Image

നിതിൻ രാജിന്റെ മരണം, പ്രതികളായ അധ്യാപകർ ഒളിവിൽ; അന്വേഷണത്തിന് ദേശീയ എസ്.സി/എസ്.ടി കമ്മീഷൻ ഉത്തരവ്

Published on 13 April, 2026
നിതിൻ രാജിന്റെ മരണം, പ്രതികളായ അധ്യാപകർ ഒളിവിൽ; അന്വേഷണത്തിന് ദേശീയ എസ്.സി/എസ്.ടി കമ്മീഷൻ ഉത്തരവ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകർ ഒളിവിൽ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കപ്പെട്ട ഡോ. റാം, ഡോ. സംഗീത എന്നിവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ദേശീയ എസ്.സി/എസ്.ടി കമ്മീഷൻ സ്വമേധയാ ഇടപെടുകയും അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നിലവിൽ സബ് കളക്ടറും പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസറും കോളജിലെത്തി തെളിവെടുപ്പ് നടത്തുകയാണ്.

​അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത ജാതി അധിക്ഷേപമാണ് മരണത്തിന് പിന്നിലെന്ന് കുടുംബം ആവർത്തിച്ചു. ഇല്ലാത്ത കഥകൾ മെനഞ്ഞ് കോളജ് അധികൃതർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അമ്മയുടെ ചികിത്സയ്ക്കായി നിതിൻ എടുത്ത ലോണിന്റെ വിവരങ്ങൾ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും പിതാവ് രാജൻ പറഞ്ഞു. "മറ്റ് പല കാര്യങ്ങൾക്കും നിരന്തരം വിളിക്കാറുള്ള അധ്യാപകർ ലോൺ ആപ്പുകാരുടെ ഭീഷണി ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് വീട്ടുകാരെ അറിയിച്ചില്ല?" എന്ന് അദ്ദേഹം ചോദിച്ചു. നിതിന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറയാൻ മനസാക്ഷിയുള്ള സഹപാഠികൾ തയ്യാറാകണമെന്നും കുടുംബം കണ്ണീരോടെ അഭ്യർത്ഥിച്ചു.

​അതേസമയം, മരണത്തിന് പിന്നിൽ ലോൺ ആപ്പുകാരുടെ ഭീഷണിയുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. നിതിന്റെ ഫോണിൽ നിന്നും ടീച്ചറുടെ നമ്പറിലേക്ക് വന്ന മെസ്സേജുകൾ അന്വേഷണ പരിധിയിലാണ്. തിരിച്ചടവിനായി തട്ടിപ്പുകാർ തന്നെ വിളിച്ചിരുന്നുവെന്ന് അധ്യാപിക പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പ്രവർത്തകരെ പോലീസ് നീക്കം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിലും കോളജ് കവാടത്തിൽ പ്രതിഷേധം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക