
വിജയ് ചിത്രം ജനനായകൻ ചോർന്ന സംഭവത്തിൽ ആറു പേർ അറസ്റ്റിലായതായി റിപ്പോർട്ട്. ഇവരെ തമിഴ്‌നാട് സൈബര്‍ ക്രൈം വിങ് ആണ് അറസ്റ്റ് ചെയ്തത്.
വിജയുടെ അവസാന ചിത്രമെന്ന വിശേഷിക്കുന്ന ജനനായകന്റെ എച്ച്ഡി പ്രിന്റ് സോഷ്യല്‍ മീഡിയയിലൂടെ ലീക്കായത് വലിയ വിവാദമായിരിന്നു. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ചിത്രത്തിൻറെ നിർമ്മാതാക്കളായ കെവിൻ പ്രൊഡക്ഷൻസിന്റെ പരാതിയെ തുടർന്നാണ് പോലീസ് അടിയന്തര നടപടി എടുത്തത്.
നിർമാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ ലീക്കായ പതിപ്പ് പങ്കുവെച്ച 300 ലധികം ലിങ്കുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത് ഏപ്രില്‍ 9 നായിരുന്നു. പിന്നാലെ മൂന്ന് മണിക്കൂറുള്ള മുഴുവന്‍ ചിത്രവും ലീക്കാവുകയായിരുന്നു. വിജയുടെ അവസാന ചിത്രമെന്ന നിലയിൽ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ജനനായകൻ.