Image

അമേരിക്കന്‍ മലയാളികള്‍ക്കായി 'സേവ് പ്രോപ്പര്‍ട്ടി സെല്‍' ആരംഭിക്കുമെന്ന് ഫോമാ ടീം പ്രോമിസ്

Published on 15 April, 2026
അമേരിക്കന്‍ മലയാളികള്‍ക്കായി 'സേവ് പ്രോപ്പര്‍ട്ടി സെല്‍' ആരംഭിക്കുമെന്ന് ഫോമാ ടീം പ്രോമിസ്

ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളികളുടെ കേരളത്തിലുള്ള ഭൂമികള്‍ക്കും സ്വത്തുക്കള്‍ക്കും നിയമപരമായ സംരക്ഷണം ഉറപ്പു വരുത്താന്‍ സേവ് പ്രോപ്പര്‍ട്ടി സെല്‍ പ്രവര്‍ത്തികമാക്കുമെന്ന് ഫോമാ ടീം പ്രോമിസ് വ്യക്തമാക്കി. നാട്ടില്‍ കാലാകാലങ്ങളില്‍ ഉണ്ടാവുന്ന ഭൂമി സംബന്ധമായ നിയമ നിര്‍മാണങ്ങളില്‍ ഏറെ ദുരിതമനുഭവിക്കുന്നവര്‍ പ്രവാസി മലയാളികളാണ്. ഹ്രസ്വ സന്ദര്‍ശനത്തിനായി നാട്ടിലെത്തുന്ന അമേരിക്കന്‍ മലയാളികള്‍ നിയമ ഭേദഗതികള്‍ വരുന്നതനുസരിച്ച് ഭൂമി സംബന്ധിച്ച രേഖകള്‍ ശരിയാക്കാന്‍ നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പ്രവാസികളുടെ അത്യാവശ്യം മനസിലാക്കി ചില ഉദ്യോഗസ്ഥര്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.



അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന ഈ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് സേവ് പ്രോപ്പര്‍ട്ടി സെല്ലിന്റെ ലക്ഷ്യമെന്ന് ടീം പ്രോമിസ് സാരഥികളായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ)-പ്രസിഡന്റ് , അനു സ്‌കറിയ-ജനറല്‍ സെക്രട്ടറി, ബിനോയ് തോമസ് -ട്രഷറര്‍ , ജോണ്‍സണ്‍ ജോസഫ് - വൈസ് പ്രസിഡന്റ് , രേഷ്മ രഞ്ജന്‍ - ജോയിന്റ് സെക്രട്ടറി, ടിറ്റോ ജോണ്‍- ജോയിന്റ് ട്രഷറര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ജനപ്രതിനിധികള്‍, നിയമവിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, റവന്യൂ- രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സെല്‍ പ്രവര്‍ത്തിക്കുക. മുകളില്‍ പറഞ്ഞ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഫോമാ ടീം പ്രോമിസ് സാരഥികള്‍ക്കുള്ള വിപുലമായ ബന്ധങ്ങള്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക