
ആഘോഷങ്ങള്‍ ഏതുമാകട്ടെ, അതൊക്കെ സന്തോഷം പ്രദാനം ചെയ്യുന്നതാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുമെന്നാണ് വിശ്വാസം. വിഷുക്കണിയും വിഷുക്കൈനീട്ടവുമാണ് വിഷുവിന്റെ പ്രധാന ആചാരങ്ങള്‍.
ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ച ദിനമായും, സൂര്യഭഗവാനോട് ശത്രുത പുലര്‍ത്തിയിരുന്ന രാവണനെ ശ്രീരാമന്‍ നിഗ്രഹിച്ച ദിനമായും വിഷുവിനെപ്പറ്റി ഐതിഹ്യമുണ്ട്. രാവണവധത്തിനുശേഷമാണത്രെ ലങ്കയില്‍ സൂര്യന് നേരെ ഉദിക്കാന്‍ കഴിഞ്ഞത്. ജ്യോതിശാസ്ത്രപരമായി വിഷുദിനത്തില്‍ സൂര്യന്‍ ഭൂമധ്യ രേഖയ്ക്ക് മുകളില്‍ നില്‍ക്കുന്നു എന്ന് പറയപ്പെടുന്നു. വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി മാലിന്യങ്ങള്‍ കത്തിക്കുന്നത് രാവണനിഗ്രഹത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.
വിഷുദിനത്തില്‍ രാവും പകലും തുല്യദൈര്‍ഘ്യമായിരിക്കും. അതുകൊണ്ടുതന്നെ തുല്യതയുടെ പ്രതീകമായിക്കൂടി വിഷുവിനെ കാണാം. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ പേരില്‍ നിസ്സാര കാരണങ്ങള്‍ക്കു കൂടി പരസ്പരം പോരടിക്കുകയും ജീവനെടുക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ 'തുല്യത' എന്നതിന് അതീവ പ്രാധാന്യമുണ്ട്. അത് മാനവമൈത്രിയുടെ പ്രകാശം പരത്തുന്നു.
ഇറാനും ഇസ്രയേലും തമ്മിലുള്ള ശത്രുതയില്‍ അമേരിക്കയുടെ ഇടപെടല്‍ യുദ്ധത്തിലേക്ക് വഴിമാറിയ കലുഷിത സാഹചര്യം സാധാരണക്കാരുടെ അടുക്കളയെപോലും ബാധിച്ചിരിക്കുന്ന വേളയിലാണ് ഈ വര്‍ഷത്തെ വിഷു എന്നത് അതിന്റെ ശോഭ കെടുത്തുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമായി ലക്ഷക്കണക്കിന് മലയാളികള്‍ കഴിയുന്നുണ്ട്. അവരുടെ അരക്ഷിതാവസ്ഥയില്‍ മനം നൊന്തു കഴിയുന്ന നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഈ വിഷു ആഘോഷത്തിന്റെ സന്തോഷത്തോടൊപ്പം സങ്കടവും സമ്മാനിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓരോ പ്രസ്താവനയ്ക്കും ഭീതിയോടെയാണ് അവര്‍ കാതോര്‍ക്കുന്നത്. യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നും സമാധാനം പുലരണമെന്നും ലോകജനതയ്‌ക്കൊപ്പം ഓരോ മലയാളിയും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു.
വിഷുവിന്റെ പുരാവൃത്തങ്ങള്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പുതുവര്‍ഷാരംഭം കൂടിയായി ഗണിക്കപ്പെടുന്ന വിഷുദിനത്തില്‍ വിത്തിറക്കിയാല്‍ നൂറു മേനി വിളയുമെന്നാണ് കര്‍ഷകരുടെ വിശ്വാസം. മഞ്ഞും മഴയും വെയിലുമൊന്നും വകവയ്ക്കാതെ ചേറിലും ചളിയിലും അഹോരാത്രം പാടുപെട്ടിരുന്ന അരോഗദൃഢഗാത്രരായ കര്‍ഷകര്‍ കേരളത്തിന്റെ മുഖമുദ്രയായിരുന്നു. പാടത്തും പറമ്പിലുമൊക്കെയുള്ള അദ്ധ്വാനം കര്‍ഷകര്‍ക്ക് പ്രകൃതിയോടുള്ള കടമ നിര്‍വഹിക്കലായിരുന്നു. അവിടെ ലാഭനഷ്ടക്കണക്കുകളല്ല, മണ്ണിനെ പൊന്നാക്കാനുള്ള ഉത്സാഹമാണ് പ്രകടമായിരുന്നത്.
കാര്‍ഷികോത്സവമായ വിഷു വീണ്ടുമെത്തുമ്പോള്‍ നാം പ്രധാനമായും ഓര്‍ക്കേണ്ടത് കര്‍ഷകരെയാണ്. കര്‍ഷകര്‍ അനുഭവിക്കുന്ന വിഷമതകള്‍ നിരവധിയാണ്. കര്‍ഷക ആത്മഹത്യകള്‍ നമ്മുടെ രാജ്യത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് ജീവിതം വഴിമുട്ടി സ്വയം ജീവനൊടുക്കുന്നത്. എന്നാല്‍ ഭരണാധികാരികളെ സംബന്ധിച്ച് ഈ പതിവുവാര്‍ത്തകളെല്ലാം 'ഒറ്റപ്പെട്ട' സംഭവങ്ങളാണ്.
അഞ്ഞൂറിലധികം സംഘടനകളെ കൂട്ടിയിണക്കി 2020-ല്‍ ഡല്‍ഹിയില്‍ നടന്ന സുദീര്‍ഘമായ കര്‍ഷകസമരത്തെ തുടര്‍ന്ന് ചില ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖകളായി മാറുകയായിരുന്നു.
സമാനമായ കാര്യങ്ങളാണ് മഹാരാഷ്ട്രയിലും സംഭവിച്ചത്. 2018-ല്‍ നടന്ന കര്‍ഷകരുടെ ഗ്രേറ്റ് മാര്‍ച്ചിനു ശേഷം 2023-ല്‍ വീണ്ടും അവര്‍ക്ക് തെരുവിലിറങ്ങേണ്ടിവന്നത് ഗതികേടുകൊണ്ടാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യത്തിനായി എത്ര സമരങ്ങള്‍, ആത്മഹത്യകളാണ് വേണ്ടിവരുന്നത്. എന്നാല്‍ അതിസമ്പന്നര്‍ക്ക് അതിനായി ഒരു വാക്കിന്റെപോലും ചെലവില്ല.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കാവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിക്കുക എന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന കര്‍ഷകരുടെ പ്രയത്നത്തെ വില കുറച്ചു കാണാതെ അവരുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അനുഭാവപൂര്‍വം പരിഗണിച്ച് നടപ്പിലാക്കേണ്ടതുണ്ട്. അതിന് സര്‍ക്കാരിന്റെ ഉറപ്പുകള്‍ കടലാസില്‍ മാത്രമാകാതെ പ്രവൃത്തിപഥത്തിലെത്തണം. ആരും തോറ്റു കാണാന്‍ ആഗ്രഹിക്കുന്നവരല്ല കര്‍ഷകര്‍.
കൃഷിയിറക്കണമെങ്കില്‍ സര്‍ക്കാരിന്റെ സഹായം വേണമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങളെത്തിയിരിക്കുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും കടം വാങ്ങിച്ചുമൊക്കെ കൃഷിയിറക്കുന്ന പലര്‍ക്കും കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി നികത്താനാവാത്ത നഷ്ടം സംഭവിക്കുന്നു. ഇതാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. എന്നാല്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ അവരുടെ ആവശ്യങ്ങളെ നിരാകരിക്കകുയും സമരങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന സമീപനമാണ് പലപ്പോഴും ഭരണാധികാരികള്‍ കൈക്കൊള്ളുന്നത്.
സബ്സിഡിയും താത്കാലിക നഷ്ടപരിഹാരവുമൊന്നും കര്‍ഷകര്‍ക്കോ കാര്‍ഷികവൃത്തിക്കോ ശാശ്വതമായ ഗുണം ചെയ്യില്ല. കൃഷി എന്ന തൊഴിലിന് സമൂഹത്തില്‍ മാന്യതയും അംഗീകാരവും ലഭിക്കുകയും കൃഷിക്കാരോടുള്ള അവഗണന മാറ്റി സര്‍ക്കാര്‍ സഹായപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ കാര്‍ഷികരംഗത്ത് പുരോഗതിയുണ്ടാകൂ. എന്റെ എസ് എസ് എല്‍ സി ബുക്കില്‍ അച്ഛന്റെ തൊഴിലായി 'ഫാര്‍മര്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങള്‍ കുട്ടികള്‍ ചെറുപ്രായത്തില്‍തന്നെ കൃഷിയില്‍ അച്ഛനെയും അമ്മയെയും സഹായിച്ചുകൊണ്ടാണ് വളര്‍ന്നുവന്നത്. പോകെപ്പോകെ കൃഷി എന്നത് പുറത്തുപറയാന്‍ കൊള്ളാത്ത ഒന്നായും കൃഷിക്കാരന്‍ എന്നത് സമൂഹത്തില്‍ മാന്യതയില്ലാത്ത തൊഴിലായും വിലയിരുത്തപ്പെട്ടു. അതുകൊണ്ടുതന്നെ പുതുതലമുറ കൃഷിയില്‍നിന്ന് അകന്നുപോകുകയും ഭക്ഷ്യസാധനങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ അടുത്തിടെയായി സമൂഹത്തിലെ പ്രശസ്ത വ്യക്തികളുടെ കാര്‍ഷികവൃത്തിയിലേക്കുള്ള കടന്നുവരവ് ഈ രംഗത്ത് പുതിയൊരു ഉണര്‍വും ഉന്മേഷവും ഉണ്ടാക്കിയിട്ടുണ്ടെന്നത് ശുഭകരവും മറ്റുള്ളവര്‍ക്ക് പ്രചോദനവുമാണ്. വിഷു പോലുള്ള ആഘോഷങ്ങള്‍ ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജവും ഉത്തേജനവുമാണ്. അതുതന്നെയാണ് വിഷുവിന്റെ കാലികപ്രസക്തി.
എല്ലാവര്‍ക്കും സ്‌നേഹപൂര്‍വം വിഷുദിനാശംസകള്‍ നേരുന്നു. കണിയിലുണരട്ടെ നന്മയുടെ കൊന്നപ്പൂക്കള്‍...