Image

​‘കേരളം സ്വർഗമൊന്നുമല്ല, ജാതിഭ്രാന്തും ബോഡി ഷെയ്മിങ്ങും ഇപ്പോഴുമുണ്ട്’; മെഡിക്കൽ കോളജുകളിലെ ക്രൂരത തുറന്നുപറഞ്ഞ് ഡോ. സൗമ്യ സരിൻ

Published on 14 April, 2026
​‘കേരളം സ്വർഗമൊന്നുമല്ല, ജാതിഭ്രാന്തും ബോഡി ഷെയ്മിങ്ങും ഇപ്പോഴുമുണ്ട്’; മെഡിക്കൽ കോളജുകളിലെ ക്രൂരത തുറന്നുപറഞ്ഞ് ഡോ. സൗമ്യ സരിൻ

പാലക്കാട്: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ, മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അഴുമതികളും പീഡനങ്ങളും തുറന്നുപറഞ്ഞ് പ്രശസ്ത ഡോക്ടർ സൗമ്യ സരിൻ. നിതിന്റെ മരണവാർത്ത കേട്ടപ്പോൾ ഞെട്ടലല്ല, മറിച്ച് നാണക്കേടാണ് തോന്നിയതെന്ന് ഡോക്ടർ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. നാം പുരോഗമിച്ചുവെന്ന് അവകാശപ്പെടുമ്പോഴും കേരളം ഒരു സ്വർഗമൊന്നുമല്ലെന്നും മനസിൽ ജാതിയും മതവും പേറി നടക്കുന്നവർ നമുക്കിടയിലുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.

​പഠിക്കുന്ന കുട്ടികളോട് പോലും ജാതി വിവേചനം കാണിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ഡോ. സൗമ്യ പറഞ്ഞു. കുട്ടികളെ കറുത്തവരെന്നോ തടിച്ചവരെന്നോ വിളിച്ച് ബോഡി ഷെയ്മിങ് നടത്താൻ അധ്യാപകർക്ക് എങ്ങനെ കഴിയുന്നുവെന്നും അവർ ചോദിച്ചു. വ്യക്തികളുടെ രൂപത്തെയും ജാതിയെയും പരിഹസിക്കുന്ന പ്രവണത വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ തകർക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.

​താൻ എം.ബി.ബി.എസ് പഠിച്ചിരുന്ന കാലത്ത് നേരിട്ട കയ്പ്പേറിയ അനുഭവങ്ങളും ഡോക്ടർ വെളിപ്പെടുത്തി. പല ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും ബോഡി ഷെയ്മിങ് കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളോട് അധ്യാപകർ വളരെ മോശമായാണ് പെരുമാറിയിരുന്നത്. സർജറികൾക്കിടയിൽ അസിസ്റ്റ് ചെയ്യുമ്പോൾ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല ചുവയുള്ള തമാശകളും സ്ഥിരമായിരുന്നു. ഇവയൊക്കെ മനസിലാകുമെങ്കിലും പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭയത്താൽ അന്ന് പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അവർ പറഞ്ഞു.

​വർഷങ്ങൾക്ക് മുമ്പ് ഇത്തരം നീതികേടുകൾക്കെതിരെ പരാതിപ്പെട്ടപ്പോൾ കടുത്ത പ്രതികാര നടപടികളാണ് നേരിടേണ്ടി വന്നത്. ഇന്നും മെഡിക്കൽ കോളജുകളിലെ കുട്ടികൾ ഇതേ പീഡനങ്ങൾ അനുഭവിക്കുന്നു എന്നത് നിരാശാജനകമാണ്. പരീക്ഷാ സംവിധാനം വ്യക്തികളിൽ കേന്ദ്രീകൃതമായിരിക്കുന്നതാണ് ഈ ചൂഷണങ്ങൾക്ക് പ്രധാന കാരണം. ഇന്റേണൽ മാർക്ക് നൽകില്ലെന്നോ, പുറത്തുനിന്ന് വരുന്ന അധ്യാപകരോട് പറഞ്ഞ് പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്നോ ഉള്ള ഭീഷണിയിലാണ് പല വിദ്യാർത്ഥികളും കഴിയുന്നത്.

​തീസിസ് ഒപ്പിട്ടു നൽകില്ലെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ വർഷങ്ങളോളം മാനസികമായി പീഡിപ്പിക്കുന്ന അധ്യാപകർ ഇന്നും മെഡിക്കൽ കോളജുകളിലുണ്ട്. ഇത്തരം ക്രിമിനൽ സ്വഭാവമുള്ള അധ്യാപകരെ ഇനി തുറന്നുകാട്ടുക തന്നെ വേണമെന്ന് ഡോ. സൗമ്യ സരിൻ തന്റെ പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു. നിതിൻ രാജിന്റെ മരണം ഇത്തരം ജീർണ്ണതകൾക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമാകണമെന്നും അവർ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക