Image

മൂന്നാമൂഴം - എം .പി.ഷീല (വായന: രാജീവ് പഴുവിൽ)

Published on 14 April, 2026
മൂന്നാമൂഴം - എം .പി.ഷീല (വായന: രാജീവ് പഴുവിൽ)

(2022ലെ ഫൊക്കാന ലളിതാംബിക അന്തർജ്ജനം നോവൽ അവാർഡിന് അർഹമായ കൃതി.)

യാഗം പൂർത്തിയായി.
മേഘങ്ങളോളം ഉയർന്നുപൊങ്ങിയ അഗ്നിജ്വാലകൾ മിഴി പൂട്ടി.
യജ്ഞകുണ്ഡത്തിൽ നിന്ന് കിരീടവും ചട്ടയും ധരിച്ച് ധൃഷ്ടദ്യുമ്നൻ എന്ന യുവാവ് ഇറങ്ങിവന്നു.

ദ്രോണാന്തകനായ പുത്രന് വേണ്ടി കുന്നുകളും വനങ്ങളും താണ്ടിയ ദ്രുപദമനസ്സിന് ആശ്വാസമേകിക്കൊണ്ട് 
യുവാവായ ഒരു പുത്രൻ ജനിച്ചിരിക്കുന്നു.

തൊട്ടു പിറകെ, ആരും പ്രതീക്ഷിക്കാതിരുന്ന ഒരാൾ കൂടെ യാഗാഗ്നിയിൽ നിന്ന് ഉയർന്നുവന്നു. അന്തരീക്ഷത്തിലാകെ താമരഗന്ധം പരത്തി, ശ്യാമമോഹനാംഗിയായ 
ഒരു കന്യക.

പാഞ്ചാലരാജന് യജ്ഞത്തിലൂടെ അപ്രതീക്ഷിതമായി ഒരു പുത്രിയെക്കൂടി ലഭിച്ചിരിക്കുന്നു.

പാഞ്ചാലി അഥവാ ദ്രൗപദി.

ബാല്യകൗമാരങ്ങൾ ഇല്ലാതെ കന്യകയായി അഗ്നിയിൽ പിറവിയെടുത്ത
കറുത്ത സുന്ദരി - കൃഷ്ണ.

ഏതോ ശില്പി കൊത്തിയെടുത്ത മനോഹര ശില്പത്തോട് കിടപിടിക്കുന്ന മെയ്യഴകോടെ ഒരു ദേവസ്വരൂപിണി.അഗ്നിജ്വാലകൾ അവളുടെ ശരീരത്തിൽ നീലിമ പടർത്തി.

ആപത്ബാന്ധവനായ ഒരു മിത്രത്തെ തരണമെന്ന് അവൾ അഗ്നിയോട് അപേക്ഷിച്ചു.

നാരിമാരിൽ രത്നമായ ഇവൾ ലോകത്തിൽ ക്ഷത്രം മുടിക്കുവാൻ പിറന്നവളാണ് എന്ന് അശരീരിയുണ്ടായി.

*** **** *** ***

വ്യാസമഹാഭാരതത്തിലെ കഥാപാത്രങ്ങൾക്ക് മരണമില്ല. അവ ഓരോന്നും അനന്യവും, വലിപ്പച്ചെറുപ്പങ്ങൾ നിർണയിക്കാനാവാത്തവയുമത്രേ.
എന്നിരിക്കലും, സ്ത്രീകഥാപാത്രങ്ങളിൽ ഏറ്റവും കരുത്തുള്ളതും, ഏറെ സങ്കീർണ്ണത നിറഞ്ഞതുമായ പാത്രസൃഷ്ടി ഒരു പക്ഷേ, ദ്രൗപദി തന്നെയാണ്.

അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയയായ ശ്രീമതി.എം.പി ഷീല 
തന്റെ 'മൂന്നാമൂഴം' എന്ന നോവലിൽ ദ്രൗപദിയുടെ ജീവിതത്തെ അല്പം വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ നോക്കിക്കാണാൻ ശ്രമിക്കുകയാണ്. അനുനിമിഷം സംഘർഷഭരിതമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന അവളെ സ്ത്രൈണഭാവങ്ങളുടെ വ്യത്യസ്തതലങ്ങളിലൂടെ കൊണ്ടുപോവുകയാണ്.

സഖികൾ അവരുടെ ബാല്യകാലത്തെപ്പറ്റി വർണ്ണിക്കുന്നതും ആഹ്ലാദിക്കുന്നതും ആദ്യമായി കേട്ട നിമിഷം മുതൽ അവളുടെ മനസ്സ് അസ്വസ്ഥമാകുന്നു.
കന്യകയായി ജന്മമെടുത്ത തനിക്ക് ഇല്ലാതെ പോയ, അഥവാ അജ്ഞാതമായ, ഒരു ബാല്യകാലത്തെപ്പറ്റി അറിയാനുള്ള ഉൾക്കടമായ ത്വര നോവലിന്റെ അവസാനഘട്ടം വരെ ഇടമുറിയാതെ കടന്നുവരുന്നുണ്ട്.

അർജ്ജുനനെപ്പറ്റി പിതാവും സഹോദരനും തമ്മിൽ സംസാരിക്കുന്നത് കേട്ട് അദ്ദേഹത്തെ വരനായി ലഭിക്കാൻ ആശിക്കുന്നതിനും മുൻപേ, അവളുടെ സ്വപ്നങ്ങളിൽ അജ്ഞാതനായ നീല വർണ്ണമുള്ള ഒരു പുരുഷൻ കടന്നു വരുന്നുണ്ട്. കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ നിന്ന് ലഭിച്ച മനോഹരമായ പിഞ്ഛിക (മയിൽപ്പീലി) മാറോടമര്‍ത്തുമ്പോഴൊക്കെ അവർണ്ണനീയമായ ആനന്ദ നിർവൃതിയുടെയും ആത്മാനുഭൂതിയുടെയും ലോകത്തേക്ക് അവളെ കൈ പിടിച്ച് നടത്തുന്നുണ്ട്.അകലെ എവിടെയോ നിന്ന് മധുരതരമായ ഒരോടക്കുഴൽ നാദം ഒഴുകി വരാറുണ്ട്.

ആശിച്ച പോലെ, സ്വയംവരപരീക്ഷയിൽ വിജയിച്ച അർജുനന്റെ വധുവായ ശേഷം നേരിടേണ്ടിവന്ന അഗ്നിപരീക്ഷകൾ!
ഏതോ മുജ്ജന്മശാപത്താലല്ലാതെ ഇപ്രകാരം അഞ്ചു സഹോദരങ്ങളുടെ പത്നിയാകേണ്ട ധർമ്മസങ്കടത്തിൽ എത്തിച്ചേർന്നത് എങ്ങനെ? അഭിശപ്തമായ ഈ ജന്മത്തിനു മുൻപ് താൻ ആരായിരുന്നു?
അർജുനന്റെ ആത്മാംശമായ ഇണപിരിയാത്ത സുഹൃത്ത് - തനിക്ക് ആപത് ബാന്ധവനായ മിത്രമായി അഗ്നിദേവനാൽ തെരഞ്ഞെടുക്കപ്പെട്ട ദ്വാരകാനാഥൻ കൃഷ്ണൻ- പരിസരത്ത് വ രുമ്പോഴൊക്കെ ശരീരത്തിൽ കൂടുതൽ നീലിമ കലരുന്നതും, ഹൃദയത്തിന്റെ അടിത്തട്ടിലൊളിച്ചിരിക്കുന്ന അജ്ഞാതനായ ആത്മാരാമന്റെ സാന്നിധ്യം അനുഭവവേദ്യമാകുന്നതും എന്തുകൊണ്ട്?

അർജ്ജുനന്റെ ആത്മസഖാവായ കൃഷ്ണന് , അർജ്ജുനപത്നിയായ കൃഷ്ണയോടുള്ള സവിശേഷമായ അടുപ്പത്തിന് പിന്നിൽ എന്തെങ്കിലും ജന്മരഹസ്യങ്ങൾ ഉണ്ടോ? ഏറ്റവും കടുത്ത പരീക്ഷണമായ കൗരവസഭയിലെ വസ്ത്രാക്ഷേപവേളയിൽ അകലെയിരുന്ന് മായ കാട്ടി മാനം കാത്ത കൃഷ്ണന്റെ പ്രത്യേക കരുതലിനു പിന്നിലെ പൊരുൾ എന്താണ്?

മറ്റു ഭർത്താക്കന്മാരെ അപേക്ഷിച്ച് സ്വയംവരജേതാവായി തന്നെ നേടിയ അർജുനനെ കൂടുതൽ പ്രണയിക്കുന്നു എന്ന വസ്തുത നിലനിൽക്കെ, അടിക്കടി അർജുനവിരഹം ഉണ്ടാകുന്നതിന് ഹേതുവെന്ത്?

ഊഴം വച്ച് സഹശയനത്തിന് വരുന്ന വ്യത്യസ്തരായ അഞ്ച് ഭർത്താക്കന്മാരുടെ താല്പര്യങ്ങൾ അറിഞ്ഞ്, അവരുടെ ഭോഗാസക്തി ശമിപ്പിക്കാൻ വിധിക്കപ്പെട്ടവളും, അതിന് കഴിവുള്ളവളുമെങ്കിലും, എന്തുകൊണ്ട് ഇത്തരമൊരു വിധി തനിക്ക് വന്നുപെട്ടു?

യാഗാഗ്നിയിൽ കന്യകയായി പിറന്ന തന്റെ ജന്മം അർജ്ജുനനും കൃഷ്ണനും പറയുന്നതുപോലെ, ശ്രേഷ്ഠമോ? അതോ കൗരവരും കർണ്ണനും, മറ്റു ചില സാധാരണപ്രജകളും പറഞ്ഞു നടക്കുന്ന പോലെ നികൃഷ്ടമോ?

കൃഷ്ണൻ എല്ലാം അറിയുന്നവനാണ്. അർജുനനാകട്ടെ കൃഷ് ണാംശമുള്ളവനുമാണ്. ഒടുവിൽ സമയമായപ്പോൾ അവരിൽ നിന്ന് വെളിപ്പെടുന്നതുവരെ,  
ഇടതടവില്ലാതവണ്ണം ദ്രൗപദിയുടെ മനസ്സിലുണരുന്ന ഈ ചോദ്യങ്ങളിലൂടെ, വായനക്കാരെ കൈപിടിച്ച് നടത്തുന്നുണ്ട് നോവലിസ്റ്റ്. ഒരേ സമയം പ്രണയിനിയായും, ധർമ്മപത്നിയായും, മാതാവായും വർത്തിക്കുന്ന സ്ത്രീമനസ്സിന്റെ നിലയ്ക്കാത്ത സംഘർഷങ്ങളും, വികാരവിക്ഷോഭങ്ങളും , ആനന്ദാനുഭൂതികളും എല്ലാം വായനക്കാരന് പകർന്നുകിട്ടുന്നുണ്ട്.

ഒരു സാധാരണവായനക്കാരൻ എന്ന നിലയിൽ മനസ്സിൽ തോന്നിയ ഒന്നു രണ്ടു കാര്യങ്ങളുണ്ട്.

ഒന്നാം അധ്യായത്തിൽ തന്നെ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും,ജന്മരഹസ്യങ്ങളുമൊക്ക ഉടലോടെ സ്വർഗ്ഗാരോഹണത്തിന് ചെല്ലുന്ന യുധിഷ്ഠിരന്, അതിനു മുൻപേ സ്വർഗ്ഗം പൂകിയിരുന്നവളും ,ഇക്കാര്യങ്ങളെല്ലാം കൃഷ്ണർജ്ജുനമാരിൽ നിന്നു ഗ്രഹിച്ചവളുമായ ദ്രൗപദി തന്നെ സംഗ്രഹിച്ചു പറഞ്ഞു കൊടുക്കുന്നുണ്ട്. അതു വായിക്കുന്ന വായനക്കാരനും ഈ അറിവുകൾ പകർന്നു കിട്ടുന്നുണ്ട്. തുടർവായനയയുടെ ഔൽസുക്യത്തിനെ അത് ബാധിച്ചില്ല എങ്കിലും,ആ രഹസ്യങ്ങൾ അനാവൃതമാകുന്നത് അവസാനഭാഗത്താക്കിയിരുന്നുവെങ്കിൽ വായനക്കാരന്റെ ജിജ്ഞാസ ഉടനീളം നിലനിർത്തി പാരമ്യത്തിൽ എത്തിക്കാൻ ആകുമായിരുന്നു എന്ന് തോന്നി.

മറ്റൊന്ന്, ദ്രൗപദിയുടെ മനസ്സിലുള്ള അടിസ്ഥാന ചോദ്യങ്ങൾ ആവർത്തിക്കുന്നോ എന്നൊരു തോന്നൽ ഒന്നു രണ്ടു ഘട്ടങ്ങളിലെങ്കിലും ഉണ്ടായി.വായനയുടെ രസച്ചരടിന് അതൊട്ടും മുറിവേൽപ്പിച്ചില്ല എങ്കിൽക്കൂടി.

ഈ നോവലിലെ കൃഷ്ണയ്ക്ക് സ്വയംവരവേദിയിൽ കർണ്ണനെ അപമാനിച്ചതിന്റെ കുറ്റബോധം അല്പം കൂടുതലായി ഉണ്ടെന്നു കൗതുകത്തോടെ കാണുന്നു.കൗരവസഭയിൽ വെച്ച് സ്വൈരിണി എന്ന് കർണ്ണൻ അധിക്ഷേപിച്ചിട്ടും, താൻ ഇതെല്ലാം കേൾക്കേണ്ടവളാണ് എന്നൊരു ചിന്തയിലാണ് അവളുടെ മനസ്സ്.

'മൂന്നാമൂഴം' എന്ന പേര്, സ്വാഭാവികമായും അർജ്ജുനൻ മൂന്നാമൂഴക്കാരനായ ഭർത്താവ് എന്ന് തോന്നിപ്പിക്കുമെങ്കിലും, അത്‌ അങ്ങനെയല്ലെന്ന് വായനയുടെ അവസാനത്തിൽ വ്യക്തമാകുന്നുണ്ട്. ആമുഖത്തിലും അതിനെപ്പറ്റി പറയുന്നുണ്ട്.

ഇതിഹാസകഥയിലെ കഥാപാത്രങ്ങളെ യും, പ്രത്യേകമായി അവരെപ്പറ്റി പുതിയതോ വ്യത്യസ്തമായതോ ആയ കാഴ്ചപ്പാടുകളെയും അവതരിപ്പിക്കുക എന്നത്
അതീവശ്രദ്ധയും, ഏറെ പഠനവും, സൂക്ഷ്മമായ വായനയും, മറ്റ് എഴുത്തുകാരുമായുള്ള ചർച്ചകളും, അക്ഷീണപരിശ്രമവും, സമയ ദൈർഘ്യവും ഒക്കെ ആവശ്യപ്പെടുന്ന കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. അതിനെപ്പറ്റിയൊക്കെ നോവലിസ്റ്റ് ആമുഖത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

2022ലെ ഫൊക്കാന ലളിതാംബിക അന്തർജ്ജനം നോവൽ അവാർഡിന് അർഹമായ ഈ കൃതി മനോഹരമായ വായനാനുഭവം തന്നെയായിരുന്നു.

എഴുത്തുകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
'മൂന്നാമൂഴം' ഇനിയും വായിക്കപ്പെടട്ടെ, അംഗീകരിക്കപ്പെടട്ടെ !

ശുഭം,
രാജീവ് പഴുവിൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക