Image

പ്രാർത്ഥന ഫലിക്കുമോ ? (ജയൻ വർഗീസ്)

Published on 15 April, 2026
പ്രാർത്ഥന ഫലിക്കുമോ ? (ജയൻ വർഗീസ്)

( പ്രാർത്ഥന ഫലിക്കുമോ എന്ന വിഷയത്തിൽ പ്രഗത്ഭരായ രണ്ടു വ്യക്തികൾ സംവാദത്തിൽഏർപ്പെടുകയാണല്ലോ? തങ്ങളുടേതായ കാഴ്ചപ്പാടുകളിലൂടെ അവർ നിലപാടുകൾവിശദീകരിക്കുമ്പോൾ എനിക്കുപോലും വിശദീകരിക്കാനാവാതെ എന്റെ ജീവിതത്തിൽ സംഭവിച്ചഅനേകം കാര്യങ്ങളിൽ ഒന്ന് ഇവിടെ പങ്കു വയ്ക്കുന്നു.   ( യഥാർത്ഥത്തിൽ ഇതിനു വേണ്ടിപ്രാർത്ഥിച്ചതായി ഞാനോർക്കുന്നുമില്ല ) സംവാദകർ ഉൾപ്പടെ ആർക്കെങ്കിലും ഒരു വിശദീകരണംനൽകാനാകുമെങ്കിൽ അത് കാത്തിരിക്കുന്നു. )

പശ്ചാത്തലം:

മകളുടെ കുട്ടിയുടെ ബേബീസിറ്റിങ്‌ ഏറ്റെടുക്കേണ്ടി വന്നതിനാൽ ഒരു നേഴ്‌സിങ്‌ഹോമിൽഉണ്ടായിരുന്ന ചെറിയ ജോലി ഭാര്യക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ചെറിയ നിലയിലുള്ള എന്റെ വരുമാനം കൊണ്ട് മോർട്ടഗേജ് ഉൾപ്പടെയുള്ള ചിലവുകൾ നടക്കില്ലഎന്നറിയാവുന്നതു കൊണ്ടും മേരിക്കുട്ടി ഒരു വിദഗ്ധ തയ്യൽക്കാരി ആയിരുന്നത് കൊണ്ടും ഇന്ത്യൻസാരികൾ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്തുന്ന ഒരു ചെറിയ വ്യവസായം ഞങ്ങളുടെ വീടിന്റെബേസ്മെന്റിൽ ഞങ്ങൾ ആരംഭിച്ചു.

ആദ്യകാലങ്ങളിൽ ബാംഗ്ലൂരിൽ നിന്നുള്ള സാരികൾ മാത്രം വിൽപ്പന നടത്തിയിരുന്നത് പിന്നീട്ഡൽഹിയിൽ നിന്നുള്ള റെഡിമേഡ് വസ്ത്രങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. ഡൽഹിയിൽനിന്നുള്ള ആദ്യ ഷിപ്മെന്റ് തന്നെ അമേരിക്കൻ കസ്റ്റംസ് തടഞ്ഞു വച്ചു എന്ന ഞെട്ടിക്കുന്നഅറിയിപ്പാണ് ചൈനാക്കാരിയായ ഞങ്ങളുടെ ക്ലിയറൻസ് ഏജന്റിൽ നിന്നും ലഭിക്കുന്നത്. അന്വേഷണത്തിൽ വസ്ത്രങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ഹുക്കുകളിലും സിപ്പറുകളിലുമൊന്നുംഹസാർഡ് മെറ്റിരിയാൽ ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിച്ചാലേ ചരക്ക്‌ റിലീസ് ചെയ്യൂ എന്നറിഞ്ഞു.പിന്നെ അതിന്റെ പിറകെ ആയി ഓട്ടം. ഉൽപ്പാദകരിൽ നിന്ന് നിയമാനുസൃതമുള്ള നോട്ടറി അറ്റസ്റ്റിഡ്അഫിഡവിറ്റ്‌ അയച്ചു കിട്ടന്നതിനുള്ള സംവിധാനം അനുജൻ റോയി മുഖാന്തിരം ഏർപ്പാടാക്കി.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ പറഞ്ഞിരുന്നത് പോലെയുള്ള നോട്ടറി അറ്റസ്റ്റഡ് ഡോക്കുമെന്റ്സ്ഫാക്‌സായി എത്തി. സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിന്റെ ഫാക്സ് നമ്പരാണ് ‌ കൊടുത്തിരുന്നത്എന്നതിനാൽ കൈയോടെ പേപ്പർ കൈയിൽ കിട്ടി. അത് ചൈനാക്കാരിയെ ഏൽപ്പിച്ച് രണ്ടാഴ്ച കൂടികാത്തിരുന്നപ്പോൾ ചൈനാക്കാരിയുടെ വിളി വന്നു : " ചരക്കു റിലീസ് ആയിട്ടുണ്ട്, ഉടൻ കൈപ്പറ്റണം " എന്നായിരുന്നു മെസ്സേജ്.

സംഭവം

പിറ്റേ ദിവസം അവധിയെടുത്ത് ഞാനും, ഭാര്യയും കൂടി ചരക്ക് പിക്ക് ചെയ്യാനിറങ്ങി. ചൈനാക്കാരിയുടെ ഓഫീസിൽ എത്തി  ഫീസ് അടച്ചപ്പോൾ അവൾ റിലീസ് ഡോകുമെന്റ്സ് കൈയിൽതന്നു. ക്യൂൻസിൽ ( ക്യൂൻസിൽ തന്നെയാണോ എന്നും സംശയമുണ്ട്. ) എവിടെയോ ഉള്ള ഒരഡ്രസ്അവർ ഞങ്ങൾക്ക് തന്നു. അതാണ് സിംഗപ്പൂർ എയർ ലൈൻസിന്റെ ഗോഡൗൺ. അവിടെയെത്തിഡോകുമെന്റ്സ് സമർപ്പിച്ചാൽ സാധനം കൈപ്പറ്റാം. സൂക്ഷിപ്പ് കൂലിയായി അത്ര വലുതല്ലാത്ത ഒരുതുക അടക്കണം. സംഗതി സിംപിൾ.

ഒരു മിത്‍സുബിഷി ഗലാന്റ്‌ ആണ് ഞങ്ങളുടെ വണ്ടി. ജി. പി. എസ്. ഒന്നും വ്യാപകമായിട്ടില്ല. ആകെയുള്ളത് ഒരു ന്യൂ യോർക്ക് സിറ്റി മാപ്പാണ്. സ്റ്റാറ്റൻ ഐലൻഡിൽ നിന്നും വളരെ ദൂരം ഡ്രൈവ്ചെയ്തിട്ടുള്ള പരിചയവും എനിക്കില്ല. ആകപ്പാടെ കുറച്ചു ദൂരെ ഞാൻ തനിച്ചു ഡ്രൈവ്ചെയ്‌തിട്ടുള്ളത്‌ അന്ന് ക്ളീനെറ്റിന്റെ ഓഫീസിൽ പോയിട്ടുള്ളപ്പോളും, ന്യൂ ജേഴ്സിയിലെ ഹിന്ദു വിഹാറിൽ ‘ കൊയ്‌നാ ‘ ദുരന്തത്തിൽ പെട്ടവർക്കുള്ള ജീൻസുകൾ എത്തിച്ചു കൊടുക്കുന്നതിനും മാത്രമായിരുന്നു. ചിക്കാഗോയിലും, ഫ്ലോറിഡായിലുമുള്ള ബന്ധു വീടുകളിൽ ഡ്രൈവ് ചെയ്തുപോയിട്ടുണ്ടെങ്കിലും അന്ന് വണ്ടിയോടിച്ചിട്ടുള്ളത് മറ്റുള്ളവരാണ്. ( പ്രധാനമായും മകൻ എൽദോസ് ) ദൂരെ യാത്രക്ക് പോകേണ്ടി വന്നിട്ടുള്ള മറ്റു സന്ദർഭങ്ങളിലെല്ലാം അൽപ്പം ചില്ലറ മുടക്കിയാലുംടെൻഷൻ ഫ്രീയായി യാത്ര ചെയ്യാവുന്ന ഫ്‌ളൈറ്റുകളെയാണ് മറ്റുള്ളവരെപ്പോലെ ഞങ്ങളുംആശ്രയിച്ചിരുന്നത്.

മാപ്പു നോക്കിയും അല്ലാതെയുമായി കുറേയേറെ ഓടി. സ്ഥലം എവിടെയാണെന്ന് ഒരെത്തും പിടിയുംകിട്ടുന്നില്ല. ഒരിടത്തു നിർത്തി മാപ്പു നോക്കുമ്പോൾ സ്ഥലം മറു ദിശയിൽ ആണെന്ന് തോന്നും. അങ്ങോട്ട് കുറേയോടിയിട്ട് മാപ്പു നോക്കുമ്പോൾ നമ്മൾ വന്ന ദിശയിൽ ആയിരുന്നുപോകേണ്ടിയിരുന്നത്  എന്ന് തോന്നും. ഇങ്ങനെ ഓടിയോടി രണ്ടു - രണ്ടര മണിക്കൂർ കടന്നു പോയി.  ഓടിത്തളർന്നു ചുവന്നു പോയ സൂര്യൻ പടിഞ്ഞാറേ മാനത്ത് ചാഞ്ഞുറങ്ങാൻ തയ്യാറെടുത്തുനിൽക്കുന്നു. നേരം ഇരുളാൻ പോകുകയാണല്ലോ എന്ന് പേടിത്തൊണ്ടിയായ ഭാര്യ പിറുപിറുക്കാൻതുടങ്ങിയിരിക്കുന്നു.

ന്യൂ യോർക്ക് മഹാ നഗരത്തിലെ പേരറിയാവുന്നതും, അറിയാത്തതുമായ ഒട്ടേറെ റോഡുകളിലൂടെഓടിയോടി തളർന്ന് ഒരു റെഡ് ലൈറ്റിന് മുമ്പിൽ ഞങ്ങൾ നിർത്തിയിരിക്കുകയാണ്. ഈ സ്പോട്ടിൽറോഡ് ഇംഗ്ലീഷ് അക്ഷര മാലയിലെ ' ടി ' യുടെ ആകൃതിയിൽ ആണ്. ടി യുടെ വിലങ്ങനെയുള്ളഭാഗത്തു ഗ്രീൻ ലൈറ്റായതിനാൽ ഇരു വശത്തേക്കും വാഹനങ്ങൾ ചീറിപ്പായുന്നു. ടി യുടെ താഴോട്ടുള്ളവാൽ ഭാഗത്ത് ഞങ്ങൾ ഇടത്തോട്ട് തിരിയാനായി സിഗ്നൽ ഇട്ടു നിൽക്കുന്നു. ടി യുടെവിലങ്ങനെയുള്ളതും ഇപ്പോൾ  വാഹനങ്ങൾ ചീറിപ്പായുന്നതും ആയ റോഡിൽ ഞങ്ങളുടെ ഇടതുവശത്ത്  ഈ സ്പോട്ടിൽ നിന്നും ഒരു ഇരുന്നൂറിനും, മുന്നൂറിനും ഇടയിൽ  അടി ദൂരെ വലതുവശത്തേക്ക് ഒരു റോഡ് തിരിഞ്ഞു  പോകുന്നുണ്ട്. ഏകദേശം അതിലേ പോയാൽഎത്താവുന്നിടത്താണ് നമ്മുടെ ലക്ഷ്യം എന്ന് മാപ്പിൽ നിന്നും സൂചന കിട്ടിയിട്ടാണ്  അതിലേപോകാൻ തയ്യാറെടൂത്ത് ഗ്രീൻ ലൈറ്റിനായി ഞങ്ങൾ കാത്തു നിൽക്കുന്നത്.

ഞങ്ങൾ നിൽക്കുന്ന സ്‌പോട്ടിനും, തിരിഞ്ഞു പോകണം എന്ന് ഉദ്ദേശിക്കുന്ന വലതു വശത്തേക്കുള്ളോഡിനും ഇടയിലായി നമ്മുടെ മുൻ ഭാഗത്തു  നിന്ന് വന്ന് ടി യുടെ വിലങ്ങൻ റോഡ് മുറിച്ചു കടന്ന്നമ്മൾ നിൽക്കുന്ന വാൽ ഭാഗം റോഡിനു സമാന്തരമായി പിന്നിലേക്ക് പോകുന്ന ഒരു വൺ  വേട്രാഫിക് റോഡും, അതിൽ വിലങ്ങൻ റോഡിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പ് ഒരു സ്റ്റോപ്പ്സൈനും ഉണ്ട്.

ഞങ്ങൾ നോക്കി നിൽക്കുമ്പോൾ പതിനെട്ടു ചക്രങ്ങളിൽ ഓടുന്ന വെളുത്ത നിറമുള്ള ഒരു ഹെവിഡ്യൂട്ടി  വമ്പൻ ട്രാക്ടർ ട്രെയിലർ  മുൻ വശത്തുള്ള വൺവേയിലൂടെ  പാഞ്ഞു വന്ന് സ്റ്റോപ്പ് സൈനിനുമുന്നിൽ പെട്ടെന്ന് നിർത്തി. അതിൽ നിന്ന് ഡ്രൈവർ ചാടിയിറങ്ങി ശ്രദ്ധാ പൂർവം വിലങ്ങൻ റോഡ്മുറിച്ചു കടന്ന് എന്റെ കാറിന്നടുത്തേക്ക് വേഗത്തിൽ നടന്നു വരികയാണ്. ആൾ തനി വെളുമ്പനുമല്ലാ, കറമ്പനുമല്ലാ. ഇന്ത്യൻ - ചൈനീസ് നിറങ്ങൾക്കിടയിലുള്ള ഒരു നിറം. ആറടിയിൽ കുറയാതെപൊക്കവും അതിനൊത്ത വണ്ണവുമുള്ള അയാൾക്ക് നാല്പതു വയസിൽ താഴയുള്ള പ്രായംതോന്നുന്നുണ്ട്. വഴിയറിയാതെ കറങ്ങി നിൽക്കുന്ന എന്നോട് വഴി ചോദിക്കാനാവും ഇയാളുടെ വരവ്എന്ന് അത്ഭുതം കൂറിയിരുന്ന എന്നോട് കാറിനടുത്തെത്തി എന്തോ ആംഗ്യങ്ങളൊക്കെ കാണിച്ചപ്പോൾഞാൻ വിൻഡോ ഗ്ളാസ് താഴ്‌ത്തി അയാളെ നോക്കി.

" എവിടെപ്പോകാൻ നിൽക്കുകയാ ? " ( വേർ യു വാണ്ട് ടു ഗോ ?). എന്ന എടുത്തടിച്ചതു പോലെയുള്ളഅയാളുടെ ചോദ്യത്തിന് മുന്നിൽ ഞെട്ടിത്തെറിച്ച ഞാൻ " സിംഗപ്പൂർ എയർ ലൈൻസിന്റെഗോഡൗണിൽ " എന്ന് അറിയാതെ പറഞ്ഞു പോയി. " എന്നെ പിന്തുടരുക "  ( ഫോളോ മീ. )എന്ന്ഒരാജ്ഞ പോലെ എന്നോട് പറഞ്ഞിട്ട് പെട്ടെന്ന് വന്ന വഴിയേ റോഡ് മുറിച്ചു കടന്ന് അയാൾ സ്വന്തംട്രക്കിൽ കയറി.

അപ്പോൾ ഗ്രീൻ ലൈറ്റ് വന്നു. സ്റ്റോപ് സൈനിൽ നിന്ന അയാൾ നേരെ വിലങ്ങൻ റോഡ് ക്രോസ്ചെയ്തു മുന്നോട്ടു പോയി. ഞാൻ ഇടത്തോട്ടു തിരിഞ്ഞ് അൽപ്പം മുന്നോട്ടു ചെന്ന് അയാൾ പോയറോഡിലൂടെ വീണ്ടും ഇടത്തോട്ടു തിരിഞ്ഞ് അയാളെ പിന്തുടർന്നു. ഒരു രണ്ടു മിനിറ്റിൽ താഴെ വണ്ടിഓടിക്കാണണം, വലത്തേക്കുള്ള ഒരു വളവിൽ സ്ലോ ചെയ്‌ത്‌ അയാൾ ട്രക്ക്  നിർത്തി. എന്നിട്ട് സ്വന്തംക്യാബിനിൽ നിന്ന് തല പുറത്തേക്കിട്ട് വലതു വശത്തേക്ക് ചൂണ്ടി " അതാണ് സ്ഥലം " ( ദാറ്റ്സ് ദപ്ളേസ്. ) എന്ന് പറഞ്ഞിട്ടു ട്രക്ക് ഓടിച്ചു പോയി. ഇവിടെ അയാളുടെ  വാഹനത്തിന്റെ വലതുവശത്തെവിന്റോയിലൂടെ തല നീട്ടിയിട്ടാണ് അയാൾ എന്നോട് സംസാരിച്ചത്. സാധാരണ നിലയിൽഅമേരിക്കയിൽ ഓടുന്ന വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റ് ഇടതു വശത്താണല്ലോ? ഞാൻനോക്കുമ്പോൾ ഒരു മുന്നൂറടി ദൂരത്തിൽ ' സിംഗപ്പൂർ എയർ ലൈൻസ്  ' എന്ന വമ്പൻ സൈൻ  ബോർഡ് കണ്ടു.

രണ്ട് മെറ്റൽ ബോക്സുകൾ ഉൾപ്പടെ എട്ടു ബണ്ടിലുകളിലായിട്ടായിരുന്നു ചരക്ക്. കാറിന്റെ പുറത്തും, ഡിക്കിയിലും, സീറ്റിലും ഒക്കെയായി അത് കുത്തി നിറച്ച് മടങ്ങിപ്പോരുമ്പോൾ ആണ് നടന്നസംഭവങ്ങളുടെ നാടകീയതയും, അവിശ്വസനീയതയും എന്റെ മനസിലൂടെ ഒരു സിനിമാ സ്‌ക്രീനിൽഎന്ന പോലെ തെളിഞ്ഞു വന്നത്. ഒരു റെഡ് ലൈറ്റിനും, ഗ്രീൻ ലൈറ്റിനും ഇടയിലെ ഹൃസ്വമായ ഈസമയത്തിനുള്ളിൽ നടന്ന ഈ സംഭവ വികാസങ്ങളെ മനസ്സിലിട്ടു കശക്കി വിലയിരുത്തുവാനുള്ളഎന്റെ ശ്രമങ്ങൾ തുടരുന്നതിനിടയിൽ ഭാര്യയുടെ അത്ഭുതം വിതുമ്പുന്ന ചോദ്യം എന്റെ നേർക്ക് വന്നു: " ആരായിരുന്നു ആ ഡ്രൈവർ ?"

ഇതിനകം ആയിരം വട്ടം ഈ ചോദ്യം ഞാൻ സ്വയം ചോദിച്ചു കഴിഞ്ഞിരിക്കുന്നു.  ഇതു മാത്രമല്ലാ, ഇതിനോട് ബന്ധപ്പെട്ട മറ്റനേകം ചോദ്യങ്ങളും. ആരായിരുന്നു അയാൾ ? എന്തിനയാൾ അയാളുടെപതിനെട്ട് ' വീലൻ ' ഭീമൻ ട്രാക്റ്റർ ട്രെയിലർ റോഡിൽ നിർത്തിയിട്ട് അതിൽ നിന്നിറങ്ങി ട്രാഫിക്നടക്കുന്ന വിലങ്ങൻ റോഡ് ശ്രദ്ധാപൂർവം മുറിച്ചു കടന്ന് എന്റെ അരികിൽ വന്നു? ഞാൻ എവിടെയോപോകാൻ കാത്തു നിൽക്കുകയാണെന്ന് അയാളെങ്ങിനെ അറിഞ്ഞു ? എന്റെ ആവശ്യംഅറിഞ്ഞപ്പോൾ എന്നെ പിന്തുടരൂ എന്ന് പറഞ്ഞു കൊണ്ട് എന്നെ നയിച്ച് ലക്ഷ്യ സ്ഥാനംചൂണ്ടിക്കാണിച്ചു തരുവാൻ ഇയാൾക്ക് ലഭിച്ച പ്രചോദനം എവിടെ നിന്ന് ? ഇനിയും  ചോദ്യങ്ങൾനുരഞ്ഞു പൊന്തി വരുന്നുണ്ട് താനും.

അയാൾ ആരാണെന്ന് എനിക്കറിയില്ലെന്നും, ജീവിതത്തിൽ മുമ്പൊരിക്കലും അയാളെ ഞാൻകണ്ടിട്ടില്ലെന്നും ഭാര്യയോട് മറുപടി പറഞ്ഞു.  ' ദൈവം അയച്ചതായിരിക്കും ' എന്ന അവളുടെആത്മഗതം കേട്ടതായി ഭാവിക്കാതെ എന്റെ ജീവിതത്തിലെ ഒട്ടനേകം പ്രതിസന്ധി ഘട്ടങ്ങളിൽ എന്റെയാതൊരു പങ്കുമില്ലാതെ സംഭവിച്ച ഇത്തരം അനുഭവങ്ങളെ അയവിറക്കുകയായിരുന്നു ഞാൻഅപ്പോൾ. ( ഞാൻ പോകണം എന്നുദ്ദേശിച്ച റോഡ് അടുത്തുള്ള ഒരു ഹൈവേയിലേക്കുള്ള പ്രവേശനപാത ആയിരുന്നുവെന്നും, അതിലെ പോയിരുന്നെങ്കിൽ ചുരുങ്ങിയത് അഞ്ചു മൈൽ എങ്കിലുംകഴിയാതെ ഒരു എക്സിറ്റ് കിട്ടുകയില്ലായിരുന്നുവെന്നും പിന്നീടറിഞ്ഞു. ഹൈവേയിൽ നിന്ന്ഇറങ്ങിയതോ, ഹൈവേയിലേക്ക് കയറുവാൻ പോകുന്നതോ ആയ ഒരു ട്രക്കിന്റെ ഡ്രൈവർആയിരിക്കണം എനിക്ക് വഴി കാണിച്ച ആൾ എന്നും പിന്നീട് മനസിലായി. ആ സ്ഥലത്ത് ഒന്നു കൂടിപോകണമെന്നും, ആ പരിസരങ്ങൾ  വീണ്ടും

നടന്നു കാണണം എന്നും പല തവണ ആഗ്രഹിച്ചുവെങ്കിലും ഇത് വരെയും സാധിച്ചിട്ടില്ല. )

വളരെ കുറച്ചു പേരോട് മാത്രമേ ഈ അനുഭവം ഞാൻ പറഞ്ഞിട്ടുള്ളു. സാധാരണയായി കള്ളംപറയാത്ത ഒരു ആളാണ് ഞാനെന്ന ധാരണ പുലർത്തുന്നവർ പോലും ഈ കാര്യം അതേപടിവിശ്വസിക്കുവാൻ വിമുഖത കാണിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യംപറയുന്നിടത്ത് ഈ സംഭവത്തിന്റെ നേർ സാക്ഷിയായ എന്റെ ഭാര്യയെക്കൂടി ഒപ്പം ചേർക്കുവാനും, കുറെ ഭാഗങ്ങൾ എങ്കിലും അവളെക്കൊണ്ട് പറയിക്കുവാനും ഞാൻ ശ്രദ്ധിക്കാറുണ്ട്. എനിക്ക് പോലുംഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് നേരറിവില്ലാത്ത പാവം കേൾവിക്കാർ ഉത്തരം കണ്ടു പിടിക്കണം എന്ന്പറയുന്നതിൽ വലിയ അർത്ഥമില്ലല്ലോ ? യുക്തിവാദി സംഘങ്ങളുടെ ഓഫീസുകളിൽകയറിയിറങ്ങിയിട്ടുള്ള ബാല്യകാല പരിചയവും, പ്രമുഖ എത്തിസ്റ്റ് ആയിരുന്ന ശ്രീ അബ്ദുൽ സലാംസാറുമായുള്ള സുഹൃത് ബന്ധവും ഇഴ ചേർത്തു വിലയിരുത്തിയിട്ടും, സർവ സംശയങ്ങളുടെയുംപരിഹാര സൂത്രമായ ' യാദൃശ്ചിക ' ത്തിന്റെ കരുംചാണയിൽ എന്നാൽ ആവും വിധം ഉരച്ചുനോക്കിയിട്ടും ഉത്തരം കിട്ടാത്ത ഈ സംശയങ്ങൾക്ക് സൈബർ മാധ്യമങ്ങളിൽ കള്ളപ്പേരുകളിൽഒളിച്ചിരുന്ന് ശാസ്ത്ര പാണ്ഡിത്യം ശർദ്ദിക്കുന്ന സാമൂഹ്യ പരിഷ്‌ക്കർത്താക്കളോ എസ്സെൻസ് ഫെസ്റ്റ്സംവാദകരോ ഉത്തരം കണ്ടെത്തി എന്നെ അറിയിക്കും എന്നാശിക്കുന്നു.

ഒന്നെനിക്കു മനസിലായി. മനുഷ്യനും അവന്റെ ചിന്താങ്കുരണ ശേഷിയുള്ള ഇരുന്നൂറു ഗ്രാംതലച്ചോറിൽ മുള പൊട്ടുന്ന യുക്തി ഭദ്രമായ  ' ശാസ്ത്രീയ ' വിശകലനങ്ങൾക്കും, അനന്തവിസ്തൃതവും, അഗമ്യ നിസ്തുലവുമായ ഈ മഹാ പ്രപഞ്ചത്തിന്റെ അതി രഹസ്യങ്ങളുടെആഴങ്ങളിലേക്ക് കടന്നു ചെല്ലുവാൻ അനന്തകോടി യുഗങ്ങൾ കഴിഞ്ഞാലും  അസാദ്ധ്യമായിരിക്കും എന്ന നഗ്ന സത്യം. ?

നിസ്സഹായനും, നിരാവലംബനുമായ മനുഷ്യന്റെ മുന്നിൽ പ്രപഞ്ചാത്മാവായ ദൈവം ഇന്നും പ്രത്യക്ഷപ്പെടുന്നുണ്ട് ; പല രൂപത്തിലും, ഭാവത്തിലും.  പലപ്പോഴും നാമത്മനസ്സിലാക്കുന്നില്ലന്നേയുള്ളു. മനുഷ്യ വർഗ്ഗ മഹാ ചരിത്രത്തിന്റെ എത്രയോ  ഇടങ്ങളിൽഅനിവാര്യമായ ആശ്വാസമായി ദൈവ സാന്നിധ്യം  തിരിച്ചറിഞ്ഞു രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യർതങ്ങളുടെ അനുഭവങ്ങളുടെ അഗ്നി നാവുകൾ കൊണ്ടാവണം അത് പറഞ്ഞു വച്ചത് എന്ന് ഈസംഭവത്തിലൂടെ എനിക്ക് ബോധ്യമായി.

‘ പാടുന്നു പാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളുടെ 70/71 അദ്ധ്യായങ്ങളിൽഇത് വായിക്കാവുന്നതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക