Image

എഫ്.സി.ആര്‍.എ ഭേദഗതി എന്താണ്? എന്തിനാണ് ക്രൈസ്‌തവർ എതിർക്കുന്നത്? (നടപ്പാതയിൽ ഇന്ന് - 138: ബാബു പാറയ്ക്കൽ)

Published on 15 April, 2026
എഫ്.സി.ആര്‍.എ ഭേദഗതി എന്താണ്? എന്തിനാണ് ക്രൈസ്‌തവർ എതിർക്കുന്നത്? (നടപ്പാതയിൽ ഇന്ന് - 138: ബാബു പാറയ്ക്കൽ)

എഫ്.സി.ആർ.എ. (Foreign Contribution Regulation Act) എന്നാൽ എന്താണ്? എന്തുകൊണ്ടാണ് ഇത്ര ധൃതി പിടിച്ച് ബിജെപി സർക്കാർ കാര്യമായ ചർച്ചകൾ പോലുമില്ലാതെ ഈ ഭേദഗതി നിയമമാക്കിയെടുത്തത്? എന്തുകൊണ്ടാണ് ക്രിസ്ത്യൻ ബിഷപ്പുമാർ മാത്രം ഇതിനെ ഇത്രമാത്രം ഭയപ്പെടുന്നതും എതിർക്കുന്നതും? തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ഈ ഭേദഗതി നടപ്പിലാക്കിയാൽ ക്രിസ്‌തീയ വിഭാഗം എതിർക്കുമെന്നും ആ വിഭാഗത്തിൽ നിന്നും നേടിയെടുത്ത പിന്തുണ നഷ്ടപ്പെടുമെന്നും അറിഞ്ഞിട്ടും എന്തിനാണ് ഇത്ര ധൃതിയിൽ ഇതിനു കളമൊരുക്കിയത്? കയ്യിൽ വന്ന ഏതാനും സീറ്റുകൾ ബിജെപി വേണ്ടെന്നു വച്ചത് മറ്റാർക്കെങ്കിലും വേണ്ടി ആയിരുന്നോ? ഇപ്പോൾ ബിജെപിക്ക് എതിരായി പ്രസ്താവനകൾ ഇറക്കുന്ന ക്രൈസ്‌തവരും ഇവിടെ ക്രൈസ്‌തവർ നന്ദികെട്ടവരാണെന്നും അവരുടെ പിന്തുണ നമുക്കാവശ്യമില്ലെന്നും ഗീർവാണം മുഴക്കുന്ന ചില ഹൈന്ദവ നാമധാരികളും ഒന്നും ഈ നിയമം എന്താണെന്നോ അതെന്തിനു വേണ്ടി ഇപ്പോൾ നടപ്പിലാക്കുന്നു എന്നോ ഒന്നും അറിയുന്നുണ്ടാവില്ല. ഇനി ഈ നിയമം എന്താണെന്ന് നോക്കാം.

FCRA നിയമം ആദ്യമായി കൊണ്ടുവരുന്നത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ കാലത്തു 1976 ൽ ആണ്. ഇന്ത്യയിൽ ആഭ്യന്തരമായി പല രാഷ്ട്രീയ പാർട്ടിക്കൾക്കും വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ഛിദ്രശക്തികൾക്കും ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വിദേശത്തു നിന്നും പണം കൊണ്ടുവന്ന് സർക്കാരിനെതിരായി പ്രവർത്തിക്കുന്ന സംഘടനകൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്തുക എന്നതായിരുന്നു ലക്‌ഷ്യം. ഈ നിയമം 2010 ൽ മൻമോഹൻ സിംഗിന്റെ ഭരണത്തിൽ ഭേദഗതി ചെയ്യപ്പെട്ടു. കാരണം വിദേശത്തു നിന്നും കൊണ്ടുവരുന്ന പണം തീവ്രവാദ സംഘടകൾ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായുള്ള ഇന്റലിജിൻസ് മുന്നറിയിപ്പിനെ തുടർന്നായിരുന്നു ഇത്. അന്നൊന്നും എതിർക്കാതിരുന്ന ക്രൈസ്‌തവർ ഇന്നെന്തു കൊണ്ടാണ് എതിർക്കുന്നത്? 

കാരണം, നരേന്ദ്രമോദി സർക്കാർ നിർദ്ദേശിച്ച ഭേദഗതിയിൽ FCRA ലൈസെൻസിനു വേണ്ടി അപേക്ഷിക്കുന്ന സംഘടനകൾക്ക് ലൈസൻസ് കിട്ടാതെ വന്നാൽ ആ സംഘടനകൾ ഏതു സ്ഥാപനത്തിന്‌ വേണ്ടിയാണോ അപേക്ഷ സമർപ്പിച്ചത് ആ സ്ഥാപനങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടും എന്ന ഭയപ്പെടുത്തുന്ന വകുപ്പാണുള്ളത്. ഇത് ആർക്കു വേണമെങ്കിലും ദുരുപയോഗം ചെയ്യാനും എന്തെങ്കിലും ചെറിയ കാരണത്തിന്റെ പേരിൽ ലൈസൻസ് കൊടുക്കാതെ ദശാബ്ദങ്ങൾ നീണ്ട കഠിനാദ്ധ്വാനം കൊണ്ടു കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ ഒരു ദിവസം രാവിലെ സർക്കാർ കൊണ്ടുപോകുന്നതു കാണുകയും ചെയ്യേണ്ടി വരുമല്ലോ എന്ന ഭയമാണ് അവർക്കുള്ളത്. എന്നാൽ സംഘടനയുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സുതാര്യമാണെങ്കിൽ എന്തിനു ഭയപ്പെടണം എന്ന മറുചോദ്യവും പ്രസക്തമാണ്. ഇതിനെ എതിർക്കുന്നവർ ഉദാഹരണമായി കാണിക്കുന്നത്, ഇ.ഡി, സിബിഐ, പോലെയുള്ള കേന്ദ്ര സർക്കാർ ഏജൻസികളുടെ പക്ഷപാതപരമായ പ്രവർത്തങ്ങൾ ആണ്. സർക്കാരിന് അനഭിമതരായാൽ അവരെ ഈ ഏജൻസികളെ കൊണ്ട് ശ്വാസം മുട്ടിക്കുന്ന നിരവധി ഉദാഹരങ്ങൾ അവർ ചൂണ്ടിക്കാട്ടുന്നു. ക്രിസ്‌തീയ സഭകളുടെ സ്ഥാപനങ്ങൾ കൂടുതലും വിദ്യാഭ്യാസ ആതുര ശുശ്രൂഷാ മേഖലകളിലാണ്. വിദേശത്തു നിന്നും വരുന്ന സംഭാവനകൾ ഏതെങ്കിലും ക്രിസ്‌തീയ സഭ ഇന്നുവരെ ബോംബ് വയ്ക്കാനോ ഏതെങ്കിലും സമുദായത്തെ കൂട്ടക്കൊല ചെയ്യാനോ മറ്റു രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായിട്ടോ ഉപയോഗിച്ചതായി അറിവില്ല. പിന്നെ എന്തിനാണ് അവരുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നത്? 

ഇതിനു സർക്കാർ നൽകുന്ന വിശദീകരണം, ഈ ഭേദഗതി ഏതെങ്കിലും ഒരു മതവിഭാഗത്തെ ചൂണ്ടിയല്ല, മറിച്ച്, ഏതെങ്കിലും സംഘടനകൾ അങ്ങനെ വിധ്വംസക പ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ പിടിക്കാനാണ് എന്നാണ്. ഈ ഭേദഗതിയിൽ കൂടി ഉറപ്പിക്കുന്ന മറ്റൊരു കാര്യം, വിദേശത്തു നിന്നും വരുന്ന ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടും എന്നതാണ്. ഉദാഹരണത്തിന് ഒരു പ്രത്യേക ആവശ്യത്തിന് സർക്കാർ അനുവാദത്തോടുകൂടി കൊണ്ടുവരുന്ന തുകയിൽ ഒരു രൂപ പോലും സ്വകാര്യ ആവശ്യത്തിനോ വെറുതെ കൊണ്ടുപോയി പുട്ടടിക്കാനോ ഉപയോഗിക്കാനാവില്ല. അങ്ങനെ ചെയ്‌താൽ അവർ കുടുങ്ങും. ഇതാണ് കൂടുതലും ക്രിസ്ത്യൻ തിരുമേനിമാരെ പ്രകോപിപ്പിച്ചത്. വിദേശ രാജ്യത്തു സന്ദർശനത്തിനു പോയി വരുന്ന ഇവർ സ്വകാര്യമായി ധാരാളം പണം കുഞ്ഞാടുകളുടെ സംഭാവനയായി കൊണ്ട് വരാറുണ്ട്. ആരോടും ഒരു കണക്കും ബോധിപ്പിക്കണ്ട. ഇനി അത് നടക്കില്ല. 
പ്രധാനമന്ത്രി നരേന്ദ്രമോദി 2016 ൽ നോട്ടു നിരോധനം കൊണ്ടുവന്നപ്പോൾ ജനങ്ങൾ ഒന്നടങ്കം പൊങ്കാലയിട്ടു. ജനം വല്ലാതെ കഷ്ട്ടപ്പെട്ടു. സാധാരണ ജീവിതം കുറെ നാളത്തേക്ക് താറുമാറായി. പക്ഷേ, സർക്കാർ കുലുങ്ങിയില്ല. മറ്റു രാഷ്ട്രീയ പാർട്ടികളുടെ നോട്ടു ശേഖരം ഒന്നടങ്കം കുത്തിയൊഴുകിയ ആ നിയമപുഴയിൽ ഒലിച്ചുപോയി. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ പോലുമുള്ള ഫണ്ട് ഇല്ലാതായി. പക്ഷേ, അതിനൊരു മറുവശം കൂടി ഉണ്ടായിരുന്നു. അതുവരെ പാക്കിസ്ഥാനിൽ നിന്നും കണ്ടെയ്‌നർ കണക്കിനാണ് ഇന്ത്യൻ കറൻസി ഇന്ത്യയിലെ തീവ്രവാദ സംഘടനകൾക്കായി ഒഴുകിയെത്തിക്കൊണ്ടിരുന്നത്. കേരളത്തിൽ പോലും റിയൽ എസ്‌റ്റേറ്റ് രംഗത്ത് അത് പ്രകടമായിരുന്നു. എന്നാൽ നോട്ടുനിരോധനം അതിനു തടയിട്ടു. അതുപോലെ FCRA യ്ക്കു പിന്നിലും ഉള്ള ആത്യന്തികമായ ഉദ്ദേശം പൊതുജനങ്ങൾ ഉടനെ അറിയണമെന്നില്ല. സഹകരിക്കേണ്ടത് ഉത്തരവാദപ്പെട്ട പൗരന്മാരുടെ കടമയാണ്. 

അതുപോലെ തന്നെ, ബിജെപി യിലെ ചില നേതാക്കൾ ‘ക്രിസ്ത്യാനികളെ നമുക്കാവശ്യമില്ല, അവർ നന്ദി ഇല്ലാത്തവരാണ്, അവരെ ഒറ്റപ്പെടുത്തണം’ എന്നൊക്കെ പറയുന്നത് കേട്ടു. അതിൽ ഉന്നത വിദ്യാഭ്യാസം നേടിയ ഒരാൾ തീവ്രഭാഷയിൽ സംസാരിക്കുന്നതു കേട്ടു. എന്നാൽ അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത് പോലും ഒരു ക്രിസ്ത്യൻ കലാലയത്തിൽ നിന്നാണ് എന്ന കാര്യം മറന്നു പോയി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളും കേരളത്തിൽ എത്രയോ നൂറ്റാണ്ടുകളായി സൗഹാർദത്തോടെ വസിക്കുന്നു. കുറച്ചു വർഷങ്ങൾ മാത്രം മുൻപാണ് സംകുചിതമായ മത തീവ്രവാദ ചിന്തകൾ ആ മനസ്സുകളിൽ നാമ്പിടാൻ തുടങ്ങിയത്. 'അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ' എന്ന മുദ്രാവാക്യം വിളിച്ചവർ ഇന്ന് തീഹാർ ജെയിലിൽ കിടന്നു മൂട്ടകടി കൊള്ളുന്നത് നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയുള്ളതുകൊണ്ടു മാത്രമാണ്. 'മതമാണ് മതമാണ് മതമാണ് മുഖ്യം' എന്നു പരസ്യമായി പ്രസംഗിച്ചു വോട്ടു ചോദിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ നമ്മെ ഭരിക്കുമ്പോൾ നിയമങ്ങൾ കർശനമാക്കേണ്ടത് രാജ്യ സുരക്ഷയ്ക്കാവശ്യമാണ്. 

എന്നാൽ ആർഎസ് എസ് അവരുടെ മുഖ്യ ശത്രുവായി ക്രൈസ്തവരെയാണ് കാണുന്നത് എന്ന് പറയുകയും രാജ്യം ഭരിക്കുന്ന ബിജെപി യിലെ കുറെ നേതാക്കൾ അതേറ്റു പാടുകയും ചെയ്യുമ്പോൾ ഭാരതത്തിലെ ക്രൈസ്തവർ പേടിക്കണം. മതപരിവർത്തനമാണ് അവരുടെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റം. ഭരണഘടന മതപ്രചാരണം അനുവദിക്കുമ്പോഴും ക്രൈസ്‌തവർ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് പല പാസ്റ്റർമാരെയും പിടിച്ചു ജയിലിൽ ഇടുകയും ആരാധനയ്‌ക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. എന്നാൽ ഇതേ ആർ എസ് എസ് അനുഭാവികൾ അമേരിക്ക പോലെയുള്ള കുടിയേറ്റ രാജ്യങ്ങളിൽ ഹിന്ദു മതം പ്രചരിപ്പിക്കുകയും ക്ഷേത്രങ്ങൾ പണിയുകയും ചെയ്യുന്നത് അഭിമാനമായി കാണുന്നു എന്ന വിരോധാഭാസവുമുണ്ട്. മതസ്വാതന്ത്ര്യം മൗലിക അവകാശങ്ങളിൽ പെട്ടതാണെന്നും ഈ നവീന കാലത്തു സമൂഹത്തിൽ ഉയരത്തിൽ എത്താൻ അടുത്ത തലമുറയെ ശാസ്ത്രീയ രീതിയിൽ അഭ്യസ്‌ത വിദ്യാഭ്യാസം നൽകി തയാറാക്കുകയുമാണ് വേണ്ടത് എന്നും ഇവരൊക്കെ ഇനി എന്നു മനസ്സിലാക്കുമോ, ആവോ. 
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് FCRA കൊണ്ടുവന്നു ക്രൈസ്തവരെ അകറ്റി നിർത്തേണ്ടത് ബിജെപി യുടെ ആവശ്യമാണെന്ന് ഉപദേശിച്ചവരുടെ ലക്ഷ്യമെന്താണെന്നറിയില്ല. കേരളത്തിൽ ഹിന്ദുക്കളും ക്രൈസ്തവരും സഹകരിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരതത്തിന്റെ കാൽപ്പാദം പോലെ ഏറ്റവും താഴെ കിടക്കുന്ന കേരളത്തിലെ ക്രൈസ്‌തവർ ന്യൂനപക്ഷത്തിൽ ന്യൂനപക്ഷമാണെന്നും അവരുടെ വോട്ടു കിട്ടിയില്ലെങ്കിലും ബിജെപിക്ക് ഒരു ചുക്കുമില്ലെന്ന് ഒരു നേതാവ് പറഞ്ഞു കണ്ടു. കാലിലെ നഖം പഴുത്താൽ പോലും മനുഷ്യന് നടക്കാൻ ബുദ്ധിമുട്ടുണ്ടായേക്കും. രാഷ്ട്രീയ നേതാക്കന്മാരായാലും മത നേതാക്കന്മാരായാലും നടത്തുന്ന പ്രകോപനപരമായ പ്രസ്‌താവനകൾ ആർക്കും ഭൂഷണമല്ല. അത് മനസ്സിലാക്കാൻ പക്വതയില്ലാത്തവർ ആ സ്ഥാനം അലങ്കരിക്കരുത്!
 

Join WhatsApp News
M.Mathai 2026-04-15 13:39:39
ശ്രീ പാറക്കൽ, താങ്കൾ കഥയറിയാതെ ആട്ടമാടുകയാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ഒരു സാധാരണക്കാരന് എന്ത് നിയമ പരിരക്ഷയാണ് ഭരണ സംവിധാനം നൽകുന്നത് ? രാജ്യതാൽപര്യത്തിനും സുരക്ഷയ്ക്കും എതിരായി വിദേശ ഫണ്ട് ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാനായിരുന്നു എഫ്.സി.ആർ.എ നിയമം പാസാക്കിയത്. നിയന്ത്രണ നിയമം എന്നതിൽ നിന്ന് വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കാൻ കഴിയുന്ന നിയമപരമായ ചട്ടക്കൂട് ലഭിക്കുന്നു എന്നതാണ് മാറ്റം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ, രാഷ്ട്രീയ പാർട്ടികൾ, ന്യായാധിപന്മാർ, നിയമസഭാംഗങ്ങൾ, വാർത്ത പ്രസിദ്ധീകരിക്കുന്നവരും സംപ്രേഷണം ചെയ്യുന്നവരും എന്നിവർ വിദേശ സംഭാവന സ്വീകരിക്കരുത്. നിലവിൽ രാജ്യത്ത് 16,000 എൻ.ജി.ഒ.കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി വർഷത്തിൽ 22,000 കോടി രൂപയാണ് വിദേശത്തുനിന്ന് വരുന്നത്. കേരളത്തിൽ 1015 എൻ.ജി.ഒ.കളാണുള്ളത്. എഫ്‌സി‌ആർ‌എയെ മറികടന്നുവെന്ന ആരോപണത്തെത്തുടർന്ന് 2020 സെപ്റ്റംബർ 10-ന് ഇന്ത്യ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ലോയേഴ്‌സ് കളക്ടീവ്, ഗ്രീൻപീസ് ഇന്ത്യ, പീപ്പിൾസ് വാച്ച്, കംപാഷൻ ഇന്റർനാഷണൽ, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ ഉന്നത സംഘടനകൾ ഉൾപ്പെടുന്നു. ഈ സംഘടനകളുടെ ലൈസൻസ് എന്തിനു ക്യാൻസൽ ചെയ്‌തു എന്ന് ഇതുവരെ അധികാരികൾ വ്യകത്മാക്കിയിട്ടില്ല. രാജ്യതാൽപര്യത്തിനും സുരക്ഷയ്ക്കും എതിരായി ഇവരെന്താണ് ചെയ്തത് ? ഭാരതത്തിൽ ഏറ്റവുമധികം വിദേശ ഫണ്ട് സ്വീകരിക്കുന്ന വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്രംഗ് ദളും (ബിഡി) രാജ്യത്തുടനീളം, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന പ്രവിശ്യകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ അഴിഞ്ഞാടുകയാണ് . അവിടെയാണ് പ്രശ്‍നം . വിഎച്ച്പി യുഎസ്എ & യുകെ: 2024 ൽ അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്തിന്റെ റെക്കോർഡുകൾ ഏകദേശം 3.62 മില്യൺ ഡോളർ വരുമാനം കാണിക്കുന്നു. ഇതിൽ യുഎസ് ആസ്ഥാനമായുള്ള അഫിലിയേറ്റുകൾ (വിഎച്ച്പിഎ): കോവിഡ്-19 പാൻഡെമിക് സമയത്ത് വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) പിപിപി വായ്പകളായി 150,000 ഡോളറിലധികം ലഭിച്ചു, ഇഐഡിഎൽ പ്രോഗ്രാമുകൾക്ക് കീഴിൽ 21,430 ഡോളറും ലഭിച്ചു. ഈ വെട്ടിപ്പ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് . നിയമം എല്ലാര്ക്കും ബാധകമല്ലേ ? ക്രിസ്ത്യൻ തിരുമേനിമാർ മാത്രമല്ലലോ വിദേശ പണം കൈപ്പറ്റുന്നവർ ? ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ (ബിജെപി ഭരിക്കുന്ന കുറഞ്ഞത് 14 സംസ്ഥാനങ്ങളെങ്കിലും വർഷം മുഴുവനും ന്യൂനപക്ഷ വിരുദ്ധ പ്രകോപനത്തിന്റെയും അക്രമത്തിന്റെയും കേന്ദ്രങ്ങളായിരുന്നു - അസം, ബിഹാർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്. ഈ സംഘടനകളിലെ അംഗങ്ങൾ വിവിധ കാരണങ്ങൾ പറഞ്ഞ് മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ, ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.ഒരു സിവിൽ സൊസൈറ്റി റിപ്പോർട്ട് പ്രകാരം 2024 ൽ രാജ്യത്തുടനീളം 59 'വർഗീയ കലാപങ്ങൾ' രേഖപ്പെടുത്തി, 2023 ൽ ഇത് 32 ആയിരുന്നു. മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള, ഒരേസമയം, ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്ന കൂട്ട അക്രമ സംഭവങ്ങളുടെ നാല് തരംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതുകൊണ്ടാണ് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ഐ‌ആർ‌എഫ്) ഇന്ത്യയെ പ്രത്യേക ആശങ്കാജനകമായ ഒരു രാജ്യമായി പ്രഖ്യാപിക്കണമെന്ന് വീണ്ടും ശുപാർശ ചെയ്തത് . ബിജെപി റഡാറിന് കീഴിലാണ്.
ബൈബിളിൽ ഒരു വാക്യം ഉണ്ട് 2026-04-15 14:49:34
നിയമങ്ങൾ മറികടക്കാൻ നൂറായിയിരം വഴികൾ ഉള്ളടത്തു നല്ല ശതമാനവും നേരായി കൈകാര്യം ചെയ്യാൻ ശമിക്കുന്നവർക്കാണ് പ്രശനം, എല്ലാ പണവും എല്ലാവരും ശരിയായി ഉപയോഗിക്കുന്നു എന്നൊന്നും തോന്നുന്നില്ല . എന്നാൽ എൻജിഒ ഓഡിറ്റുകൾ, മറ്റു പല രാജ്യങ്ങളെക്കാൽ ഒട്ടും മോശമല്ലാത്ത രാഷ്ട്രീയ താത്പര്യ ഉദ്യോഗസ്ഥ അഴിമതി നിബിഡമായ വ്യവസ്ഥതയിൽ നിഷ് പക്ഷമായി നടത്തും എന്നാരെങ്കിലും കരുതുന്നുണ്ടോ . ഏതാണ്ട് നല്ല രീതിയിൽ ഇതു കൈകാര്യം ചെയ്‌യുന്നവർക്കാണ് പ്രധാന പ്രശ്നം. വ്യവസ്ഥ ആവശ്യമില്ലാത്തവർക്കു ക്രിപ്റ്റോ കറൻസി മുതൽ എന്തല്ലാം സൗകര്യങ്ങൾ.തുറന്നു കിടക്കുന്നു ക്രിപ്റ്റോ ഒരു ഗവണ്മെന്റ് അടിച്ചുണ്ടാക്കുന്നതല്ല അതൊരു ഇന്സ്ടിട്യൂഷൻ ആണ് നിയന്ത്രിക്കുന്നത് ഗവന്റ്മെന്റുകൾ അംഗീകരിക്കുന്നു എന്നതേയുള്ളു . ഇന്ത്യ ഗവ തുടങ്ങിയത് പോലുള്ള ചരട് കെട്ടി വിട്ട ക്രിപ്റ്റോകൾക്കു ഗവ ഇടപാടുകൾക്ക്‌ നല്ലതായിരിക്കും . ക്രിപ്റ്റോയുടെ ജന്മം തന്നെ അദൃശ്യ വ്യാപാരങ്ങൾ മുൻ നിർത്തിയാണ് അതാണ് അതിനു ഇത്ര പ്രാമുഖ്യവും അപ്പോൾ കൈമാറ്റ വഴികൾ പിന്തുടരുന്ന ക്രിപ്റ്റോയിക്ക് എന്ത് പ്രയോജനം ! . എന്നാൽ പ്രശ്നം അവിടെയല്ല അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിൽ ഡോണെഷൻ നിയമപരമായി നികുതി ഇളവ് കമ്പനികൾക്കും സംഘടനകൾക്കും ലഭിക്കുമ്പോൾ അതിനു സ്വീകരിക്കുന്നവരും കണക്കുകൾ ബോധിപ്പിക്കണം അപ്പോൾ പണം പോകുന്നതു ആർക്കു, ആരു വഴി എന്ന മിനിമം ഗവ ഗാരന്റി വേണമല്ലോ.. ഇതൊന്നും വേണ്ടത്രവർക്കു ആകാശമാണ് അതിർത്തി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക