
കണ്ണൂർ രാജൻ എന്ന സംഗീത സംവിധായകൻ, കേവലം 58-ാം വയസ്സിൽ ഈ ലോകം വിട്ടുപോയ പ്രതിഭാശാലിയായ സംഗീതജ്ഞനായിരുന്നു. ഒരുപിടി നല്ല ഗാനങ്ങൾ ഇദ്ദേഹം മലയാളഗാന ശാഖയ്ക്ക് സംഭാവന ചെയ്തു. ഇന്ന് 31-ാം ചരമവാർഷിക ദിനം...
സ്മരണാഞ്ജലികൾ!
1937 ജനുവരി 7-ന് കണ്ണൂരിന് സമീപമുള്ള എടക്കാട് ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു. കോഴിക്കോട് ആൾ ഇന്ത്യാ റേഡിയോയിലെ 'കാഷ്വൽ ആർട്ടിസ്റ്റ്' ആയിരുന്നു. നാടകസംഗീതലോകത്തു സജീവമായിരുന്നു, ഇദ്ദേഹം. ഒരുപാട് ദുരിതങ്ങളോട് പടവെട്ടിയാണ് കണ്ണൂർ രാജൻ ചലച്ചിത്ര ലോകത്തെത്തിയത്.
1974-ൽ പുറത്തിറങ്ങിയ 'മിസ്റ്റർ സുന്ദരി' എന്ന ചിത്രത്തിനുവേണ്ടിയാണ് ഇദ്ദേഹം ആദ്യം സംഗീതസംവിധാനം നിർവഹിച്ചത്. വയലാർ രാമവർമ്മയായിരുന്നു ആദ്യചിത്രത്തിലെ ഗാനരചയിതാവ്.
കണ്ണൂർ രാജന്റെ കരിയറിൽ മലയാളത്തിലെ മിക്ക ഗാനരചയിതാക്കൾക്കുമൊപ്പം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് എന്ന പോലെ തന്നെ മറ്റൊരു 'അപൂർവത' കൂടിയുണ്ട്: ഇദ്ദേഹത്തിന്റെ പല ഗാനങ്ങളും മറ്റ് സംഗീതസംവിധായകരുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്! 'ദണ്ഡകാരണ്യം’ (1974) എന്ന നാടകത്തിനായി ബിച്ചു തിരുമല എഴുതി കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനമാണ് "തുഷാരബിന്ദുക്കളേ..." എന്ന പ്രസിദ്ധമായ പാട്ട്. ഗായിക ലതികയാണ് നാടകത്തിൽ ഈ പാടിയത്... സംവിധായകൻ ഐ.വി. ശശിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടതിനാൽ അടുത്ത ചിത്രമായ ‘ആലിംഗന’ത്തിൽ ഇതുൾപ്പെടുത്താൻ തീരുമാനിക്കുകയും ബിച്ചു തിരുമലയുടെയും കണ്ണൂർ രാജൻറെയും അനുവാദത്തോടെ അത് ചേർക്കുകയും ചെയ്തു. സിനിമയുടെ സംഗീതസംവിധാനം ചെയ്തത് എ.ടി. ഉമ്മറായിരുന്നു; ഉമ്മർ ഈ പാട്ടും സിനിമക്ക് വേണ്ടി എസ്. ജാനകിയെക്കൊണ്ട് പാടിച്ചു റെക്കോർഡ് ചെയ്തു; കണ്ണൂർ രാജൻ ‘ദണ്ഡകാരണ്യം’ നാടകത്തിനു വേണ്ടി ഈണമിട്ട അതുപോലെ തന്നെ! 1976-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഇവർക്ക് രണ്ടു പേർക്കും (ഉമ്മറിനും ജാനകിക്കും) കിട്ടുന്നു.... ഐ.വി. ശശി കണ്ണൂർ രാജനോടു കടംവീട്ടാൻ ശ്രമിച്ചു. തൻ്റെ അടുത്ത ചിത്രമായ ‘അഭിനന്ദനം’ കണ്ണൂർ രാജന് നൽകി.
"ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ..."
"ദേവീക്ഷേത്രനടയിൽ...", "നിമിഷം സുവർണനിമിഷം..", "നാദങ്ങളായ് നീ വരൂ...", "ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ...", "പാടം പൂത്തകാലം...", "ഈറൻ മേഘം...", "ദുരെക്കിഴക്കുദിയ്ക്കും..", "മാനസലോലാ മരതകവർണ്ണാ...", "വീണപാടുമീണമായി..."; "പീലിയേഴും വീശി വാ.." തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗാനങ്ങളാണ്. 'പാറ' എന്ന ചിത്രത്തിന്റെ ടൈറ്റീൽ സോംഗായ "അരുവികള്‍ ഓളം തല്ലും താഴ്വരയില്‍..." എന്ന ഗാനം കണ്ണൂർ രാജന്റെ സംഗീതത്തിൽ പാടീയിരിക്കുന്ന്ത് ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംഗീത സംവിധായകൻ ഇളയരാജയാണ്.
ഈ ഗാനങ്ങളും, 'തരംഗിണി'യുടെ ചില ആൽബങ്ങളും കണ്ണൂർ രാജനെ മലയാളിയുടെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാക്കി നിർത്തുന്നു. സംഗീതം നൽകിയ ആൽബങ്ങൾ: 'ശ്രുതിലയ തരംഗിണി' (1993); 'രാഗ വീണ' (1990); 'ഹൃദയാഞ്ജലി' (1983)
മലയാളത്തിലെ ഒട്ടുമിക്ക രചയിതാക്കളുമായി മാത്രമല്ല, സംഗീത ലോകത്തെ പ്രമുഖ ഗായികാ ഗായകരുമായി സഹകരിച്ചു പാട്ടുകൾ സൃഷ്ടിക്കാൻ അവസരം ലഭിച്ച സംഗീത സംവിധായകരിൽ ഒരാളാണ് കണ്ണൂർ രാജൻ. ഒരു അപൂർവ അവസരം ചൂണ്ടിക്കാട്ടാം: 'പാറ' (1985) എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങായുള്ള "അരുവികള്‍ ഓളം തല്ലും താഴ്വരയില്‍..." എന്ന ഗാനം കണ്ണൂർ രാജന്റെ സംഗീതത്തിൽ ആലാപനം നിർവഹിച്ചിട്ടുള്ളത് ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംഗീത സംവിധായകൻ ഇളയരാജയാണ്.
"അരുവികള്‍ ഓളം തല്ലും താഴ്‌വരയില്‍...":
വളരെയധികം ചിത്രങ്ങൾക്ക് ഈണം പകരാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.
"പീലിയേഴും വീശി വാ..": "പൂവിന് പുതിയ പൂന്തെന്നൽ" (1986)
'കൊക്കരക്കോ' എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചു കൊണ്ടിരിക്കെ, 1995 ഏപ്രിൽ 7-ന്, (ചില രേഖകളിൽ ഏപ്രിൽ 27- അത് തെറ്റാണ്) ഹൃദയസ്തംഭനത്തെത്തുടർന്ന് രാജൻ അന്തരിച്ചു. മരിയ്ക്കുമ്പോൾ 58 വയസ്സായിരുന്നു.
ഭാര്യയും മൂന്ന് മക്കളുമുണ്ട്. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ശരത്തിന്റെ ഭാര്യാ പിതാവു കൂടിയാണ് രാജൻ.
