Image

അധികാരം കിട്ടുംമുന്‍പേ കസേരകളി; കളത്തില്‍ വേണുഗോപാല്‍, സതീശന്‍, ചെന്നിത്തല കാമ്പെയ്ന്‍ (എ.എസ് ശ്രീകുമാര്‍)

Published on 16 April, 2026
അധികാരം കിട്ടുംമുന്‍പേ കസേരകളി; കളത്തില്‍ വേണുഗോപാല്‍, സതീശന്‍, ചെന്നിത്തല കാമ്പെയ്ന്‍ (എ.എസ് ശ്രീകുമാര്‍)

ഏവരും ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞടുപ്പ് ഫലം അറിയാന്‍ 18 ദിവസം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ 'കസേര കളി' ഒരു പ്രൈംടൈം ഷോയായി തുടരുന്നു. പണ്ട് കെ കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ മുന്നണിയെ നയിച്ചിരുന്ന കാലത്ത് തിരഞ്ഞടുപ്പ് വിജയമുണ്ടായാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. ഇടയ്ക്ക് വയലാര്‍ രവിയുടെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും അദ്ദേഹം പിന്തള്ളപ്പെടുകയായിരുന്നു. മുഖ്യമന്ത്രി പദം സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ കാലം വരെ ഇല്ലാതിരുന്ന അവകാശവാദങ്ങള്‍ ഇപ്പോള്‍ സൈബര്‍ പ്ലാറ്റ് ഫോമിലൂടെയാണ് തലപൊക്കുന്നത്. ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് നടന്നത്. 90 സീറ്റില്‍ കുറയാത്ത ഒരു വിജയമാണ് പോളിംഗിനൊടുവില്‍ യു.ഡി.എഫ് സ്വപ്നം കാണുന്നത്. അതുകൊണ്ടാണ് ചര്‍ച്ച ഇങ്ങനെ കസറുന്നത്.

എറണാകുളം ജില്ലയില്‍ നിന്നുള്ള ആളായിരിക്കണം മുഖ്യമന്ത്രി എന്ന് കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസ് അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ്  പുതിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങുതകര്‍ക്കുന്നത്. ഇതിനെതിരെ എം ലിജു രംഗത്തുവന്നു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ലിജു പറഞ്ഞു. പിന്നാലെ സോഷ്യല്‍ മീഡിയയിലെ ഇത്തരം ചര്‍ച്ചകള്‍ വിലക്കണമെന്ന ആവശ്യവുമായി ബെന്നി ബെഹനാന്‍ എം.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തയച്ചു.

പ്രതിപക്ഷ നേതാവി വി.ഡി സതീശനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി കളത്തിലുള്ളത്. അതേസമയം എം.എല്‍.എയല്ലാത്തയാള്‍ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആ സാധ്യതകള്‍ തളള്ളാതെയാണ് മറുപടി പറഞ്ഞത്. എം.എല്‍.എയല്ലാത്തയാള്‍ മറ്റാരുമല്ല കെ.സി വേണുഗോപാല്‍ തന്നെ. തിരഞ്ഞടുപ്പിന് മുമ്പ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് പ്രൊഫ. പി.ജെ കുര്യനും കെ സുധാകരനും ഒരു മനസോടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹമാണ് കെ സുധാകരന്‍ ഇപ്പോള്‍ ശക്തമാക്കിയത്. കെ സി വേണുഗോപാലിനായി വന്‍ സൈബര്‍ കാംപയിനാണ് നടക്കുന്നത്.

കെ സുധാകരന് പുറമെ തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡ്  കൗണ്‍സിലറായ വൈഷ്ണ സുരേഷ്, കാണ്‍ഗ്രസ് നേതാക്കളായ പഴകുളം മധു, എഴുത്തുകാരി സുധാ മേനോന്‍, എന്നിവരും കെ.സിയെ പിന്തുണച്ച് രംഗത്തുവന്നു. ഒരു സ്ഥാനാര്‍ത്ഥി എന്നുള്ള നിലയ്ക്ക് ഏറ്റവും മനോഹരമായി തിരഞ്ഞെടുപ്പിനെ കോര്‍ഡിനേറ്റ് ചെയ്തത് കെ.സി വേണുഗോപാല്‍ ആയിരുന്നു എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കുമെന്ന് സന്ദീപ് വാര്യരും പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചവരെ ''രമേശ് ചെന്നിത്തല നയിക്കണം...'' എന്ന് പരസ്യമായി ആവശ്യപ്പെട്ട സുധാകരന്‍ മലക്കം മറിഞ്ഞതിനു പിന്നാലെയാണ് ഇത്തരമൊരു കാംപയിന്‍ ഉയരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കണ്ടത് കെ.സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നും കെ.സി കേരളത്തെ നയിക്കാന്‍ ദിശാബോധമുള്ള നേതാവാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ പോസ്റ്റിന് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം ശക്തമായതോടെ അദ്ദേഹത്തിന് കമന്റ് ബോക്‌സ് പൂട്ടേണ്ടി വന്നു.

തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നില്ല സ്ഥാനാര്‍ഥി നിര്‍ണയമെന്നതിനാല്‍ ഗ്രൂപ്പടിസ്ഥാനത്തിലുള്ള വിലപേശല്‍ ഇപ്രാവശ്യം നടക്കാനിടയില്ലെന്നാണ് വിവരം.എങ്കിലും എം.എല്‍.എ.മാരുടെ അഭിപ്രായം തേടിയശേഷമാകും ഹൈക്കമാന്‍ഡ് തീരുമാനം. അതുവരെ ഇതുസംബന്ധിച്ച പരസ്യ ചര്‍ച്ചകള്‍ക്കും വിഴുപ്പലക്കലുകള്‍ക്കും തടയിട്ടിരിക്കുകയാണ് കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ് മുന്‍ഷി. മുഖ്യമന്ത്രി ചര്‍ച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോണ്‍ഗ്രസില്‍ ശക്തമാണത്രേ. എന്നാല്‍ യു.ഡി.എഫിനെ അധികാരത്തില്‍ തിരികെക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സ്വാഭാവികമായി എത്തേണ്ടയാളാണ്. യു.ഡി.എഫിന് വലിയൊരു വിജയമുണ്ടായാല്‍ അത് സതീശന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിക്കൂടി കണക്കാക്കപ്പെടുമെന്നുറപ്പ്.

അതോടൊപ്പം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും തുല്യപ്രാധാന്യത്തില്‍ പരിഗണിക്കപ്പെടും. കാരണം പാര്‍ട്ടിയിലെ സീനിയോരിറ്റിയാണ് രമേശിന് തുണയാവുക. താരതമ്യേന കുറഞ്ഞ ഭൂരിപക്ഷത്തോടെയാണ് ഐക്യ മുന്നണി അധികാരം പിടിക്കുന്നതെങ്കില്‍ ചെന്നിത്തലയുടെ അനുനയരീതി ഗുണകരമാകാം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും സംസ്ഥാന കോണ്‍ഗ്രസില്‍ കരുത്തുണ്ട്.  കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിലെ പുനഃസംഘടനകൂടി ഉടന്‍ ഉണ്ടായേക്കുമെന്ന പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ കേരളത്തിലേയ്ക്ക് നിയോഗിക്കാനിടയുണ്ട്. എം.എല്‍.എ അല്ലാതെ മുഖ്യമന്ത്രിയായ ചരിത്രം കോണ്‍ഗ്രസിലും സി.പി.എമ്മിലുമുണ്ടല്ലോ. വിജയിച്ച ഒരു എം.എല്‍.എ കെ.സിക്കുവേണ്ടി സ്ഥാനമൊഴിഞ്ഞ് ത്യാഗം ചെയ്യാന്‍ തയ്യാറാവും. ആറുമാസത്തിനുള്ളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ആ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് വിജയിക്കാന്‍ കെ.സിക്ക് വലിയ തോതില്‍ വിയര്‍പ്പൊഴുക്കേണ്ടി വരില്ല.

 ''ഞാന്‍ തന്നെയാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍...'' എന്നൊരു ഉള്‍വിളി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. യു.ഡി.എഫിന് അധികാരം കിട്ടുമെന്ന ലക്ഷണമുണ്ടാവുമ്പോള്‍ ഈ ശബ്ദം കേള്‍ക്കുക പതിവാണ്. വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ പ്രശ്‌നം  നേതാക്കളില്ലാത്തതല്ല, നേതാക്കള്‍ വളരെ കൂടുതലുള്ളതാണ്. ഓരോരുത്തരും സ്വന്തം ശക്തിപ്രാപിച്ചവരാണ്. കൂടാതെ പരിവാരങ്ങളുമുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും റെഡി. അന്യം നിന്ന പഴയ ഗ്രൂപ്പുകള്‍ക്ക് പകരം പുതിയ കാലത്തിന്റെ കളിയുമായാണവര്‍ കളം നിറയുന്നത്. മെയ് 4-ന് ഫലപ്രഖ്യാപനവും കൂടി കഴിയുമ്പോള്‍ കളി കാര്യമാകും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക