Image

മുടിയിഴകൾ (കഥ: ജയ്ശങ്കര്‍ പിള്ള)

Published on 16 April, 2026
മുടിയിഴകൾ (കഥ: ജയ്ശങ്കര്‍ പിള്ള)

സന്ധ്യാ നാമജപം കഴിഞ്ഞു കുടുംബ സമേതം ഒരു മേശയ്ക്കു ചുറ്റും ഇരുന്നു അത്താഴം കഴിയ്ക്കുന്ന പതിവ് കാരണവന്മാരുടെ  കാലം മുതൽ ആ തറവാട്ടിൽ തുടർന്നു വന്നിരുന്നു. തലമുറകൾ മാറി പലരും പല നാടുകളിൽ കുടിയേറി എങ്കിലും തറവാട്ടിൽ ഇന്നും ശീലങ്ങൾക്കു ഒരു വന്നിട്ടില്ല.അമ്മയുടെ മരണം വളരെ ആകസ്മീക ആയിരുന്നു. അമ്മയുടെ വേർപാട് ആ തറവാടിനെ കുറച്ചു ദിവസങ്ങളായി നിശബ്ദതയുടെ ഇരുട്ടിലേക്ക് തള്ളി വിട്ടിരുന്നു.  ശാലിനി  വീട്ടു ചുമതലകൾ ഏറ്റെടുത്തു ആ തറവാടിനെ പഴയപടി ആക്കുന്നതിനുള്ള തത്രപ്പാടിലാണ്. എല്ലാവരും ഭാഗം പിരിഞ്ഞപ്പോൾ ഇളയമകൻ രാമകൃഷ്ണനും  കുടുംബവും തറവാട് വീടിന്റെ അവകാശികളായി.

അന്നും പതിവുപോലെ എല്ലാവരും നാമജപം കഴിഞ്ഞു അത്താഴത്തിനായി തീന്മേശയ്ക്കു ചുറ്റും ഇരുന്നു. വീട്ടിലെ കാരണവരായ അച്ഛൻ, അമ്മയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്നും പൂർണ്ണ വിമുക്തനായിട്ടില്ല. മരുമകൾ  ശാലിനി എല്ലാവർക്കും ഭക്ഷണം വിളമ്പി അടുക്കളയിലേയ്ക്ക് എന്തോ എടുക്കുവാൻ പോയി. അപ്പോഴാണ് രുചിയോടെ ചവച്ചു കൊണ്ടിരുന്ന ഭക്ഷണത്തിൽ എന്തോ ഒന്ന് രാമകൃഷ്ണന്റെ തൊണ്ടയിൽ കുടുങ്ങിയത്. അത് ഒരു ചുമയുടെ രൂപത്തിൽ പുറത്തേയ്ക്ക് തികട്ടി വന്നു.

ഭർത്താവു   ചുമയ്ക്കുന്ന ശബ്ദം കേട്ട് ശാലിനി അടുക്കളയിൽ നിന്നും ഓടി വന്നു.
രാമേട്ടാ .. എന്താ പറ്റിയത്?! .. അവൾ അങ്കലാപ്പോടെ ചോദിച്ചു....

തന്റെ വായിൽ കുടുങ്ങിയ നീണ്ട മുടി പുറത്തെടുത്തു രാമകൃഷ്ണൻ എല്ലാവരെയും ഒന്ന് നോക്കി. കുട്ടികൾ ഭീതി നിറഞ്ഞ മുഖവുമായി ശാലിനിയെ നോക്കി. അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ അപ്പൂപ്പൻ ഇതുപോലെ ഒരു അവസരത്തിൽ ശകാര വർഷം ചൊരിഞ്ഞു ഭക്ഷണം തട്ടി തെറിപ്പിച്ചത് കുട്ടികൾ ഓർത്തു. ഇനി എന്താവും ഇവിടെ നടക്കുക ..!!

രാമകൃഷ്ണൻ ഒന്നും പറയാതെ ആ മുടിയിഴ  പ്ലേറ്റിന്റെ ഒരു വശത്തേയ്ക്ക് മാറ്റി വച്ച് ഭാര്യ നൽകിയ തണുത്ത വെള്ളവും കുടിച്ചു അടുത്ത ഉരുള വാരി കഴിക്കുവാൻ തുടങ്ങി.
ഇതെല്ലാം കണ്ടു നിശ്ശബ്ദനായി ഇരുന്ന അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഭാര്യ ഒരു താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നപ്പോൾ ചെറിയ ചെറിയ കൈഅബദ്ധങ്ങൾക്കു താൻ നൽകിയ ശകാരവർഷങ്ങളെ  ഓർത്തു ,തന്റെ തെറ്റുകളെ ഓർത്തു അയാൾ സ്വയം പഴിച്ചു. തന്റെ മകന്റെ പ്രവർത്തി വൈകിയ വേളയിലാണെങ്കിലും അയാളിൽ കുറ്റബോധം ഉണർത്തി.

കുട്ടികളുടെ ഭീതി നിറഞ്ഞ മുഖത്ത് നോക്കി രാമകൃഷ്ണൻ പറഞ്ഞു. ..
എന്താ മക്കളേ , നിങ്ങൾ ഇങ്ങനെ മിഴിച്ചിരിയ്ക്കുന്നത് ..ഭക്ഷണം ചൂടാറ്റി കളയാതെ  വേഗം കഴിയ്ക്കൂ..
തീന്മേശയിൽ ഒരു പൊട്ടിത്തെറിയും,ശകാരവും പ്രതീക്ഷിച്ച ശാലിനിയുടെ കണ്ണുകൾ ഈറനണിഞ്ഞു...
രാമകൃഷ്ണൻ അവളുടെ പേടിയും സങ്കടവും നിറഞ്ഞ കണ്ണുകളിലേയ്ക്ക് ഒരു ചെറു മന്ദഹാസത്തോടെ നോക്കി എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു.

കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും, കൃത്യതയോടെ,ദിനം മുഴുവൻ മുഴുകി ജീവിയ്ക്കുന്ന അമ്മമാർ, നമുക്കു ചുറ്റും സ്നേഹത്തിന്റെ പരിമളം വിതറി ഇങ്ങനെ ഉള്ളപ്പോൾ മാത്രമല്ലെ ഈ മുടി ഇഴകൾ നമ്മളെ തഴുകി ഇങ്ങനെ കടന്നു പോകയുള്ളൂ … സ്നേഹനിധിയായ അമ്മമാരെ  നമ്മുടെ നെഞ്ചോടു ചേർത്തുവയ്ക്കാം...നമുക്ക് ചുറ്റും അമ്മമാരുടെ സ്നേഹം പൂത്തുലയട്ടെ...

ഗുണപാഠം :-"അബദ്ധത്തിൽ ആർക്കും പറ്റാവുന്ന തെറ്റുകളെ ഉയർത്തിക്കാട്ടി  പരസ്പരം പഴിച്ചു സുന്ദരമായ ജീവിതത്തിലെ സ്വസ്ഥത നശിപ്പിയ്ക്കാതെ സഹിച്ചും, ക്ഷമിച്ചും, പൊറുത്തും ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കൂ'

 

Join WhatsApp News
Jayan varghese 2026-04-16 19:59:28
മനുഷ്യന്റെ അഹങ്കാരവും പൊങ്ങച്ചവും തീന്മേശകളിലേക്കു കടന്നു വരുമ്പോളാണ് ഭക്ഷണത്തിൽ ഒരു മുടിയിഴയുടെ പേരിൽ ഓക്കാനവും ഛർദ്ദിലും ചീത്തവിളിയും ഒക്കെ കടന്നു വരുന്നത്. ആ മുടി സ്വന്തം അമ്മയുടേയോ ഭാര്യയുടെയോ സഹോദരിയുടെയോ മകളുടെയോ മരു മകളുടെയോ പേരക്കുട്ടിയുടെയോ ഒക്കെ ആയിരുന്നുവെന്നും എത്രയോ ഉമ്മകളുടെ തഴുകലുകളിലൂടെ അത് നമ്മുടെ ജീവിതത്തിൽ ഇഴ ചേർന്നിരുന്നുവെന്നും ഒരിക്കൽ അത് നഷ്ടപ്പെടുമ്പോൾ മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളു. മനുഷ്യാവസ്ഥയ്ക്കു പുത്തൻ മാനങ്ങൾ സമ്മാനിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ ഹൃദയ സ്പർശിയായ രചന. ബഹുമാന്യനായ ശ്രീ ജയശങ്കർ പിള്ള അവർകൾക്ക് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക