
വിഷുപ്പക്ഷികള്‍ നിലയ്ക്കാതെ പാടിക്കൊണ്ടിരുന്ന പോയ കാലം ഓര്‍മിച്ചെടുക്കുമ്പോള്‍ ലോകത്തൊരിടത്തും നഷ്ടബോധമുണ്ടാവാത്ത മലയാളികള്‍ കാണില്ല. കൃഷിജോലികള്‍ തുടങ്ങാറായി എന്ന് കര്‍ഷകരെ ഓര്‍മിപ്പിക്കുന്ന പ്രകൃതിയുടെ കൃത്യമായ അലാറമാണ് വിഷുപ്പക്ഷിയുടെ 'വിത്തും കൈക്കോട്ടും...' ഫെബ്രുവരിയിലും മാര്‍ച്ചിലും ഏപ്രിലിലും മാത്രമായിരുന്നു വിഷുക്കിളികളുടെ ഈ പാട്ട് കേട്ടിരുന്നത്.
വിഷുക്കാലമായാല്‍ കണിക്കൊന്നയും കൈനീട്ടവും പടക്കവും മാത്രമല്ല പഴമക്കാരുടെ മനസില്‍ ഓടിയെത്തുക. വിഷുപ്പക്ഷിയുടെ മനോഹരമായ പാട്ടുകളെ പറ്റിയും അവര്‍ വാചാലരാകും. എന്നാലിപ്പോള്‍ വിഷുപ്പക്ഷിയുടെ പാട്ടുകള്‍ മുഴങ്ങുന്ന വിഷുക്കാലം അപൂര്‍വമാണ്. ഒരു ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന വിഷുപ്പക്ഷിയെ ഇപ്പോള്‍ കാണാറേയില്ല. പ്രധാനമായും വിഷുക്കാലത്താണ് ഈ പക്ഷിയുടെ മനോഹരശബ്ദം കേട്ടുതുടങ്ങുക. പതിവുകള്‍ തെറ്റിച്ച് പലപ്പോഴും കോള്‍പാടങ്ങളില്‍ ഈ പക്ഷിയെ കാണാറുണ്ടെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു.
പുതിയ തലമുറയിലുള്ളവരാരും വിഷുപ്പക്ഷിയെ പറ്റി കേട്ടിട്ടുണ്ടോ എന്നതും സംശയമാണ്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണ് വിഷുപ്പക്ഷി. ഇംഗ്ലീഷില്‍ ഇതിന് ഇന്ത്യന്‍ കുക്കോ എന്നാണ് പേര്. വിഷുപക്ഷി, അച്ഛന്‍ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി, ചക്കയ്ക്കുപ്പുണ്ടോ കുയില്‍ തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയില്‍ അറിയപ്പെടുന്നു.
ഇതില്‍ ആണ്‍ പക്ഷിയും പെണ്‍പക്ഷിയും ഒരുപോലെയായിരിക്കും. പെണ്‍പക്ഷിയുടെ കഴുത്തില്‍ ആണ്‍പക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാര നിറമാണ്. നെഞ്ചിലും വാലിലും കൂടുതല്‍ ബ്രൗണ്‍ നിറവുമായിരിക്കും. പക്ഷിയുടെ കൂവലിന് നാലു നോട്ടുകളുണ്ട്. അതിനാല്‍ പല തരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇന്ത്യയില്‍ ഇതിന്റെ മുട്ടയിടുന്ന കാലം. കാക്കയുടേയും മറ്റും കൂട്ടിലാണ് ഇത് മുട്ടയിടുന്നത്. ഇതിന്റെ മുട്ട വിരിയാന്‍ 12 ദിവസമാണ് വേണ്ടത്.
നാണം കുണുങ്ങി പക്ഷിയായതു കാരണം കണ്ടുകിട്ടുക എളുപ്പമല്ല. പക്ഷിയുടെ ശബ്ദം കേട്ട് തിരിച്ചറിയുകയാണെളുപ്പം. പക്ഷിയുടെ കൂകലിന് നാലു നോട്ടുകളുണ്ട്. 'അച്ചന്‍കൊമ്പത്ത്...' 'അമ്മവരമ്പത്ത്...' 'കള്ളന്‍ ചക്കേട്ടു...' 'കണ്ടാല്‍ മിണ്ടണ്ട...' തുടങ്ങിയ വരികളുടെ ഈണത്തില്‍ അഞ്ച് പത്ത് സെക്കന്റ് ഇടവിട്ടുകൊണ്ടുള്ള പാട്ട് അരക്കിലോമീറ്റര്‍ ദൂരെവരെ കേള്‍ക്കാം. രാവിലെ മുതല്‍ വൈകീട്ടുവരെ മാത്രമല്ല നിലാവുള്ള രാത്രിയിലും ഇത് കേള്‍ക്കാറുണ്ട്. ഇവയുടെ നാലുനോട്ടുകളുള്ള പാട്ടുമായി ബന്ധപ്പെട്ട് ബംഗ്ലാളിലും നേപ്പാളിയും ചൈനയിലുമൊക്കെ നമ്മുടെ വിഷുപക്ഷിയോട് സമാനമായ രസകരമായ പ്രാദേശിക മിത്തുകളും ആഖ്യാനങ്ങളുമുണ്ട്.
ധാരാളം മരങ്ങളുള്ള ഗ്രാമപ്രദേശങ്ങളിലും റബ്ബര്‍ തോട്ടങ്ങളിലും ഇലപൊഴിയും കാടുകളിലും കണ്ടുവരുന്ന നാണം കുണുങ്ങിയായ ഈ പക്ഷി സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരെ വരെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ മരങ്ങള്‍ ഇടതിങ്ങിയ ഗ്രാമപ്രാന്തങ്ങളിലും എല്ലാ സംരക്ഷിതവനപ്രദേശങ്ങളിലുമെല്ലാം ഇവയുടെ സാന്നിദ്ധ്യമുണ്ടെങ്കിലും മൂന്നാര്‍ പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ വിരളമായേ കാണാറുള്ളൂ. പുഴുക്കളും പ്രാണികളുമാണ് പ്രധാന ആഹാരമെങ്കിലും അപൂര്‍വ്വം അവസരങ്ങളില്‍ പഴങ്ങളും ഭക്ഷിക്കാറുണ്ട്.
ഇത് പ്രകൃതിയുടെ തല തിരിഞ്ഞ കലികാലം. മനുഷ്യന്റെ തീരാത്ത ആര്‍ത്തി ഭൂമിയുടെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. കുളങ്ങളും കിണറുകളും പുഴകളും വറ്റി വരണ്ട കേരളത്തില്‍ ഇപ്പോള്‍ കുടിവെള്ളവാണിഭം അരങ്ങുതകര്‍ക്കുന്നു. മനസു മരവിച്ചതുകൊണ്ടാവാം വിഷുപ്പക്ഷികളും തൂക്കണാം കുരുവികളും തത്തകളും മരംകൊത്തികളുമെല്ലാം ഇവിടെ നിന്ന് പറന്നകന്നുപോയിരിക്കുന്നു. അവ വല്ലപ്പോഴും ഉമ്മറത്തെ ശേഷിക്കുന്ന മരച്ചില്ലകളില്‍ പറന്നു വന്നിരിക്കുന്ന അതിഥികള്‍ മാത്രം.
നെല്‍വയലുകള്‍ നികത്തി ആകാശം മുട്ടുന്ന കോണ്‍ക്രീറ്റ് കാടുകളാണ് വച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അസന്തുലിതമായ ഒരു എക്കോസിസ്റ്റത്തില്‍ മനുഷ്യരും എങ്ങിനെയോ ജീവിക്കുന്നു...'നാം കുഴിച്ച കുഴിയില്‍ നാം' എന്ന ദുരിത ഭാരവുമായി. ഇനിയെന്നാണ് നമ്മള്‍ ആ വിഷുപ്പക്ഷിയുടെ ഉണര്‍ത്തുപാട്ട് കേള്‍ക്കുക...നമുക്ക് പ്രതീക്ഷിക്കാം. പ്രമുഖ കവി മധുസൂദനന്‍ നായര്‍ പാടിയതുപോലെ...
''വിഷുവെനിക്കെന്നും പ്രിയപ്പെട്ടവള്‍
ക്രൂര നിശകളില്‍നിന്നും വിളിച്ചുണര്‍ത്തും
തണുവെഴും കൈകളാല്‍ കണ്ണുപൊത്തും
പുലര്‍ കണിവിളക്കിന്‍ മുന്‍പിലെന്നെ നിര്‍ത്തും...''
വിഷു ദിവസത്തില്‍ കര്‍ഷകര്‍ ഭൂമിദേവിക്കും മുപ്പത്തിമുക്കോടി ദേവന്മാര്‍ക്കും ശിവന്റെ സാന്നിധ്യത്തില്‍ ആദ്യം തന്നെ നടത്തപ്പെടുന്ന ചടങ്ങാണ് ചാലിടല്‍. ഇത് കേരളത്തിലെ പല ഗ്രാമങ്ങളിലും കര്‍ഷകര്‍ ആചരിക്കുന്നു. 'വിത്തും കൈക്കോട്ടും' എന്ന പ്രയോഗം വിഷുപ്പക്ഷിയുടെ ഐതീഹ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മേടം ഒന്നാം തീയതി സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ്. മേടം മുതല്‍ മീനം വരെയാണ് രാശി ചക്രം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാനുഷ ഭാവം വിട്ട് വൈകുണ്ഠത്തിലേക്ക് മടങ്ങിയത് മേടമാസ സംക്രമ സന്ധ്യയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഭഗവാന്‍ മറഞ്ഞതിന് ശേഷം ആരംഭിച്ച കലിയുഗത്തെ ഭഗവത് വിഗ്രഹം കണികണ്ടുകൊണ്ടാണ് ഭക്തജനങ്ങള്‍ സ്വീകരിച്ചത്. വിഷുക്കണി എന്ന സങ്കല്പത്തിനു പിന്നിലെ ഒരു വിശ്വാസം ഇതാണ്. മഹാലക്ഷ്മിയുടെ സാന്നിധ്യമുള്ളതുകൊണ്ടും ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുവുടയാടയെ സ്മരിപ്പിക്കുന്നതും കൊണ്ടാണ് കൊന്നപ്പൂവിന് വിഷുവിനോടനുബന്ധിച്ച് പ്രാധാന്യം ലഭിക്കുന്നത്.
ഓണം വിരിപ്പൂ കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു വേനല്‍ക്കാല പച്ചക്കറികളുടെ വിളവെടുപ്പ് മഹോത്സവമാണ്. മലയാളിയുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ പരിപ്രേഷ്യമാണ് വിഷു. വിഷുവിനു തൊട്ടുപിന്നാലെ നെല്‍വയലുകള്‍ ഉഴുതുമറിച്ച്, കര്‍ഷകര്‍ പുതിയ കൊയ്ത്തിനായി വിത്തു വിതയ്ക്കുന്നു. മഴദൈവങ്ങള്‍ കര്‍ഷകമനസുകളെ അനുഗ്രഹിച്ച് വേനല്‍ ചൂടിനെ അകറ്റി കൃത്യമായി മഴ പെയ്യിച്ചിരുന്ന താളം തെറ്റാത്ത പ്രകൃതിയുടെ കൃത്യനിഷ്ഠയുള്ളൊരു കാലമുണ്ടായിരുന്നു.
കാര്‍ഷികപ്രധാനമാണ് വിഷു. 'കൃഷിയും ധനവും കൈനീട്ടമേകാന്‍ ഋഷിനാടിന്നുത്സവദേവത നീ' എന്ന് കവി വിഷുവിനെക്കുറിച്ച് പാടുന്നു. വിഷു എന്ന വാക്ക്, ഉത്പാദനവുമായിക്കൂടി ബന്ധപ്പെട്ടതാണ്. 'വിസൂയതേ ഇതി വിഷു' (ഉല്‍പാദിപ്പിക്കുകയാല്‍ വിഷു എന്നര്‍ഥം). വരുന്ന വര്‍ഷഫലത്തെക്കുറിച്ച് ഇക്കാലം കര്‍ഷകര്‍ സ്വപ്നം കാണുന്നു. ഞാറ്റുപാടങ്ങളില്‍ പുള്ളുവര്‍ പാടുന്ന പാട്ടുണ്ട്.
'പൊലിക പൊലിക ദൈവമേ
താന്‍ നെല്‍ പൊലിക,
പൊലികണ്ഠന്‍ തന്റേതൊരു വയലകത്ത്
ഏറോടെയെതിര്‍ക്കുന്നൊരെരുതും വാഴ്ക
ഉഴമയലേയാ എരിഷികളെ നെല്‍പൊലിക
മൂരുന്ന ചെറുമനുഷ്യര്‍ പലരും വാഴ്ക
മുതിക്കും മേലാളിതാനും വാഴ്ക'
കാളയും ഉഴവുകാരനും മേലാളനും ഒരു പോലെ വാഴണം എന്നാണ് പ്രാര്‍ഥനയുടെ അര്‍ഥം. വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണിത് കാണിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് പരമ്പരാഗത വിശ്വാസം.