Image

അഭി ന ജാവോ ഛോഡ് കർ (ഇപ്പോൾ വിട്ടുപോകരുത്) - അനുസ്മരണം: സുധീർ പണിക്കവീട്ടിൽ

Published on 13 April, 2026
അഭി ന ജാവോ ഛോഡ് കർ (ഇപ്പോൾ വിട്ടുപോകരുത്) - അനുസ്മരണം: സുധീർ പണിക്കവീട്ടിൽ

ആ ശബ്ദം നിലച്ചുപോയി. ഭൂമിയിലെ എണ്ണമറ്റ ആരാധകർ അവരുടെ നിശ്ശബ്ദ പ്രാർത്ഥനയിലൂടെ അപേക്ഷിക്കുന്നുണ്ടാകും. “ഇപ്പോൾ പോകല്ലേ” ഇനിയും ഞങ്ങൾക്ക് ആ ശബ്ദം കേട്ട് മതിയായില്ല എന്ന് . “അഭി ന ജാവോ ഛോഡ് കർ”. ഇരുപതോളം ഭാരതീയ/വിദേശ ഭാഷകളിൽ 12,000 ഗാനങ്ങൾ പാടിയ  ആശ ഭോസ്‌ലെ  ഓർമ്മയായി. ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ അവർ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു അവർക്ക്.  

ക്ലാസിക്കൽ, കാബറേ, പോപ്പ്, ഗസൽ, ഭജൻ തുടങ്ങിയ വിവിധ മേഖലകളിൽ ഗാനങ്ങൾ ആലപിച്ച്, ബഹുമുഖപ്രതിഭയുള്ള രാജ്ഞി എന്ന പേര് സമ്പാദിച്ച ആശ ബോസ്‌ലെയുടെ ഗാനാലാപന ജീവിതം എൺപത് വർഷത്തോളം നീണ്ടു നിന്നു. രണ്ടുവട്ടം വിവാഹിതയായ ആശ ബോസ്‌ലെയ്ക്ക് ആദ്യ ഭർത്താവിൽ മൂന്നു  .കുട്ടികൾ ജനിച്ചു. രണ്ടാമത്തെ ഭർത്താവ് പ്രശസ്ത സംഗീത സംവിധായകനായ ആർ ഡി ബർമ്മൻ ആയിരുന്നു. അദ്ദേഹം 1994 ഇൽ അന്തരിച്ചു.

യുവ ഹൃദയങ്ങളെ ഇളക്കി മറിച്ചുകൊണ്ട് 1971 ഇൽ ആശ ഭോസ്‌ലെ പാടിയ “ദം മാരോ ദം” എന്ന ഗാനം ഇന്നും അതിന്റെ പുതുമയും സ്വാധീനവും നഷ്ടപ്പെടാതെ നിത്യഹരിതമായ ഗാനമായി നിലക്കൊള്ളുന്നു. ഗായികയുടെ ശബ്ദത്തിന്റെ മാസ്മരിക ശക്തിയും  മനസ്സിനെ മയക്കുന്ന, അമ്പരിപ്പിക്കുന്ന ആലാപനവും ഈ ഗാനം  അന്നത്തെ തലമുറയെ ആകർഷിച്ചു. വാസ്തവത്തിൽ ആ ഗാനം നൽകിയിരുന്ന സന്ദേശം യുവ തലമുറക്ക് അഭിലഷണീയമല്ലാതിരുന്നിട്ടുകൂടി അതിന്റെ അലയൊലികൾ എങ്ങും നിറഞ്ഞുനിന്നു.  ഈ പാട്ടിന്റെ അർഥം പുകവലിക്കു ആഞ്ഞു വലിക്കു എന്ന് പരിഭാഷ ചെയ്യാം. കഞ്ചാവാണ് ഉദ്ദേശിക്കുന്നത്. കഞ്ചാവ് സര്ഗിശേഷിയെ പുഷ്ടിപ്പെടുത്തുമെന്നു വിശ്വസിച്ചിരുന്ന കലാകാരന്മാരും, ചിന്തകരും ഉണ്ടായിരുന്നു എന്നൊക്കെ പ്രചാരണങ്ങൾ ഉണ്ട്.  .എന്നാല്‍ “സര്ഗാചത്മകതയും തലച്ചോറും" എന്ന തന്റെ  പുസ്തകത്തിൽ  കഞ്ചാവടക്കമുള്ള ലഹരിപദാര്ത്ഥങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനങ്ങൾ  അവലോകനം ചെയ്ത ഡോ. കെന്നത്ത് ഹെയ്ല്മാൻ  സമർത്ഥിക്കുന്നത്  “ഒരു ലഹരിവസ്തുവിനും സർഗ്ഗ പ്രക്രിയയെ ഉത്തേജിപ്പിക്കാനാവില്ല” എന്നാണ്.   
വെള്ളിത്തിരയിൽ മിന്നുന്ന വസ്ത്രങ്ങളണിഞ്ഞു ത്രസിപ്പിക്കുന്ന നൃത്തങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് പിന്നണി പാടിയത് കൂടുതലും ആശ ബോസ്‌ലെ ആയിരുന്നു.  "പിയ തു അബ് തോ ആജാ " എന്ന ഗാനം പ്രസിദ്ധമായിരുന്നു. (പ്രിയനേ ഇനി നീ വരുക, മന്മഥ ചൂടിനാൽ എന്റെ ശരീരം വേവുന്നു, വരൂ ആ അഗ്നി അണയ്‌ക്കു  എന്ന്  ഏകദേശം അർഥം പറയാവുന്ന ആ ഗാനം പാടി അഭിനയിക്കുനന്ത് ഹെലൻ ആണ്.പ്രേക്ഷകരെ പ്രലോഭിപ്പിക്കുന്ന വശ്യഭാവങ്ങൾ കാഴ്ച്ചവെച്ച ഹെലൻ  ആടി തിമിർക്കുമ്പോൾ വികാരാവേശത്തോടെ പിന്നണി പാടുന്നത് ആശ ബോസ്‌ലെയാണ്.

പാട്ടിന്റെ അർത്ഥവും ഭാവവും ഉൾക്കൊണ്ട്, കൃത്രിമത്വമില്ലാതെ തന്മയത്വത്തോടെ പാടിയിരുന്ന അവർ കഥാപാത്രങ്ങളുടെ മാനസിക അവസ്ഥ മനസ്സിലാക്കി അതിനാവശ്യമുള്ള  ഭാവങ്ങൾ ശബ്ദത്തിൽ പ്രകടിപ്പിച്ചിരുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും  അതിരുകൾ കടക്കാൻ സംഗീതത്തിന് കഴിയുമെന്ന് തെളിയിച്ച ഗായികയാണവർ. അവർ മലയാളത്തിൽ പാടിയ മനോഹരമായ ഗാനമാണ് "സ്വയംവര ശുഭദിന മംഗളങ്ങൾ " ഇതിലെ ഴ എന്നക്ഷരം അവർക്ക് വഴങ്ങാൻ പ്രയാസമായിരുന്നുവെന്നു അവർ പറഞ്ഞിരുന്നു. മലയാളത്തിലെ റ.ര, ഴ എന്നീ അക്ഷരങ്ങൾ അവർക്ക് ഉച്ചരിക്കാൻ പ്രയാസപ്പെടേണ്ടിവന്നുവെന്നു പറയുമ്പോഴും അതിനെ വെല്ലുവിളിച്ച് വളരെ സ്ഫുടമായി ഗാനത്തിൽ ഉൾപ്പെട്ട ആ വാക്കുകൾ അനായേസേന അവർ പാടി വിജയിപ്പിച്ചു. ആശ ബോസ്‌ലെ  മെഹമൂദുമായി ചേർന്ന പാടിയ ഒരു തമിഴ് ഗാനമുണ്ട്. അൽപ്പം ഹാസ്യ ചേർന്ന ആ പാട്ടും ഉച്ചരിക്കാൻ പ്രയാസമുള്ള പദങ്ങൾ ഉണ്ടായിട്ടും ആശ ബോസ്‌ലെ വളരെ ഹൃദ്യമായി പാടിയിട്ടുണ്ട്. അതിന്റെ തുടക്കം മുത്തു കൊടി കവാരി ഹദ  ( മുത്ത് വരാൻ പോരുന്നോ എന്ന് പ്രണയാർദ്രമായി കമിതാക്കൾ ചോദിക്കുന്നത്) ഇതിൽ ഒരു വരിയാണ് തോ ടാസ ദുനിയാസേ ഡാർലെ എന്റെ കർലെ (കരളേ). വളരെ നർമ്മഭാവത്തോടെ അവർ അത് പാടിയിട്ടുണ്ട്.

മനസ്സിൽ നിന്നും മായാത്ത ആശ ബോസ്ലെയുടെ മനോഹര  ഗാനങ്ങളിൽ ഒന്നാണ് വക്ത് എന്ന ഹിന്ദി ചലച്ചിത്രത്തിലെ "ആഗേ ബി ജാനേ ന തു Aage Bhi Jaane Na Tu). ഈ ഗാനം തത്വചിന്താപരമായ ഒരു ആശയം പകരുന്നതാണ്. ഇതിലെ ആദ്യവരികൾ പറയുന്നത് മുന്നോട്ട്  എന്താന്ന് നിനക്കറിയില്ല കഴിഞ്ഞപോയതും നിനക്കറിയില്ല. നിനക്കറിയുന്നത് ഈ നിമിഷമാണ്. ഇത് ആസ്വദിക്കുക. വീണ്ടും പറയുന്നു ജീവിച്ചിരിക്കുന്നവരെ ചിന്തിക്കുക ഇതാണ് ആ നിമിഷം, നിങ്ങളുടെ ആഗ്രഹങ്ങൾ ഇപ്പോൾ സഫലീകരിക്കുക. ഈ ഗാനം ആശ ബോസ്ലെയുടെ ജീവിതത്തിലെ ഒരു നാഴിക കല്ലായി അവർക്ക് അംഗീകാരങ്ങൾ നേടി കൊടുത്തു. അതേപോലെ ഈ ഗാനം ഇന്നും ആസ്വാദകഹൃദയങ്ങളിൽ നിന്നും വിസ്മരിക്കപ്പെടാതെ നിലകൊള്ളുന്നു.

അവരുടെ സ്വകാര്യജീവിതം സുഖദുഃഖ സമ്മിശ്രമായിരുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ മകനും മകളും മരണപ്പെട്ടത് അവരെ കടുത്ത നിരാശയിലും വേദനയിലും തളർത്തിയിട്ടിരുന്നുവെങ്കിലും    പാട്ടിനോടുള്ള അവരുടെ അഭിനിവേശവും അർപ്പണവും മരണം വരെ തുടർന്നു. "ജീനെ വാലെ സോച്‌ലെ" എന്ന് അവർ പാടുമ്പോൾ കർത്തവ്യബോധത്തോടെ ഉത്സാഹത്തോടെ ജീവിതത്തെ  സമീപിക്കാനുള്ള കരുത്തും പ്രോത്സാഹനവും ശ്രോതാക്കൾക്ക് ലഭിക്കുന്നു. പദ്‌മ വിഭൂഷൺ, ഭാരതത്തിന്റെ ഏറ്റവും ഉന്നത അംഗീകാരമായ ദാദ സാഹേബ് ഫൽകെ അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി അനവധി അംഗീകാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.  ആശ ബോസ്ലെയുടെ ശബ്ദം എന്നും നിലനിൽക്കുന്ന ഒരു ആഘോഷമാണെന്നു സംഗീത സംവിധായകൻ ശങ്കർ മഹാദേവൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു യുഗത്തിന്റെ ഹൃദയസ്പന്ദനം എന്ന് സംവിധായകൻ റാം ഗോപാൽ വർമ്മയും പ്രശംസിച്ചിട്ടുണ്ട്. ആയിരം വർഷത്തിൽ ഒരിക്കൽ മനുഷ്യരാശിയെ അമ്പരപ്പിച്ചുകൊണ്ട് അസാധാരണപ്രതിഭകൾ ജനമെടുക്കുന്നു. ആശ ബോസ്‌ലെ അവരിൽ ഒരാളാണെന്ന് സിനിമ ലോകം ഒന്നടങ്കം പറയുന്നു. 
ഹിന്ദു മതാചാര പ്രകാരം അവരുടെ ആത്മാവിന് നിത്യശാന്തി നേരാം. ഓം ശാന്തി.
ശുഭം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക