Image

ബിഹാറിൽ നിതീഷ് കുമാർ രാജിവെച്ചു; സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകും

Published on 14 April, 2026
ബിഹാറിൽ   നിതീഷ് കുമാർ രാജിവെച്ചു; സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകും

പാട്ന: രാഷ്ട്രീയ കൂടുമാറ്റങ്ങൾക്ക് പേരുകേട്ട ബിഹാറിൽ തലമുറ മാറ്റം. ജെഡിയു നേതാവ് നിതീഷ് കുമാ‍ർ ബിഹാ‍ർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഏറ്റവും കൂടുതൽ കാലം ബിഹാ‍ർ മുഖ്യമന്ത്രി സ്ഥാനത്ത് തുട‍ർന്ന നിതീഷ് തൻ്റെ 75-ാം വയസ്സിൽ ബിജെപിക്ക് വേണ്ടിയാണ് വഴിമാറുന്നത്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും. നിതീഷിൻ്റെ രാജിക്ക് പിന്നാലെ ചേർന്ന യോഗത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ ഐകകണ്ഠമായി തെരഞ്ഞെടുത്തു. ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകുന്ന ആദ്യ ബിജെപി നേതാവാണ്. 57കാരനായ സാമ്രാട്ട് ചൗധരി പ്രബല ഒബിസി വിഭാഗമായ കുശ്വാഹ സമുദായാംഗമാണ്. ബിഹാറിൽ യാദവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സമുദായമാണ് കുശ്വാഹ. 1990ൽ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന സാമ്രാട്ട് ചൗധരി, വിവിധ പാർട്ടികളിൽ പ്രവർത്തിച്ചതിന് ശേഷമാണ് ബിജെപിയുടെ ഭാഗമായത്. ലാലു പ്രസാദ് യാദവിൻ്റെ ആർജെഡിക്കൊപ്പവും നിതീഷിൻ്റെ ജെഡിയുവിനൊപ്പവും പ്രവർത്തിച്ച സാമ്രാട്ട് ചൗധരി 2017ലാണ് ബിജെപിയിൽ ചേർന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക