
ജനങ്ങളുടെ സമ്മതിദാനാവകാശം ഇലക്‌ട്രോണിക് വോട്ടിന്റെ രൂപത്തില്‍ പോളിങ് മെഷീനില്‍ ഇരിക്കെ മൂന്ന് മുന്നണികളുടെയും അവകാശ വാദങ്ങള്‍ അരങ്ങ് തകര്‍ക്കുന്നു. 100-ലധികം സീറ്റുകള്‍ നേടുമെന്ന് ഇടതു മുന്നണിയും ഐക്യ മുന്നണിയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോള്‍, ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്ക് നിയമസഭയായിരിക്കും വരുന്നതെന്നും തങ്ങള്‍ വലിയ ശക്തിയായി മാറുമെന്നും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും അവകാശപ്പെടുന്നു. എന്നാല്‍ അവകാശവാദങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍ക്കും മനക്കോട്ട കെട്ടാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നാല്‍ ഭരണത്തില്‍ മാത്രമല്ല പാര്‍ട്ടിയിലും മുന്നണിയിലും പിണറായി വിജയന്‍ കൂടുതല്‍ ശക്തനും അജയ്യനുമായി മാറും. പുത്തന്‍ നേതൃനിരയുടെ വളര്‍ച്ചയുണ്ടാകുന്നതിനൊപ്പം എല്‍.ഡി.എഫിന്റെ അടിത്തറയ്ക്കും കെട്ടുറപ്പുണ്ടാകും. അതേസമയം കോണ്‍ഗ്രസില്‍ ശിഥിലീകരണമുണ്ടാകുമെങ്കിലും പാര്‍ട്ടിക്ക് തകര്‍ച്ചയുണ്ടാവില്ല. 10 വര്‍ഷം കഴിഞ്ഞിട്ടും ഭരണം കിട്ടാത്ത അവസ്ഥയില്‍ യു.ഡി.എഫിലെ ചില പാര്‍ട്ടികളോ നേതാക്കളോ മുന്നണി മാറിയേക്കാം. സ്വാഭാവികമായും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മറ്റൊരു നേതാവ് ഉയര്‍ന്നുവരാനുള്ള സാധ്യത ഒട്ടു തള്ളിക്കളയാനാവില്ല.
എന്നാല്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയാല്‍ അത് പാര്‍ട്ടിയിലും മുന്നണിയിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കൂടുതല്‍ കരുത്തനാക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കപ്പെടും. മുസ്ലിം ലീഗ് കൂടുതല്‍ കരുത്തോടെ അധികാരത്തിലും മുന്നണിയിലും പിടിമുറുക്കും. ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്ന സാഹചര്യം ഉണ്ടാവുമെന്നുറപ്പാണ്. ബി.ജെ.പി ലഭിക്കുന്ന സീറ്റുകള്‍ക്ക് അനുസരിച്ച് പ്രതിപക്ഷ നിരയില്‍ ഇടം കണ്ടെത്താം. എന്നാല്‍ സീറ്റുകളൊന്നും കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് കേരളത്തില്‍ വിജയ സാധ്യതയില്ലെന്ന് എഴുതപ്പെടും. രാജീവ് ചന്ദ്രശേഖറിന്റെ നേതൃസ്ഥാനവും തെറിച്ചേക്കും.
എന്തായാലും വി.സതീശന്‍ നിരത്തുന്ന സെഞ്ച്വറി കണക്കുകള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ (2024) അടിസ്ഥാനത്തിലാണ്. ഇടതു മുന്നണിക്ക് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ യി.ഡി.എഫിന്റെ പെട്ടിയില്‍ വീണപ്പോള്‍ ആകെയുള്ള 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18-ലും മിന്നുന്ന വിജയമായരുന്നു അവര്‍ ആഘാഷിച്ചത്. 108 നിയമസഭാ മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള ഭൂരിപക്ഷവും ലഭിച്ചു. അതിന്റെ ചുവട് പിടിച്ചാണ് വി.ഡി സതീശന്‍ 115 സീറ്റുകളില്‍ വരെ ഇക്കുറി യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം പറയുന്നത്. മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിന് അനുകൂലമായി പോള്‍ ചെയതുവെന്നത് സതീശന്റെ കണക്കിന് ബലം നല്‍കുന്നു.
നിലവില്‍ എല്‍.ഡി.എഫ് -98, യു.ഡി.എഫ് -42 എന്നിങ്ങനെയാണ് ഇപ്പോള്‍ നിയമസഭയിലെ മുന്നണികളുടെ അംഗബലം. ഈ 42 സീറ്റ് യു.ഡി.എഫ് നിലനിര്‍ത്തിയാല്‍ സതീശന്‍ പറയുന്നതുപോലെ 'വിസ്മയം' സംഭവിക്കാം. പകക്ഷേ, യു.ഡി.എഫിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെ കടുത്ത മത്സരം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 35 സീറ്റില്‍ എങ്കിലും എല്‍.ഡി.എഫിന്റെ സിറ്റിങ് എം.എല്‍.എമാരെ തോല്‍പ്പിച്ച് യു.ഡിഎ.ഫ് കരുത്തുകാട്ടിയാല്‍ ഭരണ മാറ്റത്തിന് ഒരു സാധ്യതയുണ്ട്. അതിനാകട്ടെ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത യു.ഡി.എഫ് തരംഗം ഇവിടെ ആഞ്ഞു വീശണം. ഉയര്‍ന്ന പോളിങ് ശതമാനം സൂചിപ്പിക്കുന്നത് ആ വലിയ തരംഗത്തിന്റെ ലക്ഷണമാണെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.
ബി.ജെ.പി ക്യാമ്പുകളും കണക്കുകൂട്ടലുകള്‍ തുടരുകയാണ്. മൂന്ന് എം.എല്‍.എമാര്‍ തങ്ങള്‍ക്ക് ഉണ്ടാകുമെന്നാണ് അവര്‍ ഉറച്ച് വിശ്വസിക്കുന്നത്. അതിനുമപ്പുറം ചുരുങ്ങിയത് 25 സീറ്റുകളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയും എന്നതിലും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ് ഏകോപിപ്പിച്ചപ്പോള്‍ ഹിന്ദു ഈഴവ വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് കൃത്യമായി എത്തി എന്ന വിശ്വാസത്തിലാണ് ബി.ജെ.പി ക്യാമ്പ്. ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകളെ നിഷ്പ്രഭമാക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കാവിക്കൂടാരം.