
തമിഴ് പുതുവത്സരം കുറിച്ച ചിത്തിരമാസത്തിന്റെ കുളിരിൽ വേനൽ ചൂട് ഉരുകിപ്പോയി. എങ്കിലും വെളുപ്പാൻ കാലത്തു മധുര മീനാക്ഷിക്ഷേത്രത്തിനു ചുറ്റും മണ്ടിനടക്കുന്ന ഒരു മലയാളി ഉണ്ടെങ്കിൽ അതു ഞാനാണ്. വായിച്ചു ശീലമാക്കിയ ഒരു ദിനപ്പത്രം കണ്ടെത്തുക യായിരുന്നു ലക്‌ഷ്യം.
പോസ്റ്റൽ കോഡ് പ്രകാരം 'മധുര 1' എന്ന നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന വൈഎംസിഎ ഇന്റർനാഷണൽ ഗസ്റ് ഹൗസിൽ പത്രം എത്താൻ വൈകും എന്നതായിരുന്നു കാരണം. പഴയ ഡിണ്ടിഗൽ റോഡ് ഇന്ന് നേതാജി വീഥിയാണ്.അതിന്റെ വശങ്ങളിലെ ചായപ്പീടികകളിൽ തമിഴ് പത്രങ്ങളേ ഉള്ളു.

മധുര സെൻട്രലിൽ മൂന്നാമതും മത്സരിക്കുന്ന മന്ത്രി ത്യാഗരാജനും അമേരിക്കൻ പത്നി മാർഗരറ്റും
സ്വർണ്ണ ക്കടകളുടെ ഘോഷയാത്രയാണ് മീനാക്ഷി ക്ഷേത്രത്തിനു ചുറ്റും. ചെമ്മണ്ണൂർ ജൂവലറിയും ആര്യ വൈദ്യശാലയും കടന്നു വളവുകളും തെരുവുകളും താണ്ടി വെസ്റ്റ് മാസി സ്ട്രീറ്റിൽ അഞ്ചാം നമ്പർ പെട്ടിക്കടയിൽ പാലക്കാട് കോങ്ങാട് സ്വദേശി ശിവരാമനെകണ്ടെത്തുന്നത് അങ്ങിനെയാണ്. അവിടെ എല്ലാ പത്രങ്ങളും കിട്ടും. കോയമ്പത്തൂർ നിന്ന് രാത്രിബസിൽ കയറ്റി വിടുന്ന മലയാള മനോരമയും മാതൃഭൂമിയും ഉൾപ്പെടെ.
ആറെപ്പാളയം ബസ് സ്റ്റാൻഡിൽ ഇറക്കുന്ന പത്രങ്ങൾ സൈക്കിളിൽ എത്തിക്കും. ദി ഹിന്ദുവും ഇന്ത്യൻഎക്സ് പ്രസും ടൈംസ് ഓഫ് ഇന്ത്യയും ദിനമണിയും ദിനകരനും എത്തിയിട്ടും മലയാള പത്രങ്ങൾ വന്നില്ല. ഒമ്പതര വരെ കാത്തുനിന്നിട്ടു പോലും. മനോരമ ഏഴും മാതൃഭൂമി മൂന്നും കോപ്പികളാണ് ശിവരാമൻവിൽക്കുന്നത്. ബാക്കി വന്നാൽ തിരികെ എടുത്തുകൊള്ളും.

മുഖ്യമന്ത്രി സ്റ്റാലിൻ, മന്ത്രി ത്യാഗരാജൻ എന്നിവരുടെ ചിത്രങ്ങളുമായി ഡിഎംകെ പ്രചാരകർ
ഇംഗ്ളീഷ് പത്രങ്ങൾ വാങ്ങി പിന്നോട്ട് നടന്നു. ഗസ്റ്ഹൗസിനോടു ചേർന്ന് മുക്കാൽ നൂറ്റാണ്ടു മുമ്പ് പാലക്കാട്ടു വടക്കുംതറ വി.എം. സദാശിവൻ ആരംഭിച്ച മോഡേൺ റെസ്റ്റോറന്റിൽ ചായയും ഇഡ്ഡലിയും കഴിച്ചു. ഇഡ്ഡലി ഒന്നിന് 20 രൂപ, ചായക്കും കാപ്പിക്കും 32. പണ്ടൊരിക്കൽ മീനാക്ഷി ക്ഷേത്രത്തിനടുത്ത കോളേജ് ഹൗസ് എന്ന ലോഡ്ജിൽ താമസിച്ചതും പൊങ്കലും വടയും ഫിൽറ്റർ കോഫീയും അഞ്ചു രൂപയ്ക്കു കഴിച്ചതും ഓർമ്മ വന്നു.
കാലം മാറി. മധുരയുടെ കോലവും. വെയിൽ പരന്നു വേനൽചൂട് ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ 37 ഡിഗ്രി സെൽഷ്യസ്. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുവരുന്ന വൈഗ മധുരയുടെ നടുവിലൂടെ ഒഴുകിയിട്ടും ചൂടിന് ഒട്ടും കുറവില്ല.

ഡോ. പളനിവേൽ ത്യാഗരാജൻ, മാർഗറ്റ് എന്ന മീനാക്ഷി, മക്കൾ പളനി, വേൽ
ഏപ്രിൽ 23നു നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ കേരളത്തിന്റെയത്ര വെറും വാശിയും കണ്ടില്ലെങ്കിലും ഭരണകക്ഷിയായ ഡിഎംകെയുടെ ചെറിയൊരു സംഘം കൊടിയും പ്ലക്കാർഡും പിടിച്ച് വീടുവീടാന്തരം കയറിയിറങ്ങുന്നതു കണ്ടു. മൊബൈലിൽ ഫോട്ടോ എടുക്കാൻ തുനിഞ്ഞപ്പോൾ അവർ പ്ലക്കാർഡ് ഉയർത്തി പോസ് ചെയ്തു. പ്ലക്കാർഡിൽ മുഖ്യമന്ത്രി സ്റ്റാലിനോടൊപ്പം മധുര സെൻട്രലിൽ മൂന്നാമതു മത്സരിക്കുന്ന മന്ത്രി ത്യാഗരാജന്റെ ചിത്രവും.
മൂ.കാ (എംകെ) സ്റ്റാലിന്റെ കക്ഷി നൂറു ശതമാനം നേടും," പ്ലക്കാർഡ് പിടിച്ച യുവാവ് വാചലനായി. മധുര ജില്ലയിലെ പത്തു മണ്ഡലങ്ങളിൽ ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത്, സെൻട്രൽ എന്നിങ്ങനെ മധുരയുടെ പേരിൽ തന്നെ അഞ്ചു മണ്ഡലങ്ങൾ ഉണ്ട്. സെൻട്രൽ ആണ്പ്രധാനം.അവിടെ നാട്ടുകാരനായ മന്ത്രിഡോ. പളനിവേൽ ത്യാഗരാജൻ മാറ്റുരക്കുന്നു.
വർണാഭമായ രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബമാണ് ത്യാഗരാജന്റേത്. പിതാവ് അന്തരിച്ച പിടിആർ എന്ന പളനിവേൽ ത്യാഗരാജൻ മന്ത്രിയും സ്പീക്കറും ആയിരുന്നു. മുത്തശ്ശൻ പി.ടി. രാജൻ പണ്ടത്തെമദ്രാസ് പ്രസിഡൻസിയിൽ ചീഫ് മിനിസ്റ്ററും. മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് മൂന്ന് കി മീഅകലെ വൈഗയുടെവടക്കെ കരയിലെ ചൊക്കിക്കുളത്താണ് പളനിവേൽ തറവാട്.

മധുര മീനാക്ഷിയും മീനാക്ഷിയുടെ അവതാരം കോട്ടയം കുമാരനല്ലൂർ കാർത്തികയും
സ്വപ്നത്തിൽ പോലും രാഷ്ട്രീയത്തിൽ ചേക്കേറാൻ താല്പര്യമില്ലതെയാണ് ത്യാഗരാജൻ വളർന്നത്. ഊട്ടി ലോറൻസ് സ്‌കൂളിൽ പഠിച്ച അദ്ദേഹം തൃശ്ശിനാപ്പള്ളി എൻഐടി (പണ്ടത്തെ ആർ ഈ സി) യിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഓപറേഷസ് റിസർച്ചിൽ മാസ്റ്റേഴ്‌സും നേടി. ന്യുയോർക്ക് സ്റ്റേറ്റിലെ ബഫലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനീയറിങ് സൈക്കോളജിയിൽ പിഎച് ഡി. എംഐടി യിലെ സ്ലോൻ സ്കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ.
ലെയ്മാൻ ബ്രതേഴ്സ് ഹോൾഡിങ്‌സിൽ ജോലി യിൽ പ്രവേശിച്ച ത്യാഗരാജൻ സിംഗപ്പൂരിൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ എംഡി ആയിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് വിളിവന്നത്. 2016ൽ ജയിച്ചു മന്ത്രിയായി. 2021ലും ജയിച്ചു. ആദ്യം ധനകാര്യ മന്ത്രി. മന്ത്രി സഭാ പുനഃസംഘടന വന്നപ്പോൾ ഇൻഫർമേഷൻടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് വകുപ്പ് മന്ത്രി.
അമേരിക്കക്കാരി മാർഗററ് ആണ് ജീവിത പങ്കാളി. പളനി, വേൽ എന്നീ ആൺമക്കൾ. ചെന്നൈയിലെ അമേരിക്കൻ സ്‌കൂ ളിൽ മക്കളെ ചേർത്ത് പഠിപ്പിക്കുന്ന മാർഗററ്, മധുരയിൽ ഭർത്താവിന്റെ തറവാട്ടിൽ എത്തുമ്പോൾ സാരിയുടുത്ത് തനി തമിഴ് നാട്ടുകാരിയായി മാറും. പേരും മീനാക്ഷി എന്നു മാറ്റി. ഭ ർത്താവിന്റെ അച്ഛനോടൊത്ത് മീനാക്ഷി ക്ഷേത്രത്തിൽ പോയി തേങ്ങാ ഉടയ്ക്കും. അമ്മ രുഗ്മിണിയോടൊപ്പം ദോശയും വടയും ഉണ്ടാക്കും.

ബിജെപി സ്ഥാനാർഥി സി. സുന്ദരവും ഭാര്യ നടി ഖുശ്ബുവും
മൂന്നാം തവണ മത്സരിക്കുമ്പോൾ ഡോ. ത്യാഗരാജന്റെ വിധി എന്തായിരിക്കും എന്ന ചോദ്യത്തിന് കണ്ടറിയണം എന്നാണ് ദിനതന്തി വായിച്ച് രസിക്കുന്ന വഴിയോര കച്ചവടക്കാരൻ കൃഷ്ണൻ പറയുന്നത്. ശക്തമായ മത്സരമാണ് ഡിഎംകെയും ബിജെപി പിന്തുണയ്ക്കുന്ന എഐഎഡിഎംകെയും തമ്മിൽ. നടൻ വിജയിന്റെ ടിവികെ മൂന്നാം സ്ഥാനത്തു വരും.
ത്യാഗരാജന്റെ എതിരാളികളിൽ പ്രമുഖൻ നടനും സംവിധായകനുമായ സി.സുന്ദർ ആണ്. എൻഡിഎ സ്ഥാനാർഥി. മലയാളികൾക്ക് സുപരിചിതയായ ഖുശ്ബുവിന്റെ ഭർത്താവ്. മലയാളം ഉൾപ്പെടെ ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ച ഖുശ്ബു ആദ്യം ഡിഎംകെയിൽ ആയിരുന്നു. പിന്നീട് കോൺഗ്രസിലും ഒടുവിൽ ബിജെപിയിലും. ബിജെപിയുടെ തമിഴ്‌നാട്ടിലെ വൈസ് പ്രസിഡന്റ് ആണ്. വിജയിന്റെ ടിവികെ (തഖ്‌ഴക വെട്രി കഴകം) പ്രതിനിധിയായി മാധർ ബക്രുദീനും രംഗത്തുണ്ട്.
മുഖ്യമന്ത്രി സ്റ്റാലിന് 73 വയസായി, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ എടപ്പാടി പളനിസ്വാമിക്കു 71. ചെറുപ്പക്കാരുടെ ഹരമായ വിജയന് 51. രാഷ്ട്രീയത്തിൽ വിജയിന്റെ കന്നി മത്സരമാണിത്. ജയിച്ചു അനുഭവപരിജ്ഞാനം നേടി വീണ്ടും മത്സരിക്കാമല്ലോ. അങ്ങിനെ ഭാവിയിൽ എംജിആറിനെപ്പോലെ മുഖ്യമന്ത്രി ആകാനുള്ള സാധ്യതയുംതള്ളിക്കളയാനാവില്ല.

ഡിഎംകെ എംപി കനിമൊഴി പ്രചാരണത്തിരക്കിൽ
ഗൾഫിലെ യുദ്ധം കൊണ്ട് പാചകവാതകത്തിനുണ്ടായ ക്ഷാമം മുതലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആണ്ടിൽ മൂന്നു തവണ-പൊങ്കലിനും ദീപാവലിക്കും പുതുവത്സരത്തിനും- ഓരോ എൽപിജി സിലിണ്ടർ സൗജന്യമായി നൽകും എന്നാണു അവരുടെ പ്രഖ്യാപനം. സ്ത്രീകൾക്ക് പ്രതി മാസം 2000 രൂപയും ഒരുകുടുംബത്തിന് ഒറ്റത്തവണ 10,000 രൂപയ്ക്കും നൽകും.
സൗജന്യങ്ങൾ കൊണ്ട് തമിഴ് ജനതയെ തങ്ങൾ വീർപ്പു മുട്ടിച്ചിരിക്കയാണെന്നാണ് ഡിഎംകെയുടെവാദം. മികച്ച ഭരണം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായവത്കൃത സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻ പന്തി യിലാണ് തമിഴ് നാട്. മോഡിയുടെ വിഭാഗീയ ഭരണത്തോടുള്ള വെല്ലുവിളിയിൽ സ്റ്റാലിൻ കേരളത്തോടൊപ്പം നിൽക്കുന്നു. കോൺഗ്രേസ് നയിക്കുന്ന ദേശീയ സഖ്യത്തോടൊപ്പവും.

പുതുവത്സര ദിനത്തിൽ മധുര മുരുഗൻ ക്ഷേത്രത്തിൽ ഭക്തജനതിരക്ക്
1979ൽ മധുരയിലേക്ക് കുടിയറിയ മലയാളിക്കടയുടമ കെ. ഇ. ശിവരാമന്റെ നിവിലയിരുത്തലും ഭരണ, പ്ര തിപക്ഷ കക്ഷികൾ തമ്മിൽ കട്ടയ്ക്കു കട്ടയ്ക്ക് മത്സരിക്കുന്നു എന്നു തന്നെയാണ്. ജേഷ്ടൻ ബാലകൃഷ്ണനാണു പാലക്കാട്ടു നിന്ന് ആദ്യം മധുരയിലെത്തുന്നത്. മകൻ രഞ്ജിത് ഇളയച്ഛനെ സഹായിക്കാൻ എത്തുന്നു. ശിവരാമൻ നാട്ടിൽനിന്നാണ് വിവാഹം കഴിച്ചത്. രണ്ടു പെണ്മക്കളെ നാട്ടിൽ കെട്ടിച്ചയച്ചു. കടയ്ക്കു 5000 രൂപ മാസവാടക. ദിവസം ശരാശരി അയ്യായിരം രൂപയുടെ കച്ചവടം ഉള്ളതിനാൽ തട്ടിമുട്ടിപോകുന്നു എന്നേ സമ്മതിക്കുന്നുള്ളു.
ആയിരം വർഷത്തെ ലിഖിത ചരിത്രമുള്ള മധുരയിൽ പതിനായിരത്തോളം മലയാളികളേ ഉള്ളു. അവർ നഗരത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. മലയാളി സമാജത്തിൽ നഗരത്തിലെ പപ്പടം-അപ്പളം നിർമ്മാണം മലയാളികളുടെ കുത്തകയാണ്. ജയ്‌ഹിന്ദ് പുരത്തെ കുന്നംകുളം മലയാളികളുടെ എന്നും പറയാം.

മലയാളി കടയുടമ ശിവരാമൻ, മലയാള പത്രങ്ങൾ വിൽക്കുന്നു
അറുപത്തിമൂന്നു വർഷം മുമ്പ് രൂപം കൊണ്ട മധുര മലയാളി സമാജത്തിന്റെ സെക്രട്ടറി രാമദാസൻ ഇരിങ്ങാലക്കുട സ്വദേശിയാണ്. പ്രീത സാരീസ് എന്ന സ്ഥാനപനത്തിന്റെ ഉടമ. മധുര സെൻട്രലിനോട് ചേർന്ന തിരുപ്പറകുണ്ഡ്രം മണ്ഡലത്തിലാണ് വോട്ട്. കഴിഞ്ഞതവണ എഐഎഡിഎംകെ ജയിച്ച മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമാണ്. രാജൻ ചെല്ലപ്പ വീണ്ടും മത്സരിക്കുന്നു. ഡിഎംകെയുടെ കൃതിക തങ്കപ്പാണ്ടി യാണ് എതിരാളി.ആരു ജയിക്കും എന്ന് പറയാനാവില്ല. ടിവികെ കൂടുതൽ വോട്ടു പിടിച്ചാൽ അത് ഡിഎംകെ യ്ക്കു ഗുണം ചെയ്യുമെന്ന് രാമദാസൻ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിനി ചിത്ര വിജയൻ എഐഎസ് ആണ് മധുര കോർപറേഷൻ കമ്മീഷ്ണർ. കേരളത്തിൽ മീനാക്ഷി പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങൾ ഉണ്ടല്ലോ. മധുരയിൽ മലയാളത്താൻപട്ടി എന്ന മലയാളി കോളനി വരെയുണ്ട്.പക്ഷെ മലയാളി സമൂഹം വളർച്ച മുരടിച്ചു നിൽക്കുകയാണ്. സൗരാഷ്ട്രത്തിൽ നിന്ന് വന്ന രണ്ടുലക്ഷം ഗുജറാത്തികൾ ഇവിടെ ഉണ്ട്. അവർ ഗുജറാത്തിലെ തുണി മില്ലുകളിൽ നിന്നുള്ള അനുഭവ പരിജ്ഞാനം മധുരയിലേക്ക് പറിച്ചു നട്ടു. രസം എന്ന കറി കണ്ടു പിടിച്ചത് അവരാണത്രെ.

മോഡേൺ ഹോട്ടലിൽ സ്ഥാപകൻ സദാശിവന്റെ മകൻ സുന്ദരേശൻ, മലയാളി സമാജം സെക്രട്ടറി രാമദാസൻ, ലേഖകൻ
ഗസ്റ്ഹൗസിൽ മടങ്ങിയെത്തിയപ്പോൾ മാർത്താണ്ഡത്തു നിന്നെത്തിയ ജാർവിൻ മരിയദാസ് എന്ന യുവാവ് ചെ കൗട്ട് ചെയ്യുന്നു, മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ ഫിസിക്സിൽ പിഎച് ഡി ചെയ്ത ജാർവിൻ ഡോക്ടറൽ സ ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുകയാണ്. മലേഷ്യയിലെജോഹോർബാറുവിൽ ജോലി കിട്ടിക്കഴിഞ്ഞു-ടി ആൻഡ് ഡി ബാറ്ററി ടെക്‌നോളജി എന്ന സ്ഥാപനത്തിൽ. യാത്രപറയുബോൾ ആ മലയാളിയുവാവിന്റെ മുഖത്ത് അഭിമാനം നിറഞ്ഞു. ഞാൻ മംഗളങ്ങൾനേർന്നു.
1884ൽ തുറന്ന വൈഎംസിഎ യിൽ 2000 അംഗങ്ങൾ ഉണ്ട്. 1996ൽ ഇന്റർനാഷണൽ ഗസ്റ്റ് ഹൗസും 2004ൽ വർക്കിങ് വിമെൻസ്ഹോസ്റ്റലും തുറന്നു.

കാമരാജ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ട്രേറ്റുമായി മലേഷ്യയിൽ ജോലി നേടിയ മലയാളി ജാർവിൻ