
പ്രശസ്ത ഗായിക- പിന്നണി ഗാനരംഗത്തെ വിസ്മയം- ആശാ ഭോസ്ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം നാളെ നടക്കും.
92-ാം വയസ്സിൽ ആശാ ഭോസ്‌ലെ ഈ ലോകത്തോട് വിടപറയുമ്പോൾ, അത് സംഗീത ലോകത്തെ ഒരു യുഗത്തിന്റെ തന്നെ അന്ത്യമാണ്. എട്ട് പതിറ്റാണ്ടുകളോളം ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ പ്രണയമായും വിരഹമായും ആവേശമായും അലയടിച്ച ആ ശബ്ദം ഒടുവിൽ നിശബ്ദമായി.
ക്ലാസിക്കൽ സംഗീതത്തിന്റെ ഗാംഭീര്യവും ഗസലുകളുടെ ആർദ്രതയും പോപ്പ്-കാബറേ ഗാനങ്ങളുടെ ലഹരിയും ഒരുപോലെ ആശാ ഭോസ്ലെയുടെ ശബ്ദമധുരിയിൽ ലയിച്ചു നിന്നു. ആശാ ഭോസ്‌ലെ സംഗീത ലോകത്ത് പകർന്നിട്ടത് വെറും പാട്ടുകളല്ല, മറിച്ച് പലർക്കും ആശ്വാസമേകുന്ന ഔഷധമായിരുന്നു ആ ശബ്ദം.
“ദം മാരോ ദം”, “ചുരാ ലിയ ഹേ തുംനേ”, “പിയ തു അബ് തോ ആജാ” തുടങ്ങിയ ഗാനങ്ങൾ ഇനി നമ്മുടെ കാതുകളിൽ ആ സ്വരമാധുരിയുടെ ഓർമ്മകളായി അലയടിക്കും .
എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അസാധാരണമായ സംഗീത യാത്രയ്ക്കാണ് ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ അന്ത്യമായത്. 10-ാം വയസ്സിൽ പാടിത്തുടങ്ങിയ അവർ, 1943-ൽ 'മാത്സ ബാൽ' എന്ന മറാത്തി ചിത്രത്തിലെ "ചലാ ചലാ നവ് ബാല" എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അഞ്ച് വർഷത്തിന് ശേഷം, 'ചുനരിയ' (1948) എന്ന ചിത്രത്തിലെ "സാവൻ ആയാ" എന്ന ഗാനത്തിലൂടെ അവർ ഹിന്ദി സിനിമയിൽ പ്രവേശിച്ചു. 1957-ലെ 'നയാ ദൗർ' എന്ന ചിത്രത്തിലെ "മാംഗ് കെ സാത്ത് തുമാരാ", "ഉഡേൻ ജബ് ജബ് സുൽഫേൻ തേരി" എന്നീ ഗാനങ്ങൾ കരിയറില്‍ വലിയ വഴിത്തിരിവായി.
ഈ ചിത്രത്തിൽ നായികയായ വൈജയന്തിമാലയ്ക്ക് വേണ്ടി എല്ലാ ഗാനങ്ങളും ആലപിച്ചത് ആശയായിരുന്നു.
ഹിന്ദി ചലച്ചിത്ര ലോകത്ത് തന്റെ സഹോദരി ലതാമങ്കേഷ്‌കറിന്റെ ശൈലിയില്‍ നിന്നും
ബോധപൂർവ്വം മാറിനടന്നുകൊണ്ട്, ആശാ ഭോസ്‌ലെ തന്റേതായ ഒരു വ്യക്തിത്വം കെട്ടിപ്പടുത്തു.
ലതാ മങ്കേഷ്‌കർ മനോഹരമായ ഈണങ്ങൾക്കും ഭക്തിഗാനങ്ങൾക്കും പേരുകേട്ടപ്പോൾ, കൂടുതൽ പരീക്ഷണാത്മകവും ബോൾഡുമായ ഗാനങ്ങളിലൂടെയാണ് ആശാ ഭോസ്‌ലെ ശ്രദ്ധിക്കപ്പെട്ടത്. 60-കളിലെയും 70-കളിലെയും ബോളിവുഡ് 'കാബറെ' ഗാനങ്ങളുടെ പര്യായമായിരുന്നു ആശാജിയുടെ ശബ്ദം. "പിയാ തൂ അബ് തോ ആജാ", "യേ മേരാ ദിൽ" തുടങ്ങിയ ഗാനങ്ങൾ ഇന്നും ആവേശമാണ്.
ഭർത്താവായ ആർ.ഡി. ബർമൻ സംഗീതം നൽകിയ 'തീസ്രി മൻസിൽ' (1966) എന്ന ചിത്രത്തിലെ "ആജാ ആജാ", "ഓ ഹസീന സുൽഫോം വാലി" തുടങ്ങിയ ഗാനങ്ങളൊക്കെ ശ്രദ്ധേയമാണ് . പ്രശസ്ത നർത്തകി ഹെലന്റെ ശബ്ദമായി മാറിയ അവർ 'കാരവൻ' (1971) എന്ന ചിത്രത്തിലെ "പിയാ തൂ അബ് തോ ആജാ", 'ഡോൺ' (1978) എന്ന ചിത്രത്തിലെ "യേ മേരാ ദിൽ" തുടങ്ങിയ ഗാനങ്ങളെ അനശ്വരമാക്കി.
ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കാൻ വിസമ്മതിച്ച ആശാ ഭോസ്‌ലെ, തന്റെ അതിശയിപ്പിക്കുന്ന വൈവിധ്യം ലോകത്തിന് മുന്നിൽ പ്രകടമാക്കി. 'ഉംറാവു ജാൻ' (1981) എന്ന ചിത്രത്തിലെ "ദിൽ ചീസ് ക്യാ ഹേ", "ഇൻ ആംഖോൻ കി മസ്തി കേ" തുടങ്ങിയ ഗസലുകൾ അവർക്ക് ആദ്യത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്തു. പിന്നീട് 'ഇജാസത്ത്' (1987) എന്ന ചിത്രത്തിലെ "മേരാ കുച്ച് സാമാൻ" എന്ന ഗാനത്തിലൂടെ അവർ മറ്റൊരു ദേശീയ പുരസ്കാരം കൂടി സ്വന്തമാക്കി. അറുപതുകളിലേക്ക് കടന്നിട്ടും, തന്നേക്കാള്‍ 40 വയസ്സ് വരെ പ്രായക്കുറവുള്ള പുതിയ തലമുറയിലെ അഭിനേതാക്കള്‍ക്ക് വേണ്ടി പാടി അവര്‍ ശ്രദ്ധേയ സാന്നിധ്യമായി മാറി. 1990കളിലും 2000ത്തിലുമെല്ലാം അവര്‍ പാടിയ പാട്ടുകളെല്ലാം ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടംപിടിച്ചു.
മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളില്‍ അവര്‍ ഗാനങ്ങള്‍ ആലപിച്ചു ഈ മികച്ച പ്രകടനം ഏറ്റവും കൂടുതല്‍ സ്റ്റുഡിയോ റെക്കോര്‍ഡിംഗുകള്‍ നടത്തിയ ഗായിക എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവര്‍ക്ക് നേടിക്കൊടുത്തു. തന്റെ ഉജ്ജ്വലമായ കരിയറിനിടയില്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും പത്മവിഭൂഷണും നല്‍കി രാജ്യം ആശ ഭോസ്‌ലയെ ആദരിച്ചിട്ടുണ്ട്.
ആ ശബ്ദ ലയം നിലയ്ക്കുന്നില്ല, അത് പ്രപഞ്ചമുള്ളിടത്തോളം കാലം അത് ഒഴുകിക്കൊണ്ടേയിരിക്കും.