറിയപ്പാണ്. ഡീസന്റ് ആവാനുള്ള മുന്നറിയിപ്പ്.
“എന്തു ചെയ്യാം അളിയാ ചിലപ്പോൾ ഞാൻ ആ പഴയ സുവോളജിക്കാരൻ ആവാറുണ്ട്.”
ഗിരീഷ് ഒന്ന് ചിരിച്ചു.
“ശുഭാ സൂസനും, വൈശാഖും. ഒരു കോമ്പിനേഷന്റെ കുറവുണ്ടോ?” അവൻ എന്നോട് ചോദിച്ചു.
തികച്ചും യാഥാസ്ഥിതികനും പാരമ്പര്യ വാദിയുമായിരുന്ന വൈശാഖ് എന്ന ഡിഗ്രിക്കാരനെ അവൻ പെട്ടെന്ന് ഓർമ്മിച്ച് ചോദിച്ചു.
“ഇല്ല. ഒട്ടും ഇല്ല.” ഞാൻ പറഞ്ഞു.
“മാറ്റമില്ലാത്തതായി ഉള്ളത് മാറ്റം മാത്രമാണ് എന്ന് ഡാർവിൻ പറഞ്ഞിട്ടില്ലേ. അത് എനിക്കും സംഭവിച്ചു എന്നു കരുതിയാൽ മതി. അല്ലെങ്കിലും കുടയുടെ കാര്യത്തിലും പെണ്ണിന്റെ കാര്യത്തിലും നോക്കേണ്ടതായി ഒന്നേയുള്ളൂ. ശീലഗുണം. ഞാൻ അമ്പലത്തിലും അവൾ പള്ളിയിലും പോകാറില്ല. പിന്നെ കുട്ടികൾ. അതു വേണ്ടെന്ന് നേരത്തെ തീരുമാനിച്ചു.” ഞാൻ പറഞ്ഞു.
“നല്ല തീരുമാനം”. അവൻ പറഞ്ഞു.
‘കാരണം എന്റെ പ്രാഗത്ഭ്യം എന്റെ മക്കൾക്ക് ഉണ്ടാകണമെന്നില്ല’. പറഞ്ഞത് ഞാനല്ല. സാക്ഷാൽ ഹിറ്റ്ലർ ആണ്.
എന്തുകൊണ്ട് സന്തതികൾ വേണ്ട എന്ന് തീരുമാനിച്ചു എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ ഹിറ്റ്ലർ പറഞ്ഞ മറുപടിയാണ് ഞാൻ എനിക്ക് വേണ്ടി അവനോട് പറഞ്ഞത്.
പിന്നെ സൂസൻ പ്രഗ്നന്റ് ആവുമ്പോൾ പഴയപോലെ എനിക്ക് ബാംഗ്ലൂർ പോകേണ്ടിവരും. കൂട്ടുകിടപ്പുകാരികളെ അന്വേഷിച്ച്. പഴയ പോലെയല്ലളിയാ ഇപ്പോൾ. ഒന്നിനും ഒരു ഒളിവും മറയുമൊന്നുമില്ല. നല്ല ചൊങ്കൻ പെൺപിള്ളാർ രണ്ടും കല്പിച്ചു രംഗത്ത് ഇറങ്ങിയിരിക്കുകയാ. ജീവിക്കുന്നെങ്കിൽ സുഖിച്ചു ജീവിക്കുക. അല്ലെങ്കിൽ സുഖിക്കാൻ വേണ്ടി ജീവിക്കുക. അതാണവരുടെ നയം. പിന്നെ നല്ല റേറ്റും ചോദിക്കും. നല്ല ബ്ലാങ്കറ്റിന് ഇപ്പോൾ എന്താ റേറ്റ്. ഒരു കോളേജ് അധ്യാപകന് താങ്ങാൻ കഴിയില്ല. കൂട്ടുകിടപ്പ് ഇപ്പോൾ ഒരു ബിസിനെസ്സ് ആണ്. താൽക്കാലിക വൈഫ് എന്ന ഓമനപ്പേരിൽ നമുക്ക് ഒരിത്തിയെ കൂടെക്കൂട്ടാം. ടൂർ പോകാം. മെട്രോ സിറ്റിയുടെ ഒരു മെച്ചമേ. ജീവിക്കുക. സുഖിക്കുക. അത്ര തന്നെ.”
“അതല്ലാതെയും ചില സാധ്യതകളുണ്ട്.” എൻറെ മസിൽ മുഴുപ്പുള്ള ശരീരം നോക്കിക്കൊണ്ട് അവൻ പറഞ്ഞു.
ബിരുദ കാലഘട്ടത്തിൽ വെയിറ്റ് ലിഫ്റ്റിങ് ടീം ക്യാപ്റ്റനായ എൻറെ ശരീരമാണ് അവൻ ലക്ഷ്യം വെച്ചത്.
“സുഖം കിട്ടും. നല്ല പൈസയും കിട്ടും.”അവൻ പറഞ്ഞു.
“ഗിഗൊലോ” ഞാൻ ചോദിച്ചു.
സൂസൻ എന്നെ ഒന്ന് നോക്കി.
“ആൺ വേശ്യ” ഞാൻ പറഞ്ഞു.
അവൾക്ക് കാര്യം വ്യക്തമായി. അതിന്റെ വക ഒരു കുത്തുകൂടി എന്റെ വാരിയെല്ലിന് കിട്ടി. കൂടെ കിടന്നുള്ള ശീലം കൊണ്ടാവാം കോസ്റ്റൽ പേശികളുടെ സ്ഥാനം അവൾക്ക് ഇപ്പോൾ നന്നായി അറിയാം.
ഞാൻ വിഷയം മാറ്റി.
“എന്റെ വിവാഹം കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ നിന്നെ അറിയിക്കാതിരുന്നത്. സൂസൻ എൻറെ ശിഷ്യ കൂടിയാണ്. എന്റെ പി. ജി. സ്റ്റുഡന്റ്. ഞങ്ങൾ തമ്മിൽ കേവലം പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസം മാത്രം”. ഞാൻ പറഞ്ഞു.
“വീരഭോഗ്യാ വസുന്ധര എന്നാണല്ലോ പണ്ട് വിവരമുള്ളവർ പറഞ്ഞിട്ടുള്ളത്”. അടുത്ത കുത്ത് കിട്ടുന്നതിന് മുമ്പ് ഞാൻ വിഷയം അവസാനിപ്പിച്ചു.
“പിന്നെ സൂസന്റെ കാര്യം പറഞ്ഞാൽ, അവളിപ്പോഴും ബ്രാഹ്മണ്യ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നു. അതും എനിക്ക് ഒരു സപ്പോർട്ടാണ്.” ഞാൻ പറഞ്ഞു.
“മനസ്സിലായില്ല”അവന് വ്യക്തമായില്ല.
“തൊലി വെളുത്ത എല്ലാ നസ്രാണികളും പറയുന്ന ഒരു പതിവു പല്ലവി ഉണ്ടല്ലോ. എൻറെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പൻ ബ്രാഹ്മണൻ ആയിരുന്നു എന്ന കാര്യം. പണ്ട് മാർഗ്ഗം കൂടിയ സപ്തബ്രാഹ്മണ്യ പാരമ്പര്യത്തിൽ പെടുന്നതാണ് ഞാനും എന്ന പൊങ്ങച്ചം പറച്ചിൽ. ഇവളും അതുതന്നെ എന്നോടു പറഞ്ഞു. കോട്ടയത്ത് ഇറങ്ങി ഏത് ക്രിസ്ത്യാനിയോട് ചോദിച്ചാലും കണ്ടത്തിൽ കുടുംബക്കാരനാണെന്ന് പറയുന്ന പോലെ ഒരു പറച്ചിൽ. അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു. മതം മാറിയ ബ്രാഹ്മണൻ എന്ന് പറയുന്നതിലും പ്രായോഗികമല്ലേ തൊലിവെളുത്ത നസ്രാണിപ്പെണ്ണിൽ ഒരു ഉന്നത കുലജാതൻ അല്ലെങ്കിൽ അന്നത്തെ സമ്പന്നൻ അവിഹിത വിത്തുവിത നടത്തിയ പാരമ്പര്യം. സ്ത്രീ വയലാണല്ലോ. അതല്ലേ കുറച്ചൂ കൂടി പ്രായോഗികമാകാൻ സാധ്യത. നമ്മുടെ ഭൈമി ആ ചോദ്യത്തിൽ ഒതുങ്ങി. ഇപ്പോൾ സൂസന് പാരമ്പര്യ വാദമില്ല.”
വാരിയെല്ലിന് ഒരു കുത്തുകൂടി ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. ഞാൻ തുടർന്നു.
“പിന്നെ ഞങ്ങൾ ഒരു ധാരണയിലെത്തി. മുപ്പത്തിയാറെ ദശാംശം ഒൻപത് ഡിഗ്രി സെൽഷ്യസ് ഊഷ്മസ്ഥിതിയിലുള്ള ഒരു ശരീരം, അതേ ഊഷ്മസ്ഥിതിയിലുള്ള മറ്റൊരു ശരീരത്തിന് കേവലം ഒരു വികാര വസ്തു മാത്രം. അവിടെ മതമില്ല, പാരമ്പര്യമില്ല, പണമില്ല. ആ സിദ്ധാന്തം സമ്മതമാണോ എന്ന് ഞാൻ അവളോട് ചോദിച്ചു. അവൾ സമ്മതിച്ചു. ഇനിയും പാരമ്പര്യം പറയത്തില്ല. എങ്കിൽ കൂടെ കൂടിക്കോളാൻ ഞാൻ പറഞ്ഞു.
പിന്നെ രണ്ടാഴ്ചയ്ക്ക് ശേഷം ഒരു വ്യാഴാഴ്ച അഭിജിത്ത് മുഹൂർത്തത്തിൽ രജിസ്റ്റർ ഓഫീസിൽ വെച്ചു വിവാഹം. ഒരു താലി. രണ്ടു മോതിരം. പിന്നെ രണ്ട് മൂല്ലമാല. കഴിഞ്ഞു ചടങ്ങ്. അതുകൊണ്ടാണ് നിന്നെ വിവരം അറിയിക്കാതിരുന്നത്.” ഞാൻ പറഞ്ഞു
“കുട്ടികൾക്ക് വേണ്ടെങ്കിൽ വയസ്സാംകാലത്ത് ആരു നോക്കുമെടാ” ഗിരീഷ് ചോദിച്ചു.
അവനങ്ങനെയാണ്. ഭാവി കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യും. പക്ഷേ എനിക്കു ചിരിയാണ് വന്നത്.
ഒരു മനുഷ്യന്റെ ആയുർദൈർഘ്യം എത്ര എന്ന് ചോദിച്ചാൽ നമുക്കുറപ്പിച്ചു പറയാവുന്നത് ദശാംശം എട്ടു സെക്കൻഡാണ്. അതായത് ഏതാണ്ടു മുക്കാൽ സെക്കൻഡ്. അല്ലെങ്കിൽ ഹൃദയം ഒന്ന് അമങ്ങിയുണരുന്ന സമയം. അത്ര മാത്രം. അത് ഒരു സെക്കൻഡ് തികച്ചില്ലതാനും.
എന്നിട്ടും നമ്മൾ മുപ്പത് അല്ലെങ്കിൽ നാല്പതു വർഷം കഴിഞ്ഞുള്ള കാര്യം പ്ലാൻ ചെയ്യുന്നു.
ചുമ്മാതല്ല പണ്ട് യുധിഷ്ഠിരൻ യക്ഷനായി വന്ന യമനോട് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യനാണ് എന്ന് പറഞ്ഞത്. രൂപം കൊണ്ടല്ല പിന്നയോ അവന്റെ ഭാവം കൊണ്ട്.
വനവാസകാലത്ത് വെള്ളം അന്വേഷിച്ച് പോയ തന്റെ നാല് അനുജന്മാരേയും കൊന്നിട്ടു നിൽക്കുന്ന യക്ഷന്റെ മുന്നിൽ അവസാനം യുധിഷ്ഠിരൻ എത്തപ്പെട്ടു. അപ്പോൾ യക്ഷൻ, യുധിഷ്ഠിരനോട് പറഞ്ഞു ‘എൻറെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തന്നാൽ ഇവരിൽ ഒരാളുടെ ജീവൻ മടക്കി നൽകാം’. യുധിഷ്ഠിരൻ സമ്മതിച്ചു. യക്ഷൻ പല ചോദ്യങ്ങൾ ചോദിച്ചു. യുധിഷ്ഠിരൻ എല്ലാത്തിനും ഉത്തരം പറഞ്ഞു. അതെല്ലാം യക്ഷന് ബോധ്യപ്പെടുകയും ചെയ്തു. അവസാനം ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം ഏത് എന്നായി ചോദ്യം. യുധിഷ്ഠിരൻ ഒട്ടും താമസിച്ചില്ല. മനുഷ്യൻ എന്ന് ഉത്തരം പറഞ്ഞു. പിന്നെ വിശദീകരിച്ചു. അടുത്ത നിമിഷം ജീവിച്ചിരിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്നിട്ടും മനുഷ്യൻ ഭാവിയെ കരുതി ചെയ്യുന്ന കാര്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം. യമൻ തൃപ്തനായി.
അപ്പോഴാണ് ഇവിടെ ഗിരീഷ് ചോദിക്കുന്നത് വയസ്സാകുമ്പോൾ എന്ത് ചെയ്യും എന്ന്.
“ഡാ. അത് വയസ്സാകുമ്പോഴല്ലെ. അത് അപ്പോൾ ആലോചിക്കാം. ഗുരുവായൂരിൽ തൊഴാൻ പോകുമ്പോൾ വീട്ടിൽ നിന്നേ തൊഴുതു പിടിച്ചു പോകേണ്ട കാര്യമില്ലല്ലോ. ക്ഷേത്രത്തിൽ ചെന്നിട്ടു തൊഴുതാൽ പോരേ.”
അവന് ആ ഉത്തരം ബോധിച്ചില്ല എന്ന് തോന്നി. അവനങ്ങനെയാണ്. എന്നും ഭാ വിയെപ്പറ്റി ചിന്തിക്കും. പ്ലാൻ ചെയ്യും. അതെല്ലാം വിജയിച്ചോ എന്ന് ചോദിച്ചാൽ അതിനുള്ള
ഉത്തരം അവന്റെ ശരീരം തന്നെയാണ്. പെട്ടി ത്രാസ്സിൽ നിർത്തി തൂക്കി നോക്കിയാൽ കഷ്ടിച്ച് നാല്പത്തെട്ട് കിലോമാത്രം വരുന്ന അവന്റെ ശരീരം.
അവൻ ചായ കുടിക്കുമ്പോൾ ഞാൻ പറഞ്ഞു
“ഒരു മസാല ദോശ പറയട്ടെ. കഴിക്കുമ്പോൾ നമുക്ക് കൂടുതൽ കാര്യങ്ങൾ സംസാരിക്കാം. പൈസ ഞാൻ കൊടുത്തോളാം.”
അവസാനം പറഞ്ഞത് അല്പം കടന്നു പോയി. അവൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. ആ ചിരിയിൽ ഞാൻ വെന്തു പോയി. ഞങ്ങൾ രണ്ടും ആ സമയം ചിന്തിച്ചത് ഒരേ കാര്യമാണ്. ഞങ്ങളുടെ ഡിഗ്രി കാലം.
അന്ന് ഡേ സ്കോളർ ആയിരുന്ന എനിക്ക് മിക്ക ദിവസവും ചായയും ഉഴുന്നു വടയും വാങ്ങി തന്നിരുന്നത് അവനായിരുന്നു. ഒരിക്കൽ പോലും എന്നോട് ഒരു ചായ വാങ്ങി താടാ എന്ന് പറഞ്ഞ് അവൻ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. മഹാമനസ്കത കാണിക്കുന്നതായും അവൻ ഭാവിച്ചില്ല.
അവൻറെ ശരീരം നന്നാക്കാൻ അവൻറെ അമ്മ കൊടുത്തുവിട്ട ലേഹ്യം മുഴുവൻ തിന്നു തീർത്തത് ഞാനായിരുന്നു. തിരുനെൽവേലി ഹലുവ പോലെ കുഴമ്പ് രൂപത്തിൽ നല്ല മധുരമുള്ള ലേഹ്യം. അന്ന് ഗിരീഷ് ഹോസ്റ്റലിൽ നിന്നു പഠിക്കുകയായിരുന്നു. ആ ലേഹ്യം തീരുന്നതു വരെ രാത്രി എട്ടു മണിക്ക് കംപെയിൻ സ്റ്റഡി എന്ന് പറഞ്ഞു ഞാൻ അവന്റെ മുറിയിൽ ചെല്ലുമായിരുന്നു. ലേഹ്യം തീർന്നു കഴിഞ്ഞപ്പോൾ ഞങ്ങളുടെ കംപെയിൻ സ്റ്റഡി യും നിന്നു.
എന്നും ഞാൻ അവനെ ഊറ്റിയിട്ടേയുള്ളൂ.
അതൊക്കെ അവൻ അപ്പോൾ ഒന്ന് ഉറക്കെ സ്മരിച്ചിരുന്നു എങ്കിൽ അവിടെ തീരുമായിരുന്നു ഞാനെന്ന ചീട്ടു കൊട്ടാരം.
പക്ഷേ അവനത് ചെയ്തില്ല. എന്റെ വിവരക്കേട് ക്ഷമിച്ച് അവൻ എന്റെ മാനം കാത്തു.
“നിൻറെ ഓഫർ ഞാൻ സ്വീകരിക്കുന്നു. ഒന്നല്ല. മൂന്നു മസാല ദോശ. ഞാനും മക്കളും കൂടി വരാം. ഇപ്പോഴല്ല പിന്നെ”.
ഗിരീഷ് പറഞ്ഞു.
“നീ ഇപ്പോൾ”ഞാൻ അർദ്ധോക്തിയിൽ നിർത്തി.
“ഡി. വൈ. എസ്. പി. നീ വിചാരിക്കും പോലെയല്ല. കൈക്കൂലി വാങ്ങാത്ത അപൂർവ്വം ജനുസിൽ പെട്ട ഒരാളാണ് ഞാൻ.” അവൻ പറഞ്ഞു.
എനിക്ക് അതിൽ അത്ഭുതമില്ല. ഭാഷാഅധ്യാപകനായ കൊച്ചുനാരായണൻ സാറിൻറെ മകൻ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
“മക്കൾ?”
“രണ്ടു പെൺകുട്ടികൾ. മൂത്തവൾ സംഗീത സങ്കീർത്തന. ആംഗലേയ സാഹിത്യത്തി ൽ എം. ഫിൽ ചെയ്യുന്നു. അവൾക്ക് നിന്നെപ്പോലെ ഒരു കോളേജ് അധ്യാപിക ആവാനാണ് മോഹം.”
“എന്നെപ്പോലെ”. ഞാൻ ചോദിച്ചു.
“നിന്നെപ്പോലെയല്ല. വളരെ ഡീസന്റ് ആയ അധ്യാപിക. രണ്ടാമത്തെയാൾ സാഹിത്യാ സങ്കീർത്തന. ബി. എസ്. സി. സൈക്കോളൊജി. ഫൈനൽ ഇയർ. അവൾക്ക് നിംഹാൻസിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ എം. ഫിൽ കഴിഞ്ഞു ക്ലിനിക്കൽ സൈക്കോളജിയിൽ പ്രാക്ടീസ് ചെയ്യാനാണ് താല്പര്യം.”
“സങ്കീർത്തന?”
ഒരു നിമിഷം ഗിരീഷ് മൂകനായി. പിന്നെ അവൻ പതുക്കെപ്പറഞ്ഞു.
സങ്കീർത്തന പോയിട്ട് നാലു വർഷമായി. ക്യാൻസർ ആയിരുന്നു. സ്റ്റൊമക്കിൽ. അവൾ ഒരു ഡോക്ടറായിരിന്നിട്ടും സമയത്ത് ഡയഗ്നോസ് ചെയ്യാൻ പറ്റിയില്ല. അവൾ തന്നെ കാര്യം തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകി. അപ്പോഴേക്കും ടെർഷറി സ്റ്റേജ് കഴിഞ്ഞിരുന്നു. പരമാവധി ശ്രമിച്ചു. പക്ഷേ രക്ഷപ്പെട്ടില്ല.”
പിന്നെ പതുക്കെ അവൻ പറഞ്ഞു.
“സങ്കീർത്തന ഉള്ളപ്പോൾ ഒന്നും പേടിക്കേണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല.”
പിന്നെ പെട്ടെന്ന് വാച്ച് നോക്കിയിട്ട് അവൻ പറഞ്ഞു.
“സമയം പോയി. മക്കളു മാത്രമേയുള്ളൂ വീട്ടിൽ. സത്യസന്ധനായതു കൊണ്ട് ശത്രുക്കളുടെ എണ്ണം എനിക്ക് ഒട്ടും കുറവല്ല. ക്വാറി മുതലാളി മുതൽ മണൽകടത്ത് ഗുണ്ട വരെ. പിന്നെ സ്ഥിരം ശത്രുക്കളായ രാഷ്ട്രീയക്കാർ വേറേയും. പോലീസുകാരന് ഒരു പ്രശ്നമുണ്ടായാൽ പിന്നെ പോലീസ് കൂടെ നിൽക്കില്ല. അതാണ് പോലീസിന്റെ വർഗ്ഗബോധം. നമുക്കെന്തെങ്കിലും തട്ടുകേട് ഉണ്ടായാൽ തീർന്നു. ഇപ്പോൾ കൊലപാതകം മാത്രമല്ലല്ലോ ബലാത്സംഗവും ക്വട്ടേഷൻ അല്ലേ. മക്കൾ പേടിച്ചിരിക്കുകയായിരിക്കും.”
“സുരക്ഷയ്ക്ക് ഒരു പട്ടിയെ വളർത്തിക്കൂടെ.” ഞാൻ അവനോടു ചോദിച്ചു.
അവൻ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു.
“നായേക്കാട്ടിലും വിശേഷബുദ്ധിയുള്ള മൃഗമാണ് മനുഷ്യൻ.”
പെട്ടെന്ന് പൂന്താനത്തിന്റെ വരികൾ ഞാനോർത്തു.
‘നരി ചത്തു നരനാകുന്നു.’
അത് പണ്ട്. ഇപ്പോൾ ആ വരികൾ ഒന്ന് മാറ്റിപ്പറഞ്ഞാൽ യാഥാർത്ഥ്യം വ്യക്തമാകും. നരൻ ചത്തു നരിയാകുന്നു. പിന്നെ അത് ഇരകളെ കടിച്ചു കീറുന്നു.
കസേരയിൽ നിന്നും എണീറ്റുകൊണ്ടവൻ പറഞ്ഞു.
“ഇരുട്ടും മുമ്പ് വീട്ടിലെത്തണം. ഞാൻ പോട്ടെ.”
ഗിരീഷ് ധൃതിയിൽ പുറത്തേക്കു നടന്നു.
അവൻ പോകുമ്പോൾ സൂസൻ പരിഹാസത്തോടെ പറഞ്ഞു.
“പോലീസ് ഡിവൈഎസ്പി.”
അവളുടെ പരിഹാസത്തിന്റെ മുന എനിക്ക് മനസ്സിലായി.
നടന്നു പോകുന്ന ഗിരീഷിനെ നോക്കി ഞാൻ പറഞ്ഞു.
“പോലീസ് ഡിവൈഎസ്പി അല്ല. രണ്ടു പെൺകുട്ടികളുടെ അച്ഛൻ. പ്രായമെത്തിയ രണ്ടു പെൺകുട്ടികളുടെ അച്ഛൻ.”
പിന്നെ ഞാൻ കൂട്ടിച്ചേർത്തു.
“അതു പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല”
പിന്നെ സൂസന്റെ മുഖത്ത് ഉരുണ്ടുകൂടുന്ന കാർമേഘത്തെ ഗൌനിക്കാതെ ഞാൻ ബില്ലുമെടുത്ത് കൌണ്ടറിലേക്ക് നടന്നു.