
അപ്പൻ കൊമ്പത്ത് !
'അമ്മ വരമ്പത്ത്
ഒത്തിരിയൊത്തിരി ഓർമ്മകൾ പെയ്യും
വിത്തും കൈക്കോട്ടും !
വിരഹ ബാല്യത്തിന്റെ
മഷിത്തണ്ടിൽ മായാതെ
വിഷുപ്പക്ഷി പാടുമീ
വിരഹ ഗാനം !
മമ ഹൃദയത്തിന്റെ
കുളിരോർമ്മകൾ - അതിൽ
തറയുമെൻ ജീവിത
തേൻ മുള്ളുകൾ
അകലത്തെ ആകാശത്തിൻ മഴക്കാറിൻ കൊന്നപ്പൂക്കൾ മഴത്തുള്ളി കിലുക്കമായ്
കണി വയ്ക്കുമ്പോൾ,
വിലങ്ങിട്ട മോഹങ്ങളാൽ
പിടയുമെൻ കുടിലിലെ
കരുതലായ് വല്യാമ്മ തൻ
സ്നേഹ സ്വർഗ്ഗങ്ങൾ !
ഒരു ദശം പാത്രങ്ങളിൽ
വിളമ്പി വന്നവസാനം
ഒഴിയുന്ന കങ്ങൻ കലം
ബാക്കിയാകുമ്പോൾ
ഒരു തവി കഞ്ഞാളത്തിൽ
ഒതുക്കി തൻ വിശപ്പിനെ
പരിഭവം പറയാതെ
കീഴടക്കുന്നു !!
അറിയിച്ചില്ലറിഞ്ഞില്ല -
ന്നൊരിക്കലും നിറയാത്ത
വയറുമായ് വല്യാമ്മച്ചി
പറന്നു പോകുന്നു - പിന്നെ
ഒരു വിഷുപ്പക്ഷി പോലെ
മറഞ്ഞു പോകുന്നു !
മമ ജീവിതത്തിന്റെ
പകൽ മാഞ്ഞു പോയ് - ദൂരെ
പടിഞ്ഞാറിൽ ഇരുളിന്റെ പടി ചേർന്നു പോയ്.
ഒരു കാലം രചിച്ചിട്ട തളിരോർമ്മകൾ - ഇന്നും
വിട ചൊല്ലാൻ വിതുമ്പും പോൽ വിലപിക്കുന്നു !
ഹൃദയ വിപഞ്ചികയിൽ
വിരലോടുമ്പോൾ- ഒരു
വിഷുപ്പക്ഷി തേങ്ങൽ വീണ്ടും
വന്നു പോകുന്നു !