Image

ഒരു സങ്കീർത്തനം (ഗദ്യകവിത: ടി. എൻ. സാമുവൽ)

Published on 16 April, 2026
ഒരു സങ്കീർത്തനം (ഗദ്യകവിത: ടി. എൻ. സാമുവൽ)

(മലയാളം സൊസൈറ്റി, ഹ്യുസ്റ്റണിൻറെ ഏപ്രിൽമാസ സൂം മീറ്റിങ്ങിൽ അവതരിപ്പിച്ച കവിത._)

നിത്യ രക്ഷകാ  ജഗത്നാഥാ
നീ എത്ര വലിയവൻ
നീ എന്നെന്നും ആരാധനാ യോഗ്യൻ
നിൻറെ  ദയയും വിശ്വസ്തയും എന്നേക്കുമുള്ളത്.
ആകാശഗോളങ്ങളെ നീ കൈവെള്ളയിലിട്ട്
അമ്മാനമാടുന്നുവല്ലോ
നീ സൂര്യനെ ജ്വലിപ്പിക്കുകയും ഭൂമിയെ കറക്കുകയും 
ചന്ദ്രനെ തിരിക്കുകയും ചെയ്യുന്നുവല്ലോ.
വാൽനക്ഷത്രവും  ഗ്രഹണങ്ങളും ഉല്ക്കയും
മാരിവില്ലും ഇടിമിന്നലുകളുമെല്ലാം
നിൻറെ  വിരൽത്തുമ്പുകളുടെ വിസ്മയ ക്രിയകളല്ലോ!
നീ ഭൂമി കുലുക്കിയും അഗ്നിപർവ്വതം പൊട്ടിച്ചും
സുനാമി സൃഷ്ടിച്ചും പേമാരി പെയ്യിച്ചും കാട്ടുതീ പരത്തിയും
നിൻറെ  ദിവ്യശക്തി കാട്ടുന്നുവല്ലോ!
നീ സർവ്വശക്തൻ തന്നെ!
നിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള
ഈ പ്രപഞ്ചത്തിലെ ഓരോ കണികകളുടേയും, രോഗാണുവിന്റേയും   
ബാക്ടീരിയുടേയും, വൈറസിൻറെയുംപ്രവർത്തനങ്ങൾ
നിൻറെ  സൂക്ഷ്മ ജ്ഞാനത്തിന്റെ ദൃഷ്ടാന്തങ്ങളല്ലേ!
നീ പ്ലേഗും വസൂരിയും കോളറയും പോളിയോയും
മന്തും മലമ്പനിയും എയ്ഡ്സുമൊക്കെ
സമയാസമയങ്ങളിൽ വരുത്തി ലക്ഷോപലക്ഷം
മാനവരെ കൊല്ലുമാറാക്കിയില്ലേ!
നീ ക്യാൻസറിനെ അധികരിപ്പിച്ച്
ശിശുക്കളുടേയും യൗവ്വനക്കാരുടേയും, വൃദ്ധരുടേയും
അതാതു ഭവനങ്ങളെ
ആളും അർത്ഥവുമില്ലാതാക്കിയില്ലേ!
നീ കോവിഡിനെ ലോകം മുഴുവൻ വ്യാപരിപ്പിച്ച്
ജനകോടികളുടെ ജീവനും അതിജീവനവും 
അസാധുവാക്കിയില്ലേ!
നീ സർവ്വജ്ഞാനിയും പരമ കാരുണ്യവാനും തന്നെ!

നിന്റെ നോട്ടത്തിൻ കീഴിൽ ഈ ലോകത്ത് 
നന്മകൾക്കുപകരിക്കേണ്ട പണമെടുത്ത് 
മിസൈലുകളും  ബോംബുകളും, പോർവിമാനങ്ങളുമുണ്ടാക്കി
വില്ക്കുകയും  അശക്തരായ അയൽക്കാരേയും 
അവന്റെ രാജ്യത്തേയും  നിഗ്രഹിക്കുന്ന 
കിരാത ഭരണാധിപരെ നിന്റെ ചിറകിൻകീഴിൽ 
സംരക്ഷിക്കുന്നതിനായി സ്ത്രോത്രം ചെയ്യട്ടെ! 
നീ നിയന്ത്രിക്കുന്ന വ്യോമയാന പാതകളിലെ 
ദുരന്തങ്ങളെ ഞങ്ങളോർക്കുന്നു! 
രണ്ടു  വൈമാനികരുടേയും   
ഇരുനൂറ്റി നാൽപ്പത്  യാത്രക്കാരുടേയും 
ജീവനെടുത്തിട്ട് ഒരു യാത്രക്കാരനെ നീ അത്ഭുതകരമായി 
രക്ഷിച്ച വൻ കൃപയോർത്ത് ഹല്ലേലുയ്യ പാടട്ടെ!
നിന്റെ ആലയങ്ങളുടെ താഴികക്കുടങ്ങളും വാതിൽപ്പടികളും ശില്പങ്ങളും 
പൊന്നു പാളികൾ അടിക്കുകയും  അത് അടിച്ചു മാറ്റുകയും 
ചെയ്യുന്ന ഭക്തശിരോമണികളെ പൊന്നുപോലെ  ഇത്രയും കാലം
കാത്തതിനായി ഞങ്ങൾ നിനക്ക് വന്ദനം കരേറ്റുന്നു!
നീ സർവ്വശക്തനും, സർവ്വ ജ്ഞാനിയും 
സർവ്വ വ്യാപിയും തന്നെ!
തലമുറ തലമുറകളോളം ഞങ്ങൾ നിന്നെ 
വാഴ്ത്തുകയും വന്ദിക്കുകയു സ്തുതിക്കുകയും 
എന്നെന്നും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും 
ചെയ്തുകൊണ്ടേയിരിക്കും!

                         -----0-----
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക