Image

ഓർമകളുടെ സമൃദ്ധമായ കൈനീട്ടം (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 14 April, 2026
ഓർമകളുടെ സമൃദ്ധമായ  കൈനീട്ടം  (ശ്രീകുമാർ ഉണ്ണിത്താൻ)

ബാലൃത്തിലെ  ഓർമ്മകളിൽ എന്നും നിറഞ്ഞ് നിൽക്കുന്ന  നിറമുള്ള ഓർമ്മകൾ ആണ്  വേനലവധി കാലത്ത് എത്തുന്ന വിഷു.  സ്കൂള്‍ അടച്ചതിന്റെ സന്തോഷം  ഒരു ഭാഗത്ത്‌ , സുഹൃത്തുക്കളുമായി എവിടെ വേണേലും കറങ്ങാൻ  പോകാനുള്ള  ഒരു സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന്റെ   രസം വേറൊരു ഭാഗത്ത്‌, അങ്ങനെ ഉള്ള ദിവസങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ചു ആസ്വദിക്കാനുള്ള  ഉള്ള ഒരു ദിവസമായാണ് ഞങ്ങളില്‍ പലരും വിഷുവിനെ കണ്ടിരുന്നത്‌ .   വിഷു വരുന്നു എന്ന് അറിയുന്നത് തന്നെ എവിടെയെങ്കിലും ഒക്കെ പൂത്ത് നിൽക്കുന്ന കൊന്നമരം കാണുമ്പോഴാണ്.

മലയാളികളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അതിപ്രധാനമായ ആഘോഷമാണ് വിഷു. പ്രകൃതി മഞ്ഞപ്പട്ടുടുത്ത കണിക്കൊന്നകളാൽ അലംകൃതമാകുന്നതാണീ സുദിനം. അമേരിക്കയിൽ പോലും മഞ്ഞപ്പൂക്കൾ ധരാളമായി കാണുന്ന സമയം. സാധാരണയായി മലയാള മാസം മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. എന്നാൽ സൂര്യൻ ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്ക് മാറുന്ന സംക്രമ സമയത്തെ അടിസ്ഥാനമാക്കിയാണ് വിഷുക്കണിയും ആഘോഷവും നിശ്ചയിക്കുന്നത്. അതുകൊണ്ട് ഈ വർഷത്തെ വിഷു ഏപ്രിൽ 15 (മേടം 2) തീയതിയാണ്.

വിഷുവിന്‍റെ തലേ ദിവസം കുട്ടികളായ ഞങ്ങൾ കൊന്നപ്പൂക്കള്‍ എല്ലാം പറിച്ചു വെക്കാറുണ്ട്. അമ്മ ഞങ്ങൾ ഉറങ്ങാൻ കിടന്നതിന് ശേഷം കണി ഒരുക്കും.    തലേ ദിവസം തന്നെ അമ്മ പൂജാമുറിയെല്ലാം  അലങ്കരിക്കും.  വീട്ടിലെ കൃഷ്ണവിഗ്രഹം വെച്ചു അതിനു മുൻപിൽ വലിയൊരു ഓട്ടുരുളിയിൽ ഒട്ടുമിക്ക പഴങ്ങളും പച്ചക്കറികളും തേങ്ങയും ചക്കയും ഒക്കെ നിറച്ചു വെച്ചു മറ്റൊരു തളികയിൽ പച്ചരി നിറച്ചു അതിൽ കുറച്ചു കണിക്കൊന്നയും ഒരു വാൽക്കണ്ണാടിയും വെക്കും. അരികത്തായി ഒരു കോടിമുണ്ട്. അതിനു മുകളിലായി സ്വർണവും കുറച്ചു നാണയങ്ങളും വെച്ചു അതിനടുത്തായി അഞ്ചു തിരിയിട്ട നിലവിളക്കും വെക്കും.

പുലരാൻ നേരം അമ്മ വന്നു ഞങ്ങളെ ഓരോരുത്തരെ ആയി വിളിച്ചുണർത്തി കണ്ണ് പൊത്തിക്കൊണ്ട് കണി കാണിക്കും. അതൊരു മനോഹര കാഴ്ചയാണ്. അകത്തും പുറത്തും ഇരുട്ട് നിറഞ്ഞു  നിൽക്കുന്ന പുലർവേളയിൽ നിലവിളക്കിന്റെ പ്രകാശത്തിൽ തെളിഞ്ഞു കാണുന്ന കൃഷ്ണവിഗ്രഹം. ചുറ്റിലും സമൃദ്ധിയുടെ അടയാളമേന്നോണം നിറഞ്ഞിരിക്കുന്ന ഫലമൂലാദികൾ. നല്ലെണ്ണയിൽ  കത്തുന്ന വെളുക്കതിരിയുടെയും കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഒക്കെ കൂടെയുള്ള സമ്മിശ്ര ഗന്ധം.. കണ്ണും മനസ്സും നിറയുന്ന കാഴ്ച.

കണികണ്ട ശേഷം വീട്ടിലെ ഏറ്റവും മുതിർന്ന ആളുകൾ തഴയുള്ളവർക്കു കൈ നീട്ടം കൊടുക്കുന്നതിനെയാണ് വിഷു കൈനീട്ടം എന്ന് പറയുന്നത്. ആ ദിവസം ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്ന വിഷു -കൈ നീട്ടം എത്ര രൂപയുണ്ടാകും എന്നതിനെ അനുസരിച്ചിരിക്കും കുട്ടികളായ ഞങ്ങളുടെ   പോക്കറ്റ് മണിയുടെ കനവും.  അന്ന് വീട്ടിൽ വിഭവ സമൃദ്ധമായ സദ്യയും കാണും . വിഷുക്കൈനീട്ടത്തെ പറ്റി മനോരാജ്യം കണ്ട്, വിഷു വിഭവങ്ങളുടെ സ്വാദെല്ലാം മനസ്സിലോര്‍ത്ത്, വിഷുവിന് അച്ഛന്‍ വാങ്ങിത്തരുന്ന പടക്കവും കമ്പിത്തിരിയും മറ്റും കിട്ടുന്ന നാളിനു വേണ്ടിയുള്ള കാത്തിരിപ്പും കൂടിയായിരുന്നു അന്നത്തെ ഞങ്ങളുടെ വിഷു. കളിയും ചിരിയും തമാശകളുമായി ഒരുത്സവത്തിന്റെ പ്രതീതി തന്നെയായിരുന്നു അല്ല  ഒരു ഉത്സവം തന്നെയായിരുന്നു  വിഷു.

കാർഷിക കുടുംബമായിരുന്ന ഞങ്ങൾക്ക്   പുതിയൊരു കൃഷിക്കാലത്തിന്റെ തുടക്കം കൂടിയാണ് വിഷു . ദിവസം പുലർച്ചെ കണി കണ്ടതിനു ശേഷം കർഷകർ പാടത്തിറങ്ങി കൃഷിപ്പണികൾ തുടങ്ങും . പുതിയ സീസണിലെ ആദ്യത്തെ വിത്തുവിതയ്ക്കാൻ ഉത്തമമായ ദിവസമാണിത്. വിഷു സംക്രമ സൂര്യനെ അടിസ്ഥാനമാക്കി അടുത്ത ഒരു വർഷത്തെ മഴയും വിളവുംവരെ  എങ്ങനെയായിരിക്കുമെന്ന് പഴമക്കാർ കണക്കുകൂട്ടിയിരുന്നു.

അതിഥിയായി എത്തുന്ന വിഷുപക്ഷികളും   അതിന്റെ ശബ്ദത്തെ അനുകരിക്കുന്നതും ഇന്നും ഓർക്കുന്നു . നല്ല ഉയരമുള്ള മരങ്ങളില് വസിക്കുന്ന   കുയിലിനത്തിൽ പെട്ട  ഈ പക്ഷിയുടെ  ശബ്ദം വളരെ ദൂരത്തില് വരെ കേൾക്കാം. പക്ഷേ, ഇവയുടെ ശബ്ദം പലര്‍ക്കും  പല തരത്തിലാണ് അനുഭവപ്പെടുക
വിത്തും കൈക്കോട്ടും'
'ചക്കക്കുപ്പുണ്ടോ?'
''ഒക്കെ തെക്കോട്ട്''
'അച്ഛന് കൊമ്പത്ത്', ''അമ്മ വരമ്പത്ത്'',
''കള്ളന് ചക്കേട്ടു'', 'കണ്ടാ മിണ്ടണ്ട', '' ''കൊണ്ടോയി തിന്നോട്ടെ'
തുടങ്ങിയ ശബ്ദങ്ങൾ ഞങ്ങളുടെയാ കേൾവിക്കനുസരിച്ചു ഞങ്ങൾ അതുപോലെ അനുകരിച്ചിരുന്നു.

അങ്ങിങ്ങായി ചിതറി തെറിച്ചു കിടക്കുന്ന ഓർമ്മകൾ .   മനസ്സിനെ  ഒരിക്കലും വിട്ടു പിരിയാൻ മനസ്സില്ലാത്ത  കാണാമറയായി കിടക്കുന്ന ഒരായിരം  ഓർമ്മകൾ ഓളങ്ങൾ ആയി അലയടിക്കുന്നു!! ഓർമ്മകളിൽ നിന്ന് യാഥാർഥ്യത്തിലേക്ക് ഇനിയും മങ്ങിയെത്താൻ മടിക്കുന്ന മനസ്സിന്റെ മായക്കാഴ്ചകൾ . അനുഭവസ്ഥര്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത   ഓർമ്മകളുമായാണ്  വിഷു  വരുന്നത്.

ഓരോരുത്തർക്കും പലതരത്തിലുള്ള  ഓർമകൾ! ഈ ഓർമകളെല്ലാം  നാം ഇതുവരെ ജീവിച്ചതിെൻറ സജീവമായ ചരിത്രം കൂടിയാണ്.  ഓർമകളുടെ സമൃദ്ധമായ ഈ കൈനീട്ടം നമുക്ക് എന്നെന്നും വിശേഷപ്പെട്ടതായിരിക്കുന്നതുകൊണ്ട് അതിന്റെ ഓർമ്മകൾ പങ്കുവയ്ക്കാൻ എപ്പോഴും  സന്തോഷം  തന്നെ.

ഏവർക്കും എന്റെ വിഷു ആശംസകൾ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക