
അമേരിക്കൻ ഹിന്ദു സമൂഹത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന അമേരിക്കൻസ്4ഹിന്ദുസ് (എ4എച്ച്)എന്ന സംഘടന പെൻസിൽവാനിയയും ഡെലവെയറും ഉൾപ്പെടെ രണ്ട് പുതിയ സംസ്ഥാന ചാപ്റ്ററുകൾ ആരംഭിച്ചു. ഫിലഡൽഫിയയിൽ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
ചടങ്ങിൽ അവിനാശ് രാജിനെ എ4എച്ച് പെൻസിൽവാനിയ ചാപ്റ്റർ (പിഎസി) പ്രസിഡന്റായും ഹനുമാപുർ തിരുമൽ റെഡ്‌ഡിയെ എ4എച്ച് ഡെലവെയർ ചാപ്റ്റർ പ്രസിഡന്റായും നിയമിച്ചു. സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റായ പ്രമിത് മാകോഡേ നേതൃത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തങ്ങളുടെ സംസ്ഥാനങ്ങളിൽ പൗരപങ്കാളിത്തവും സമൂഹാധിഷ്ഠിത രാഷ്ട്രീയ ഇടപെടലുകളും ശക്തിപ്പെടുത്തുമെന്ന് ഇരുവരും ഉറപ്പു നൽകി.
സംഘടനയുടെ സ്ഥാപകനും ചെയർമാനുമായ റൊമേഷ് കെ.ജാപ്ര മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു സമൂഹത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം വർധിപ്പിക്കാനും ഏകോപിതമായ സമൂഹപ്രവർത്തനം ശക്തമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസംഗത്തെ തുടർന്ന് ട്രസ്റ്റി തലത്തിലുള്ള പിന്തുണയ്ക്കുള്ള നിരവധി വാഗ്ദാനങ്ങളും അംഗത്വവ്യാപനത്തിനുള്ള പുതിയ ശ്രമങ്ങളും രൂപംകൊണ്ടതായി സംഘാടകർ അറിയിച്ചു.
പ്രമിത് മാകൊഡായും ദേശീയ-ആഗോള തലങ്ങളിൽ ഏകോപിതമായ പ്രവർത്തനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. “
പൊതുപ്രവർത്തനങ്ങളിലും നയനിർമ്മാണങ്ങളിലും ശക്തമായ ഹിന്ദു ശബ്ദം ഉയർത്താൻ ദേശീയ-ആഗോള തലങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കണം എന്ന് പ്രമിത് മാകൊഡാ ആഹ്വാനംചെയ്തു.
ഭാരതീയ ടെമ്പിൾ വേദിയായിരുന്ന ചടങ്ങിൽ നിരവധി സാമൂഹിക-മത സംഘടനാ നേതാക്കളും പങ്കെടുത്തു. നന്ദ് ടോഡി ഹിന്ദു സമൂഹത്തിൽ രാഷ്ട്രീയ ഇടപെടൽ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. മുകുന്ദ് കൊട്ടെ പെൻസിൽവാനിയയിലെ ഘടനാപരമായ പൗരപങ്കാളിത്തത്തിനുള്ള റോഡ്‌മാപ്പ് അവതരിപ്പിച്ചപ്പോൾ, ഭാസ്കർ കേണ്ടേ യുവജനങ്ങളുടെ, പ്രത്യേകിച്ച് ഹൈസ്കൂൾ-സർവകലാശാല തലങ്ങളിലെ പങ്കാളിത്തത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
ന്യൂജേഴ്സിയിൽ നിന്നുള്ള പ്രതിനിധിസംഘത്തോടൊപ്പം പ്രവീൺ ഗുഡൂരു പങ്കെടുത്തു. ജൂണിൽ ഫിലഡൽഫിയയിൽ 8,000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മാറ്റാ കൺവൻഷനൊപ്പം എ4എച്ച് അംഗത്വവ്യാപനം ശക്തിപ്പെടുത്തുമെന്ന് ശ്രീധർ ഗുഡാലാ അറിയിച്ചു. ദേശീയ വൈസ് പ്രസിഡന്റും ഗ്ലോബൽ അംബാസഡറുമായ ജ്യോത്സ്ന വിജയലക്ഷ്മി ശർമ്മയുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ അതുൽ സങ്കൽ, ദീപദോഷ് മജുൻദാർ, ജതിൻ പട്ടേൽ എന്നിവരും പങ്കെടുത്തു. എ4എച്ചിന്റെ ഹിന്ദു രാജ്‌നീതി അക്കാഡമി എന്ന ദേശീയ തലത്തിലുള്ള ആഴ്ചതോറുമുള്ള രാഷ്ട്രീയ പരിശീലന പരിപാടികളിൽ കൂടുതൽ പങ്കാളിത്തവും, ഹിന്ദു-ബുദ്ധിസ്റ്റ് -സിഖ് -ജയ്ൻ അമേരിക്കൻ കോൺഗ്രഷണൽ കോക്കസിലേക്കുള്ള പ്രതിനിധാനം വർധിക്കുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവച്ചു.
പുതിയ രണ്ട് സംസ്ഥാന ചാപ്റ്ററുകൾ ആരംഭിച്ചതോടെ എ4എച്ച് ഇപ്പോൾ 35 സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചതായി സംഘടന അറിയിച്ചു. ഇതിനോടൊപ്പം ഫെഡറൽ സൂപ്പർ പിഎസി, ഹൈബ്രിഡ് പിഎസി , മൾട്ടി -ക്യാൻഡിഡേറ്റ് പിഎസി എന്നീ ഘടനകളിലൂടെ സംഘടനയുടെ രാഷ്ട്രീയ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.