Image

ദളിതന്റെ ആത്മാഭിമാനത്തില്‍ തെറിച്ച ചോര: നിതിന്‍ രാജിനെ കൊലയ്ക്കുകൊടുത്ത അധ്യാപക ജാതിവെറി (എ.എസ് ശ്രീകുമാര്‍)

Published on 13 April, 2026
ദളിതന്റെ ആത്മാഭിമാനത്തില്‍ തെറിച്ച ചോര: നിതിന്‍ രാജിനെ കൊലയ്ക്കുകൊടുത്ത അധ്യാപക ജാതിവെറി (എ.എസ് ശ്രീകുമാര്‍)

''സ്റ്റാഫ്‌റൂമിന് പുറത്തുവെച്ച് അധ്യാപകന്‍ വിഡ്ഢിയെന്ന് വിളിച്ചു. വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമാണ് സ്റ്റാഫ് റൂം. അവിടെയുള്ള  എല്ലാം ഒരുപോലെയാണ്. കുട്ടികളെ പച്ചയ്ക്ക് കളിയാക്കും. അവിടെവെച്ചാണ് എന്റെ കൈയും കാലും വെട്ടുമെന്നും കൈയില്ലാതെ ജീവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയത്. എല്ലാ ആണ്‍കുട്ടികളെയും അധിക്ഷേപിക്കുമായിരുന്നു. പലരും നേരത്തേ പരാതി നല്‍കിയിട്ടുണ്ട്. പരമാവധി ക്ഷമിച്ചു. കഴിഞ്ഞ ദിവസം ഞാന്‍ അയാളുടെ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഒരു കാരണവുമില്ലാതെ എണീറ്റു നിര്‍ത്തി. ഓരോന്നു പറഞ്ഞ് കളിയാക്കി. അമ്മയെയും കളിയാക്കി. ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞു...''

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആര്‍.എല്‍ നിതിന്‍ രാജ് എന്ന 22-കാരന്‍ കോളേജ് വളപ്പിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ അധ്യാപകരുടെ ജാതി അതിക്ഷേപമാണെന്ന് വ്യക്തമായിരിക്കെ ഈ സംഭവം പരിഷ്തൃതരെന്ന് നടിക്കുന്നവര്‍ക്ക് അപമാനകരമാണ്. ദളിതനായ നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് കുടുംബം രംഗത്തുവന്നു. നിതിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണോ എന്ന് സംശയമുള്ളതായി സഹോദരി ഭര്‍ത്താവ് പറഞ്ഞു. വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്, ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നും ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും അശോക് കുമാര്‍ പറഞ്ഞു.

പല തവണയായി നിതിനെ അധ്യാപകര്‍ ജാതീയമായും വംശീയമായും നിറത്തിന്റെ അടിസ്ഥാനത്തിലും എല്ലാം അധിക്ഷേപിച്ചിരുന്നതായി അശോക് കുമാര്‍ പറഞ്ഞു. അധ്യാപകരായ റാമും സംഗീതയും പല തവണ അധിക്ഷേപിച്ചുവെന്നും അശോക് കുമാര്‍ പറഞ്ഞു. വകുപ്പ് മേധാവി നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചെന്ന് ഇളയ സഹോദരി നിഖിത പറഞ്ഞു. ഗുരുതരമായ ജാതി അധിക്ഷേപവും നിറത്തിന്റെ പേരിലുള്ള അധിക്ഷേപവും ഉണ്ടായി. അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാട്ടി എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് സഹപാഠികളുടെ മുന്നില്‍ അപമാനിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. അവിടെ പോവേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പലര്‍ക്കും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ വകുപ്പ് മേധാവി തല്ലിയിരുന്നതായും നിഖിത പറഞ്ഞു.

കേരളത്തിന്റെ സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നിതിന്‍രാജിന്റെ ദുരൂഹ മരണം. പഠനം പൂര്‍ത്തിയാക്കി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട ഒരു യുവാവിന്റെ ജീവിതം അധിക്ഷേപിച്ചില്ലാതാക്കിയവര്‍ വാസ്തവത്തില്‍ അധ്യാപകരല്ല, കശാപ്പുകാരുമല്ല നരനൃശംസതയുടെ ജാതിക്കോമരങ്ങളാണ്.  ഇതൊരു ആത്മഹത്യയെന്നതിലുപരി, നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യ സംഹിതയെത്തന്നെ ചോദ്യം ചെയ്യേണ്ട ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു. ജാതിവിവേചനത്തിന്റെ നിഴല്‍ ഇന്നും നമ്മുടെ ക്യാമ്പസുകളില്‍ സജീവമായി നിലനില്‍ക്കുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. കേരളം വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന പേരില്‍ അഭിമാനിക്കുമ്പോഴാണ്, അഭിരമിക്കുമ്പോഴാണ് ജാതിയുടെ പേരില്‍ ഒരുവനെ ഇല്ലായ്മ ചെയ്യുന്ന കാട്ടാള സന്തതികള്‍ കലാലയങ്ങളില്‍ അധ്യാപകരെന്ന് മേനിനടിച്ച് വിളയാടുന്നത്.

കോളേജുകള്‍ അറിവിന്റെ ക്ഷേത്രങ്ങളാണെങ്കിലും, അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് സമത്വവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭീകരവാദ കേന്ദ്രം അല്ലാതെ മറ്റെന്താണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നവോത്ഥാനം അണെന്നിരിക്കെ അതിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ് ജാതി വിവേചനം. എല്ലാ വിദ്യാര്‍ത്ഥികളെയും സമഭാവനയോടെ കാണേണ്ട അധ്യാപകര്‍ അവരുടെ ജീവനെടുക്കുന്ന തരത്തിലേയ്ക്ക് മതമൗലികവാദികളായി അധപ്പതിക്കുന്ന കാഴ്ചയാണ് നിതിന്‍ രാജിന്റെ ആത്മഹത്യ സമൂഹത്തിന് കാട്ടിക്കൊടുക്കുന്നത്. കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തല്‍, അപമാനകരമായ പരാമര്‍ശങ്ങള്‍, അധ്യാപകരുടെ അവഗണന ഇവയെല്ലാം ഒരു വിദ്യാര്‍ത്ഥിയുടെ മനോനില തന്നെ തെറ്റിക്കുന്ന പീഡനമുറകളാണ്. തന്‍മൂലം വിഷാദരോഗത്തിന് അടിമകളാകുന്ന അവര്‍ അവസാനം ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്യും.

ജാതിയുടെ പേരില്‍ ഒരാളെ താഴ്ത്തിക്കാണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടിടത്ത് ഇത്തരം വിവേചനങ്ങള്‍ തുടരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തിലെ എല്ലാ വ്യക്തികളും ഒരുപോലെ മാന്യമായ ജീവിതം നയിക്കാന്‍ അര്‍ഹരാണ്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം നമ്മെ പഠിപ്പിച്ചത് മനുഷ്യ ജാതിയില്‍ ഉയര്‍ന്നതോ താഴ്ന്നതോ എന്ന ഭേദമില്ലെന്ന സത്യമാണ്. എന്നാല്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലകളിലും സാമൂഹിക ഇടപെടലുകളിലും സൂക്ഷ്മമായും തുറന്നും ജാതിവിവേചനം കാണപ്പെടുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാകാവാത്തതാണ്.

നിതിന്‍ രാജിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇതുതന്നെയാണെന്ന് ആ ഞെട്ടിക്കുന്ന ശബ്ദ സന്ദേശം തന്നെ സുപ്രധാനമായ തെളിവല്ലേ..? ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതല്ല വസ്തുത. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ ജാതി, വര്‍ഗ്ഗം, മതം തുടങ്ങിയവയുടെ പേരില്‍ കടുത്ത വിവേചനം നേരിടുന്ന ഗുരുതരമായ സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. നിതിന്‍ രാജിന്റെ മരണം മത ഭീകരവാദത്തിന്റെ കലിതുള്ളലാണ് തുറന്നുകാട്ടുന്നത്. ഇതൊരു വലിയ പ്രശ്‌നത്തിന്റെ ലക്ഷണമായി കണ്ട് വെര്‍ബല്‍ കാപാലികളെ കണക്കിന് ശിക്ഷിക്കേണ്ടതാണ്. അങ്ങനെ ഒരു സാമൂഹിക നവീകരണത്തിന് തുടക്കം കുറിക്കാന്‍ ഇനി അധികാരത്തിലേറുന്ന സര്‍ക്കാര്‍ ഒരുമ്പെട്ടിറങ്ങണം.

കേരളം ജയിക്കും, യു.ഡി.എഫ് ഭരിക്കുമായിരിക്കും, എല്‍.ഡി.എഫ് അല്ലാതെ മറ്റാരുമില്ലായിരിക്കും, എന്‍.ഡി.എ പറയുന്നത് പോലെ മാറാത്തത് മാറി, ഇനി കേരളം വളരുമായിരിക്കും. പക്ഷേ, ആര് അധികാരത്തില്‍ വന്നാലും കോളേജുകളില്‍ നിര്‍ബന്ധമായും ജാതിവിവേചന വിരുദ്ധ സെല്ലുകള്‍ സജീവമാക്കാന്‍ ആര്‍ജവം കാട്ടണം. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ഭയമായി പരാതികള്‍ ഉന്നയിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. അധ്യാപകരും ഭരണസമിതികളും ഈ വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം നേടേണ്ടതുണ്ട്. കൂടാതെ, മാനസികാരോഗ്യ സഹായ സംവിധാനങ്ങള്‍ എല്ലാ ക്യാമ്പസുകളിലും ലഭ്യമാക്കണം. ജാതി മതഭേദമന്യേ എല്ലാ മനുഷ്യരും തുല്യരാണെന്ന ബോധം വളര്‍ത്തിയെടുക്കുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണ്. നിതിന്‍ രാജിന്റെ ദുരന്തം ഒരു സത്യത്തിന് മുന്നില്‍ സമൂഹത്തെ കൊണ്ടെത്തിക്കുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷം മാത്രം നാം ഉണരാന്‍ പാടില്ല എന്ന നഗ്നസത്യം.

Join WhatsApp News
Sudhir Panikkaveetil 2026-04-13 22:11:30
ഇതൊക്കെ കേരളത്തിലെ നിത്യനാടക ദൃശ്യങ്ങൾ. മാറ്റം പ്രതീക്ഷിക്കേണ്ട. ഇത് തുടരും. ശിക്ഷ കൊടുക്കാൻ തയ്യാറാണോ എങ്കിൽ മാറ്റം ഉണ്ടാകും. അല്ലെങ്കിൽ ഇത് കണ്ടു കരയുകയോ നെടുവീർപ്പിടുകയോ പത്രങ്ങളിൽ നീട്ടി നീട്ടി എഴുതി സമയം കളയുകയോ ചെയ്യാം. പിന്നെ, ദൈവം ഉണ്ടെങ്കിൽ അങ്ങേര്ക്ക് ഇത് പരിഹരിക്കാം സൃഷ്ടിയിൽ വിവേചനം കാണിക്കാതിരിക്കുക. സുന്ദരൻ, വിരൂപം, കറമ്പൻ, വെളുമ്പൻ ചട്ടുകാല ൻ തുടങ്ങി അങ്ങേരുടെ ക്രൂര വിനോദങ്ങൾ അവസാനിപ്പിക്കുക.
The Facts 2026-04-14 02:07:04
''കേരളത്തിൽ ജാതിയില്ലെന്നുള്ള വാചാടോപം ശുദ്ധ നാട്യമാണ്. ജാതിയും ജാതിക്കയും വിറ്റ് ജീവിക്കുന്നവർ R K റാമിനെയും സംഗീത നമ്പ്യാരെ പോലുള്ളവരുമാണെന്നുള്ള കാര്യം മറച്ച് വച്ചാണ് പണിക്കർ വാലുകാർ ജാതിവിവേചനത്തിനെതിരെ പോരാടുന്നവരെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. കേരളം ജാതിയിൽ ഉപ്പിലിട്ട ഒരു സമൂഹം തന്നെയാണ്. നിധിൻ രാജിന് തുടർച്ചയായി നേരിടേണ്ടി വന്ന അപമാനത്തിനും ഹിംസക്കും എതിരായി നിലകൊള്ളാൻ കണ്ണൂർ ഡെന്റെൽ കോളേജിൽ ഒരൊറ്റ അധ്യാപകൻ / അധ്യാപിക പോലും ഇല്ലാതെ പോയി എന്നുള്ളത് എത്രമേൽ ജാതിഹിംസയിൽ നിലീനമാണ് കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.''-T S Syam Kumar
®️റെജീസ് നെടുങ്ങാ ട പ്പള്ളി 2026-04-14 07:24:36
💥🔥അമേരിക്കയിൽ താമസിക്കുന്ന മലയാളികളുടെ ഇടയിൽ കനത്ത ജാതി തിരിവുകളും,മാനസീക അകറ്റി നിർത്തലും ഫിസിക്കൽ അയിത്തവും ഉണ്ടല്ലോ 100%. ക്രിസ്ത്യാനി പള്ളിയിൽ, പുലയൻ അച്ചൻ വന്നാൽ ഇന്നും പ്രശ്നം തന്നെ ആണ്. എന്തിനാ ഈ വാസ്തവങ്ങൾ മറച്ചു വയ്ക്കുന്നത്.¿¿. ജാതി, മതം ഇതൊക്കെ 100% സത്യമാണ്, ഉള്ളതാണ് ; ദൈവം ഇല്ലെങ്കിലും‼️. ഏറ്റവും കൂടുതൽ ജാതി ഡിസ്ക്രിമിനേഷൻ ഉള്ളത് 'പെന്തോ'കളുടെ ഇടയിലാണ്.👹 റെജീസ് john
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക