
പ്രശസ്‌ത ഗായകരും സംഗീത സംവിധായകരുംമായ ജയ-വിജയന്മാരിൽ, ജയൻ്റെ ഇരട്ട സഹോദരനായിരുന്ന, വിജയൻ 36 വർഷങ്ങൾക്കുമുമ്പ് വിട പറഞ്ഞതോടെ ജയൻ മാസ്റ്റർ ഒരു ചിറകറ്റ പക്ഷിയെപ്പോലെ ആയിത്തീർന്നെങ്കിലും, തുടർന്നും സംഗീത ലോകത്ത് കൂടതൽ ഉയരങ്ങളിലേക്ക് അദ്ദേഹം പറന്നുയരുക തന്നെ ചെയ്തു...
ജയനെയും ഇരട്ട സഹോദരൻ വിജയനെയും വേറിട്ട് അനുസ്മരിക്കുക സാദ്ധ്യമല്ല. അത്രമെൽ ഉരുകിച്ചേർന്ന ജീവിതമായിരുന്നു അവരുടേത്: ഒരാൾ നേരത്തെ പോയെന്നു മാത്രം!
സംഗീതം തങ്ങളുടെ ജിവിതവും ഭക്തിപൂർവകമായ നാദാർച്ചനയുമാക്കി മാറ്റിയ സംഗീതജ്ഞന്മാരാണ് ജയ-വിജയന്മാർ. 'ഭക്തിയും സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച അപൂർവ ഇരട്ട സഹോദരന്മാരാണ് ജയ- വിജയന്മാർ' എന്നത് പ്രസിദ്ധമായ ഒരു നിരീക്ഷണമാണ്. വിശേഷിച്ചും ആയിരക്കണക്കിന് അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ജനപ്രിയനായി മാറിയ ജയൻ എല്ലാർത്ഥത്തിലും മലയാളികളുടെ ആരാധ്യഗായകനാണ്.
സിനിമാ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കെ.ജി ജയൻ.
1934 നവംബർ 21-ന് (1101 വൃശ്ചികം 6-ന്) കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗമായിരുന്ന നാരായണിയമ്മയുടേയും മക്കളായി ജയ വിജയന്മാർ ജനിച്ചു. (1934 ഡിസംബർ 06 എന്നുള്ള രേഖപ്പെടുത്തലുകൾ കാണുന്നുണ്ടെങ്കിലും ജന്മനക്ഷത്രം ആധാരമാക്കി നടത്തിയ പരിശോധനയിൽ ഇതു ശരിയല്ല.) ഇവരുടെ മൂത്ത രണ്ടു സന്തതികളും ഗോപാലൻ - നാരായണി ദമ്പതിമാർക്കുണ്ടായിരുന്നു. ഇരട്ടകളുടെ ഇളയ അവർക്കു മകനും ഉണ്ട്. പിതാവ് ക്ഷേത്രത്തിലെ തന്ത്രിയായിരുന്നു; മാതാവ് വീട്ടമ്മയും.
വളരെ ചെറുപ്പത്തിൽ തന്നെ കർണാടക സംഗീതം പഠിക്കാൻ തുടങ്ങിയ അവർ ഒമ്പതാം വയസ്സിൽ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി.
പതിനാറാം വയസ്സിൽ ഇരുവരും പ്രസിദ്ധ ഗുരുക്കളുടെ കീഴിൽ സംഗീത പഠനം ആരംഭിച്ചു. രാമൻ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരുമായിരുന്നു ആദ്യകാല ഗുരുക്കന്മാർ. പിന്നീട്, സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്ക ശേഷം, തിരുവന്തപുരം സ്വാതി തിരുന്നാൾ മ്യൂസ്സിക് അക്കാദമിയിൽ ചേർന്നു പഠിച്ചു; അവിടെ നിന്നു മികച്ച നിലയിൽ ഗാനഭൂഷണം പരീക്ഷ പാസായി.
തുടർന്ന് കുറെ ഏറെ നാൾ, ഇവർ കർണാടക രംഗത്തെ അതികായൻമാരിൽ നിന്ന് ഉന്നത പരിശീലനം നേടി. ആദ്യം അലത്തൂർ ബ്രദേഴ്സിൽ നിന്നായിരുന്നു പഠനം.
1964 മുതൽ 10 വർഷത്തോളം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലാണ് കർണ്ണാടക സംഗീതം അഭ്യസിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കാൻ ഡോ. ബാലമുരളീകൃഷ്ണ എത്തിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടു. പിന്നീട് ആറു വർഷത്തോളം അദ്ദേഹത്തോടൊപ്പം സംഗീതം അഭ്യസിച്ചു.
ജയനെയും വിജയനെയും 'ജയ വിജയ' ദന്ദ്വങ്ങളാക്കി പേരുകൾ വിളക്കിചേർത്തത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ജോസ് പ്രകാശ് അഭിനയിച്ച 'പ്രിയ പുത്രൻ' എന്ന നാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജയ -വിജയന്മാരായിരുന്നു. നൂറുകണക്കിനു ഭക്തിഗാന ആൽബങ്ങളിൽ പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.
ഏകദേശം മുപ്പതോളം സിനിമകൾക്ക് ഇവർ സംഗീതം നൽകി; 1968-ൽ പുറത്തിറങ്ങിയ 'ഭൂമിയിലെ മാലാഖ' എന്ന മലയാള ചിത്രത്തിലൂടെയാണ് ഇവർ സിനിമാ സിനിമാ സംഗീത സംവിധാന രംഗത്തെത്തിയത്.
'ധർമശാസ്താ', 'നിറകുടം', 'സ്നേഹം', 'തെരുവുഗീതം' തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
'പാദപൂജ ', 'ഷണ്മുഖപ്രിയ', 'പാപ്പാത്തി' എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട് ജയ-വിജയന്മാർ. ഇതെല്ലാം ഉൾപ്പെടെ മുപ്പതോളം മലയാളം / തമിഴ് സിനിമകൾക്കും ഇവർ സംഗീതം നൽകി.
ജയ- വിജയന്മാർ സംഗീതം നൽകിയ ഭക്തിഗാനം ആദ്യമായി പാടിയത് പി ലീലയാണ്: "ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ" എന്ന ഗാനം ഏറെ പ്രശസ്തമായിരുന്നു.
ജയ-വിജയന്മാർ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങളിൽ പെട്ടന്ന് ഓർമ്മ വരുന്നത്, "ഹൃദയം ദേവാലയം"; "നക്ഷത്രദീപങ്ങൾ തെളിഞ്ഞു"; "ദർശനം പുണ്യദർശനം" (യേശുദാസ്); "ശ്രീ ശബരീശ ദീനദയാല' (പി.ജയചന്ദ്രൻ); "രാധ തൻ പ്രേമത്തോടാണോ"; "നക്ഷത്രദീപങ്ങൾ തിളങ്ങി" ; "ചന്ദനചർച്ചിത നീലകളേബര" ; "ശ്രീകോവിൽ നട തുറന്നു"; "വിഷ്ണുമായയിൽ പിറന്ന വിശ്വ രക്ഷകാ" തുടങ്ങിയവ യെല്ലാമാണ് .
ഇവരുടെ നിത്യഹരിത ഗാനങ്ങളിലൊന്നായ ‘ഹൃദയം ദേവാലയം..’ 1979-ൽ ‘തെരുവുഗീതം’ എന്ന റിലീസ് ചെയ്യാത്ത ഒരു ചിത്രത്തിനു വേണ്ടി ജയവിജയന്മാർ ഈണം നൽകി യേശുദാസ് ആലപിച്ച ഗാനമാണിത്.
എച്ച് എം വി റെക്കോഡിംഗ് സ്റ്റുഡിയോ ജനറൽ മാനേജർ തങ്കയ്യയുടെ നിർദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങൾ ജയവിജയന്മാർ തന്നെ പാടിത്തുടങ്ങിയത്. ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ "ശ്രീകോവിൽ നട തുറന്നൂ" എന്ന ഗാനവും ഏറെ പ്രശസ്തമായി. പിന്നീട് അയ്യപ്പഭക്തിഗാനങ്ങളുടെ പ്രവാഹമായിരുന്നു; അതിലൂടെ ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
ജയനും വിജയനും ചേർന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച് 'ചെമ്പൈ- സംഗീതവും ജീവിതവും' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ,1988 ജനുവരി ഒൻപതിന് കെ ജി വിജയൻ സംഗീതമില്ലാത്ത ലോകത്തേക്ക് യാത്രയായി. തമിഴ്നാട്ടിലെ ഡിൻഡിഗലിലെ അയ്യപ്പ ക്ഷേത്രത്തിൽ കച്ചേരിക്കു പോകവേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
'രാധതൻ പ്രേമത്തോടാണോ കൃഷ്ണാ' ('മയിൽപ്പീലി' ആൽബം) എനിക്ക് ഏറെയിഷ്ടമാണ്; വിജയന്റെ മരണ ശേഷം എസ്. രമേശൻ നായർ എഴുതി ജയൻ സംഗീതം നൽകിയ മയില്‍പ്പീലിയിലെ ഒൻപത് ഭക്തിഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. കെ.ജി ജയൻ സംഗീത സംവിധാനം നിർവഹിച്ച കൃഷ്ണ ഭക്തിഗാനങ്ങളും മലയാളികളെ കൂടുതൽ 'പ്രണയത്തിലാക്കി'. ('രാധതൻ പ്രേമത്തോടാണോ കൃഷ്ണാ ..' എന്ന ഗാനം ഭക്തിയിൽ മാത്രമല്ല പ്രണയത്തിലും മലയാളി ചേർത്ത് വെച്ചിരിക്കുന്നു എന്നു പറയാം.)
കെ ജി ജയന് 'പത്മശ്രീ' (1919) അംഗീകാരത്തിനു പുറമെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്. കേരള
സംഗീത നാടക അക്കാഡമി അവാർഡ് (1991), തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹരിവരാസനം അവാർഡ് (1913), 'കലാരത്നം'; 'ഭക്തിസംഗീത സമ്രാട്ട്', 'തത്ത്വമസി' എന്നീ ടൈറ്റിലുകൾ അങ്ങനെയെല്ലാം സമർപ്പിക്കപ്പെട്ടു.
ജയൻ്റെ നവതി ആഘോഷങ്ങളുടെ തുടക്കം 2023 ഡിസംബർ 21-ന് വിപുലമായ രീതിയിൽ കോട്ടയത്തു വച്ച് ആഘോഷിച്ചിരുന്നു. 2023-ൽ (കൊല്ലവർഷം 1200 വൃശ്ചികത്തിലെ ഭരണി നാളിൽ) ജയൻ്റെ 89-ാം ജന്മദിനമായിരുന്നു; നവതിയിലേക്ക് കടന്നു. ജയൻ മാസ്റ്ററുടെ നവതിയുടെ തുടക്കം കുറിച്ചു കൊണ്ടുള്ള ആഘോഷമാണ് അന്ന് (2023 ഡിസംബർ 21ന്) അദ്ദേഹത്തിൻ്റെ അടുത്ത കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കോട്ടയത്ത് നടന്നിരുന്നത്.
സംഗീതജ്ഞൻ കെ.ജി. ജയൻ 2024 ഏപ്രിൽ 16-ന്, 89-ാം വയസ്സിൽ, അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ സരോജിനി; മക്കൾ : ബിജു കെ. ജയൻ; മനോജ് കെ. ജയൻ
യുവഗായകനും സംഗീത സംവിധായകനുമായ മഞ്ജുനാഥ്, ജയ -വിജയന്മാരിലെ കെ ജി വിജയന്‍റെ മകനാണ്.