Image

ആശാ ഭോസ്ലെ: ഒരു യുഗത്തിന്റെ ശബ്ദം നമ്മെ വിട്ടു പിരിഞ്ഞു (ഏബ്രഹാം തോമസ്)

Published on 13 April, 2026
ആശാ ഭോസ്ലെ: ഒരു യുഗത്തിന്റെ ശബ്ദം നമ്മെ വിട്ടു പിരിഞ്ഞു (ഏബ്രഹാം തോമസ്)

ഇന്ത്യൻ സംഗീത ലോകത്തിനും ലോക സംഗീതത്തിനും ഒരു തീരാ നഷ്ടമാണ് ആശ ഭോസ്ലെയുടെ വിയോഗം. ധം മാരോ ധം (ഹരേ രാമ ഹരേ കൃഷ്ണ), ചുരാ ലിയാ ഹൈൻ തും നെ ജോ ദിൽ കോ ('യാദോം കി ബാരാത്' ), 'പിയ തൂ അബ് തൊ ആജാ' എന്നീ 1970 കളിലെ ഹിറ്റ് ഗാനങ്ങ്ൾ ആരാധകരുടെ ചുണ്ടുകളിൽ ദശാബ്ദങ്ങളായി സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ഇവയോടെയൊപ്പം ഓരോ വർഷവും ആശ പാടിയ ചലച്ചിത്ര, ചലച്ചിത്രേതര ഗാനങ്ങളും സംഗീതലോകം നെഞ്ചിലേറ്റിയിട്ടുണ്ട്.

ആശയുടെ ലോക പ്രിയത വളരെ പെട്ടെന്ന് നേടിയതായിരുന്നില്ല. 1938 ൽ ജനിച്ച ആശ 1950 കളിൽ ഹിന്ദി, മറാത്തി ചലച്ചിത്ര, നാടക ഗാനങ്ങളിൽ രംഗ പ്രവേശം നടത്തുമ്പോൾ മൂത്ത സഹോദരി ലത മങ്കേഷ്‌കർ, ഷംഷാദ് ബീഗം, സുരയ്യ, തുടങ്ങിയ ലബ്ധ പ്രതിഷ്ഠിതരായ ഗായികമാരുമായി നിരന്തരം മത്സരത്തിൽ ഏർപെടേണ്ടി വന്നിരുന്നു. പിന്നീട് തുണയായത് ഓ പി നയ്യാരും ലത മങ്കേഷ്കറുമായും ലത മങ്കേഷ്കറും മുഹമ്മദ് റാഫിയുമായി ഉണ്ടായ സൗന്ദര്യ പിണക്കങ്ങളാണ്. ലതക്ക് പകരം നയ്യാറിനു മറ്റൊരു ഗായിക ആവശ്യമായിരുന്നു. ആശ എ ഈ വിടവ് അനായാസം നികത്തി. ബി ആർ ചോപ്ര ('വക്ത്' ) തുടങ്ങിയ ലബ്ധ പ്രതിഷ്ഠിതരായിരുന്ന സംവിധായകർക്ക് മറ്റൊരു സ്ത്രീ ശബ്ദം അവർ ആശയിൽ കണ്ടെത്തി. പിൽക്കാലത്തു ബി ആർ ഇശാര പോലുള്ള സംവിധായകർക്കു വിവാഹിത അല്ലാത്ത ലതയെ കൊണ്ട് 'രാത് പിയാ കെ സന്ഗ് ജാഗിരേ സഖി' (രാത്രി മുഴുവൻ പ്രിയനോടൊപ്പം ഉണർന്നിരുന്നു ) പോലെയുള്ള ഗാനങ്ങൾ പാടിക്കുവാൻ കഴിയാതെ വന്നപ്പോഴും പകരം സ്ത്രീ ശബ്ദം ആശ തന്നെ വേണ്ടി വന്നു.

അൻപതുകളുടെ ഉത്തരാർദ്ധം മുതൽ പല ദശകങ്ങളിലും ആശയുടെ ശബ്ദം 'രണ്ടാമത്തെ അവൾ ', ഒരുമ്പെട്ടവൾ, കാബറെ ഗാനങ്ങൾ എന്നിവക്കായി പ്രധാനമായും ഉപയോഗിച്ചു വന്നു. ഇതിനിടയിൽ നയ്യാരുടെ സംഗീതത്തിൽ 'നയാ ദൗർ' ('മാന്ഗ് കെ സാഥ് തേരാ' തുടങ്ങിയ ഗാനങ്ങൾ ), , 'ഹൗറാബ്രിഡ്ജ് ' , ആർ ഡി ബർമന്റെ സംഗീതത്തിൽ

'ഹരേ രാമ ഹരേ കൃഷ്ണ', 'യാദോം കി ബറാത്', തുടങ്ങി നൂറു കണക്കിന് ചിത്രങ്ങളിൽ ആശ പാടുകയും തിളങ്ങുകയും ചെയ്തു . അക്കാലത്തു ഹിന്ദി സിനിമകളിൽ നായികയ്ക്ക് വേണ്ടി ലത പാടുന്നു, മറ്റു അപ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് വേണ്ടി ആശ പാടുന്നു എന്ന സ്ഥിതി ആയിരുന്നു. മെഹ്മൂദിന്റെ ചില ചിത്രങ്ങളിൽ നായികക്കു വേണ്ടി ആശ പാടി ('മുത്ത് കൊടുക്ക വാരിഹടാ' വളരെ വലിയ ഹിറ്റായി.

പതിനാറാമത്തെ വയസിൽ 31 കാരനായ കാമുകൻ ഗണപത് റാവ് ഭോസ്ലെക്കൊപ്പം ഒളിച്ചോടി പോയ ആശ ഭർത്താവിന്റെ വീട്ടിൽ സുഖം കണ്ടെത്തിയില്ല. അവർ ഭർത്താവിനെയും അയാളുടെ കുടുംബത്തെയും കുറിച്ച് ചില പരാതികൾ തന്റെ ആത്മകഥയിൽ പങ്കു വച്ചിരുന്നു. മൂന്നു മക്കളുണ്ടായി. ആയിടക്ക് ഇവർ ഭർത്താവുമായി അകന്നു. ഏറെ വൈകാതെ ബോംബെ ചലച്ചിത്ര ലോകത്തു രാഹുൽ ദേവ് ബർമ്മനുമായുള്ള കഥകൾ പരന്നു. 1980 ൽ വിവാഹിതരായ ഇവർ ഒന്നിച്ചു ജീവിച്ചില്ലെങ്കിലും ഒന്നാണെന്ന് ബോളിവുഡ് കരുതി. ആർ ഡിയും ആശയും കുറെയധികം ആസ്വാദ്യകരമായ, ഏവരും പാടി നടക്കുന്ന ഗാനങ്ങൾ ആരാധകർക്ക് നൽകി. 1994 ൽ ആർ ഡി ബർമൻ ഓർമ്മയായി - അനശ്വരങ്ങളായ കുറെയധികം ഗാനങ്ങൾ ആരാധകർക്ക് നൽകിയതിന് ശേഷം.

ലതയും ആശയുമായുള്ള ബന്ധം പലപ്പോഴും മുറിഞു പോകും എന്ന് വരെ ആരാധകർ ഭയപ്പെട്ടു. ആശ ചില വേദികളിൽ ലതയെ അനുകരിച്ചു സംസാരിച്ചിട്ടുണ്ട് . കുറെയേറെ വർഷങ്ങളായി അവരെ വേദികളിൽ കണ്ടിരുന്ന ഞാൻ 1980 നു ശേഷം അവരിൽ വന്ന മാറ്റം ശ്രദ്ധിച്ചിരുന്നു. വളരെ പുതിയ ഫാഷൻ സ്റ്റേറ്റ്മെൻറ് ആയിരുന്നു അവരുടെ വസ്ത്ര ധാരണ രീതി. എന്നാൽ തികച്ചും ഭാരതീയം.

1948 ൽ 'ചുനരിയാ ' എന്ന ചിത്രത്തിൽ പാടികൊണ്ടാണ് ആശ പിന്നണി ഗാനാലാപനം ആരംഭിച്ചത്, പല ഭാഷകളിൽ(മലയാളം ഉൾപ്പടെ ) , പല രൂപ ഭാവത്തിൽ 12, 500ൽ അധികം ഗാനങ്ങൾ പാടിയിട്ടുണ്ടാകും എന്നാണു അനുമാനിക്കുന്നത്. സ്വന്തം കഠിനാധ്വാനം കൊണ്ട് മാത്രം ഉയർന്നു വരികയും സംഗീത ലോകത്തു മഹത്തായ സംഭാവനകൾ നൽകുകയും ചെയ്ത ആ പ്രതിഭക്കു മുൻപിൽ പ്രണാമം!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക