Image

കുടിയേറ്റമണ്ണിലെ കുടിലതകൾ (ജയ്ശങ്കര്‍ പിള്ള)

Published on 11 April, 2026
കുടിയേറ്റമണ്ണിലെ കുടിലതകൾ (ജയ്ശങ്കര്‍ പിള്ള)

അന്നൊരു അവധി ദിനമായിരുന്നു. ദുഃഖ വെള്ളിയാഴ്ച ആയതിനാൽ ഹോട്ടലുകളും,കോഫി ഷോപ്പുകളും,പെട്രോൾ പമ്പുകളും, ചെറിയ സ്റ്റേഷനറി കടകളും ഒഴികെയുള്ള ഒട്ടു മിക്ക സ്ഥാപനങ്ങളും,അടഞ്ഞു കിടന്നു. ആഴ്ച അവസാനം നീണ്ട അവധിയും, വെള്ളിയാഴ്ചയും കൂടി ഒന്നിച്ചു വന്നതിനാൽ കുടുംബ സമേതം, ഗണപതി ക്ഷേത്രത്തിലെ സന്ധ്യയ്ക്കുള്ള ദീപാരാധനയും, ശീവേലിയും, അത്താഴപൂജയും ക്ഷേത്രത്തിൽ തന്നെ  ആകാം എന്ന് ഉറപ്പിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോൾ സമയം രാത്രി 10 മണിയോടടടുപ്പിച്ചായി. മഞ്ഞു വീഴ്ച നിലച്ചു എങ്കിലും,തണുപ്പിനും,വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനും ഒട്ടും കുറവ് വന്നിട്ടില്ല.

ക്ഷേത്രത്തിൽ നിന്ന് വീട്ടിലേയ്ക്കു വരുന്ന വഴി ഒരു ഹൈവേയുടെ മുകളിലൂടെ ഉള്ള മേൽപാലം കടന്നു വേണം വരുവാൻ. ഈ പ്രദേശം പൊതുവെ വിജനമാണ്. അത്താഴ ഊട്ട് കഴിഞ്ഞു പ്രസാദമായി  ലഭിച്ച സാമ്പാർ സാദം കാർ ഡ്രൈവ് ചെയ്യുന്ന മോന് സ്പൂണിൽ കൊടുത്തു കൊണ്ട് കുട്ടിക്കാലത്തെ അവന്റെ കുസൃതികൾ പറഞ്ഞു ചിരിച്ചു ഉല്ലസിച്ചു വരുമ്പോഴാണ് ഒരു സ്ത്രീ ട്രോളി ബാഗും വലിച്ചു കൊണ്ട് തണുത്ത കാറ്റിനെ വകവയ്ക്കാതെ റോഡിലൂടെ നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. നടപ്പാതയിൽ അങ്ങിങ്ങു മഞ്ഞു കിടക്കുന്നതു കൊണ്ടാവാം അവർ നിരത്തിലൂടെ നടക്കുന്നത്.  ഹൈവേയിൽ നിന്നും സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ ഈ മേൽപ്പാലത്തിന് മുന്നിലായി സിഗ്നലിൽ നിറുത്തുമ്പോൾ  പകൽ സമയങ്ങളിൽ ചിലർ ഭിക്ഷയാചിയ്ക്കുവാനായി കാറിനടുത്തേക്ക് വരും. കാറിന്റെ ഹെഡ്‌ലൈറ്റ്ന്റെ വെളിച്ചത്തിൽ  ഈ സ്ത്രീ കൈ വീശി വാഹനം നിർത്തുവാനായോ,സഹായത്തിനോ ആയി യാചിക്കുന്നതു കാണാമായിരുന്നു.
മേൽപ്പാലത്തിന് മുകളിൽ വാഹനം നിറുത്തുന്നത് നിയമവിരുദ്ധവും,ഒപ്പം വഴിയിൽ പരിചയമില്ലാത്തവർ കൈകാണിച്ചാൽ വാഹനം നിറുത്തുന്നത് സുരക്ഷിതവുമല്ലാത്തതിനാൽ കാർ നിറുത്താതെ അല്പം കൂടി മുന്നോട്ടു പോയി. പക്ഷെ എല്ലായ്‌പോഴും, കാനഡയിലെ നിയമങ്ങളും,സുരക്ഷയും, അത് പാലിയ്ക്കപ്പെടുകയും,സംരക്ഷിയ്ക്കപ്പെടുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിയ്ക്കാറുള്ള മകൻ എന്തോ കാർ എമർജൻസി ലൈറ്റ് ഇട്ടു പാതയോരത്തു നിറുത്തി.

ആ അറുപതിനു മേൽ പ്രായം തോന്നിയ്ക്കുന്ന സ്ത്രീ വാഹനത്തിനടുത്തേയ്ക്കു നടന്നു വന്നു. മരം കോച്ചുന്ന തണുപ്പിൽ അവരുടെ ചുണ്ടുകളും,കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. അവർ പഞ്ചാബി കലർന്ന ഇന്ഗ്ലീഷിൽ  ബസ്സ്  ടെര്മിനലിയ്ക്കുള്ള വഴി തിരക്കുകയാണ്. അവരുടെ നിസ്സഹായതെ കണ്ടപ്പോൾ കാറിന്റെ ഡോർ തുറന്നു അവരെ വാഹനത്തിൽ കയറുവാൻ അനുവദിച്ചു. പിൻസീറ്റിൽ ഇരുന്നു കുശലം പറഞ്ഞ അവരോടു അവർക്കു എവിടെയാണ് പോകേണ്ടത് എന്ന് തിരക്കി, അവർക്കു പോകേണ്ടത് സിറ്റി നടത്തുന്ന ഷെൽറ്ററിലേക്കാണ് എന്നറിഞ്ഞപ്പോൾ, അവരെ കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നി. കാരണം വളരെ ഭംഗിയായി വസ്ത്രം ധരിച്ച അവർ ഒരു അനാഥയല്ല  എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും.പിന്നെ അവർ എന്തിനു ഒരു ഷെൽട്ടർ തേടണം? അതും അതിശൈത്യമുള്ള രാത്രിയിൽ.

അവരെയും കൂട്ടി ഞങ്ങൾ അടുത്തുള്ള "ടിം ഹോട്ടൻസിൽ" (കോഫി ഷോപ്പ്) പോയി ഓരോന്നായി തിരക്കുവാൻ തുടങ്ങി. അവരുടെ കദന കഥ കേട്ടപ്പോൾ അവരെ ആ രാത്രിയിൽ വിവിധ തരത്തിൽ, സ്വഭാവത്തിൽ ഉള്ളവർ താമസിയ്ക്കുന്ന ഷെൽറ്ററിൽ വിടുവാൻ എന്തോ എന്റെ സഹധർമ്മിണിയ്ക്കു മനസ്സു വന്നില്ല. അങ്ങിനെ ആ 65 കഴിഞ്ഞ പഞ്ചാബി സ്ത്രീയെ കൂട്ടി ഞങ്ങൾ വീട്ടിൽ വന്നു. ആ രാത്രിയിൽ ഒരു മേശയ്ക്കു ചുറ്റും ഇരുന്നു ചായയും, മറ്റു ചെറുകടികളൂം കഴിക്കുമ്പോൾ അവർ അവരുടെ കഥ പറഞ്ഞു. ഇവിടെ ഞാനവർക്ക് ഒരു പേര് നൽകുന്നു. "ഷേർജിത് കൗർ".

ഇത്  "ഷേർജിത് കൗർ". ന്റെ കഥയാണ് (അല്ല ജീവിതം).
1986-ലാണ് പഞ്ചാബിൽ നിന്നും സഹോദരനും,അമ്മയും, അച്ഛനും അടങ്ങുന്ന ഷെർജിത്തിന്റെ കുടുംബം കാനഡയിൽ അഭയാർത്ഥി  ആയി എത്തുന്നത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം പഞ്ചാബിൽ നടന്ന ആക്രമണങ്ങളിൽ ഭയന്നാണ് അവർ കാനഡയിൽ അഭയം പ്രാപിച്ചത്. നിരവധി ജീവിത ക്ലേശങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിച്ച അവർ 1988-ൽ വിവാഹിത ആകുകയും,രണ്ടു ആൺകുട്ടികളൂം, രണ്ടു പെൺകുട്ടികളുടെയും മാതാവ് ആകുകയും ചെയ്തു. വാടക വീട്ടിൽ താമസിച്ചു ഭാര്യാ,ഭർത്താക്കന്മാർ ബ്രാംപ്ടൻ സിറ്റിയിലെ  മെറ്റൽ ഫാക്ടറിയിൽ  ജോലിചെയ്യവെയാണ്‌ പുതിയ വീട് എന്ന സ്വപ്നം അവർ യാഥാർഥ്യമാക്കുന്നത്.ഒപ്പം അവരുടെ കുട്ടികളുടെ പഠനവും, വിവാഹവും. ഗർഭിണി ആയപ്പോൾ തന്നെ  ഷേർ തന്റെ ജോലി ഉപേക്ഷിച്ചു വീട്ടിൽ ഇരുന്നു തയ്യൽ ജോലികളിൽ വ്യാപൃതയായിരുന്നു. ദിവസവും 16 മണിക്കൂർ തയ്യൽ പണികൾ ചെയ്തു അവർ നല്ല രീതിയിൽ പണം സമ്പാദിച്ചു. പെൺ മക്കൾ കോളേജ് പഠനത്തിനത്തിൽ ഏർപ്പെടുന്ന സമയത്തു ആൺ മക്കൾ രണ്ടുപേരും പന്ത്രണ്ടാം ക്‌ളാസ്സ്‌ പൂർത്തിയാക്കി വണ്ടി മെക്കാനിക്കിന്റെ പണിയിലേയ്ക്ക് തിരിഞ്ഞിരുന്നു. സർക്കാരിന് വേണ്ട വിധത്തിൽ ടാക്സ്,പെൻഷൻ, ഇൻഷുറൻസ് തുകകൾ നൽകാതെ തന്റെ ആദ്യ പ്രസവകാലം മുതൽ "ക്യാഷ്" ജോലികൾ ചെയ്തിരുന്ന ഷേർ കുടുംബത്തിന്റെ മുഖ്യ വരുമാന മാർഗ്ഗമായിരുന്നു. ഇതിനിടയിലാണ് ഷേറിന്റെ ഭർത്താവിന് ജോലിസ്ഥലത്തു വച്ച് അപകടം ഉണ്ടാകുന്നത്. പഞ്ചാബിയുടെ ഉടമസ്ഥതയിൽ ഉള്ള  കമ്പനിയിൽ ഉടമയുടെ  നിർദ്ദേശപ്രകാരം സർക്കാരിൽ അറിയിക്കാതെ തനിയ്‌ക്കേറ്റ പരിക്ക് ചികിത്സചെയ്തു അയാൾ ലീവിൽ പ്രവേശിയ്ക്കുന്നു. പിന്നീടാണ് അറിയുന്നത് തന്റെ കണ്ണിനു ഏറ്റ പരിക്ക് കാഴ്ച നശിപ്പിച്ചു എന്നും, തക്കതായ സമയത്തു സർക്കാർ മുഖേന ചികിത്സ തേടാത്തതിനാൽ (WSIB) തനിക്കു കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ നിഷേധിയ്ക്കപ്പെടുകയും ചെയ്തു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അയാളുടെ ജോലിയും നഷ്ടപ്പെട്ടു. ഉടമ നൽകിയ വാഗ്ദാനങ്ങളിൽ നിന്നെല്ലാം അവർ മലക്കംമറിഞ്ഞു. ഇതിന്നിടയിൽ തന്റെ നാല് മക്കളും വരുടേതായ രീതിയിൽ വിവാഹതരാവുകയും ചെയ്തിരുന്നു.

തൊഴിൽ രഹിതനായി വീട്ടിൽ കഴിയുന്ന ഭർത്താവും,വിവാഹിതരായ രണ്ടു ആണ്മക്കളും കൂടി ഷേർ ന്റെ ജീവിതത്തെ ഉലച്ചു കളഞ്ഞിരുന്നു. കുടുംബ ചെലവിന്റെ ഭൂരിഭാഗവും,ഭർത്താവിന്റെ ചികിത്സയും കൂടി ആയപ്പോൾ ഷേർ നു വിവാഹിതരായി തനിക്കൊപ്പം കഴിയുന്ന മക്കൾ ഒരു ബാധ്യതയായി മാറി. അവർ മക്കളെ ആട്ടിപായിച്ചു. കുറച്ചു നാളുകൾക്കു ശേഷം ഭർത്താവിനെയും. ഇതിനിടയിൽ  മക്കൾ വന്നു അച്ഛനെ കൂട്ടി കൊണ്ടുപോയി. ഭർത്താവിന്റെയും,തന്റെയും പേരിൽ ഉള്ള വലിയ വീട്ടിൽ അങ്ങിനെ ഷേർ രാജ്ഞിയായി വാണു.  പക്ഷെ വിധി മറ്റൊന്നാണ് അവർക്കുവേണ്ടി കാത്തു വച്ചിരുന്നത്. കോവിഡ് ലോകത്തെ കാർന്നു തിന്നുന്ന സമയം ഷേർ പനിക്കിടക്കയിലായി. വീടിനു വേണ്ടി എടുത്ത ബാങ്ക് ലോൺ അടച്ചു തീർക്കുവാൻ കഴിയാത്ത അവസ്ഥയിലായി. ഈ സമയം നോക്കി ആൺമക്കൾ അച്ഛനെ പാട്ടിലാക്കി ലോൺ പുതുക്കാനെന്ന വ്യാജേന രേഖകൾ ഒപ്പിടുവിച്ചു ആണ്മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. പനിക്കിടക്കയിൽ ആയിരുന്ന ഷേർ മക്കൾ പറഞ്ഞ കടലാസുകളിൽ ഒപ്പു വച്ചു.

കോവിഡ് ഷട്ട്ഡൗണ് കഴിഞ്ഞു തന്നെ കൂട്ടിക്കൊണ്ടുപോകാൻ കാഴ്ചശക്തികുറഞ്ഞ ഈ വൃദ്ധൻ എത്തി. ഒരു കാലിനു അല്പം സാധീനം നഷ്ടപ്പെട്ട ഷേർനെയും കൂട്ടി അയാൾ പോയത് വളരെ ചെറിയ സൗകര്യങ്ങൾ ഉള്ള
ഒരു ചെറിയ വീടിന്റെ ബേസ് മെന്റ് അപ്പാർട്മെന്റിലേയ്ക്ക് ആണ്.  തയ്യൽ മെഷിൻ ചലിപ്പിച്ചു സമ്പാദിച്ചതെല്ലാം ഭർത്താവിന്റെ സമ്മതത്തോടെ ആൺമക്കൾ തട്ടി എടുത്തു എന്നറിഞ്ഞ  ഷേർ മാനസിക നിയന്ത്രണം വിട്ടു  ഭർത്താവിനെ മർദ്ദിയ്ക്കുകയും, തുടർന്ന് പോലീസ് നിയന്ത്രണത്തിൽ മാനസിക ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലായി. ആറുമാസത്തെ ചികിത്സയ്‌ക്കിടയിൽ തന്റെ ഭർത്താവ് മരണപ്പെട്ട വിവരവും അവരെ തളർത്തി.
ഭർത്താവിന്റെ മരണത്തിലും,മക്കളുടെ ചതിയിലും മനം നൊന്ത ഷേർ ചികിത്സ തുടർന്ന് കൊണ്ടേ ഇരുന്നു. അസുഖം ഭേദമായ അവരെ  ആശുപത്രിയിൽ നിന്ന്  കൂട്ടിക്കൊണ്ടുപോകുവാൻ  നാലുമക്കളിൽ ആരും എത്തിയില്ല. ഇതിന്നിടയിൽ മാതാപിതാക്കളിൽ നിന്നും കൈവശപ്പെടുത്തിയ വീട് വിറ്റു ആൺമക്കൾ 50 ഏക്കർ വരുന്ന ഫാം ഹവ്സ് സ്വന്തമാക്കിയിരുന്നു. ചികിസയ്ക്കു ശേഷം ബന്ധുക്കളുടെ സഹായത്തോടെ ഫാം ൽ എത്തിയ ഷേർ-നെ മക്കൾ സ്വീകരിച്ചില്ല എന്ന് മാത്രമല്ല, സ്വത്തുക്കൾ മുഴുവൻ ആണ്മക്കൾക്കു കൊടുത്ത മാതാവിനെ സ്വീകരിയ്ക്കാൻ പെൺമക്കളും തയ്യാറായില്ല. ഇതിന്നിടയിൽ വീട്ടിലെ ലോക്കറിൽ സൂക്ഷ്‌ച്ചിരുന്ന തന്റെ ആഭരണങ്ങളും മക്കൾ സ്വന്തമാക്കിയിരുന്നു.
ആശുപത്രിയിൽ നിന്നും ഇറങ്ങിയ മാനസിക പ്രശ്നങ്ങളും,ശാരീരിക പ്രശ്നങ്ങളും ഉള്ള, അന്തി ഉറങ്ങുവാൻ ഇടം തേടി അലയുന്ന ഷേറിനെ യാണ് ഈ കൊടും തണുപ്പിൽ വീട്ടിൽ കൊണ്ടുവന്നത് എന്നോർത്തപ്പോൾ സത്യത്തിൽ അന്നു ഉറക്കം നഷ്ടപ്പെട്ടിരുന്നു.

പക്ഷെ,.. ഇവിടുത്തെ സർക്കാർ സംവിധാങ്ങൾ എണ്ണയിട്ട യന്ദ്രം പോലെ പ്രവർത്തിയ്ക്കുന്നതിനാൽ, ഈ കഥകേൾകുന്ന സമയത്തും  സിറ്റിയുടെ ഓൺലൈൻ സംവിധാനങ്ങൾ വഴി വേണ്ടതു ചെയ്തതിനാൽ നേരം പുലർന്നതിന് മുൻപേ തന്നെ  ആരോഗ്യ പ്രവർത്തകരടക്കം ഒരു സംഘം ജീവനക്കാർ വന്നു അവരെ സുരക്ഷിതമായി ഷെൽറ്ററിലേയ്ക്ക് മാറ്റി.

ഇത് ഒരു "ഷേർ" ന്റെ മാത്രം കഥയല്ല,ഇതുപോലെ ഒട്ടനവധി "ഷേർ" മാർ ഈ കുടിയേറ്റ മണ്ണിൽ ഉണ്ട്.
"ഓർക്കുക, പരിചയമില്ലാത്ത ആളുകൾ വാഹനത്തിനു കൈകാണിച്ചാൽ നിറുത്തി അവരെ കയറ്റാതെ ഇരിയ്ക്കുക, ഉടൻ തന്നെ പോലീസ് സേനയെ വിവരം അറിയിക്കുക' ഇതുപോലെ ഒട്ടനവധി "ഷേർ" (സിംഹങ്ങൾ) നമ്മുടെ നിത്യജീവിതത്തിൽ കാണുവാൻ കഴിയും. കുടിയേറ്റ മണ്ണിലെ ചില അപൂർവ്വ വിശേഷങ്ങളുമായി വീണ്ടും വരാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക