
ബാഷയെ കുറിച്ചുള്ള ഏറ്റവും പഴയ ഓർമ്മ പരതിയാൽ മുഴച്ച് നിൽക്കുന്നത് വലിയ രണ്ട് ഉണ്ടകണ്ണുകൾ മാത്രമാണ്. ഒന്നുകൂടി സൂക്ഷിച്ചോർത്താൽ ആവശ്യത്തിലധികം നീണ്ടു നിൽക്കുന്ന നീളൻ കോളറിൻ്റെ തെളിമയില്ലാത്തൊരു ചിത്രം കൂടി ഓർത്തെടുക്കാനാവാറുണ്ട്. ബാക്കിയുള്ള കഥകളെല്ലാം മറ്റേമ്മയും വല്യമ്മയും തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്നോ, തറവാട്ടൊതുക്കുകല്ലിലെ ചില അന്തിചർച്ചകളിൽ നിന്നോ കിട്ടിയതാണ്. അതിൽ പൂരിപ്പിക്കേണ്ടിയിരുന്ന ചില ഭാഗങ്ങൾ, പിന്നീട് ശത്രുതയവസാനിപ്പിച്ച് ഞാനവനുമായി സന്ധിയിലായ ശേഷം ബാഷ തന്നെയാണ് പറഞ്ഞ് തന്നിട്ടുള്ളത്.
അത്തിക്കാവിലേക്ക് പറിച്ചെറിയപ്പെട്ട ശേഷം ചെറിയൊരു വാട്ടമുണ്ടായെങ്കിലും സ്നിഗ്ധമായ പുതിയ ജീവിതത്തിലേക്ക് വേരുകൾ പടരുകയും കൂടുതൽ തെളിമയോടെ വളർന്ന് അത്തിക്കാവിലെ ജീവാത്മാക്കളുമായി സ്വന്തമെന്നപോലെ ഇടപഴകുകയും ചെയ്തതിനാലാവാം ബാഷ തൻ്റെ ശുഷ്‌കമായ ശൈശവം മറ്റൊരാളിൻ്റെതെന്ന പോലെയാണ് നോക്കികണ്ടിരുന്നത്. അതുകൊണ്ട് തന്നെയായിരിക്കാം സ്വന്തം കഥ ഒരു നാടോടിക്കഥ പറയുന്ന ലാഘവത്തോടെ പറയാൻ അവന് സാധിച്ചതും.
വർഷങ്ങൾക്ക് മുമ്പ്, പാലപ്പൂമണമില്ലാത്ത ഒരു ചെറുകാറ്റ് പോലും വീശാത്ത വരണ്ടുണങ്ങിയ ഒരുച്ച നേരത്ത് തലയിൽ തട്ടമിട്ട ഒരു സ്ത്രീ ഏഴുവയസ്സുകാരനായ ഒരാൺകുട്ടിയെയും കൊണ്ട് വിയർത്തുകളിച്ച് തറവാട്ടിലേക്ക് കയറി വന്നു. ആ വേനൽക്കാലത്തിൻ്റെ മുഴുവൻ കരിവാളിപ്പും അവരുടെ മുഖത്തുണ്ടായിരുന്നു. കൺതടങ്ങളിൽ തിണർത്തു കിടന്ന വിഷാദത്തോട് ചേർന്ന് നിൽക്കുന്ന സ്വരത്തിൽ അവരിത്തിരി കുടിവെള്ളം ചോദിച്ചു.
മരയഴിയിട്ട നടുത്തളത്തിന് പുറത്തെ, എറക്കാലിയെന്ന് അത്തിക്കാവുകാർ വിളിക്കുന്ന ഒന്നരയടി വീതിയുള്ള നീളൻ വരാന്തയിലിരുന്ന് മറ്റേമ്മയെനിക്ക് ഓലപീപ്പി ഉണ്ടാക്കുകയായിരുന്നു അപ്പോൾ. വരാന്തയിൽ ഓലയുരിഞ്ഞ് വൃത്തിയാക്കിയ നീളൻ ഈർക്കിലികൾ ഭംഗിയിൽ വിടർന്ന് കിടന്നു. മുറ്റത്ത് ഈർക്കിലിയിൽ നിന്ന് വേർപ്പെട്ട പച്ചോലകൾ പച്ചിലപ്പാമ്പുകളെ പോലെ വളഞ്ഞുപുളഞ്ഞും കിടന്നു. മറ്റേമ്മ ആഗതരെ നോക്കി ചിരിച്ച് മടിയിലെ ചെറിയ ഓലച്ചീന്തുകൾ തട്ടിക്കുടഞ്ഞെഴുന്നറ്റു.
ഓലവാച്ചും കയ്യിൽ കെട്ടി ഓലക്കണ്ണടയും വച്ച് ഗമയോടെയിരുന്ന വെളുത്ത പെറ്റിക്കോട്ടുകാരി നവാഗതനായ ഉണ്ടകണ്ണനെ ആകാംക്ഷയോടെ നോക്കി. ഉമ്മയുടെ കൈപിടിച്ച് നിന്നിരുന്ന ആൺകുട്ടി ക്ഷീണിതനെങ്കിലും ചെറിയൊരാഹ്ളാദത്തോടെ മുന്നിലിരുന്ന പെൺകുട്ടിയിലേക്കും നോട്ടമയച്ചു. ഏതോ ആത്മബന്ധത്തിലെന്ന പോലെയുള്ള അവരുടെ കൺകോർക്കലുകൾ മുതിർന്നവർ ശ്രദ്ധിച്ചില്ലെങ്കിലും അതേവരെ നിശ്ചലമായി നിന്ന പ്രകൃതി അവരുടെ സംഗമത്തിലാനന്ദിച്ചെന്നോണം ചലിക്കാൻ തുടങ്ങി. ആൺകുട്ടിയുടെ ഉമ്മ പെട്ടെന്ന് വീശിയ കാറ്റിൽ ആശ്വാസം കണ്ടെത്തിയ പോലെ “ൻ്റെ റബ്ബേ “ എന്നൊരു നെടുനിശ്വാസമയച്ചു.
അവരെ കോലായിലിരിക്കാൻ ക്ഷണിച്ചിട്ട് അകത്തേക്ക് പോയ മറ്റേമ്മ ഉടനെ രണ്ട് ഗ്ലാസ്സും ഒരു മൊന്ത സംഭാരവുമായി തിരിച്ചു വന്നു. ഗ്ലാസ്സിൽ പകർത്തിയ സംഭാരം കുടിച്ച് തട്ടത്തിൻ്റെ തുമ്പുകൊണ്ട് സ്വന്തം മുഖവും ആൺകുട്ടിയുടെ മുഖവും തുടച്ച് കൊടുത്ത് “എവിടുന്നാ …..?” എന്നുള്ള മറ്റേമ്മയുടെ ചോദ്യത്തിന് മറുപടി പറയാനായുമ്പോഴാണ് കുടിച്ച സംഭാരമപ്പാടെ ‘ഗ്ഗൊ’ എന്നൊരച്ചയോടെ ആൺകുട്ടി മുറ്റത്തേക്ക് ഛർദ്ദിച്ചൊഴിച്ചത്.
ആ ഉമ്മ വെപ്രാളമടങ്ങിയ കരച്ചിലോടെ ആൺകുട്ടിയുടെ പുറം ഉഴിയുകയും “ കാഞ്ഞ വയറിൻ്റയ്ത്തേക്ക് ചെന്നോണ്ടാരിക്കും. പൊലച്ചേ പോന്നാതാ പൊരയ്ക്കേന്ന്. “ എന്ന് മറ്റേമ്മയോട് സങ്കടപ്പെടുകയും ചെയ്തു.
“ എന്നാ അത് നേർത്തേ പറയണ്ട്യേ. ചെറ്യേ കുട്ട്യല്ലേ.” എന്ന് മറ്റേമ്മയവരെ സ്‌നേഹത്തോടെ കുറ്റപ്പെടുത്തി. “ഇനി എന്തേലും കഴിച്ചിട്ട് പോയാ മതി.” എന്ന് കുറച്ചധികാരത്തോടെ നിർബന്ധിക്കുകയും ചെയ്തു. ആൺകുട്ടി ക്ഷീണത്തോടെ കോലായിലിരുന്നു.
“നടന്ന് കാല് കയ്ക്കണൂന്ന് കൊറേ നേരായി പറയല്. ന്നാ ഇബ്നിവ്ടെ ഇരിക്കട്ടെ. ഞമ്മള് ഇബ്ടടുത്ത് ഒരാളെ കാണാൻ വേണ്ടി ബന്നതാണ്. പോയിട്ട് ബെക്കം തിരിച്ചരാം . “ എന്ന് മറ്റേമ്മയോടും “ ഉമ്മ ബെക്കം ബരാ…... ഇഞ്ജിവിടെ ഇത്തിരി നേരം കുത്തിരിക്ക്” എന്ന് മകനോടും പറഞ്ഞ് ആ ഉമ്മ വീണ്ടും പൊരിവെയിലത്തേക്കിറങ്ങിപ്പോയി.
കൊണ്ടുകൊടുത്ത ഇലയട സാവധാനം വൃത്തിയോടെ തിന്നുന്ന കുട്ടിയോട് മറ്റേമ്മ പേര് ചോദിച്ചു. “ബഷീർ” എന്ന് മറുപടി പറഞ്ഞ ശേഷം അവൻ വീണ്ടും ഇലയടയിലേക്ക് ശ്രദ്ധ തിരിച്ചു. മറ്റൊരു വീട്ടിൽ നിന്ന് അതും പരിചയമില്ലാത്ത ഒരിടത്തു നിന്ന് ഭക്ഷണം കഴിക്കുന്നതിൻ്റെ ജാള്യത ആ മുഖത്തുണ്ടായിരുന്നു. “ബേപ്പൂർ സുൽത്താൻ്റെ പേരാണല്ലോടാ” എന്ന് മറ്റേമ്മ അഭിനന്ദിച്ചപ്പോൾ ജാള്യത നീങ്ങി ആ മുഖത്തൊരു ചിരി പരന്നു.
അന്നത്തെ ആ ഇലയടയുടെ രുചി ഇപ്പോഴും നാവിൽ തുമ്പത്തുണ്ടെന്നും പിന്നീടൊരിക്കലും അതിനത്ര രുചി തോന്നിയിട്ടില്ലെന്നും മറ്റേമ്മയുണ്ടാക്കുന്ന ഇലയട കഴിക്കുമ്പോഴൊക്കെ ബാഷ പറയാറുണ്ട്. സാഹചര്യങ്ങൾ വ്യത്യാസപ്പെടുന്നതനുസരിച്ച് ഒരേ വിഭവത്തിന് രുചിഭേദങ്ങൾ സംഭവിക്കാമെന്നത് പോലെ തന്നെയാണ് പല ജീവിതാനുഭവങ്ങളും. അതിൻ്റെ തീവ്രതയ്ക്കും സാഹചര്യങ്ങൾ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. മരണതുല്യമെന്നോ അതിനപ്പുറമെന്നോ തോന്നുന്ന ഒരനുഭവം പിന്നീട് ഒരു കഥയെന്ന പോലെ ലഘൂകരിച്ച് കാണാൻ മനുഷ്യർക്കാവുന്നതും അതുകൊണ്ടായിരിക്കാം.
അന്ന് ആ ഉമ്മ തറവാട്ടിലേക്ക് കയറിവന്നത് മനസ്സിലൊരു ലക്ഷ്യം വച്ചു കൊണ്ടായിരുന്നോ അതോ ഏതോ നിയോഗം പോലെ മകൻ സുരക്ഷിതനായിരിക്കാൻ സാധ്യതയുള്ള ഒരിടത്തേക്ക് സ്വയമറിയാതെ എത്തപ്പെടുകയായിരുന്നോ എന്നത് നിശ്ചയമില്ലാത്ത കാര്യമാണ്. കാരണം അങ്ങനെയൊരു ലക്ഷ്യം അവർക്കുണ്ടായിരുന്നോ എന്ന് ചോദിച്ചറിയാൻ പിന്നീടൊരിക്കലും അവർ തിരിച്ചെത്തിയില്ലല്ലോ !!
സമയം നീങ്ങിക്കൊണ്ടിരുന്നു. ഒരു മണിക്കൂർ, രണ്ട് മണിക്കൂർ….. വെയിലിൻ്റെ കാഠിന്യം കുറയാൻ തുടങ്ങി. വയറു നിറയെ ഇലയടയും കഴിച്ച് ഒരു ഗ്ലാസ് ചക്കരക്കാപ്പിയും കുടിച്ച് ഉഷാറായ ബഷീറിനും മറ്റേമ്മ ഒരു ഓലപീപ്പി ഉണ്ടാക്കി കൊടുത്തു. അതേവരെ പുതിയ അതിഥിയെ കൗതുകത്തോടെ നോക്കിയിരുന്ന ഞാൻ പതുക്കെ മുഖം വീർപ്പിക്കാനും വാശിപിടിക്കാനും തുടങ്ങിയെന്നാണ് മറ്റേമ്മ പറഞ്ഞ് പിന്നീടറിഞ്ഞിട്ടുള്ളത്. കുട്ടിമായയ്ക്ക് കിട്ടേണ്ട ശ്രദ്ധമുഴുവൻ പുതിയ കുട്ടി പിടിച്ചെടുക്കുന്നു എന്ന ശിശുസഹജമായ കുശുമ്പായിരിക്കാം അതിന് കാരണം.
ഇനിയും ഉരിയാൻ ബാക്കിയുള്ള പച്ചോലകളിൽ നിന്ന് ഒരെണ്ണമെടുത്ത് നീളൻ വാല് പോലൊരു ഭാഗം കീഴെ നിർത്തി മുകളിൽ നിന്ന് ഓല മാത്രം ശ്രദ്ധയോടെ കീറിത്താഴ്‌ത്തി രണ്ട് മടക്ക് മടക്കി അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും കോർത്ത് ചെറിയൊരു ചീന്ത് ഓലകൊണ്ട് ഭംഗിയിൽ കൊക്കും പിടിപ്പിച്ച് അവനന്നൊരു തത്തമ്മയെ ഉണ്ടാക്കി. ഈർക്കിൽ വളച്ച് പുറകിലേക്ക് കുത്തിയപ്പോൾ വളയത്തിലിരുന്നാടുന്ന പോലെ ആ തത്ത അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയ രംഗം അൽഭുതത്തോടെയാണ് എപ്പോഴുമോർക്കാറുള്ളത്. അവനങ്ങനെ എന്നെ സന്തോഷിപ്പിക്കാൻ പിന്നീടും പലതും ചെയ്തിട്ടുണ്ട്. പക്ഷേ സ്വന്തം സ്ഥാനം തട്ടിയെടുക്കാനെത്തിയ ഒരാളോടെന്നപോലെ ഇരുണ്ട് വീർത്ത മുഖവുമായി വർഷങ്ങളോളം ഞാനവനെ നോവിച്ചുകൊണ്ടേയിരുന്നു.
അന്ന് ഉമ്മ വരേണ്ട നേരം കഴിഞ്ഞപ്പോൾ കളിക്കാനുള്ള ഉൽസാഹം നശിച്ച് വഴിയിലേക്ക് നോക്കി വിഷണ്ണനായി ഇരുന്നു ബഷീർ. അമ്മ വരാത്തതിൻ്റെയും ഞാനവനെ ഉപദ്രവിക്കാൻ തുടങ്ങിയതിൻ്റെയും സങ്കടമാവാം കാരണം. പിന്നീട് ബഷീർ ഏങ്ങലടിച്ച് കരയാൻ തുടങ്ങി. മറ്റേമ്മയുടെ ആശ്വാസവാക്കുകളൊന്നും അവൻ്റെ കരച്ചിൽ മാറ്റാനുതകിയില്ല.
സാധാരണ സന്ധ്യയാകുമ്പോഴാണ് അമ്മയെന്നെ തറവാട്ടിൽ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാനെത്താറ്.. അന്ന് പക്ഷേ നേരത്തേ വന്നു. എന്നും ഉച്ചകഴിഞ്ഞ് രണ്ടോ മൂന്നോ മണിക്കൂർ മനയ്ക്കലെ ജോലിക്ക് പോകാറുണ്ട് അമ്മ. ദൂരയാത്രയ്ക്കെന്ന് പറഞ്ഞ് പോയ അച്ഛൻ ആറ് മാസമായിട്ടും തിരിച്ചെത്താതായപ്പോൾ , നുള്ളിപ്പെറുക്കി വെച്ച അവസാന ചില്ലിക്കാശും കഴിഞ്ഞ് പലചരക്കുകടയിൽ പറ്റ് പെരുകിയപ്പോഴാണ് അമ്മ ആ ജോലിക്ക് പോകാനാരംഭിച്ചത്.
മനയ്ക്കലെ ജോലിക്ക് പോകുന്നത് വല്ല്യമ്മ എതിർത്തതാണ്. മനക്കാരെ ആശ്രയിച്ചാലും വല്യമ്മയെ ആശ്രയിക്കാൻ അമ്മയുടെ ദുരഭിമാനം സമ്മതിച്ചില്ല. അച്ഛൻ വരാത്തതിന് കാരണം വല്യമ്മയാണെന്ന് കുറ്റപ്പെടുത്തുകയും , അതിനാൽ എന്നെ നോക്കേണ്ടത് അവരുടെയും കൂടി കടമയാണെന്ന ന്യായീകരണവും നടത്തിയാണ് അമ്മയെന്നെ തറവാട്ടിലാക്കി പോകുന്നത്.
അതിലമ്മയ്ക്ക് അഭിമാനക്കുറവൊന്നും തോന്നാറില്ലേയെന്ന് വളർന്നപ്പോൾ പലപ്പോഴും അമ്മയെ പ്രകോപിപ്പിക്കാൻ വേണ്ടി ചോദിക്കാറുണ്ട്. മറുപടിയില്ലാത്ത പല ചോദ്യങ്ങളുടേയും കൂട്ടത്തിൽ അതും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കാറുമുണ്ട്.
“ഇന്ന് മനയ്ക്കല് പോയില്ലേ ശാരദേ… ?” എന്ന മറ്റേമ്മയുടെ ചോദ്യത്തിന് “ഓ… ഒരു നടു വേദന മറ്റേച്ചീ” എന്നമ്മ മറുപടി പറഞ്ഞു. പിന്നെ സങ്കടപ്പെട്ടിരിക്കുന്ന ബഷീറിൻ്റെ തലയിലൊന്ന് തലോടി “ഉമ്മ പെട്ടെന്ന് വരുട്ടോ “ എന്നാശ്വസിപ്പിച്ച് അമ്മ എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി.
ബഷീറിൻ്റെ കാത്തിരിപ്പ് വെറുതെയായിരുന്നു. അവൻ്റെ ഉമ്മ ഒരിക്കലും തിരിച്ച് വന്നില്ല.
പിറ്റേന്ന് അത്തിക്കാവുണർന്നത് ആ ഉമ്മയുടെ മരണം കണ്ടുകൊണ്ടായിരുന്നു. അത്തിക്കാവമ്പലത്തിൻ്റെ പടിക്കെട്ടുകളില്ലാത്ത ഭാഗത്ത് ആമ്പൽ പൂക്കൾക്കിടയിൽ അവർ മരിച്ച് കിടന്നു. അവർക്ക് മാത്രം പറയാൻ കഴിയുന്ന ഒരുപാട് രഹസ്യങ്ങളുമായി.
തലേ ദിവസം പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു യാത്രപോയ വല്യമ്മ തിരിച്ചെത്താൻ ഒരുപാട് വൈകിയിരുന്നു. അന്നതുകൊണ്ട് ബഷീറിൻ്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാവാതെ മറ്റേമ്മ കുഴങ്ങി. വല്ല്യമ്മ എത്തിയപ്പോഴേക്കും ബഷീർ കരഞ്ഞുകരഞ്ഞ് ഉറങ്ങിപ്പോയിരുന്നു. തളർന്നുറങ്ങുന്നതിനിടയിലും
ഏതോ ദുരന്തം മുന്നിൽ കണ്ടിട്ടെന്നപോലെ ഞെട്ടിത്തെറിച്ചുകൊണ്ടിരുന്ന ബഷീറിനെയും ചേർത്ത് പിടിച്ച് അന്ന് രണ്ടമ്മമാരും ഉറങ്ങാതെ നേരം വെളുപ്പിച്ചു.
പിറ്റേന്നും ഏങ്ങലടിച്ച് കരഞ്ഞതല്ലാതെ ബഷീർ ആരുടെ ചോദ്യത്തിനും ഒരു മറുപടിയും പറഞ്ഞില്ല. കുറേ ദിവസങ്ങൾക്ക് ശേഷം അവൻ പറഞ്ഞറിഞ്ഞ വല്ലോത്തെന്ന സ്ഥലത്തെ മുംതാസെന്ന സ്ത്രീയെ പറ്റി അന്വേഷിക്കാൻ വല്ല്യമ്മ പലരെയും വിട്ടെങ്കിലും ആർക്കും അവരെ പറ്റി കൂടുതലൊന്നും അറിയാൻ കഴിഞ്ഞില്ല..
ആ ഉമ്മയുടെ ശരീരത്തിന് അവകാശികളായി ആരും എത്തിയില്ല. ഒടുവിൽ ജാതിമത ഭേദമില്ലാത്ത പൊതുശ്മശാനത്തിൽ അവർക്കായും കുറച്ച് സ്ഥലമുണ്ടായി. ഒരു മതാചാരത്തിൻ്റെയും പിൻബലമില്ലാതെ അവരാ മണ്ണിനടിയിൽ ശാന്തയായി ഉറങ്ങി. ജീവലോകത്ത് അവരവശേഷിപ്പിച്ച് പോയ അശാന്തി പിന്നീടെന്നെ കാലങ്ങളോളം പിന്തുടരുമെന്നോ അതിനാൽ തന്നെ ജീവനുള്ള കാലത്തോളം അവരെന്നിൽ നൊമ്പരമായി വിങ്ങിക്കൊണ്ടിരിക്കുമെന്നോ അറിയാതെ ഞാനും മറ്റേമ്മയുടെ നിർദ്ദേശപ്രകാരം അവരുടെ ഖബറിൽ ഒരു പിടി മണ്ണിട്ടിരുന്നു.
തുടരും ...
Read More: https://www.emalayalee.com/writer/284