
അന്നും പതിവുപോലെ തിരക്കുള്ള ദിവസമായിരുന്നു അയാള്‍ക്ക്.
രാവിലെ തന്നെ സൈന്യാധിപനെ കണ്ട് തന്റെ സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ അന്ന് അയാള്‍ക്ക് ലഭിച്ചത് 'തലയോടിടം' എന്നര്‍ത്ഥം വരുന്ന 'ഗോലഗോഥാ' മലയിലേക്ക് പോകാനുള്ള ഉത്തരവാണ്.
പണ്ട് പല പ്രാവശ്യം അവിടെ പോയിട്ടുണ്ട്. ക്രൂശില്‍ തൂക്കിലേറിയവരുടെ മരണം ഉറപ്പുവരുത്തുക എന്നതായിരുന്നു അപ്പോഴൊക്കെ അയാള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.
ഇന്ന് എന്താണാവോ അവിടെ??...
അപ്പോഴാണ് തന്റെ സഹപടയാളികള്‍. യേശു എന്ന ജൂതനെ ക്രൂശിലേറ്റുവാന്‍ അന്ന് ഗൊല്‍ഗോഥായിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് അറിയിച്ചത്.
വലിയ പ്രത്യേകത ഒന്നും തോന്നിയില്ല.
തന്റെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ പലപ്രാവശ്യം ഇത്തരം ക്രൂശികരണത്തിന് സാക്ഷ്യം വഹിക്കേണ്ടതായി വന്നിട്ടുണ്ട്.
ഗൊല്‍ഗാഥയിലേക്കുള്ള ഇടിഞ്ഞുതുടങ്ങിയ പടവുകളില്‍ക്കൂട്ടം കൂടിനിന്ന പുരുഷാരത്തെ വകഞ്ഞുമാറ്റി അയാള്‍ മലമുകളിലെത്തി.
കുരിശിന്റെ പണി തകൃതിയായി അവിടെ നടക്കുന്നു.
സാധാരണയായി ഒന്നോ, രണ്ടോ കുരിശുള്ളിടത്ത് ഇന്ന് മൂന്നുണ്ട്. ഈ രണ്ടു പടയാളികള്‍ ഓരോ കുരിശും ആണിയടിച്ച് ഉറപ്പിക്കുന്ന തിരക്കിലാണ്. പച്ചമരത്തിന്റെ ഗന്ധം പരിസരമാകെ പരന്നിരിക്കുന്നു. സൂര്യന്‍ മലയുടെ ഉച്ചിയിലെത്താറായി. മൂന്നു കുരിശുകള്‍ തീര്‍ക്കേണ്ടതുകൊണ്ട് പയാളികള്‍ തിരക്കിലാണ്.
പണിതീര്‍ത്ത വലിയ കുരിശും എടുത്ത് ഏതാനും പടയാളികള്‍ അടിവാരത്തേക്കുപോയിരിക്കുന്നു.
ജനങ്ങളുടെ ആരവം കൂടിക്കൂടി വരുന്നു.
അയാള്‍ കഴുത്തില്‍ ഞാത്തിയിട്ടിരുന്ന ഘടികാരത്തില്‍ നോക്കി, ഇനിയും എത്രനേരം തനിക്കിവിടെ കാത്തിരിക്കേണ്ടിവരും..
സാധാരണ ക്രൂശില്‍ തറച്ച മനുഷ്യന്റെ അവസാനതുള്ളിരക്തം വാര്‍ത്തൊഴുകി മരണം പൂകാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. കുരിശില്‍ കിടന്ന് ഞരങ്ങിയും, മൂളിയും, ഓരോ ശ്വാസത്തിനു വേണ്ടി മല്ലടിക്കുന്നവരെ കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഒരു പുതുമയും തോന്നിയിട്ടില്ല. ചുട്ടുപഴുത്ത ചൂടില്‍ ആകാശത്തു വട്ടമിട്ടു പറന്നിരുന്ന കഴുകന്റെ ഗതിവിഗതികള്‍ പരിശോധിക്കുന്നതിലായിരുന്നു കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. കണ്ണുവെട്ടിയാല്‍ താണു പറക്കുന്ന കഴുകന്‍ തന്റെ മൂര്‍ച്ചയുള്ള ചുണ്ടുകൊണ്ട് പച്ചമാംസം കൊത്തിപ്പറിക്കുന്ന കാഴ്ച പലപ്പോഴും അയാള്‍ക്ക് അസഹ്യമായി തോന്നിയിട്ടുണ്ട്. ജീവന്റെ അവസാന തുടുപ്പ് അവശേഷിക്കുന്ന ശരീരത്തിന്റെ പിടച്ചില്‍ തന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്റെ ജോലി, കുരിശില്‍ കിടന്നവന്റെ മരണം, ഉറപ്പാക്കി വീട്ടില്‍ പോകാമെല്ലോയെന്ന് കരുതി, പലപ്പോഴും പറന്നടുക്കുന്ന കഴുകന്മാരെ ഓടിച്ചു വിടുവാന്‍ ശ്രമിക്കാറുമില്ല.
അന്നും നേരം ഉച്ചകഴിഞ്ഞിരുന്നു. ആകാശം തെളിഞ്ഞ് വെളുത്ത മേഘങ്ങള്‍ പാറിപ്പറക്കുന്നു. ആഞ്ഞടിക്കുന്ന ചുടുകാറ്റിന് ഒരു പതിവില്ലാത്ത ഗന്ധം.
താഴെ, മലയുടെ അടിവാരത്തില്‍, പുരുഷാരത്തിന്റെ ആരവത്തിന് കുറവു വന്നിരിക്കുന്നു. അങ്ങിങ്ങുകേള്‍ക്കുന്ന ശകാരങ്ങളും-മനസ്സിന്റെ വിതുമ്പലും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായിരിക്കുന്നു. പടയാളികളുടെ ശാസനയും, ചമ്മട്ടിയുടെ ശീല്‍ക്കാര ശബ്ദവും അയാള്‍ക്ക് അന്യമായിരുന്നതിനാല്‍, ഇരുന്ന സ്ഥലത്തും നിന്നും അയാള്‍ എഴുന്നേറ്റ് താഴേക്കു നോക്കി. അര്‍ദ്ധനഗ്നനായ ഒരു യുവാവ്, തന്റെ പയാളികള്‍ അല്പനേരം മുമ്പ് ഉണ്ടാക്കിയ, കുരിശും ചുമലിലേറ്റി മലയുടെ പടവുകള്‍ കയറുന്നു. ചമ്മട്ടിയുടെ അടിയാല്‍ വീണ്ടുകീറിയ ശരീരത്തില്‍ നിന്നും രക്തം ഒഴുകിയിറങ്ങുന്നു. അയാള്‍ക്ക് ഒന്നും മനസ്സിലായില്ല. ചവിട്ടിയ പടികള്‍ ഇളകിയാടിയപ്പോള്‍ ആ യുവാവ് കുരിശിനോടൊപ്പം നിലത്തു വീണു. ചമ്മട്ടിയുടെ അടിയില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും പതറിപ്പോകുന്ന കാലുകള്‍. അവിടെ ഓടി എത്തി ആ കുരിശിന്റെ ഭാരം തന്റെ ചുമലില്‍ വഹിച്ചാലോയെന്ന് ചിന്തിച്ച നിമിഷത്തില്‍ താന്‍ അണിയുന്ന വസ്ത്രത്തിലെ ചിഹ്നങ്ങളും, റോമാ പട്ടാളത്തിലുള്ള തന്റെ പദവിയും അയാളെ പിമ്പോട്ടുവലിച്ചു.
മണി മൂന്നായി, സൂര്യന്റെ ചൂട് അന്തരീക്ഷത്തെ ചുട്ടുപഴിപ്പിക്കുന്നതായി അയാള്‍ക്കു തോന്നി.
കുരിശ് ഒരുങ്ങിക്കഴിഞ്ഞു. ആകാശത്തില്‍ വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍ താണു പറക്കുന്നു. രക്തത്തിന്റെ മണം അവരെ മത്തുപിടിപ്പിച്ചുണ്ടാവാം.
രണ്ടു കള്ളന്മാരേയും, നടുവില്‍ യഹൂദന്മാരുടെ രാജാവിനേയും അവര്‍ കുരിശിനോടു ചേര്‍ത്തു തറച്ചു. നീണ്ടു ഇരുമ്പാണികള്‍ കൈകളിലും, ചേര്‍ത്തു കെട്ടിയ കാല്‍പാദത്തിലും ആഞ്ഞടിച്ചപ്പോള്‍ അവര്‍ വേദനകൊണ്ടു പുളഞ്ഞു. പാറയുടെ വിള്ളലുകള്‍ തുരന്നുണ്ടാക്കിയ കുഴികളില്‍ പച്ചമരക്കുരിശു ശക്തിയോട് ഇടിച്ച് ഇറക്കിയപ്പോള്‍ വേദനയുടെ അലര്‍ച്ചകേട്ടു മലമുകളില്‍ തക്കം പാര്‍ത്തിരുന്ന കഴുകന്മാര്‍ അന്തരീക്ഷത്തില്‍ പറന്നു പൊങ്ങി.
നെറ്റിയില്‍ നിന്നും ഊര്‍ന്നിറങ്ങിയ വിയര്‍പ്പു തുടച്ചുകൊണ്ട് വരണ്ട തൊണ്ടയുടെ ദാഹം തീര്‍ക്കാന്‍ തുരുത്തിയില്‍ നിന്നും ഒരു കവിള്‍ വെള്ളം കുടിച്ചു.
കുരിശില്‍ കിടന്നവര്‍ ഒരു തുള്ളി വെള്ളത്തിനു വേണ്ടി അയാളോട് കേണുയാചിച്ചു. മണ്‍പാത്രങ്ങളില്‍ കലക്കി വച്ചിരുന്ന കയ്പുവെള്ളം നീണ്ട കമ്പില്‍ കെട്ടിയ തുണിയില്‍ നനച്ച് അവരുടെ വരണ്ട ചുണ്ടുകളില്‍ ഇറ്റിറ്റു വീഴ്ത്തിയപ്പോള്‍ ആണിയടിച്ച ശരീരങ്ങള്‍ ആ കയ്പു കാടിക്കുവേണ്ടി മുമ്പോട്ടായുന്ന കാഴ്ച അയാള്‍ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.
ആണിയടിച്ച് ഉറപ്പിച്ച അവരുടെ കാലുകളില്‍ ഭാരം ഊന്നി ശ്വാസം വലിക്കുന്ന അവരുടെ ശ്വാസം നിലക്കാന്‍ മുട്ടുകള്‍ തല്ലി ഒടിക്കുകയാണ് ഏക പരിഹാരം എന്ന് അയാളെ പഠിപ്പിച്ച അനുഭവം അയാള്‍ പ്രാവൃത്തികമാക്കി.
പെട്ടെന്ന് ആകാശം ഇരുണ്ടു. കാര്‍മേഘങ്ങള്‍ പര്‍വ്വതക്കെട്ടുപോലെ ഇരുണ്ടുകൂടി സൂര്യനെ മറച്ചു. ഗോല്‌ഗോദായില്‍ അന്ധകാരം പരന്നു. പാറകള്‍ പൊട്ടിപ്പിളരുന്ന ഹുങ്കാരശബ്ദം മലമുകളില്‍ നിന്നും ഉയര്‍ന്നു പൊങ്ങി. താഴ് വാരങ്ങളിലെ ശ്മശാനങ്ങളിലെ കല്ലറകള്‍ പിളര്‍ന്നു.
അയാളുടെ കണ്ണില്‍ അന്ധകാരം പടര്‍ന്നു. നടുവിലത്തെ വലിയ മരക്കുരിശില്‍ നിന്നും ഉതിര്‍ന്ന അവസാന മൊഴിയില്‍ തന്നെ കുരിശിലേറ്റിയ ജനതക്കുവേണ്ടിയുള്ള യാചനകള്‍ അയാളുടെ കണ്ണുകളെ തുറപ്പിച്ചു. തല ഒരുവശം ചായ്ച്ചു. ജീവനെ പിതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച ഈ മനുഷ്യന്‍ സാക്ഷാല്‍ ദൈവപുത്രനായിരുന്നു എന്ന് അയാള്‍ക്ക് തോന്നി.
താനിന്നു വരെ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത, സ്വന്തം വിലാപ്പുറത്തു നിന്നും ഒഴുകിയ രക്തത്താല്‍ തന്നെ ഒററിക്കൊടുത്തവരോടും, തള്ളിപ്പറഞ്ഞവരോടും, തലയില്‍ മുള്‍ക്കിരീടം അടിച്ചവരോടും ക്ഷമിക്കുവാന്‍ പ്രാര്‍ത്ഥിച്ച ഈ ചെറുപ്പക്കാരനെ പണ്ടേ തനിക്കു കണ്ടുമുട്ടാനായില്ലല്ലോയെന്ന കുറ്റബോധവും പേറി ഗാഗുല്‍ത്താമലയിറങ്ങുമ്പോള്‍, അയാളുടെ കണ്ണുകളില്‍ പടര്‍ന്നിരുന്ന അന്ധകാരം നീങ്ങി സത്യത്തിന്റേയും, സ്‌നേഹത്തിന്റേയും പുതിയ വെളിച്ചം അയാളുടെ കണ്ണുകളെ പ്രകാശമാനമാക്കുകയായിരുന്നു.