Image

ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു; മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

Published on 11 April, 2026
ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു; മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

പാലക്കാട്: കർണാടകയിലെ ചിക്മഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കൊക്കയിൽ വീണ് മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. കർണാടക പോലീസിന്റെ പ്രത്യേക അകമ്പടിയോടെയാണ് മൃതദേഹം വിലാപയാത്രയായി എത്തിച്ചത്. മൃതദേഹത്തിൽ നടത്തിയ ഇൻക്വസ്റ്റ് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.

ശരീരത്തിൽ സംശയകരമായ മുറിവുകളില്ലെന്നും മരണകാരണം വീഴ്ചയെത്തുടർന്നുണ്ടായ ആഘാതമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്രീനന്ദയുടെ വസ്ത്രം കീറിയ നിലയിൽ കണ്ടെത്തിയത് വീഴ്ചയ്ക്കിടെ മരക്കൊമ്പുകളിലോ മറ്റോ ഉടക്കിയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

നാല് ദിവസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെയായി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മലയടിവാരത്തെ ദുർഘടമായ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ ഈ ഭാഗത്തേക്ക് എത്തിയത്.

കർണാടക പോലീസിന്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിൽ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. മകൾ അബദ്ധത്തിൽ കൊക്കയിലേക്ക് വീഴാൻ സാധ്യതയില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിലവിൽ ദുരൂഹതകൾക്ക് അടിസ്ഥാനമില്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. എങ്കിലും സംഭവത്തിൽ കർണാടക പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക