
അമ്പിളിയമ്മാവനെ വലംവച്ച് ഒറിയോണ്‍ പേടകം കാലിഫോര്‍ണിയ കടല്‍ത്തീരത്ത പസഫിക്കിന്റെ തിരകള്‍ക്ക് മേല്‍ സ്പ്ലാഷ്ഡൗണ്‍ ചെയ്തപ്പോള്‍ ലോകമെമ്പാടും ആര്‍പ്പുവിളികളുയര്‍ന്നു. 'ആര്‍ട്ടമിസ് -2' ദൗത്യാംഗങ്ങളായ അമേരിക്കന്‍ മക്കള്‍ റൈഡ് വൈസ്മന്‍ (50), വിക്ടര്‍ ഗ്ലോവര്‍ (49), ക്രിസ്റ്റീന കോക്ക് (47), കാനഡയുടെ പുത്രന്‍ ജെറമി ഹാന്‍സന്‍ (50) എന്നിവര്‍ ചന്ദ്രനടുത്തുനിന്ന് എത്തിയത് പുതിയ വിവരങ്ങളുടെ കലവറയുമായാണ്. 53 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനടുത്തേയ്ക്ക് നടത്തിയ പത്ത് ദിവസം നീണ്ട ആദ്യയാത്ര വിസ്മയവും സാഹസികതയും ഏറെ നിറഞ്ഞതായിരുന്നു.
ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ പോയവരെന്ന അപൂര്‍വ റെക്കോഡ് ഇവര്‍ സ്വന്തമാക്കി. 4,06,771.35 ദൂരത്താണ് മുഷ്യന്‍ എത്തിയത്. 11,17,515 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. ചന്ദ്രന് 6,437 കിലോമീറ്റര്‍ അടുത്തുവരെയെത്തി. ഒരു ഘട്ടത്തില്‍ ഒറിയോണ്‍ പേടകത്തിന്റെ വേഗത മണിക്കൂറില്‍ 39,692.86 കിലോമീറ്റര്‍ വരെയെത്തി. ചന്ദ്രനടുത്തേയ്ക്ക് പോയ ആദ്യ കറുത്ത വര്‍ഗക്കാരനായി വിക്ടര്‍ ഗ്ലോവര്‍. ക്രിസ്റ്റീന കോക്ക് ആദ്യ വനിതയെന്ന പേരും പെരുമയും നേടി.
സൗരയൂഥ പഠനത്തെ പുതിയ ചക്രവാളത്തിലേക്ക് കൈപിടിച്ചു നടത്തി നാസയുടെ ന്യൂ ഹൊസൈണ്‍സ് പേടകം പ്ലൂട്ടോക്ക് സമീപമെത്തിയത് 2015 ജൂലൈ 14-നാണ്. പ്ലൂട്ടോ ഗ്രഹ പര്യവേക്ഷണം ലക്ഷ്യമാക്കി വിക്ഷേപിച്ച ബഹിരാകാശ പേടകമായിരുന്നു ന്യൂ ഹൊറൈസണ്‍സ്. ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിതമായ പേടകം പ്ലൂട്ടോയ്ക്ക് അരികിലെത്തിയത്. സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ വേഗമുള്ള ന്യൂ ഹൊറൈസണ്‍സ്, സൗരയൂഥത്തിലൂടെ ഒന്‍പതര വര്‍ഷം സഞ്ചരിച്ചാണ് പ്ലൂട്ടോയ്ക്ക് 12,500 കിലോമീറ്റര്‍ അരികിലെത്തുന്നത്. 2006 ജനുവരി 19-നാണ് പേടകം ഭൂമിയില്‍നിന്ന് പുറപ്പെട്ടത്. അന്ന് പ്ലൂട്ടോ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, പേടകം അരികിലെത്തിയപ്പോള്‍ പ്ലൂട്ടോ ഗ്രഹപദവി നഷ്ടപ്പെട്ട് കുള്ളന്‍ ഗ്രഹങ്ങളുടെ ഗണത്തിലായി.
ബഹിരാകാശത്ത് ഇന്ത്യയും നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചിട്ടുണ്ട്. ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായിരുന്നു രാകേഷ് ശര്‍മ. 1984 ഏപ്രില്‍ രണ്ടിനായിരുന്നു അദ്ദേഹം ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഇന്ത്യാക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയെന്ന നേട്ടം സ്വന്തമാക്കിയത് ഗോപിചന്ദ് തോട്ടക്കുറയാണ്. അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ എന്‍.എസ് 25 ദൗത്യത്തിലായിരുന്നു ചരിത്രം കുതിച്ച മേയ് 19-ാം തീയതിയിലെ ആ യാത്ര. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളും ചാന്ദ്രയാന്‍ ദൗത്യങ്ങള്‍ നമുക്കഭിമാനമാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗന്‍യാന്‍. ഈ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട നാലംഗ സംഘത്തിന്റെ പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു.
മലയാളി ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുന്ന നാലംഗ സംഘത്തെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രശാന്ത് നായര്‍ക്ക് പുറമെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണ്‍ന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിനായി പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് ബഹിരാകാശത്തിലേക്ക് പോകാന്‍ സാധിക്കൂ. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്‌നാണ് സംഘത്തെ നയിക്കുക.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മനുഷ്യന്‍ സ്‌പേസിലെത്തിയിരുന്നു. അത്തരത്തിലൊരു തുടക്ക സഞ്ചാരകഥയുടെ അതായത് അപ്പോളോ-സൊയൂസ് പരിപാടിയുടെ പുനര്‍വായനയാണിത്. ആ ചരിത്ര യാത്രയുടെ 50-ാം വാര്‍ഷികം 2025-ല്‍ നാം ആഘോഷിക്കാന്‍ പോവുകയാണ്. സോവിയറ്റ് ബഹിരാകാശ സഞ്ചാരി അലക്‌സേയ് ലിയോനൊവ്, അല്‍പ്പം നാടകീയതയോടെ ഒരുപാട് സംവല്‍സരങ്ങള്‍ക്ക് മുമ്പ് പറഞ്ഞ സംഭവകഥയിങ്ങനെ...
യുവ സുഹൃത്തേ,
നിനക്കുവേണ്ടിയാണിതെഴുതുന്നത്. നിന്റെ പേരെന്തെന്നോ നിനക്കെത്ര വയസുണ്ടെന്നോ എനിക്കറിഞ്ഞുകൂടാ. എന്നാല്‍ നീ എന്റെ സുഹൃത്താണെന്ന് എനിക്കറിയാം. യഥാര്‍ത്ഥ സൗഹൃദത്തേക്കാള്‍ നല്ലതായി എന്താണുള്ളത്...? നിന്നെപ്പറ്റി ഒരുപാട് നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇടയാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എന്തെന്നാല്‍ നീ ലോകത്തിന്റെ ഭാവിയാണ്. ഭാവി എല്ലായിപ്പോഴും ശോഭനമായിരിക്കണം. അതിനാല്‍ ഇന്നുതന്നെ നിന്നെപ്പറ്റി കൂടുതല്‍ അറിയാനും എന്റെ സ്‌നേഹിതന്‍മാരായ കോസ്‌മോനോട്ടുകളെയും അസ്‌ട്രോനോട്ടുകളെയും പറ്റി നിന്നോടു പറയാനും ഞാനാഗ്രഹിക്കുന്നു.
നീയും ഒരുപക്ഷേ ബഹിരാകാശ യാത്രയെപ്പറ്റി സ്വപ്നം കാണുന്നുണ്ടാവും. അങ്ങനെയെങ്കില്‍ സൊയൂസ്, അപ്പോളോ എന്നീ ബഹിരാകാശ നൗകകളുടെ സംയുക്ത യാത്രയ്ക്കുവേണ്ട ഒരുക്കങ്ങളും ആ യാത്രയും നടന്നതെങ്ങനെയെന്നറിയാന്‍ നിനക്കു താത്പര്യമുണ്ടായിരിക്കും. എന്നാല്‍ ആദ്യം നമുക്ക് പരിചയപ്പെടാം. എന്റെ പേര് അലക്‌സേയ് ലിയോനൊവ് എന്നാണ്. ഞാന്‍ സോവിയറ്റ് യൂണിയനിലെ ഒരു പൈലറ്റ്-കോസ്‌മോനോട്ടാണ്. നിന്റെ പേരെന്താണ്...?
ഓ, ശരി...ശരി...നമ്മള്‍ തമ്മില്‍ പരിചയപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് ഒരുകാര്യം പറയട്ടെ. ബഹിരാകാശത്തില്‍നിന്നും നിന്നെ ഞാന്‍ കണ്ടു. എന്താ വിശ്വസിക്കുന്നില്ലേ...? നീ വിചാരിക്കുന്നത് ഞാന്‍ തമാശ പറയുകയാണെന്നായിരിക്കും. അല്ലേയല്ല. ബഹിരാകാശത്തില്‍ നിന്നു കോസ്‌മോനോട്ടുകളായ ഞങ്ങള്‍ക്ക് വന്‍കരകളും വന്‍കടലുകളും നദികളും മരുഭൂമികളും പര്‍വതങ്ങളും കാണാന്‍ കഴിയും. ധാന്യം വിളയുന്ന വയലുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന വനങ്ങളും ഞങ്ങള്‍ കണ്‍കുളിര്‍ക്കെ കാണുന്നു. വലിയ നഗരങ്ങള്‍ പോലും തിരിച്ചറിയാന്‍ സാധിക്കും. ഉദാഹരണമായി സോവിയറ്റ് യൂണിയന്റെ തലസ്ഥാനമായ മോസ്‌കോ. എത്ര മനോഹരമാണ് ആ നഗരം. പ്രത്യേകിച്ചും രാത്രി സമയത്ത് അങ്ങു മുകളില്‍ നിന്ന് നോക്കുമ്പോള്‍, വൈദ്യുത ദീപങ്ങളുടെ മുത്തുമാലകളും നാനാവര്‍ണ്ണങ്ങളിലുള്ള നിയോണ്‍ പരസ്യങ്ങളുടെ ഉജ്ജ്വലദീപ്തിയും ഒരു വലിയ അഗ്നികുണ്ഡത്തിലെ എരിഞ്ഞടങ്ങുന്ന തീക്കനലുകള്‍ പോലെ കാണപ്പെടുന്നു. ചലിക്കുകയും ശ്വസിക്കുകയും കണ്ണുചിമ്മുകയും പുഞ്ചിരി തൂവുകയും ചെയ്തശേഷം അതെല്ലാം ഇരുട്ടില്‍ അലിഞ്ഞില്ലാതാവുന്നു.
ഒരിക്കലെങ്കിലും ബഹിരാകാശത്തില്‍ പോയിട്ടുള്ള എന്റെ സ്‌നേഹിതന്‍മാരെല്ലാം വീണ്ടും വീണ്ടം പറയുന്നു...''നമ്മുടെ ഈ നീല ഗ്രഹം എത്ര മനോഹരം...'' എന്ന്. ഞങ്ങള്‍ അങ്ങനെ പറയാന്‍ കാരണമെന്തെന്നോ...? ഭൂമിയില്‍ നീ വളര്‍ന്നുവെന്നതുതന്നെ. ബഹിരാകാശത്തില്‍ നിന്നു ഞങ്ങള്‍ നിന്നെ കാണുന്നു. ആദിയും അന്തവുമില്ലാത്ത, കീഴും മേലുമില്ലാത്ത ആ വിശാലതയില്‍ നിന്റെ പുഞ്ചിരി ഞങ്ങളുടെ സഹായത്തിനെത്തുന്നു. ഞങ്ങളുടെ ഓരോ യാത്രയും നീ ശ്രദ്ധക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിയാം. നീ ഞങ്ങളോടൊപ്പം ബഹിരാകാശ നൗകയിലുണ്ടെന്ന് ചിലപ്പോള്‍ തോന്നിപ്പോകുന്നു. അതുകൊണ്ടാണ് ആ യാത്രകള്‍ ഭംഗിയായി നടത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്.
ഇനിപ്പറയുന്നത് അപ്പോളോ-സൊയൂസ് പരിപാടിയെപ്പറ്റിയാണ്. 1975 ജൂലൈ 15-ാം തീയതി ഉച്ചതിരിഞ്ഞ് മൂന്നു മണി 20 മിനിറ്റിന് സോവിയറ്റ് യൂണിയനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് സൊയൂസ്-19 എന്ന ബഹിരാകാശനൗക യാത്ര പുറപ്പെട്ടു. ആ നൗകയില്‍ എന്റെ സ്‌നേഹിതനായ വലേരി നിക്കൊളായെവിച്ച് കുബാസൊവും ഞാനുമാണുണ്ടായിരുന്നത്. കൃത്യം ഏഴുമണിക്കൂറിന് ശേഷം, മോസ്‌കോയില്‍ രാത്രിയും അമേരിക്കയില്‍ പകലുമായിരുന്നപ്പോള്‍ കനവെറാല്‍ മുനമ്പില്‍ നിന്ന് അപ്പോളോ എന്ന അമേരിക്കന്‍ ബഹിരാകാശ നൗകയും യാത്രതിരിച്ചു.
അതില്‍ ഞങ്ങളുടെ സുഹൃത്തുക്കളായ തോമസ് പി സ്റ്റാഫോര്‍ഡ്, വാന്‍സ് ഡി ബ്രാന്‍ഡ്, ഡൊണാള്‍ഡ് കെ സ്ലേയ്ട്ടണ്‍ എന്നിവരാണുണ്ടായിരുന്നത്. ജൂലൈ 17-ാം തീയതി അപ്പോളോ, സൊയൂസിനെ സമീപിക്കുകയും മോസ്‌കോ സമയം വൈകുന്നേരം ഏഴ് മണി 20 മിനിറ്റിന് അവതമ്മില്‍ കൂട്ടുയിണക്കപ്പെടുകയും ചെയ്തു. പിന്നീടു നടന്നത് വിവരിക്കുന്നതിനു മുമ്പ് ഒരുകാര്യം പറയട്ടെ. നൗകകള്‍ തമ്മില്‍ സന്ധിച്ചയുടന്‍ നിന്റെ പ്രായക്കാരനായ പേത്യ ഗ്രീഷിന്‍ മോസ്‌കോയിലെ പ്രസ് സെന്ററിലേയ്ക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു...''അവര്‍ മിടുക്കന്‍മാരാണെന്ന് അവരെ അറിയിക്കൂ...''
അതിനു ശേഷം ഫോണ്‍സന്ദേശങ്ങളും കമ്പിസന്ദേശങ്ങളും എഴുത്തുകളും മോസ്‌കോയിലേയ്ക്കും ഹ്യൂസ്റ്റണിലേയ്ക്കും പ്രവഹിച്ചുതുടങ്ങി. അവയ്ക്ക് ഒരു കണക്കുമില്ലായിരുന്നു. എന്നാല്‍ ആദ്യത്തെ സന്ദേശം പേത്യയുടേതായിരുന്നു. മോസ്‌കോക്കാരനായ പേത്യ ഞങ്ങളുടെ ജോലിയില്‍ സംതൃപ്തനാണെന്നറിഞ്ഞതില്‍ വലേരിയും ഞാനും അമേരിക്കന്‍ അസ്‌ട്രോനോട്ടുകളും വളരെ സന്തോഷിച്ചു.
ജൂലൈ 18, 19 തീയതികളില്‍ ഇരു നൗകകളിലെയും യാത്രികര്‍ ഒരുമിച്ചു ജോലി ചെയ്തു. 19-ാം തീയതി ഉച്ചതിരിഞ്ഞ് നൗകകള്‍ വേര്‍പെടുകയും വീണ്ടും സന്ധിക്കുകയും ചെയ്തു. ജൂലൈ 21-ാം തീയതി സോവിയറ്റ് നൗക അര്‍ക്കളിക് പട്ടണത്തില്‍ നിന്ന് 54 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ഇറങ്ങി. അമാരിക്കന്‍ നൗക ജൂലൈ 25ന് ഹാവായ് ദ്വീപുകളില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ശാന്തസമുദ്രത്തിലും ഇറങ്ങി. ഇത്രയുമാണ് അപ്പോളോ-സൊയൂസ് പരിപാടിയുടെ ചുരുക്കം.