
കാലിഫോർണിയ: സോഷ്യൽ മീഡിയ ലൈവ് വീഡിയോയിൽ ബാലപീഡനശ്രമം നടത്തിയെന്നാരോപിച്ച് പൊതുവേദിയിൽ തെറ്റായി പ്രചരിപ്പിച്ചത് തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ആകാശ് സിംഗാനിയ വ്യക്തമാക്കി.
യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർ വൈറ്റലി ഡോറോവെറ്റ്സ്കിയുടെ 'ക്യാച്ചിങ്ങ് ചൈൽഡ് പ്രീഡറ്റേഴ്‌സ് ' എന്ന പരമ്പരയിലെ ലൈവ് സംപ്രേഷണത്തിനിടെയായിരുന്നു വിവാദപരമായ ആരോപണത്തിന് സാഹചര്യം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ വ്യക്തിപരമായും തൊഴിൽ മേഖലയിലും വലിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നതായി സിംഗാനിയ വ്യക്തമാക്കി. ആരോപണം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം ആവർത്തിച്ചു.
സംഭവസ്ഥലത്തെത്തിയ സാന്റാ അന പോലീസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന് ശേഷം യാതൊരു തെറ്റും കണ്ടെത്താനായില്ലെന്ന് സിംഗാനിയ വ്യക്തമാക്കി. സംഭവത്തെ പ്രൊഫഷണൽ രീതിയിൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു.
തുടർന്ന് തെറ്റ് സമ്മതിച്ച് ഡോറോവെറ്റ്സ്കി പൊതുമാപ്പ് പ്രസ്താവിച്ചു. ബന്ധപ്പെട്ട വീഡിയോ നീക്കം ചെയ്തതായും സിംഗാനിയയെ ലക്ഷ്യമിട്ട് പ്രചരിക്കുന്ന പകർപ്പുകൾ ഇല്ലാതാക്കണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെട്ടതായും അറിയിച്ചു.
എന്നാൽ ആരോപണത്തിന്റെ പ്രത്യാഘാതം ഇതിനകം തന്നെ തന്റെ പ്രതിച്ഛായയെ ബാധിച്ചതായി ചൂണ്ടിക്കാട്ടിയ സിംഗാനിയ, കോടികൾ വിലവരുന്ന മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ നിയമനടപടികൾ ആരംഭിച്ചതായി അറിയിച്ചു.
സ്ഥിരീകരിക്കാത്ത ആരോപണങ്ങളെ അടിസ്ഥാനമാക്കി ലൈവ് സ്ട്രീമിംഗ് വഴി നടത്തുന്ന ഇത്തരം നടപടികൾ അന്വേഷണങ്ങളെ ബാധിക്കാനും നിരപരാധികൾക്ക് ഗുരുതരമായ നഷ്ടം വരുത്താനും ഇടയാക്കുമെന്ന ആശങ്കയും നിയമ വിദഗ്ധരും നിയമപ്രവർത്തകരും വീണ്ടും മുന്നോട്ട് വെക്കുകയാണ്.